/sathyam/media/media_files/2025/12/07/hassan-thikkodi-article-indian-flight-companies-2025-12-07-22-43-37.jpg)
2025 ഡിസംബർ ആദ്യ വാരത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (ഇന്ത്യൻ ആകാശത്തിന്റെ 65 ശതമാനം കൈവശപ്പെടുത്തിയവർ) പുതിയ പൈലറ്റ് ഡ്യൂട്ടി-ടൈം നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി. ആവശ്യമായ സമയം കിട്ടിയിട്ടും എയർലൈൻ അതിന്റെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്നതിൽ പരാജയപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/06/02/nHrWMYEFHDkpG8zDiq5e.jpg)
നിരക്കുവർദ്ധന ഒറ്റ രാത്രികൊണ്ട്
ധാരാളം യാത്രക്കാരെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ തടങ്കലിലാക്കപ്പെട്ടു. യാതൊരു സാങ്കേതിക മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുള്ള ഇൻഡിഗോയുടെ നിരുത്തരവാദിത്വ ചെയ്തികൾ ഇന്ത്യയുടെ വ്യോമയാന വിപണിയെ ഞെട്ടിച്ചു:
എതിരാളികളായ വിമാനകമ്പനികൾ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളും ഡൽഹി-മുംബൈ പോലുള്ള തിരക്കേറിയ റൂട്ടുകളിൽ വൺ-വേ നിരക്കുകൾ അവയുടെ പതിവ് നിരക്കുകളേക്കാൾ പലമടങ്ങ് നിരക്കുയർത്തി.
/filters:format(webp)/sathyam/media/media_files/2025/12/07/passengers-2025-12-07-22-47-49.jpg)
ഡൽഹിയിലെയും മുംബൈയിലെയും എയർപോർട്ട്-ഏരിയ ഹോട്ടലുകളിൽ ഒറ്റരാത്രികൊണ്ട് മുറി നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായി. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ താമസത്തിനായി നെട്ടോട്ടമോടി.
ഒറ്റ രാത്രികൊണ്ട് നിരക്കിൽ ക്രമാതീതമായ മാറ്റങ്ങൾ അനുഭവപ്പെട്ടു. ഇൻഡിഗോ വിമാനങ്ങൾ വിവിധ എയർപോർട്ടുകളിൽ റദ്ദാക്കിയപ്പോൾ യാത്രക്കാർ ബദൽ വിമാനത്തിനായി പരക്കം പാഞ്ഞു. അവർ അമിത വിലക്ക് ടിക്കറ്റുകൾ വാങ്ങാൻ നിര്ബന്ധിതരായി.
ടെർമിനലിന് സമീപത്തെ ഹോട്ടലുകളിൽ റൂമുകളുടെ വിൽപ്പനയിൽ ഗണ്യമായ വർദ്ധനവുണ്ടായി. ഒരു രാത്രിക്ക് 74,000 രൂപവരെ ഉയർന്നു. ദുബായിലെ ഏറ്റവും തിരക്കുള്ള സീസണിൽപോലും 7 സ്റ്റാർ ഹോട്ടലിൽ ഇത്രയും നിരക്കുണ്ടാവില്ല.
അപ്രതീക്ഷിത നിരക്കുകൾ
ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ഡൽഹി-ബോംബെ റൂട്ടിൽ ടിക്കറ്റിന് 70,710 മുതൽ 83,890 രൂപവരെ ആക്കി വർദ്ധിപ്പിച്ചു. അതെ സമയം ഡൽഹി-ബാംഗ്ളൂർ റൂട്ടിൽ നിരക്കുകൾ 48,000 മുതൽ 82,000 വരെയായി വർധിച്ചു.
ഡൽഹി-കൽക്കത്ത, ഡൽഹി ചെന്നൈ റൂട്ടിലും സമാന വർദ്ധനവ് അനുഭവപ്പെട്ടു. ഡൽഹി-തിരുവനതപുരം റൂട്ടിൽ നാല്പത്തിനായിരത്തിനു മുകളിലായിരുന്നു ടിക്കറ്റ് വില. എല്ലാം ഒറ്റ രാത്രികൊണ്ടാണെന്നതാണ് ഇതിന്റെ പ്രത്യകത.
