/sathyam/media/media_files/2025/06/29/hassan-thikodi-article-6-2025-06-29-16-17-40.jpg)
ലോകാവസാനം രണ്ടായിരത്തി അറുപതിൽ (2060) ഉണ്ടാകുമെന്ന് എഴുതിയത് “സർ ഐസക് ന്യൂട്ടൻ” എന്ന മഹാനായ ശാസ്ത്രജ്ഞനായിരുന്നു.
ഗണിതജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ആല്‍കെമിസ്റ്റ് എന്നിങ്ങനെ അനവധി വിശേഷണങ്ങളുള്ള പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനായിയിരുന്നു സര്‍ ഐസക് ന്യൂട്ടന്‍.
ഗുരുത്വാകര്‍ഷണ നിയമത്തിന്റെ പിതാവ്, ചലന നിയമങ്ങളുടെ ഉപജ്ഞാതാവ് എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. 1706-ലാണ് അദ്ദേഹം പ്രവചന തുല്യമായ ഈ കത്തെഴുതുന്നത്.
ജറുസലേമിലെ ഹീബ്രു യൂണിവേസിറ്റിൽ ആ കത്ത് സൂക്ഷിച്ചിരിപ്പുണ്ട്. ഈ കത്തിലാണ് ലോകാവസാനത്തിന്റെ സൂചന നൽകുന്നത്.
ബൈബിളിനെയും പ്രത്യേകിച്ച് ഡാനിയേലിന്റെ പുസ്തകത്തെയും അടിസ്ഥാനമാക്കിയാണ് ന്യൂട്ടൺ എഴുതിയത്. ശാസ്ത്രത്തിലും മതത്തിലുമുള്ള ഇരട്ട വിശ്വാസമായിരിക്കാം ഇത്തരം നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നത്.
(ഐസക് ന്യൂട്ടൻ എഴുതിയ കത്തിന്റെ ഒറിജിനൽ കോപ്പി)
ലോകം അക്ഷരാർത്ഥത്തിൽ അവസാനിക്കണമെന്നില്ലന്നും എന്നാൽ 2060-ൽ പുനഃസജ്ജീകരണം നടക്കുമെന്നും ന്യൂട്ടൻ പിന്നീട് വ്യക്തമാക്കി.
വിനാശകരമായ ഇന്നത്തെ ദുർഭരണം അവസാനിച്ച് സമാധാനത്തിന്റെയും നല്ല ഭരണത്തിന്റെയും ഒരു പുതിയ യുഗം ഈ ഭൂമിയിൽ സംജാതമാകുമെന്നായിരിക്കാം അദ്ദേഹം ഗണിതശാസ്ത്രം ഉപയോഗിച്ച് കണ്ടെത്തിയത്.
പലകാരണങ്ങളാൽ പ്രസിദ്ധീകരിക്കപ്പെടാത്ത, പുറംലോകം കണ്ടിട്ടില്ലാത്ത ഒരു പാട് ശാസ്ത്രരേഖകൾ അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്നും മരണാനന്തരം കണ്ടെടുത്തിരുന്നു.
കടുത്ത ദാരിദ്ര്യവും ഏകാന്തതയും അദ്ദേഹത്തെ അലട്ടിയിരുന്നു. കണ്ടുപിടുത്തങ്ങളുടേയും ഗവേഷണത്തിന്റെയും തിരക്കിൽ പലപ്പോഴും ഭക്ഷണമോ ഉറക്കമോ ന്യൂട്ടന് ഉണ്ടായിരുന്നില്ല, വിവാഹിതനുമായിരുന്നില്ല.
ജനനത്തിനു മുൻപേ അച്ഛൻ മരിച്ചു. മൂന്നാം വയസ്സിൽ ‘അമ്മ വേറെ വിവാഹം കഴിച്ചു. അന്ന് മുതൽ മുത്തശ്ശിയുടെ കൂടെയായി താമസം. ചുറ്റുപാടും യുദ്ധത്തിന്റെ അലയടികൾ ഉയരുന്നുണ്ടായിരുന്ന കാലം.
