ഓർമ്മകളിൽ എം.ടി.യുടെ മുഖം: മൗനം വാചാലമാക്കിയ മഹാസമുദ്രത്തെ ഒന്നാം ചരമവാർഷികത്തിൽ സ്മരിച്ച് ഹസ്സൻ തിക്കോടി എഴുതുന്ന ആത്മസ്മരണയും സാഹിത്യസാക്ഷ്യവും

മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. എം.ടി.കഥയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ ഓർക്കുകയാണ്. 

New Update
hassan thikodi article mt

എം.ടി എന്ന രണ്ടക്ഷരത്തിന് ഒരുപാട് കനമുണ്ട്, അത് ഒരു സമുദ്രം പോലെ പരന്നു കിടക്കുന്നു. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ ഒരു മഹാസമുദ്രം ! 

Advertisment

മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. എം.ടി.കഥയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ ഓർക്കുകയാണ്. 

എന്നെ എഴുത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചുകയറ്റിയ ആ മഹാപ്രതിഭയെ ഒരിക്കലും മറക്കാനാവാത്തവിധം എന്നിൽ ആ മനുഷ്യനിൽ ഇഴുകിച്ചേർന്നിരിന്നു.

mt vasudevan nair

എം.ടി.യുടെ കുവൈറ്റ് യാത്ര


അപൂർവമായി മാത്രം ചിരിക്കുന്നയാളാണ് എം.ടിയെന്നത് സാഹിത്യലോകത്തെ പരസ്യമായ രഹസ്യമാണ്. അത് നേരിൽ കണ്ടനുഭവിച്ചത് അദ്ദേഹത്തിന്റെ കുവൈറ്റ് യാത്രയിൽ ഏഴ് ദിനരാത്രങ്ങൾ എന്നോടൊപ്പം താമസിച്ചപ്പോഴാണ്. 


രണ്ടാം നിലയിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കട്ടൻ ചായയും ബീഡിയും വലിച്ചിരിക്കുന്ന എം.ടി. കടലിന്റെ അകലങ്ങളിൽ എണ്ണ നിറക്കാൻ നങ്ങൂരമിട്ടിരിക്കുന്ന കപ്പലുകളെ നോക്കി പറഞ്ഞു: “ഈ എണ്ണയാണ് ഈ നാടിൻറെ സമ്പത്ത്, നമ്മുടെ നാടിനെ മാറ്റിമറിച്ച മലയാളിയുടെ പെട്രോഡോളർ കരുത്തിന്റെ ഉത്ഭവം ഇവിടുന്നാണുണ്ടായത്, അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിച്ച ഒരു സ്വപ്ന ഭൂമിയാണീ നാട്.”

mt hassan thikkodi

(എം.ടി.യോടൊപ്പം ലേഖകൻ ഹസ്സൻ തിക്കോടി)

ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അന്ന് ഏഴാംക്‌ളാസ്സിൽ പഠിക്കുന്ന എന്റെ മകളോടുപോലും അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല. ഒരുദിവസം മകൾ എന്നോട് ചോദിച്ചു:

“ഉപ്പാ, ഇത്രേം ദിവസായിട്ടും എം.ടി. എന്നോട് ഒന്ന് മിണ്ടുകപോലും ചെയ്തില്ലല്ലോ….” 

ഞാൻ മകളോട് പറഞ്ഞു. “നിനക്ക് മിണ്ടാനും പറയാനും അദ്ദേത്തിന്റെ മകൾ സിതാര ഉണ്ടല്ലോ…അദ്ദേഹം സധാ എഴുത്തിന്റെയും ചിന്തയുടെയും ലോകത്താ…” 

എന്നാൽ ഏഴാംദിവസം പോകാൻ നേരത്ത് മകളെ അരികിൽ വിളിച്ചുനിർത്തി ഒരുപുസ്തകം അവൾക്ക് സമ്മാനമായി കൊടുത്തുകൊണ്ട് അവളെ അനുഗ്രഹിച്ചു. അവൾക്കത് മറക്കാനാവാത്ത ഒരു അനുഭവമായി.


സ്വയം ചിരിക്കാൻ സാധിക്കാത്തവർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുമോ ? മനുഷ്യനെ ചിന്തിപ്പിക്കുന്ന ഒരു തരം കനമുള്ള ഹാസ്യം എം.ടി.യുടെ കൂടപ്പിറപ്പാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിൽ ആ ക്ലസിക്ക് ഹാസ്യം നമുക്ക് കാണാൻ കഴിഞ്ഞു.