എന്നാൽ നിരക്കുകൾ ഇത്രയേറെ വർധിച്ചിട്ടും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി മാറിയത് അതിലേറെ അതിശയകരമാണ്.
ഒരുപാട് ബാഹ്യ സമ്മർദ്ദങ്ങൾക്കൊടുവിൽ ഒന്നര ദിവസങ്ങൾക്കുശേഷം ഡിജിസിഎ നിരക്കുകൾ നിരീക്ഷിക്കാനും പ്രതിസന്ധി കൂടുതൽ വിലവര്‍ധനവിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പിക്കാനും വിമാനകമ്പനികൾക്ക് നിർദേശം നൽകിയത്.
ഇൻഡിഗോ ആവട്ടെ പ്രതിസന്ധിയിലായ യാത്രക്കാരോട് കേവലം ഒരു ക്ഷമാപണം നടത്തി തല്ക്കാലം തലയൂരി. 2026 ഫിബ്രവരി 10-നകം പൂര്ണമായും എല്ലാം പരിഹരിക്കുമെന്നും പറഞ്ഞു.
ഡിജിസിഎയുടെ പുതിയ നിർദ്ദേശങ്ങൾ
നവംബർ 1 ന് പൈലറ്റുമാർക്കായി ഏർപ്പെടുത്തിയ കർശനമായ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികളും (FDTL) അതിന്റെ റോസ്റ്ററിംഗും പ്രവർത്തനങ്ങളും പൂർണ്ണമായി പൊരുത്തപ്പെടുത്തുന്നതിൽ എയർലൈൻ പരാജയപ്പെട്ടതുമാണ് ഇൻഡിഗോയുടെ തടസ്സത്തിന് കാരണമായത്.
ഇത് പല ദിവസങ്ങളിലും ജീവനക്കാരുടെ കുറവുണ്ടാക്കി, പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനായി എയർലൈൻ വലിയ തോതിൽ വിമാന സർവീസുകൾ റദ്ദാക്കി - ചിലപ്പോൾ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ ആഭ്യന്തര പുറപ്പെടലുകളും ഒരു ദിവസത്തേക്ക് റദ്ദാക്കി.
ആഭ്യന്തര വിപണി വിഹിതത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇൻഡിഗോ നിയന്ത്രിക്കുന്നതിനാൽ, മാർക്കറ്റിലെ വിടവ് അസാധാരണമാംവിധം വലുതും അപരിഹാര്യവുമായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/07/passengers-2-2025-12-07-22-49-54.jpg)
എയർപോർട്ട് ഏരിയ ഹോട്ടലുകളിലും നഗര ഹോട്ടലുകളിലും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരിൽ നിന്നും സഹയാത്രികരിൽ നിന്നും അവസാന നിമിഷം ബുക്കിംഗുകൾ ഉണ്ടായി. ഒറ്റരാത്രികൊണ്ട് ശരാശരി താരിഫുകളിൽ ഇരട്ട അക്ക ശതമാനം വർധനവ് ഉണ്ടായതായി ഹോട്ടലുടമകൾ അറിയിച്ചു.
മധ്യ ഡൽഹിയിലെ ചില ഹോട്ടലുകളിൽ വിമാനയാത്രയിലെ കുഴപ്പങ്ങളും സീസണൽ ഡിമാൻഡും (വിവാഹങ്ങൾ, സമ്മേളനങ്ങൾ, നയതന്ത്ര സന്ദർശനങ്ങൾ) സംയോജിപ്പിച്ച് രാത്രികളിൽ നിരക്കുകൾ മൂന്നിരട്ടിയായി വർദ്ധിച്ചതായി ഹോട്ടലുകൾ അറിയിച്ചു.
ഇത് വിതരണ-ആവശ്യകതയുടെ അതേ യുക്തിയെ പ്രതിഫലിപ്പിക്കുന്നു. “സപ്ലൈ ആൻഡ് ഡിമാൻഡ്” തത്വത്തിൽ ദയാദാക്ഷണ്യമില്ലാതെ വില വർധിപ്പിച്ചു. ചോദിയ്ക്കാൻ ആരുമുണ്ടായില്ല. യാതക്കാർ നിസ്സഹായരായി.