ചെറിയ ക്ലാസ്സുകളിൽ ഗണിതവും ബൈബിളുമായിരുന്നു പഠന വിഷയങ്ങൾ. ബാല്യത്തിന്റെ ഏകാന്തതയിൽ താൻ തനിച്ചാണെന്ന തോന്നൽ ആ കൊച്ചു ന്യൂട്ടനെ വല്ലാതെ വേദനിപ്പിച്ചു. വയലിൽ വേല ചെയ്തായിരുന്നു വിശപ്പകറ്റിയത്.
പതിനാറാം വയസ്സിൽ ന്യൂട്ടനെ സ്വന്തം ഗ്രാമത്തിലേക്ക് തന്നെ അമ്മ കൊണ്ടുവന്നു. കൂടെ രണ്ടാമച്ചൻ ഉണ്ടായിരുന്നില്ല. ദരിദ്രരായ അവർ കൃഷിയിടങ്ങളിൽ ജോലിചെയ്ത് ഉപജീവനം കണ്ടെത്തി.
കൃഷിയിടത്തിലെ ജോലി ന്യൂട്ടന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ കൊച്ചുമനസ്സിൽ ലോകത്തിന്റെ വൈവിധ്യങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടലായിരുന്നു.
പതിനാറു വയസ്സുകാരനായ ന്യൂട്ടന്റെ കൂർമ്മബുദ്ധിക്കും പരിശ്രമശീലവും കണ്ടറിഞ്ഞ അമ്മാവൻ ന്യൂട്ടനെ കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിൽ ചേർത്തു. അവിടെവെച്ചാണ് അദ്ദേഹം തന്റെ ഗുരുത്വാകര്‍ഷണ നിയമത്തിന് രൂപം നല്‍കുന്നത്.
ആപ്പിൾ മരച്ചുവട്ടിൽ
വീട്ടുമുറ്റത്തെ ആപ്പിള്‍ മരത്തിൽ നിന്നും പതിവില്ലാതെ ഒരു ആപ്പിൾ അദ്ദേഹത്തിന്റെ തലയില്‍ വീണു, തല അല്പം വേദനനിച്ചു എന്നതിനപ്പുറം “എന്തുകൊണ്ട് തന്റെ തലയിൽ വീണ ആപ്പിൾ മുകളിലോട്ട് പോയില്ല” എന്ന ചിന്ത ബാലനായ ന്യൂട്ടന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി.
ആ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അന്നു ന്യൂട്ടനു കഴിഞ്ഞില്ല. ഒരാപ്പിൾ താഴോട്ടു വീഴുന്നത് അസാധാരണ സംഭവമൊന്നുമല്ല. ന്യൂട്ടൺ തന്നെ അതു പലതവണ കണ്ടുകാണണം.
പക്ഷെ അന്നൊന്നും അങ്ങനെയൊരു പ്രശ്നം അദ്ദേഹത്തിനു തോന്നിയില്ല. അന്നു മാത്രം കുറെ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് പൊങ്ങി വന്നതെന്തുകൊണ്ട് ?
(ഐസക് ന്യൂട്ടൻ)
ന്യൂട്ടൺ തന്റെ ചോദ്യങ്ങൾക്കു മറുപടി കാണാതെ അന്നുമുതൽ ആലോചിച്ചുകൊണ്ടിരുന്നു. ഭൂഗുരുത്വത്തെപ്പറ്റി അദ്ദേഹം ചെറുപ്പം മുതൽക്കേ ചിന്തിച്ചിരുന്നു എന്നത് പരമാർത്ഥമാണ്.
പ്രൊഫസറായി ശേഷം പക്വത വന്ന തന്റെ ബുദ്ധിയും നിഗമനങ്ങളും ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി അദ്ദേഹം ഉപയോഗിച്ചു എന്നു മാത്രം.
