യാത്രയുടെ ആത്മാവും ചരിത്രത്തിന്റെ പാളികളും പുഞ്ചിരികളുടെ മറുവശവും ഒരുമിച്ചു തുറന്നുകാട്ടുന്ന തായ്‌ലാൻഡ്; ബുദ്ധപൈതൃകം, ഓർക്കിഡ് സൗന്ദര്യം, നദീക്രൂയിസ്, ടൂറിസത്തിന്റെ പ്രകാശവും നിഴലുകളും ചേർന്ന ഒരു അനുഭവയാത്ര - ഹസ്സൻ തിക്കോടി എഴുതുന്നു

തായ്‌ലാന്റ് സംസ്കാരത്തെ ബുദ്ധമതം ശക്തമായി സ്വാധീനിക്കുന്നു. പലപ്പോഴും മനോഹരമായ ക്ഷേത്രപരിസരത്തും, തെരുവുകളിലും  ഓറഞ്ച് വസ്ത്രം ധരിച്ച സന്യാസിമാരെ കാണുക പതിവാണ്. 

New Update
hassan thikodi thailand

പണ്ട് പണ്ട് ഏകദേശം ആറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ, ബുദ്ധമത മോൺ ഭരണാധികാരികളുടെ കീഴിൽ മധ്യ തായ്‌ലൻഡിൽ ദ്വാരാവതി നാഗരികത രൂപം പ്രാപിച്ചു എന്നാണ് വിശ്വാസം. 

Advertisment

തെക്ക്, ശ്രീവിജയ സമുദ്ര സാമ്രാജ്യം ഈ പ്രദേശത്തെ വിശാലമായ ഇന്ത്യൻ മഹാസമുദ്ര വ്യാപാര ശൃംഖലകളുമായി ബന്ധിപ്പിച്ചു. അതേസമയം ഖെമർ സാമ്രാജ്യം മധ്യ സമതലങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും സ്വാധീനം ചെലുത്തി. 

ധാരാളം  സ്മാരക ക്ഷേത്രങ്ങളും ഭരണ സംവിധാനങ്ങളും  ആ നാട്ടുരാജ്യങ്ങളിൽ അതാതു രാജാക്കന്മാരുടെയും നാടുവാഴികളുടെയും നിയന്ത്രണത്തിൽ വന്നു തുടങ്ങി.

ഇന്ത്യയുമുയുള്ള പൗരാണിക ബന്ധം 

ഈ സമയത്താണ് ഇന്ത്യൻ വ്യാപാരികളും സന്യാസിമാരും കടൽമാർഗം തെക്കുകിഴക്കൻ ഏഷ്യയിലേക്ക് യാത്ര ചെയ്യുന്നത്, കച്ചവട സാധനങ്ങളും അതോടൊപ്പം പുതിയ ആശയങ്ങളും അവർ അവിടെ എത്തിച്ചുകൊണ്ടിരുന്നു. 

ഇപ്പോൾ തായ്‌ലന്റായി  അറിയപ്പെടുന്ന സ്ഥലത്ത് തുറമുഖങ്ങൾ വന്നു. ഇവ സാവകാശത്തിൽ ഇന്ത്യൻ മഹാസമുദ്ര വ്യാപാര ശൃംഖലയുടെ ഭാഗമായി.

encient tailand

 (പുരാതന തായ്ലാന്റിന്റെ തുറമുഖം)

തെക്കുകിഴക്കൻ ഏഷ്യയുടെ "ഇന്ത്യവൽക്കരണം" അതോടെ സാധ്യമായി. സാംസ്കാരിക കൈമാറ്റം പ്രധാനമായും സമ്പർക്കത്തിലൂടെയാണ് നടന്നത്. പ്രാദേശിക ഭരണാധികാരികൾ ഇന്ത്യൻ കോടതി ആചാരങ്ങളും ലിപികളും മതപരമായ ആശയങ്ങളും സ്വീകരിച്ചതിനാൽ  അവ രാഷ്ട്രനിർമ്മാണത്തിന് ഉപയോഗപ്രദമാണെന്ന് അവർ കണ്ടെത്തി. 

ഏകീകൃത തായ് രാഷ്ട്രം ഉയർന്നുവരുന്നതിനു വളരെ മുമ്പുതന്നെ ഇന്നത്തെ തായ്ലാന്റ്  എന്നറിയപ്പെടുന്ന പ്രദേശം സംസ്കാരങ്ങളുടെ ഒരു സംഗമസ്ഥാനമായിരുന്നു. ബുദ്ധന്റെ പ്രതിമകൾ നാട്ടിൽ പലയിടത്തും സ്ഥാപിക്കപ്പെട്ടു.

lord budha

ഇന്ത്യ-തായ്‌ലാന്റ് ബന്ധം ഏറ്റവും നന്നായി മനസ്സിലാക്കപ്പെടുന്നത് ആധിപത്യത്തിന്റെയല്ല, മറിച്ച് പരസ്പര വിനിമയത്തിലൂടെയാണ്. അവിടെ മതപരവും സാംസ്കാരികവുമായ ആശയങ്ങൾ സ്വീകരിക്കുകയും, പൊരുത്തപ്പെടുത്തുകയും ഇന്ത്യയുമായി അനിഷദ്ധ്യമായ ഒരു സൗഹൃദ ബന്ധം വളർത്തുകയും ചെയ്തു.

ബുദ്ധ മത വിശ്വാസികളായതിനാൽ നാട്ടിലെല്ലായിടത്തും ക്ഷേത്രങ്ങൾ പണിതുയർന്നു. തായ്‌ലാന്റിൽ സന്ദർശകരെ അമ്പരപ്പിക്കുന്നത്ര ബുദ്ധക്ഷേത്രങ്ങളുണ്ട്. 2025 മാർച്ച് വരെ ഏകദേശം 44,195 ക്ഷേത്രങ്ങൾ ഉണ്ടെന്ന് ദേശീയ ബുദ്ധമത ഓഫീസ് രേഖപ്പെടുത്തുന്നു.  

ഈ ക്ഷേത്രങ്ങളിൽ 311  രാജകീയ ക്ഷേത്രങ്ങളും ബാക്കി സാധാരണ ക്ഷേത്രങ്ങളുമായിരുന്നു. ഇവ തേരവാദ, മഹായാന തുടങ്ങിയ വിവിധ സന്യാസ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു.

thailand temple

കാണുമ്പോൾ അത്ഭുതവും അതിശയകരമായി തോന്നുന്ന ചില ക്ഷേത്രങ്ങളുണ്ടിവിടെ. അവയിൽ ഏറ്റവും വലുതും ജനപ്രിയവുമായതും സന്ദർശകരെ ആകർഷിക്കുന്നതുമായ “വാട്ട് ഫ്രാ കെയ്വ്” ക്ഷേത്രം ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്നു. 