വേട്ടക്കാരുടെ രംഗപ്രവേശം:
“പുരകത്തുംമ്പോൾ കഴുക്കോൽ ഊരുന്നവർ” എന്ന ഒരു പഴമൊഴിയെ അന്വർത്ഥമാക്കും വിധത്തിൽ വിമാനക്കമ്പനികളും ഹോട്ടലുകളും ഇടപെട്ടത്. തകർന്ന യാത്രക്കാരനെ ആശ്വസിപ്പിക്കാതെ പ്രതിസന്ധിയെ തങ്ങളുടെ സുവർണ്ണോത്സവമായികണ്ട് യാത്രക്കാരെ വേട്ടയാടുന്ന അതി വിചിത്രമായ കാഴ്ചയാണ് ഡിസംബർ ആദ്യവാരത്തിൽ ഇന്ത്യയിൽ കണ്ടത്.
ഇൻഡിഗോ വിമാന റദ്ദാക്കൽ തകർച്ചയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിമാനക്കമ്പനികളും ഡൽഹിയിലെയും ബോംബയിലെയും ഹോട്ടലുകളും യാതൊരു ന്യായീകരണവുമില്ലാതെ നിരക്കുകൾ കുത്തനെ കൂട്ടിയത്. അതോടൊപ്പം അവരുടെ പെരുമാറ്റവും സമീപനവും പൊതുജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/12/07/passengers-3-2025-12-07-22-51-50.jpg)
നാളിതുവരെ അഭിമാനത്തോടെ വർത്തിച്ച നമ്മുടെ സ്വന്തം വ്യോമയാന ഹോസ്പിറ്റാലിറ്റി മേഖലകൾ ഒറ്റ ദിവസംകൊണ്ട് യാതൊരു മനസ്സാക്ഷിയുമില്ലാതെ കേവലം വേട്ടക്കാരനായി മാറിയത് നാം കാത്തുസൂക്ഷിച്ച നമ്മുടെ ആതിഥ്യമര്യാദയെ അപമാനിക്കൽകൂടിയായിരുന്നു.
മാറ്റങ്ങൾ അനിവാര്യം
ഇനിയെങ്കിലും സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിയും ഉണർന്ന് പ്രവർത്തിക്കണം. ഒരു പക്ഷെ ലോകത്തിൽ ആദ്യമായിട്ടായിരിക്കും ഒറ്റയടിക്ക് ഒരു കമ്പനിയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നത്. അതും ഇന്ത്യൻ ആകാശത്തിൽന്റെ 65 ശതമാനം കൈവശം വെച്ച ഇൻഡിഗോ താങ്കളുടെ ഉത്തരവാദിത്വമില്ലായ്മക്ക് മാപ്പർഹിക്കുന്നില്ല.
ബേക്ക്-ആപ്പ് പ്ലാനില്ലാതെ എങ്ങനെയാണ് ഒരു വിമാനക്കമ്പനി പ്രവർത്തിക്കുക? കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് യാതൊരു പിന്തുണയും നൽകിയില്ലെന്ന് മാത്രമല്ല ബദൽ സംവിധാനത്തിന് മാർഗ്ഗങ്ങൾ ഉണ്ടാക്കാൻ മിനക്കേട്ടുമില്ല.
അവസരം മുതലെടുത്തതാവട്ടെ ഒരേ റൂട്ടിൽ ഓടുന്ന മറ്റു വിമാനക്കമ്പനികളും ഒപ്പം ടാറ്റായുടെ എയർ ഇന്ത്യയും. പ്രതിസന്ധികളിൽ വില പരിധികളില്ല എന്ന് തെളിയിച്ച ക്രൂര ദിവസങ്ങൾ. ഡ്യൂട്ടി-ഓഫ്-കെയർ നടപ്പാക്കലില്ല. തത്സമയം സർക്കാർ മേൽനോട്ടവുമുണ്ടായില്ല.