ആപ്പിളിനെ താഴേക്ക് വീഴാന്‍ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തില്‍ പിടിച്ച് നിര്‍ത്തുന്നത് എന്ന ആലോചനയാണ് സത്യത്തില്‍ അദ്ദേഹത്തിനുണ്ടായത്.
കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങള്‍ക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങള്‍ അനുസരിക്കുന്നതായി അരിസ്റ്റോട്ടില്‍ പ്രവചിച്ചിരുന്നു.
ഭൂമിയിലെ വസ്തുക്കള്‍ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങള്‍ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്.
ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടന്‍ ചിന്തിച്ചപ്പോള്‍ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു.
തനിക്ക് മുമ്പ് ജീവിച്ചിരുന്ന ഗലീലിയോ മുതലുള്ള ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകളെ ന്യൂട്ടൻ പുതിയ നിരീക്ക്ഷണത്തിനും പരീക്ഷണത്തിനും വിധേയമാക്കി.
ന്യൂട്ടന്റെ ഏറ്റവും മഹത്തരമായ പുസ്തകം എഴുതി തുടങ്ങുന്നത് 1680-ഓടെയാണ്. “പ്രിന്‍സിപ്പിയ”. ഈ പുസ്തകം എഴുതിയതോടെ ന്യൂട്ടൻ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു.
1687ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക” എന്നാണ് മുഴുവന്‍ പേര്. “പ്രിന്‍സിപ്പിയ” എന്ന ചുരുക്ക പേരുള്ള ന്യൂട്ടന്റെ ഗ്രന്ഥം പ്രകൃതിയുടെയും തത്ത്വശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും ഭൗതിക വിജ്ഞാനം ഉൾക്കൊള്ളുന്നതാണ്.
അതോടെ ഒരുപാട് പുരസ്‌കാരങ്ങൾ ന്യൂട്ടനെ തേടിയെത്തി. ബ്രിട്ടനിലെ അന്നത്തെ “ആനി രഞ്ജി” അദ്ദേഹത്തെ “നൈറ്റ്ഹുഡ്” നൽകി ആദരിച്ചു. രണ്ടു തവണ ബ്രിട്ടനിലെ പാർലിമെന്റ് അംഗമായി.
അദ്ദേഹം മരിച്ചതോടെ രാജകൊട്ടാരത്തിന്റെ സ്വന്തമായ “വെസ്റ്റ്മിൻസ്റ്റർ ആബിയിൽ” കബറടക്കം ചെയ്തു. പ്രഭുക്കന്മാർ മാത്രം അന്ധ്യവിശ്രമം കൊള്ളുന്ന ഈ സെമിത്തേരിയിൽ കബറടക്കം ചെയ്യാനുള്ള ബഹുമതി ലഭിക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞനായി “സർ ഐസക് ന്യൂട്ടൻ”.
ചരിത്രത്തിലെ ഏറ്റവും വിചിത്ര പ്രതിഭകളിൽ ഒരാളാണ് “സർ ഐസക് ന്യൂട്ടൺ”. ആധുനിക ശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവും അധികം സംഭാവന നൽകിയതായി കണക്കാക്കപ്പെടുന്നു.
സുസ്ഥിരതയുള്ളതും മനോഹരവും അവബോധജന്യകവുമായ ഒരു പ്രപഞ്ച മാതൃകയാണ് ന്യൂട്ടണിലൂടെ ലോകത്തിനു ലഭിച്ചത്.
അദ്ദേഹം കണ്ടുപിടിച്ച ഗണിതശാസ്ത്ര “കാൽക്കുലസ്” മാറ്റത്തിന്റെ നിരക്കുകൾ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ നൽകി.