ഈ ക്ഷേത്രമാണ് എമറാൾഡ് ബുദ്ധന്റെ ആവാസ കേന്ദ്രമായിരുന്നത്. കൂടാതെ തായ്‌ലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധ ആരാധനാലയങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. കവാടങ്ങളിൽ തൂണുകളിലും അകത്തെ പ്രതിമകളിലും സ്വർണം പൂശിയിരിക്കുന്നത് ക്ഷേത്രങ്ങളുടെ പ്രാധാന്യം പ്രതിധ്വനിക്കുന്നു.

thailand temple-2

 “വാട്ട് ഫോ” ക്ഷേത്രത്തിൽ 46 മീറ്റർ നീളമുള്ള ഭീമാകാരമായ ചാരിയിരിക്കുന്ന ബുദ്ധൻ പേരുകേട്ടതാണ്. ഈ ക്ഷേത്രം പരമ്പരാഗത തായ് വൈദ്യശാസ്ത്രത്തിന്റെയും വാസ്തുശാസ്ത്രത്തിന്റെയും ഒരു പ്രധാന കേന്ദ്രമാണ്. പ്രാർത്ഥനാ നിർഭരമായ മനസ്സുമായാണ് സന്ദർശകർ ഇവിടെ എത്തുന്നത്. 

തായ്‌ലാന്റ് സംസ്കാരത്തെ ബുദ്ധമതം ശക്തമായി സ്വാധീനിക്കുന്നു. പലപ്പോഴും മനോഹരമായ ക്ഷേത്രപരിസരത്തും, തെരുവുകളിലും  ഓറഞ്ച് വസ്ത്രം ധരിച്ച സന്യാസിമാരെ കാണുക പതിവാണ്. 

അവരുടെ ശാന്തമായ പെരുമാറ്റത്തിലൂടെയും സൗമ്യമായ വികാരപ്രകടനത്തിലൂടെയും ബഹുമാനം തൊഴുകൈയോടെ സന്ദർശകരെ ആകർഷിക്കുന്നു.  ഈ പാരമ്പര്യമര്യാദകൾ പല സഞ്ചാരികളും അഭിനന്ദിക്കുന്നു.  

പ്രത്യാശയുടെ ആദ്യ വിദേശ ടൂർ 

ഈ ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും നാട്ടിലേക്കാണ് കോഴിക്കോട് കോർപറേഷന്റെ ഭാഗമായ എരഞ്ഞിക്കലിലെ “പ്രത്യാശ റസിഡൻസ് അസ്സോസിയേഷൻ” 40 പേരുമായി കൊച്ചിയിൽ നിന്നും തായ്‌ലന്റിലേക്ക് വിമാനം കയറുന്നത്. 

നാല് രാത്രികളും അഞ്ച് പകലുകളും തായ്‌ലാന്റിന്റെ മനോഹാരിതയിൽ ഉല്ലസിക്കാനായി രാജ്യത്തിന്റെ ഊർജസ്വലമായ ഹൃദയമെന്ന് പറയപ്പെടുന്ന ബാങ്കോക്ക് പട്ടണത്തിൽ അവർ എത്തിയത് പുലർച്ചെ നാലരയോടെയാണ്. 

ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമെന്നോണം പ്രത്യാശ കുടുംബങ്ങൾ തായ്ലാന്റിന്റെ വിവിധ ഭാഗങ്ങൾ ഉല്ലാസത്തിമിർപ്പോടെ ചുറ്റിക്കറങ്ങാൻ തുടങ്ങി.

prathyasha group

 (പ്രത്യാശ ഗ്രൂപ് കൊച്ചി എയർപോർട്ടിൽ)

തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരം പകലും രാത്രിയും തിരക്കിലാണ്.  തലങ്ങും വിലങ്ങുമായി ഒന്നിനുമുകളിൽ മറ്റൊന്നായി  ഫ്ളൈഓവറുകൾ, തിളങ്ങുന്ന അംബരചുംബികളായ കെട്ടിടങ്ങൾക്ക് സമീപം പുരാതന ക്ഷേത്രങ്ങൾ ഉയർന്നുനിൽക്കുന്ന വൈരുദ്ധ്യങ്ങളുടെ ഒരു നഗരമാണിത്. 

അവിടത്തെ ക്ഷേത്രങ്ങളിലെ ആത്മീയത നുകരാൻ ഓരോ സന്ദർശകനും സമയം കണ്ടെത്തുന്നു. മത വിശ്വാസിയാണെങ്കിലും അല്ലെങ്കിലും തായ് ക്ഷേത്രങ്ങൾ അവരുടെ പ്രാർത്ഥനാ ഗേഹമായി മാറുന്നത് സ്വാഭാവികം. 

മനസ്സിലെ അറിയപ്പെടാത്ത ആ പ്രാർത്ഥനയിലൂടെ തായ്‌ലാന്റ് ഓരോ സഞ്ചാരിക്കും എന്തെങ്കിലും കൊടുക്കുന്നു. ക്ഷേത്രത്തിനകത്ത് കടക്കാൻ നിബന്ധനകളുണ്ട്, ഓരോ സന്ദര്ശകനും കർശനമായി അവ പാലിക്കുന്നു.

thailand temple-3

ഗ്രാൻഡ് പാലസ്, വാട്ട് ഫ്ര കായോ, വാട്ട് അരുൺ തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾ രാജ്യത്തിന്റെ ആഴത്തിലുള്ള ആത്മീയ വേരുകൾ പ്രദർശിപ്പിക്കുന്നു. 

അതേസമയം ചതുചക് വീക്കെൻഡ് മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റുകൾ തുടങ്ങിയ സജീവമായ വിപണികൾ ഒരു യഥാർത്ഥ പ്രാദേശിക അനുഭവം പ്രദാനം ചെയ്യുന്നു.