ഡിജിസിഎയൈടെ ഉത്തരവുകളും ഇടപെടലുകളും ഉടനടി ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ, നിർഭാഗ്യമെന്നു പറയട്ടെ അവരും സമയത്തിനൊത്ത് ഉണർന്നില്ല. എല്ലാവരും നോക്കുകുത്തികളായി മാറിയ നിമിഷങ്ങൾ.
/filters:format(webp)/sathyam/media/media_files/2025/12/07/passengers-4-2025-12-07-22-53-32.jpg)
നിയമപരമായ ചട്ടങ്ങൾ കൊണ്ടുവരണം
നമ്മൾ ഒരു ജനസൗഹൃദ രാഷ്ട്രമാകണം. സ്വന്തം പൗരന്മാരെ ഇരയായി കണക്കാക്കുമ്പോൾ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ല. ഇന്ത്യൻ സിവിൽ ഏവിയേഷൻ അടിയന്തിരമായും ചില മാറ്റങ്ങൾ കൊണ്ടുവരണം.
ഇന്ത്യയിൽ വിമാന കമ്പനികൾ പരാജയപ്പെടുന്നത് എന്തുകൊണ്ടെന്ന പഠനത്തിന് പ്രാധാന്യമുണ്ട്. സിവിൽ ഏവിയേഷൻ അത് നടത്തണം. കിംഗ്‌ഫിഷറും, ജെറ്റ് എയർവേയ്സും ഇന്ത്യൻ ആകാശത്തുനിന്നും എങ്ങനെ അപ്രത്യക്ഷമായി എന്നതിനെ കുറിച്ച ഒരു പഠനവും നടന്നിട്ടില്ല.
അതിനുമുമ്പും ഇന്ത്യൻ വിമാന കമ്പനികൾ ശവക്കുഴിയിൽ അടക്കം ചെയ്തിട്ടുണ്ട്. എന്നിട്ടും പുതിയവക്ക് ക്ലിയറൻസ് കൊടുക്കുന്നതെന്തുകൊണ്ട്? സാധാരണക്കാരന്റെ മനസ്സിൽ ഈ ചോദ്യങ്ങൾ വരില്ല, കാരണം അവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ പറന്നാൽ മതി.
പക്ഷെ ആ സാധാരണ യാത്രക്കാരനെ ഭരിക്കുന്നവർ വളരെ കൂലങ്കുഷമായി ഇത്തരം മരണങ്ങളെ പോസ്റ്മോട്ടം ചെയ്യണം. അപ്പോൾ മനസ്സിലാവും എവിടെ ആർക്കാണ് തെറ്റ് പറ്റിയതെന്ന്.
ചില കാര്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം
- വിമാന ടർബോ(ATF) ഇന്ധനത്തിന്റെ വില ഗണ്യമായി കൂടിയിരിക്കുകയാണ്. അതിന്റെ നികുതി ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
- വിമാനത്താവള ലാൻഡിംഗ്, പാർക്കിങ് ഫീസുകൾ കുറക്കണം. അവിടെയുള്ള ഷോപ്പിംഗ് മാളുകളുടെ നികുതി/വാടക ലോകത്താര വിമാനത്താവളങ്ങളെക്കാളും ഏറെ കൂടുതലാണ്. സർക്കാർ അത് കുറക്കുക.
- വിമാന കമ്പനികളെ സഹായിക്കും വിധത്തിൽ സർക്കാർ ഉണരണം. കർശനമായ നിബന്ധനകളോടൊപ്പം അവരെ തകർക്കുന്ന സമീപനം ഒഴിവാക്കുക.
- ആഭ്യന്തര റൂട്ടിൽ അടിയന്തര വില നിയന്ത്രണം, ദൂര പരിധിയുടെ അടിസ്ഥാനത്തിൽ.(ഇപ്പോൾ കൊണ്ടുവന്ന ദൂര പരിധി നിരക്കുകൾ തുടരണം)
- സാങ്കേതിക കാരണങ്ങളാൽ വിമാനം പുറപ്പെടുന്നതിൽ താമസം വന്നാൽ 6 മണിക്കൂറിനുശേഷം ഉറപ്പായ താമസ സൗകര്യവും തക്കതായ കോംപെൻസേഷൻ നൽകി ഏറ്റവും അടുത്ത വിമാനത്തിൽ യാത്ര ഉറപ്പു വരുത്തുക.