അതില്ലായിരുന്നെങ്കിൽ നിരവധിയായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അസാധ്യമാവുമായിരുന്നു. ന്യൂട്ടൻ തിരിച്ചറിഞ്ഞ ഗുരുത്വാകർഷണ നിയമങ്ങൾ ഭൂമിക്കു മാത്രമല്ല പ്രപഞ്ച മുഴുവനും ആവശ്യമുള്ളതായി.
ആധുനിക ശാസ്ത്രീയ രീതിശാസ്ത്രം സൃഷ്ടിച്ചതിന്റെ സകല ബഹുമതിക്കും ഐസക് ന്യൂട്ടൺ അർഹനായി.
കേംബ്രിഡ്ജിന്റെ തെരുവുകളിൽ:
ഐസക് ന്യൂട്ടൻ മുപ്പത്തിരണ്ട് വർഷങ്ങൾ വിദ്യാർത്ഥിയായും പിന്നീട് ആധ്യാപകനായും ചെലവഴിച്ച കേംബ്രിഡ്‌ജ് സർവ്വകലാശാല കാണാനിറങ്ങുമ്പോൾ എന്റെ മനസ്സിൽ ആദ്യം രൂപപ്പെട്ടത് ഐസക് ന്യൂട്ടന്റെ ആപ്പിളിന്റെ കഥയാണ്.
കേംബ്രിഡ്ജിന്റെ തെരുവുകൾ ജനനിബിഢമായിരുന്നു. വിവിധരാജ്യങ്ങളിലെ ആണുംപെണ്ണും തെരുവിലൂടെ നടക്കുന്നുണ്ട്, ഫോട്ടോകൾക്കായി പോസ് ചെയ്യുന്നു. പലരും കോഫീഷോപ്പുകളിൽ ഇരിക്കുന്നു.
ചിലർ ന്യൂട്ടൻ പഠിച്ച, പിന്നീട് പ്രൊഫസറായിരുന്ന ട്രിനിറ്റി കോളേജിന് മുമ്പിൽ ഇരിക്കുന്നു. കോളേജിന്റെ മുൻവശത്തെ ന്യൂട്ടന്റെ സ്മാരകമെന്നോണം നട്ടുവളർത്തിയ (ഗ്രാഫ്റ്റ്‌ചെയ്ത) ആപ്പിൾ മരച്ചുവട്ടിൽ നിന്നും ഫോട്ടോ എടുക്കുന്നു.
ട്രിനിറ്റി കോളേജിനെ ചുറ്റിപ്പറ്റിയാണ് എല്ലാവരുടെയും നടത്തവും വർത്തമാനവും. അവരൊക്ക ന്യൂട്ടന്റെ ആപ്പിൾ മരം കാണാനെത്തിയവരാണ്. പഴയ ആപ്പിൾമരം ഇന്നും ന്യൂട്ടന്റെ വീട്ടിലുണ്ടെന്ന് ആരോ പറഞ്ഞു. പക്ഷെ ന്യൂട്ടൻ പഠിച്ച, ക്ലസ്സെടുത്ത ട്രിനിറ്റി കോളേജ് മുറ്റത്തുള്ള ആപ്പിൾ മരത്തോടാണ് എല്ലാവർക്കും ഇഷ്ടം, എനിക്കും.
(കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിലെ ഐസക് ന്യൂട്ടന്റെ ആപ്പിൽ മരച്ചുവട്ടിൽ ഹസ്സൻ തിക്കോടി)
“എന്നെ ലോകം എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. എനിക്കാകട്ടെ, ഞാൻ കടൽപ്പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒരു ബാലൻ മാത്രമായിരുന്നു.
ഭംഗിയുള്ള മുത്തുച്ചിപ്പികളുടേയും ശംഖുകളുടേയും ആകർഷണീയത കണ്ട് ഞാനങ്ങോട്ടൊക്കെ ഓടിപ്പോയി. അപ്പോഴൊക്കെ എന്റെ മുമ്പിൽ, അറിയപ്പെട്ടിട്ടില്ലാത്ത പ്രപഞ്ചസത്യങ്ങളുടെ ഒരു മഹാസമുദ്രം അലയടിച്ചുയരുന്നുണ്ടായിരുന്നു.”