രാത്രി ജീവിതം ഏറെ സജീവമാണിവിടെ. ബാങ്കോക്ക് റൂഫ്‌ടോപ്പ് ബാറുകൾ, സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ, യുവാക്കളുടെ ഹരമായ പ്രസിദ്ധ വാക്കിഗ് സ്ട്രീറ്റുകൾ, അവിടെ ആകർഷകമായ പാതി വസ്ത്രം ധരിച്ച  അർധനഗ്നകളായ തരുണികൾ, ചലനാത്മകമായ ഒരു നൈറ്റ് ലൈഫ് രംഗം എന്നിവ ഉൾക്കൊള്ളുന്ന വിനോദ കേന്ദ്രമായി മാറുന്നു.

പുഞ്ചിരിയുടെ നാട് 

തായ്‌ലാന്റിനെ യഥാർത്ഥത്തിൽ വ്യത്യസ്തമാക്കുന്നത് അവിടുത്തെ ജനങ്ങളും സംസ്കാരവുമാണ്. സന്തോഷത്തിന്റെയും ചിരിയുടെയും മുഖം എവിടെയും കാണാം. 

ലോകമെമ്പാടും തായ് ഭക്ഷണത്തിന്റെ  രുചികൾക്ക് പേരുകേട്ടതാണ്. തായ് പാചകരീതി ഒരു പ്രത്യേക യാത്രാനുഭവമായി മാറും. തായ് കുസിൻ ചെലവേറിയതാണെങ്കിലും യാത്രയുടെ തിരക്കിൽ ഒരിക്കലെങ്കിലും അത് രുചിക്കാതിരിക്കുന്നത് ജീവിതത്തിലെ ഒരു വലിയ നഷ്ടമായിരിക്കും. അത്രക്ക് പേരുകേട്ടതാണ് തായ് ഭക്ഷണം. 

പാറ്റയും, തേളും, ഇഴജന്തുക്കളും ഭക്ഷണത്തിന്റെ ഭാഗമായി വില്പന തകൃതിയായി നടക്കുന്നത് തായ്കളുടെ തനത് സംസ്കാരത്തിന്റെ ഭാഗമാണ്. യാതൊരു കൂസലുമില്ലാതെയാണ് ഇത്തരം ഭക്ഷണങ്ങൾ അവർ ആസ്വാദിക്കുന്നത്. പന്നി മാംസവും യധേഷ്ടം ഇവിടെ കച്ചവടം ചെയ്യുന്നു.

thailand food

സ്ട്രീറ്റ് ഭക്ഷണശാലകൾ ഓരോ തെരുവോരത്തും സുലഭമാണ്. പക്ഷെ വാങ്ങിക്കഴിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വയറിന് പണികിട്ടും. ഇഴജന്തുക്കളുടെയും, പക്ഷിമൃഗങ്ങളുടെയും കരിഞ്ഞ മാംസത്തിന്റെ മണവും കാഴ്‌ചയും ഈ തെരുവിനെ വേറിട്ടതാക്കുന്നു. 

ചിലപ്പോൾ മൂക്കുപൊത്തിയായിരിക്കും പലരും നടക്കുക. മനസ്സിനിണങ്ങാത്ത രൂക്ഷ ഗന്ധം അടുപ്പിൽ നിന്നും ഉയരുന്ന പുകയോടൊപ്പം അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നു.

എങ്ങും ഉത്സവകാഴ്ചകൾ 

ഉത്സവങ്ങൾ, സർക്കസ്സുകൾ, അൽകാസാർ പോലുള്ള ഷോകൾ, പരമ്പരാഗത നൃത്തം, മുവായ് തായ്, ബുദ്ധമത ആചാരങ്ങൾ, ഫുട്‌ബോൾ കളിച്ചു നൃത്തം വെക്കുന്ന  ആനകൾ, സിംഹക്കളികൾ, അതിശയകരമായ ഡോൾഫ് ഷോ  എന്നിവ നിത്യേനയെന്നോണം തായ്ലാന്റിന്റെ പലഭാഗങ്ങളിലായി നടക്കുന്നതു. 

365 ദിവസങ്ങളിലും ആരിലും മടുപ്പുളവാകാത്തവിധം പരശ്ശതം സന്ദർശകരെ അത് ആകർഷിപ്പിക്കുന്നു. പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടക്ക് പ്രായമുള്ള ആണും പെണ്ണും അവരുടെ ആകാരചാതുരി കൊണ്ട് നമ്മുടെ മനം കവരുന്നു.

thailand shopping mall

(തായ്ലാന്റിലെ പ്രശസ്തമായ ഐകോൺസിയാം ഷോപ്പിങ് മാളിലേക്ക്)

സന്ദർശകരുടെ മനസ്സിൽ ആ കാലകാരന്മാർ മതിവരാത്തവിധം സ്ഥാനം പിടിക്കുന്നു. അതോടൊപ്പം അവരാൽ പരിശീലിപ്പിക്കപ്പെട്ട മൃഗങ്ങളും, മത്സ്യങ്ങളും, പക്ഷികളും കാഴ്ചവെക്കുന്ന പ്രകടനങ്ങൾ എല്ലാം ഒരതിശയമായി സന്ദർശകരുടെ മനസ്സിൽ മായാതെ കിടക്കും. 

ഒരു പക്ഷെ, ലോകത്തിലൊരിടത്തും ഇത്ര സമയ നിബിഡമായി പരിപാടികൾ ആസൂത്രണം ചെയ്യുകയില്ല. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയും സമയക്രമവും. ലാളിത്യവും, സ്നേഹവും, അനുകമ്പയും അവർ സന്ദർശകരിൽ നിന്നും പിടിച്ചു വാങ്ങുന്നു. 

ഓർക്കിഡിന്റെ നിറങ്ങളും സുഗന്ധവും:

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഓർക്കിഡ് പുഷ്പങ്ങളുടെ വൈവിധ്യ കേന്ദ്രങ്ങളിലൊന്നായി തായ്‌ലാന്റ് അറിയപ്പെടുന്നു, കൂടാതെ ഓർക്കിഡ് ഉദ്യാനങ്ങൾ ഈ പ്രകൃതി സമ്പത്തിന്റെ ജീവിക്കുന്ന പ്രതീകമാണ്. 

ചിയാങ് മായ്, നഖോൺ പാത്തോം, മറ്റ് പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഓർക്കിഡ് ഉദ്യാനങ്ങൾ, ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പ്രകൃതിദത്ത ക്രമീകരണങ്ങളിൽ ആയിരക്കണക്കിന് ഓർക്കിഡ് ഇനങ്ങളെയും സങ്കരയിനങ്ങളെയും കണ്ണംചിപ്പിക്കുന്ന കാഴ്ചയാണ്. 