അടുപ്പത്തിന്റെ തുടക്കം  

1977-ലാണ് എം.ടി.യുമായി സൗഹൃദം തുടങ്ങിയത്. കുവൈറ്റിൽ നിന്നും ഞാൻ പുറത്തിറക്കുന്ന “തപസ്യ” എന്ന മാസികക്കുവേണ്ടി ഒരു സൃഷി ആവശ്യപ്പെട്ടുകൊണ്ട് ഞാൻ എം.ടി.ക്കു ആദ്യമായി ഒരു കത്തെഴുതുമ്പോൾ അതിനൊരു മറുകുറിപ്പ് പ്രതീക്ഷിച്ചിരുന്നില്ല.  


പക്ഷെ, താമസിയാതെ 16-4-1977-ൽ അദ്ധേഹത്തിന്റെ സ്വന്തം  കൈപ്പടിയിൽ എഴുതിയ മറുപടി കിട്ടി. എന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ആ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത് മാതൃഭൂമിക്കുവേണ്ടി അറബികളുടെ ജീവിതം എഴുതി അയക്കാനായിരുന്നു.


md's letter

(1977-ൽ എം,ടി. ലേഖകന് എഴുതിയ കത്ത്)

അങ്ങനെ “ബദ്ദു മണലാരണ്യത്തിൽ” എന്ന  എന്റെ ആദ്യ ലേഖനം മാതൃഭൂമി വാരികയിൽ അച്ചടിമഷിപുരണ്ടു. പിന്നീട് നാട്ടിൽ വരുമ്പോഴൊക്കെ മാതൃഭൂമി ഓഫീസിൽ പോകുമായിരുന്നു. 


പത്രാധിപരുടെ മേശപ്പുറത്ത് ഒരു കുന്നുപോലെ കിടക്കുന്ന സൃഷികൾക്കിടയിൽ ഗൗരവത്തിലിരിക്കുന്ന എം.ടി.എന്ന മനുഷ്യൻ ഒരു ചിരപരിചിതനെപോലെ എന്നോട് വർത്തമാനങ്ങളും കുവൈറ്റ് വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ഗൾഫിൽ ജോലി ചെയ്യുന്ന മലയാളിയുടെ ജീവിതത്തിന്റെ കഥകൾ എഴുതാൻ പറഞ്ഞു.


പിന്നീടൊരിക്കൽ എന്നെ ഉപദേശിച്ചു “ഹസ്സൻ അറബിയുടെ ജീവിതം നിരീക്ഷിക്കണം, രാവിലെ ഉറക്കമുണരുന്നതുമുതൽ രാത്രി ഉറങ്ങുംവരെയുള്ള അവരുടെ ജീവിത രീതി പഠിക്കണം, അവർ എങ്ങനെ പല്ല് തേക്കുന്നു, ചായകുടിക്കുന്നു, കുളിക്കുന്നു, ജോലി ചെയ്യുന്നു, ആരോടൊക്കെ സംവദിക്കുന്നു എന്നുതുടങ്ങി എല്ലാം….അതൊരു സംഭവമായിരിക്കും…” ഒരുപാട് ജീവിതങ്ങൾ നേരിൽ കണ്ട ഒരുപാട് വായിച്ച ഒരുപാട് യാത്രകൾ ചെയ്ത ഒരു മഹാനായ എഴുത്തുകാരന്റെ ഉപദേശം ഞാൻ ശിരസ്സാവഹിച്ചു.

നഗരത്തിൽ വസിക്കുന്ന ആധുനിക അറബിയും മരുഭൂമിയിലെ ഖൈമകളിലും ചെറിയ ഹട്ടുകളിലും ജീവിക്കുന്ന ബദുക്കളായ അറബികളുടെയും അന്തരം ഞാൻ മനസ്സിലാക്കി. 

അവരുടെ ജീവിതം, കച്ചവടം, കല്യാണം എന്നിവ മനസ്സിലാക്കാനും പഠിക്കാനും തുടങ്ങി. ഒട്ടകപ്പുറത്തുനിന്നും കാഡില്ലാക് കാറിലേക്കുള്ള അവരുടെ ദൂരം വളരെ ചെറുതായിരുന്നു.