അവിടെയെവിടെയോ കല്ലിൽ കൊത്തിവെച്ച ന്യൂട്ടന്റെ വരികൾ വായിക്കിച്ചെടുത്തുകൊണ്ട് ഞാൻ വീണ്ടും ട്രിനിറ്റി കോളേജിന്റെ കവാടത്തിലെത്തി.
(ന്യൂട്ടന്റെ വീട്ടിൽ വേലികെട്ടി സംരക്ഷിച്ചുപോരുന്ന ആപ്പിൾ മരം)
കാം നദീതീരത്തെ കേംബ്രിഡ്ജ് സർവ്വകലാശാല:
പന്ത്രണ്ടാം നൂറ്റാണ്ടിലാണ് (1206) കേംബ്രിഡ്ജ് സ്ഥാപിതമായത്. റോമാസാമ്രാജ്യത്തിന് മുമ്പ്തന്നെ കേംബ്രിഡ്‌ജിൽ ജനവാസമുണ്ടായിരുന്നു.
യുകെയിലെ മറ്റൊരു ആദികാല യൂണിവേഴ്സിറ്റിയായ ഓക്സ്ഫോർഡിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികളും ആധ്യാപകരും കേംബ്രിഡ്ജിൽ വന്നു കോളേജ് ആരംഭിച്ചതായും പിന്നീട് കാം നദീയുടെ ഇരുവശവും പടിപടിയായി കെട്ടിടങ്ങൾ നിർമ്മിച്ചതുമാണ് ചരിത്രം.
പഴമയുടെ പൈതൃകംവും മധ്യകാല ഗോത്തിക് വസ്തുവിദ്യയെ അനുകരിക്കുന്ന ഗോത്തിക് റിവൈവൽ മാതൃകയിലും, മറ്റുചില കെട്ടിടങ്ങൾ ഗ്രീസിലേയും റോമിലേയും ക്ലാസ്സിക്കൽ ശൈലിയിലുമാണ് പണിതത്. സെനറ്റ്ഹൗസ് പുരാതന റോമൻ മാതൃകയിലാണന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
മുന്നൂറ്റിഎഴുപതോളം ഇത്തരം കെട്ടിടങ്ങളുടെ സമുച്ചയമാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി. കേംബ്രിഡ്ജ് കെട്ടിടങ്ങൾ വൈവിധ്യമാർന്ന വാസ്തുശിൽപ്പാ ശൈലികൾ പ്രദർശിപ്പിച്ചുകൊണ്ട് തലയെടുപ്പോടെ ലോകത്തിലെ ഏറ്റവും വലിയ പെരുമയോടെ നിൽക്കുന്ന കാഴ്ച അതി മനോഹരമാണ്.
(കേംബ്രിഡ്ജ് യൂണിവേസിറ്റിയുടെ പ്രധാന കവാടം)
നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒൻപത് പാലങ്ങളും നിർമിച്ചു. മനോഹരമായ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നതാണ് ഈ നദിയിലൂടെയുള്ള യാത്ര.
കേംബ്രിഡ് സർവകലാശാല കാണാനെത്തുന്നവരെ ഈ തടാകത്തിലെ തുഴയുന്ന തോണിയിലിരൂത്തിയാണ് യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്നത്. കാം നദിയിലൂടെയുള്ള മൂന്നുകിലോമീർ യാത്രയിൽ ഗൈഡ് കാംബ്രിഡ്ജിനെ കുറിച്ചുള്ള പൂർണ ചിത്രം നമ്മോളോട് പറഞ്ഞുതരും.
(കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി തടാകത്തിലൂടെയുള്ള കാഴ്ചകൾ)
ലോകത്തിലെ പ്രശസ്തരായവരിൽ പലരും യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്‌ജിന്റെ അലുമിനിയിൽ പെട്ടവരാണ്. അതിലെ ഏറ്റവും പ്രമുഖൻ “സർ ഐസക് ന്യൂട്ടൻ” തന്നെയാണ്.