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും സസ്യശാസ്ത്രജ്ഞരെയും പ്രകൃതിസ്‌നേഹികളെയും അവ ആകർഷിക്കുന്നു.

അന്താരാഷ്ട്ര വിപണികളിലേക്ക് മുറിച്ച പൂക്കളും ഓർക്കിഡ് സസ്യങ്ങളും വിതരണം ചെയ്യുന്ന ലോകത്തിലെ മുൻനിര ഓർക്കിഡ് കയറ്റുമതിക്കാരിൽ ഒന്നാണ് തായ്‌ലാന്റ്. 

ഓർക്കിഡ് ഉദ്യാനങ്ങൾ ഗവേഷണം, സംരക്ഷണം, പ്രജനനം എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അപൂർവ ഇനങ്ങളെ പ്രത്യേകം സംരക്ഷിക്കുന്നു. രാജ്യത്തിന് വിദേശനാണ്യം വരുന്നതിൽ ഓർക്കിഡ് കയറ്റുമതി ഒരു സുപ്രധാന പങ്കുവഹിക്കുന്നു.

orchid garden

അതേസമയം അവയുടെ സൗന്ദര്യം, നിറം, ഈട് എന്നിവയാൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന പുതിയ ഇനങ്ങൾ വികസിപ്പിക്കുന്നു. ഓർക്കിഡുകളുടെ സൂക്ഷ്മമായ ആകർഷണീയതയും നിറങ്ങളുടെ സിംഫണിയിലൂടെ അവ ഒരുപാട് രഹസ്യങ്ങൾ നമ്മോട് മന്ത്രിക്കുന്നു. 

നിറഭേദങ്ങളുടെ ദളങ്ങൾ അന്തരീക്ഷത്തിൽ നൃത്തംചെയ്യുന്നു. സന്ദർശകർ ചടുലവും തിളക്കവുമുള്ള വിപണികളിലൂടെ അലഞ്ഞുനടക്കുമ്പോൾ, ഓർക്കിഡുകളുടെ സൗന്ദര്യം ആനന്ദത്തിന്റെ ഒരു വികാരം നാമറിയാതെ നമ്മിൽ അലിഞ്ഞുചേരുന്നു. 

orchid ladies

മൃദുവും നേർത്തതുമായ ദളങ്ങളുടെ ഒരു ക്ഷണികമായ കാഴ്ച, തായ്‌ലാന്റിന്റെ മാന്ത്രികത എന്നെന്നേക്കുമായി ആർത്തിയോടെ കെട്ടിപ്പുണരുന്നു. സൗന്ദര്യത്തിന് അതിരുകളില്ല, ഓർക്കിഡുകളുടെ നാട്ടിൽ ഓർക്കിഡുകൾ പോലെ മൃദുലമായ തായ് പെൺകുട്ടികൾ ഏതോ അവാച്യമായ സൗന്ദര്യത്തിന്റെ ആന്തരിക പ്രകാശത്താൽ പ്രസരിക്കുന്നു. 

ആഗോള തലത്തിൽ, തായ്‌ലൻഡിലെ ഓർക്കിഡ് ഉദ്യാനങ്ങൾ ജൈവവൈവിധ്യ സംരക്ഷണത്തിനും, ഉദ്യാന നിർമ്മാണ ശാസ്ത്രത്തിനും, അന്താരാഷ്ട്ര പുഷ്പ വ്യാപാരത്തിനും സംഭാവന നൽകുന്നു. 

ഓർക്കിഡ് കൃഷിയിലും പുഷ്പ കലാരൂപത്തിലും ലോകനേതാവ് എന്ന നിലയിൽ തായ്‌ലൻഡിന്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിലൂടെ അവ പരിസ്ഥിതി അവബോധവും സുസ്ഥിര ടൂറിസവും പ്രോത്സാഹിപ്പിക്കുന്നു.

tourism-2

ഓർക്കിഡുകളുടെ വിചിത്രമായ നിറങ്ങൾപോലെ അവർ ധരിക്കുന്ന ഊർജ്ജസ്വലമായ  സിൽക്ക് വസ്ത്രങ്ങൾ മേനിയോടൊട്ടിച്ചേരുമ്പോൾ തായ്‌ലൻഡിന്റെ സാംസ്കാരികത്തനിമ നമ്മിൽ എന്തെന്നില്ലാത്ത അനുഭൂതി പകരുന്നു.  

ഓർക്കിഡുകൾ പോലെ അവരുടെ സൗന്ദര്യവും നാമറിയാതെ ആസ്വദിച്ചുപോവും. അത്  ഒരു നിധിയാണ്, പാരമ്പര്യത്തിന്റെയും ധൈര്യത്തിന്റെയും മിശ്രിതമായ ഒരനുഭൂതിയാണ് ആ കാഴ്ച്ചകൾ.

ടൂറിസത്തിൽ നദികൾ വഹിക്കുന്ന പങ്ക് :

കേരളത്തിൽ നാല്പത്തിനാല് നദികൾ ഉണ്ട്. പക്ഷേ ഇവിടെ നദീതീര ടൂറിസം നാളിതുവരെ വികസിപ്പിച്ചിട്ടില്ല. 

കായൽ ടൂറിസം ഒരു പരിധിവരെ വികസിച്ചിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സവിശേഷമായ ഒരിനമായി അതിനെ വളർത്തുവാനായിട്ടില്ല. വേമ്പനാട് കായലും അഷ്ടമുടി കായലും  ശാന്തമായ ജലാശയങ്ങളാണെങ്കിലും അവിടെ പരിമിതമായ രൂപത്തിൽ  ഹൗസ്ബോട്ടുകളും ക്രൂയിസുകളും ഉണ്ട്. പക്ഷെ അതൊന്നും ആധുനിക രൂപത്തിൽ അന്താരാഷട്ര ശ്രദ്ധപിടിക്കും മട്ടിൽ  ചിട്ടപ്പെടുത്തിയതല്ല. 