- സുതാര്യമായ ആശയവിനിമയം, ജീവനക്കാരിൽനിന്ന് ഹൃദ്യമായ പെരുമാറ്റ ഉറപ്പു വരുത്തുക.
- വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ഉത്തരവാദിത്തവും, സർവീസ് മേഖലയിലെ ചട്ടങ്ങളും പാലിപ്പിക്കുക.
- നിർബന്ധിത പ്രതിസന്ധികളിൽ ഏകോപനം സാധ്യമാക്കാൻ ഡിജിസിഎ കർശനമായി ഇടപെടുകയും ഓരോ വിമാന കമ്പനിയും അവരുടെ ബേക്കപ്പ് പ്ലാൻ അതാതവസരത്തിൽ ഡിജിസിയക്ക് നൽകുക.
- പുതിയ വിമാനകമ്പനികൾക്ക് അനുമതി നൽകുമ്പോൾ അവരുടെ സാമ്പത്തികവും, മേഖലയിലെ കഴിവുകളും ഉയർന്ന മാനദണ്ഡമായി കണക്കാക്കണം.
- വാടക വിമാനങ്ങളുടെ (ATR ശ്രേണിയിലുള്ള) ഗുണനിലവാരം ഗണ്യമായി പരിഗണിക്കണം, അറ്റകുറ്റപ്പണികൾ സമയ നിബന്ധിതമായി ചെയ്യിപ്പിക്കണം.
ഒരു രാജ്യത്തെ GDP ചാർട്ടുകളോ തിളക്കമുള്ള പരസ്യങ്ങളോ ബ്രാൻഡിങ്ങുകളോ അല്ല അളക്കുന്നത്. ഏറ്റവും ദുർബലമായ നിമിഷത്തിൽ അത് അതിന്റെ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ് രാക്ഷ്ട്രത്തെ കാണേണ്ടത്.
പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ സ്വയം ഉയർന്നു പ്രവർത്തിക്കണം. മനുഷ്യത്വത്തിലും ഉത്തരവാദിത്തത്തിലും നമ്മുടെ നാട് മുൻപന്തിയിൽ നിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കണം.
പ്രതീക്ഷയോടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന ചിന്തകൾ കോര്പറേറ്റ് ഭീമന്മാർ ഉപേക്ഷിക്കണം. കാരണം ഓരോ വിമാനത്തിന്റെയും, ഓരോ ബുക്കിംഗിന്റെയും, ഓരോ ഹോട്ടൽ മുറിയുടെയും യാത്രയുടെയും കാതലായ ഭാഗത്ത്, ചൂഷണമല്ല മറിച്ച് മാന്യത അർഹിക്കുന്ന ഒരു മനുഷ്യൻ (സിസ്റ്റം) ഉണ്ടെന്ന തോന്നൽ നമ്മളിലുണ്ടാവണം.
പൈലറ്റുമാരോ ജീവനക്കാരോ ഒരു വിമാനകമ്പനിയും തകർത്തിട്ടില്ല. നയനിർമാതാക്കൾ അവരെ സഹായിക്കാൻ തയ്യാറാവണം. ഇന്ത്യയുടെ പതാകവാഹിനി എന്തുകൊണ്ട് വീണ്ടും ടാറ്റായുടെ കൈകളിൽ എത്തി എന്നത് ഒരിക്കൽ കൂടി പഠന വിധേയമാക്കണം.
നമ്മുടെ വ്യോമയാന നയം മാറ്റങ്ങൾക്കു വിധേയമാവേണ്ടതുണ്ട്. അതി വിദഗ്ദരെകൊണ്ട് കൈകാര്യം ചെയ്യിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ത്യ ഒരു സ്വതന്ത്ര വിപണിയാണ്, ഇവിടെ ധാരാളം യാത്രക്കാർ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.
വിമാന യാത്രകൾ ഒരു ആഡംബരമല്ല മറിച്ച് അതൊരു അത്യാവശ്യ ഘടകമാണെന്ന യാഥാർഥ്യം അധികൃതർ മനസ്സിലാക്കണം.
-ഹസ്സൻ തിക്കോടി(hassanbatha@gmail.com, phones: 9747883300)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us