കംപ്യൂട്ടറിന്റെ പിതാവെന്ന് പറയുന്ന “അലൻ ട്യൂറിംഗ്”, ഫ്രാൻസിസ് ബേക്കൺ, ചാൾസ് ഡാർവിൻ, സ്റ്റീഫൻ ഹൗകിങ് (ലോകം ശ്രദ്ധിച്ച ശാസ്ത്രജ്ഞൻ) ഇ.എം.ഫോസ്റ്റർ എന്നിവരെകൂടാതെ ഇന്ത്യയിലെ പ്രമുഖരും കേംബ്രിഡ്ജ് അലൂമിനിയുടെ ഭാഗമാണ്.
ഇന്ത്യയുമായുള്ള ബന്ധം:
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി, ഡോ: മൻമോഹൻ സിങ് എന്നിവർ കേംബ്രിഡ്ജിന്റെ വിദ്യാർത്ഥികളാണ്.
കൂടാതെ ഇന്ത്യയുടെ ഗണിത വിദഗ്‌ധനായ ശ്രീനിവാസ രാമാനുജൻ, സാമ്പത്തിക വിദഗ്ദ്ധൻ അമൃതാ സെൻ, ശാസ്ത്രജ്ഞനായ സർ ജഗദീഷ് ചന്ദ്രബോസ് എടുത്തുപറയേണ്ടവരായി കേംബ്രിഡ്ജ് അലൂമിനിയിലുണ്ട്.
പുരാതനകാലം മുതൽ ലോകത്തിന്റെ വിജ്ഞാനകേന്ദ്രമായി അറിയപ്പെട്ടിരുന്ന കേംബ്രിഡ്ജ് സർവകലാശാലക്ക് ഇന്ത്യയുമായും അഭേദ്യമായ ബന്ധമുണ്ട്. നൂറ്റമ്പത് കൊല്ലം മുമ്പുതന്നെ ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെവന്നു പഠിച്ചിരുന്നു.
അതോടൊപ്പം ഇന്ത്യൻ സാർവകലാശാലകളുമായും വിജ്ഞാനകൈമാറ്റം നടത്തിയിരുന്നു. നിലവിൽ 85 മേഖലകളിൽ സംയുക്ത ഗവേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. ആയതിനാൽ നിരവധി ഇന്ത്യൻ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ കേംബ്രിഡ്ജ് ഗണ്യമായ പങ്കുവഹിക്കുന്നു.
പ്രാചീനവും ആധുനികവുമായ ഒരു പാട് കഥകൾ ഈ സർവകലാശാലക്ക് പറയാനുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള അറിവിന്റെ ദീപസ്തംഭമായ കേംബ്രിഡ്ജ് സർവകലാശാല വിപ്ലവകരമായ ഗവേഷണത്തിലൂടെയും ബുദ്ധിമാനായ മനസ്സുളിലൂടെയും കാലാതീതമായ പാരമ്പര്യത്തിലൂടെയും ലോകത്തെ രൂപപ്പെടുത്തുന്നതിൽ മറക്കാനാവാത്ത പങ്കുവഹിച്ചിട്ടുണ്ട്.
ഭൂതവും വർത്തമാനവും ഭാവിയും കണ്ടുമുട്ടുന്ന പാലമാണ് കേംബ്രിഡ്ജ്. ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. തോണിയിൽ നിന്നിറങ്ങുമ്പോൾ സുന്ദരിയായ വള്ളക്കാരി പറഞ്ഞു “കം ആന്റ് എൻജോയ് എഗൈൻ”, ഗുഡ് ബൈ”.
- ഹസ്സൻ തീക്കോടി (ഫോൺ: 9747883300 email: hassanbatha@gmail.com)