പരമ്പരാഗത കെട്ടുവള്ളങ്ങളുടെ മാതൃകയിൽ ഇനിയും തുടർന്നാൽ നമ്മുടെ നദീതീര ടൂറിസം വികസിക്കുകയില്ല. കേരളത്തിലുടനീളം സുലഭമായ നദികൾ ടൂറിസത്തിന് വഴിമാറികൊണ്ടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ചോപ്പായ ക്രൂയിസ് യാത്രകൾ 

ബാങ്കോക്കിന്റെ നദി ടൂറിസം ഒരു പ്രധാന ആകർഷണമാണ്. “ചാവോ ഫ്രായ നദി”യാണ് ബാങ്കോക്കിന്റെ ജീവരക്തം, നഗരത്തിലെ ലാൻഡ്‌മാർക്കുകൾ, ക്ഷേത്രങ്ങൾ, പരമ്പരാഗത ജീവിതരീതി എന്നിവയുടെ മനോഹരമായ കാഴ്ചകളിലൂടെയാണ് ഈ നദി കടന്നു പോവുന്നത്. 

പ്രത്യേകിച്ച് ക്രൂയിസുകളിലെ യാത്ര നിങ്ങളെ ഗ്രാൻഡ് പാലസ്, വാട്ട് അരുൺ, വാട്ട് ഫോ തുടങ്ങിയ ഐക്കണിക് സ്ഥലങ്ങളിലൂടെ കൊണ്ടുപോകുന്നു.

cruiz journey

നദികളിലെ മറ്റൊരു സവിശേഷത ഫ്ലോട്ടിംഗ് മാർക്കറ്റുകളാണ്. വെള്ളത്തിൽ പ്രാദേശിക വിൽപ്പനക്കാർ അവരുടെ ബോട്ടുകളിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങളും തെരുവ് ഭക്ഷണവും വിൽക്കുന്നത് മറ്റൊരു മനോഹര കാഴ്ചയാണ്. 

ബാങ്കോക്കിന്റെ സമ്പന്നമായ ചരിത്രത്തിലേക്കും പാരമ്പര്യങ്ങളിലേക്കും ഈ വിൽപനക്കാർ നമ്മെ കൊണ്ടുപോവുന്നു. വിലക്കുറവ് മാത്രമല്ല തനി നാടൻ ഉൽപന്നങ്ങൾ നാടിൻറെ മഹിമ ഉയർത്തുന്നു. 

നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഒരു ഇടവേള വേണമെങ്കിൽ നിങ്ങൾ  ശാന്തമായ ഒരു നദീസവാരിക്ക് തയ്യാറാവണം. നിങ്ങളുടെ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും.

cruiz journey-2

ഞങ്ങൾ നാല്പതുപേരും മൂന്നാം നാളിലെ സന്ധ്യ മയങ്ങിയതോടെ ഒരു ക്രൂയിസ് യാത്രക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു. മനസ്സും ശരീരവും നദിയുടെ ഇരുട്ടിൽ, പക്ഷെ കരയിലെ വർണാഭമായ വെളിച്ചത്തിന്റെ നിഴൽ പതിഞ്ഞ ഓളങ്ങളിൽ ആടിയും പാടിയും രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല. 

പലരും ജീവിതത്തിൽ ആദ്യമായായിരുന്നു ക്രൂയിസ് യാത്ര ചെയ്യുന്നതും പ്രത്യേകം തയ്യാറാക്കിയ ഒറിജിനൽ തായ് ഭക്ഷണം കഴിക്കുന്നതും. വൈവിധ്യമാർന്ന ഒരു രുചിമേള തന്നെയായിരുന്നു ക്രൂയിസ് ഒരുക്കിയത്. 

തായ്, ഹിന്ദി, മലയാള ഗാനങ്ങൾക്കൊപ്പം എല്ലാവരും നൃത്തം വെക്കുകയും ഡി.ജി ഡാൻസിന്റെ ബഹളമയമായ രാത്രിയിൽ നനുത്ത കാറ്റിന്റെ നേർത്ത തലോടലിൽ മതിവരാതെ യാത്ര അവസാനിച്ചപ്പോൾ പലരുടെയും മുഖത്ത് ലഹരിയുള്ള സ്വപനത്തിന്റെ പാതിയിൽ വെച്ചുണർന്ന നിരാശ പ്രകടമായിരുന്നു. ചാവോ ഫ്രായ നദി ഈ നഗരത്തിന്റെ ജീവരക്തമാണ്, ഞങ്ങളുടെയും. 

സമ്പന്നമായ സാംസ്കാരിക പൈതൃകം, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ, ഊഷ്മളമായ ആതിഥ്യമര്യാദ എന്നിവയ്ക്ക് പേരുകേട്ട ഈ രാജ്യം, പാരമ്പര്യത്തിന്റെയും ആധുനികതയുടെയും അസാധാരണമായ സംയോജനം പ്രദാനം ചെയ്യുന്നു. 

തിരക്കേറിയ നഗരങ്ങൾ മുതൽ ശാന്തമായ ദ്വീപുകൾ വരെ, തായ്‌ലൻഡിന്റെ വിനോദസഞ്ചാരം അതിന്റെ വൈവിധ്യത്തിലും ഊർജ്ജസ്വലമായ പ്രകൃതി രമണീയതയിലും ലോകത്തെ ഇവിടേക്ക് ആകർഷിക്കുന്നു. 

അശാന്തതയിൽ ഒരു തെരെഞ്ഞടുപ്പുകൂടി: 

എന്നിരുന്നാലും ഓരോ രാജ്യത്തിനും അവരുടേതായ ആഭ്യന്തര പ്രശനങ്ങൾ ഉണ്ടാവും. രാജാവ് ഭരിച്ചാലും ജനാധിപത്യമായാലും സുഖലോലുപതയും ധനവും എപ്പോഴും ഒരു വിഭാഗത്തിന് മാത്രം വിധിക്കപ്പെട്ടതാണ്. പോയ വർഷങ്ങൾ പോലെ 2026 ന്റെ തുടക്കത്തിലും തായ്‌ലൻഡ് സങ്കീർണ്ണമായ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നു.

rama 10th

(രാമ പത്താമൻ എന്ന രാജകീയ നാമത്തിൽ അറിയപ്പെടുന്ന വജിരലോങ്കോൺ തായ്‌ലാന്റിലെ രാജാവാണ്. 1782 മുതൽ തായ്‌ലൻഡ് ഭരിക്കുന്ന ചക്രി രാജവംശത്തിലെ പത്താമത്തെ രാജാവാണ് അദ്ദേഹം)

രാഷ്ട്രീയ പുനഃക്രമീകരണം, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിതം എന്നിവയിലൂടെ കടന്നുപോകുന്ന ഒരു രാജ്യമാണിത്.  മന്ദഗതിയിലുള്ള വളർച്ചയും അതിർത്തിയിലെ സംഘർഷങ്ങളും ദൈനംദിന ജീവിതത്തിൽ ജാഗ്രത സൃഷ്ടിക്കുമ്പോൾ, തായ് സംസ്കാരം, സമൂഹ ഊർജ്ജസ്വലത, സാങ്കേതികവിദ്യ, ക്ഷേമം, ടൂറിസം വൈവിധ്യവൽക്കരണം സാമൂഹിക പുരോഗതി എന്നിവയുൾപ്പെടെയുള്ള ദീർഘകാല തന്ത്രപരമായ അഭിലാഷങ്ങൾ ബാക്കിയാവുന്നു. 

അതുകൊണ്ടുതന്നെ ജനം അസംതൃപ്തരാണ്. ഭരണത്തിലെ അഴിമതിയും പോരായ്മകളും അവർ അനുദിനം ചൂണ്ടിക്കാട്ടുന്നു. രാജാവാണ് പരമാധികാരിയെങ്കിലും ജനാധിപത്യ രീതിയിൽ ഇവിടെയും തെരഞ്ഞെടുപ്പുകൾ നടക്കുന്നു. 

2026 ഫെബ്രുവരി 8 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി തായ്‌ലൻഡ് ഒരുങ്ങുകയാണ്, നിലവിലെ പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്നു. ഭരണകക്ഷിയായ ഭുംജൈതായ് പാർട്ടി, ലിബറൽ പീപ്പിൾസ് പാർട്ടി, ഫ്യൂ തായ് പാർട്ടി എന്നിവ തമ്മിലുള്ള ഉയർന്ന മത്സരമായിരിക്കും ഈ തിരഞ്ഞെടുപ്പ്.

വഴിയോരങ്ങളിലെ ചുമരുകളിലും പോസ്റ്റുകളിലും സ്ഥാനാർത്ഥികളുടെ പരസ്യങ്ങൾ സുലഭമായി കാണാം.  പക്ഷെ, മാന്യമായി പ്രദർശിപ്പിക്കണമെന്നുമാത്രം. ചുവരെഴുത്തുകൾ ഇവിടെ പാടില്ല. പകരം അതികായക പ്ലാസ്സ്റ്റിക്കിത്തര പോസ്റ്ററുകൾ മാത്രം.  

ഭുംജൈതായ് പാർട്ടി അവരുടെ ദേശീയവാദ, യാഥാസ്ഥിതിക നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അനുതിൻ ചർൺവിരാകുലിന്റെ നേതൃത്വത്തിൽ പ്രചണ്ഡ പ്രചാരണം ആരംഭിച്ചിരിക്കുന്നു.

പീപ്പിൾസ് പാർട്ടിയും ഒട്ടും പുറകോട്ടല്ല.  വിജയിക്കാൻ ആഗ്രഹിക്കുന്ന, ശക്തമായ ഭരണവിരുദ്ധ നിലപാടുള്ള ഒരു ലിബറൽ പ്രതിപക്ഷ പാർട്ടിയുടെ വാശിയും വൈര്യവും അവരുടെ പ്രചാരണത്തിൽ ആയുധമാക്കുന്നു. 

മറ്റൊന്ന് “ഫ്യൂ തായ് പാർട്ടി” യാണ്. അധികാരം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു ജനപ്രിയ പാർട്ടി അവരുടെ  പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടാണ് തേരോട്ടം.

തായ്‌ലാന്റിലെ സർക്കാർ രൂപീകരണവും ദിശയും തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. ഔദ്യോഗിക ഫലങ്ങൾ 2026 ഏപ്രിൽ 9-ന് പ്രതീക്ഷിക്കുന്നു.

flex board

ഒരു ജനത എങ്ങനെ ജീവിക്കുന്നു, പ്രവർത്തിക്കുന്നു, ഭാവിയിലേക്ക് എന്ത് ആഗ്രഹിക്കുന്നു എന്നിവയെ രൂപപ്പെടുത്തുന്നതിൽ സർക്കാരുകൾ പരാജയപ്പെടുകയാണ് പതിവ്. അത് ഇവിടെയും  സംഭവിക്കുന്നു. 

"പുഞ്ചിരികളുടെ നാട്" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന തായ്‌ലാന്റിന്റെ മറുപുറത്ത് വേദനയും നീരസവും അനുഭവിക്കുന്ന മനുഷ്യരുണ്ട്, അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാരിന്റെ ശ്രമം പരിമിതമാണ്. 

എന്നിരുന്നാലും ലോകത്തിലെ ഏറ്റവും ആകർഷകമായ യാത്രാ കേന്ദ്രങ്ങളിലൊന്നായി തായ്‌ലാന്റ് നിലനിർത്താൻ അതാത് ഭരണകർത്താക്കൾ ബാധ്യസ്ഥരാണ്.

posters

ദു:ഖത്തിന്റെയും വേദനയുടെയും നീർച്ചാലുകൾ: 

പക്ഷെ, സന്ദർശകരോട് പുഞ്ചിരിക്കുന്ന ഈ മനുഷ്യരുടെ ഉള്ളിൽ എരിയുന്ന കനൽ ആരും കാണുന്നില്ല. നിശാക്ലബ്ബ്കളിൽ രാത്രിമുഴുവൻ നഗ്ന നൃത്തം ചെയ്യുന്ന ചെറുപ്പകാരികൾക്ക്  ലഭിക്കുന്നത് ഒരു ദിവസത്തെ ആഹാരത്തിനുള്ള കാശ് മാത്രമായിരിക്കാം, എന്നാലും അവർ പുഞ്ചിരിക്കുന്നു. 

തൊട്ടും തലയോടിയും സന്ദർശകരിൽ നിന്നുകിട്ടുന്ന ഇത്തരി തുട്ടുകൾക്കായി അവരുടെ ശരീരം കാഴ്ചവെക്കുന്നു. മറ്റൊന്ന് തെരുവോരങ്ങളിലെ വൃത്തിയുള്ള കടകളിൽ നടത്തുന്ന മസ്സേജ് പാർലെകളാണ്. അവിടെ പെഡിക്യൂർ മുതൽ ഫെയ്‌സ് മസാജും ശരീരം തടവാലും ഒരു സാധാരണ സംഭവമാണ്.

കലാകാലങ്ങളായി തുടർന്ന് വരുന്ന ഈ ദിനചര്യ മാറ്റിയെടുക്കാൻ ഇവിടത്തെ സർക്കാർ മിനിക്കെടുന്നില്ല, കാരണം ടൂറിസത്തിന്റെ ആകർഷണീയത ലൈംഗികതയിലാണെന്നവർ മനസ്സിലാക്കുന്നു. 

നിശാജീവിതം ഇല്ലെങ്കിൽ മദ്യചഷകം ഒഴുക്കിയില്ലെങ്കിൽ ഈ നാട് ഒരുപക്ഷെ ദാരിദ്ര്യത്തിൽ കൂപ്പുകൂടുമായിരുന്നു. സെക്സ് ടൂറിസം വിജയം വരിച്ച അപൂർവം നാടുകളിലൊന്നാണ് തായ്ലാന്റ്. 

പട്ടായയിലെ കാഴ്ചകൾ:

പണ്ടൊക്കെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ബാങ്കോക്കിൽ പോവുന്നത് ഒളിച്ചും ഒച്ചവെക്കാതെയുമായിരുന്നു. കാരണം നഗ്നമായ ലൈംഗിക ചൂതാട്ടം അവിടെ സുലഭമായിരുന്നു. പ്രത്യേകിച്ച് പട്ടായ നഗരത്തിലേക്കുള്ള യാത്രകൾ. അവിടെയാണ് നഗ്നമായ ലൈംഗികത നടമാടുന്നത്. 

pattaya

അവിടത്തെ വാക്കിങ് സ്ട്രീറ്റ് ഉന്മേഷദായമാണ്. രാത്രിയെ പകലാക്കി മാറ്റുന്ന മാസ്മരികതയിലാണ് ഈ തെരുവിന്റെ രീതികൾ. ചുണ്ടിൽ പുകയാത്ത സിഗരറ്റ് വെച്ചുള്ള അർദ്ധ നഗ്നകളായ പെൺകുട്ടികളെ സമീപിച്ചുകൊണ്ട് അവരോട് മണിക്കൂറുകളുടെ ഉന്മാദത്തിനായി വിലപേശാം, സിഗറ്റിനു തീ കൊടുത്താൽ അവർ നിങ്ങൾ പറഞ്ഞ തുകക്ക് നിങ്ങളോടൊപ്പം വരും. 

അല്ലെങ്കിൽ പ്രതിഷേധത്തോടെ സിഗരറ്റ് കാലിന്നടിയിൽ ചവിട്ടി മെതിക്കും. തികച്ചും സിംബോളിക്കായ ഈ രീതി ഭാഷയുടെ പരിമിതികളെ ഇല്ലാതാക്കുന്നു.

40 members team

ജലവിനോദമാണ് മറ്റൊരു പ്രധാന കാഴ്ച. ജോംതിയൻ ബീച്ച് ഏറെ പ്രധാനപ്പെട്ടതാണ്. മനോഹരമായ ഈ കടൽത്തീരം കടൽ വിനോദത്തിന് പേരുകേട്ടതാണ്. ജെറ്റ് സ്‌കിംഗ്, പാരാസെയ്‌ലിംഗ്, ബനാന ബോട്ടിങ് കൂടാതെ അണ്ടർവാട്ടർ അക്കോറിയം, അൽകാസർ കാബറെ ഷോ എന്നിവ പട്ടായയെ വേറിട്ട വിനോദകേന്ദ്രമാക്കി മാറ്റുന്നു. 
 
പക്ഷെ, ഇപ്പോൾ എല്ലാം മാറിമറിഞ്ഞിരിക്കുന്നു. കുടുംബസമേതം വിനോദയാത്രക്ക് തെരെഞ്ഞുടുക്കുന്ന പത്തു രാജ്യങ്ങളിൽ മുഖ്യ സ്ഥാനം തായ്ലാന്റ് കരസ്ഥമാക്കിയിരുന്നു. 

സുലഭമായ രാത്രി ജീവിതത്തിനപ്പുറം പകലിന്റെയും അന്തിവെളിച്ചതിന്റെ സുതാര്യതയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ ഒട്ടേറെ കാഴ്ചകൾ ഇന്നത്തെ തായ്ലാന്റ് ഒരുക്കുന്നു. പ്രത്യേകിച്ച് കുട്ടികൾ ഏറെ ആസ്വദിക്കുന്ന ആനക്കളിയും ഡോൾഫിൻ ഷോയും. 

safari

സഫാരി പാർക്കിന്റെ മറുവശം നാനാതരത്തിലുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്. നരിയും, പുലിയും, കാട്ടുപോത്തും, കാണ്ടാമൃഗങ്ങളും, മാനും മൈലും കൂടുകളില്ലാതെ വിലസുന്ന അപൂർവം കാഴ്ചകൾ വിനോദസഞ്ചാരികളിൽ കൗതുകവും ഭയവും ഉളവാക്കുമെങ്കിലും വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. 

ആധുനിക നഗര കാഴ്ചകൾക്കപ്പുറം ഒരു നാടിൻറെ സംസ്കാരവും ചരിത്രവും മനസ്സിലാക്കാൻ സന്ദർശകർ സമയം കണ്ടെത്തുന്നു. ബുദ്ധമത ക്ഷേത്രങ്ങളും പഴമയുടെ ഭേരികൾ രേഖപ്പെടുത്തിയ മ്യൂസിയവും കാണാൻ തിരക്കുകൾ ഏറെയാണ്.

giraff

ഭക്ഷണവും താമസവും മറ്റേതൊരു നാട്ടിനെക്കാളും കുറഞ്ഞ വിലയിൽ ലഭ്യമാക്കും വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതാണ് ഈ രാജ്യം കൈവരിച്ച ടൂറിസ വികസനം. 

വൃത്തിയും വെടിപ്പുമുള്ള ചെലവുകുറഞ്ഞ യാത്ര ഒരുക്കാൻ സർക്കാരും ടൂറിസം വകുപ്പും സദാ സന്നദ്ധമാണ്. നാൽപ്പതിൽ പരം രാജ്യങ്ങൾക്കു ഫ്രീ ടൂറിസം വിസകൾ നൽകിയാണ് ഇവിടെ ടൂറിസം പ്രചുരപ്രചാരമാക്കിയത്. പുഞ്ചിരിയുടെ ആദിത്യമര്യാദയാണ് ഈ നാടിന്റെ മുഖമുദ്ര. 

തായ്‌ലൻഡിന്റെ ടൂറിസം വിജയം അതിന്റെ ഊർജ്ജസ്വലമായ സ്ഥലങ്ങളിലും ശ്രദ്ധേയമായ വൈവിധ്യത്തിലുമാണ്. ഓരോ പ്രദേശവും വ്യത്യസ്തമായ ഒരു കഥ പറയുന്നു, പുരാതന പാരമ്പര്യങ്ങൾ, പ്രകൃതിയിലെ അത്ഭുതങ്ങൾ, ആധുനിക ജീവിതശൈലികൾ എന്നിവയെല്ലാം ഒരു യാത്രയിൽ പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ ക്ഷണിക്കുന്നു. 

tailand tourism

സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ട് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് തായ്‌ലാന്റ് മറക്കാനാവാത്ത അനുഭവമായി മാറുന്നു.

മടങ്ങാൻ മടിക്കുന്ന മനസ്സ് 

തായ്‌ലാന്റിൽ നിന്ന് ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഓർമ്മയിൽ ഏറ്റവും കൂടുതൽ തെളിഞ്ഞുനിൽക്കുന്നത് വികാരങ്ങളുടെ അമിതഭാരമാണ്. ഒരേസമയം ഒരുപാട് പാളികളായി അത് മനസ്സിൽ തത്തിക്കളിക്കുന്നു. 

രാത്രിയിലെ നനുത്ത വായുവും, സംഗീതത്തിന്റെ നേർത്ത ശബ്ദവും ആസ്വാദിച്ച് തെരുവിലൂടെ നടക്കുമ്പോൾ നാമറിയാതെ ചുവടുവെച്ചുപോവും.  

പിന്നെ ഗന്ധങ്ങൾ - ഗ്രിൽ ചെയ്ത തെരുവ് ഭക്ഷണം, മുളകും വെളുത്തുള്ളിയും ചേർത്ത മാംസത്തിന്റെ രൂക്ഷ ഗന്ധം, ക്ഷേത്രങ്ങളിൽ നിന്ന് ഒഴുകുന്ന ധൂമങ്ങൾ, തായ് സംഗീതങ്ങൾ. 

ക്ഷത്രങ്ങളിലെ മന്ത്രധ്വനികൾ, സുന്ദരികളുടെ പുഞ്ചിരി, ശാന്തമായ ദയ, ആളുകൾ "സബായ് സബായ്" എന്ന് പറയുന്ന രീതിയും യഥാർത്ഥത്തിൽ എന്നും മനസ്സിൽ ജീവിക്കും.

guide

(ഗൈഡ് പാറ്റ് എന്ന പാത്തൂ)

തായ്ലാന്റിൽ എയർപോർട്ടിൽ ഇറങ്ങിയതോടെ അഞ്ചു ദിവസവും ഞങ്ങളുടൊപ്പം ഞങ്ങൾക്ക് വഴികാട്ടിയായി ഒരു ഗൈഡ് ഉണ്ടായിരുന്നു. തായ്ലാന്റ്കാരിയായ ഈ പെൺകുട്ടിയുടെ പേര് പാറ്റ് എന്നാണെങ്കിലും ഞങ്ങൾ അവളെ സ്‌നേഹാദരവോടെ “പാത്തൂ” എന്ന് വിളിച്ചു. 

ഇംഗ്ളീഷ് നന്നായി സംസാരിക്കുന്ന അവൾ ഞങ്ങളോടൊപ്പം ചേർന്ന് ചില മലയാള പാദങ്ങളും പഠിച്ചു. ഈ പെൺക്കുട്ടി തായ് സംസ്കാരവും ചരിത്രവും യാത്രയിലുടനീളം ഞങ്ങൾക്കൊതിത്തന്നു.

ഒരു സന്ദർശകൻ പലപ്പോഴും ഊഷ്മളതയും അത്ഭുതവും നിറഞ്ഞ ഹൃദയത്തോടെയാണ് മടങ്ങുന്നത് . തായ്‌ക്കരുടെ ദയ, ചിരി, സൗഹൃദം, സൗമ്യത  പ്രകൃതിദൃശ്യങ്ങളുടെ ഭംഗി, സമ്പന്നമായ സംസ്കാരം എന്നിവയാൽ നാം സ്പർശിക്കപ്പെടുന്നു. ശാശ്വതമായ ഓർമ്മകളും വീണ്ടും മടങ്ങാനുള്ള ശക്തമായ ആഗ്രഹവുമായി യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. 

സമ്പന്നമായ സംസ്കാരവും ഊഷ്മളമായ ആതിഥ്യമര്യാദയും കാരണം തായ്‌ലാന്റ് സന്ദർശിക്കുന്നത് അവിസ്മരണീയമായ ഒരു അനുഭവമാണ്. ഒരു സന്ദർശകൻ എത്തുന്ന നിമിഷം മുതൽ, തായ്‌ലാന്റ് ജനത എത്ര സൗഹൃദപരവും ബഹുമാനപരവുമായാണ് നമ്മെ വീക്ഷിക്കുന്നത്. അവർ സമ്മാനിക്കുന്ന പുഞ്ചിരി എത്ര സാധാരണമാണ്. അവരുടെ ആദിത്യ മര്യാദ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. 

40 menbers team

മൊത്തത്തിൽ, പാരമ്പര്യത്തോട് അഗാധമായ ബഹുമാനവും, സ്വാഗതാർഹമായ മനോഭാവവും, വിശ്രമകരമായ ജീവിതരീതിയും ഉള്ള ഒരു രാജ്യമായാണ് സന്ദർശകർ പലപ്പോഴും തായ്‌ലാന്റിനെ കരുതുന്നത്. തായ് സംസ്കാരം അനുഭവിക്കുന്നതിലൂടെ സഞ്ചാരികൾക്ക് ദയ, ബഹുമാനം, സാംസ്കാരിക ഐക്യം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിലമതിപ്പ് നേടാൻ കഴിയും.

മൂടൽമഞ്ഞുള്ള പർവതങ്ങളിൽ നിന്ന് സൂര്യപ്രകാശം ലഭിക്കുന്ന ക്ഷേത്രങ്ങളിലേക്ക്, തായ്‌ലാന്റ് പൂത്തുലഞ്ഞ ഒരു ഓർക്കിഡ് പോലെ വികസിക്കുന്നു. ഓരോ സഞ്ചാരിയുടെയും ആത്മാവിൽ സുഗന്ധം ബാക്കിയാകുന്ന ഒരു ഓർക്കിഡ് നാട്. അതാണ് തായ്ലാന്റ്.

-ഹസ്സൻ തിക്കോടി(hassanbatha@gmail.com phone: 9747883300 - 20/01/2026)

Advertisment