മൂടുപടമണിഞ്ഞ മരുഭൂമിയിലെ അറബിപെണ്ണിൽ നിന്നും കുവൈറ്റ് യൂണിവേസിറ്റിൽ പഠിക്കുന്ന പെൺകുട്ടികളുടെ വേഷവിധാനങ്ങൾ മാറിമറിഞ്ഞത് ഭൂമിക്കടിയിലെ എണ്ണയുടെ മാസ്മരിക വരവോടെയാണെന്ന യാഥാർഥ്യം എന്നെ അത്ഭുതപ്പെടുത്തി.

lady at desert

(മരുഭൂമിയിലെ ബദു പെണ്ണുങ്ങൾ)

അതോടൊപ്പം മൂന്നാം ലോകത്തുനിന്നും അന്നം തേടിയെത്തിയ മനുഷ്യരുടെ കഷ്ടപ്പാടിന്റെയും വേദനയുടെയും ഒരുപാട് കഥകൾ, അനുഭവങ്ങൾ ഞാൻ എഴുതി. 

വെള്ളിയാഴ്ചകളിൽ സഫാത്തിലും കനീസയുടെ പരിസരത്തും ഒത്തുകൂടുന്ന അറബി വീടുകളിൽ പണിയെടുക്കുന്ന ആയമാരുടെ കഥ “യൗമുൽ ആയ” അച്ചടിച്ചു വന്നപ്പോൾ അക്കാലത്ത് അത് വലിയ ചർച്ചാ വിഷയമായി മാറിയത് സ്വാഭാവികം. ഞാൻ മലയാളികളെ അവഹേളിച്ചെഴുതിയതെന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. 

modern arab ladies

(ആധുനിക അറബ് പെൺകുട്ടികൾ)

എം.ടി. പകർന്നു തന്ന ഉപദേശവും ഊർജവും  കൂടുതൽ എഴുതാനും വായിക്കാനും എന്നെ പ്രേരിപ്പിച്ചു. എഴുത്തുകാരനും “കലിക” എന്ന നോവലിന്റെ കർത്താവുമായ കുവൈറ്റിലെ മലയാളി ഇന്ത്യൻ അംബാസഡർ മോഹന ചന്ദ്രൻ എം.ടി.യെ കുവൈറ്റിൽ കൊണ്ടുവന്ന് ഇവിടെ ഒരു സാഹിത്യോൽസവം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ അത് ഏറ്റെടുത്തു. അങ്ങനെയാണ് എം.ടി. കുവൈറ്റിൽ എത്തുന്നത്.

പ്രവാസികളോട് എം.ടി: 

ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന ജീവിതത്തിന്റെ മോഹന സ്വപ്‌നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിൽ കരിഞ്ഞുണങ്ങാൻ വിധിക്കപ്പെട്ട പ്രവാസികളോട് അദ്ദേഹം അവിടെ വന്നപ്പോൾ ഉപദേശിച്ചു: 


“നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക. ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക. അനുഭവങ്ങൾ ഒരിക്കലും മനസ്സിൽനിന്നും നഷ്ടമാവില്ല. അവ എന്നെങ്കിലും പുറത്തുവന്നെ മതിയാവൂ. 


mt vasudevan nair-2

അവയൊക്കെ എഴുതാനായില്ലെങ്കിൽ ആരോടെങ്കിലും പങ്കിടുക….ഒരു കഥ പറച്ചിൽപോലെ,  ഗൾഫുകാരന്റെ ബഡായിപോലെ…അത് നിങ്ങളുടെ മനസ്സിന് ശാന്തിയും സ്വസ്ഥതയും നൽകും.

സാഹിത്യ സദസ്സിൽ അദ്ദേഹം തുടർന്നു: “പ്രവാസികളായ നിങ്ങൾ പലരുമായും കണ്ടുമുട്ടുന്നവരാണ്, അന്യദേശക്കാരും, അന്യഭാഷക്കാരുമായി സംവദിക്കുന്നവരാണ് നിങ്ങൾ. മറ്റാർക്കും ലഭിക്കാത്ത ഒട്ടേറെ അനുഭവങ്ങളാണ് നിങ്ങളുടെ ജീവിത സമ്പത്ത്. അവയൊന്നും മലയാള സാഹിത്യത്തിൽ അധികമൊന്നും വന്നുചേർന്നിട്ടില്ല. 

“നീ അവന്റെ കഥ അറിഞ്ഞോ”, “അവന്റെ കഥ പറയാനില്ല “...”ആ കഥ പറയാത്തതാണ് ഭേദം “...എന്നൊക്കെ നാം സാധാരണ ജീവിതത്തിൽ പറയുന്ന അന്യന്റെ കഥയുണ്ടല്ലോ അതൊരു എഴുത്തുകാരൻ പറയുമ്പോൾ അതൊരു യഥാർത്ഥ കഥയായി മാറുന്നു.

“ഏതൊരാളുടെ ജീവിതാനുഭവങ്ങൾക്കും സ്വയം പരിധിയുണ്ട്. സ്വയം അനുഭവിക്കുന്ന, സ്വയം നീറുന്ന ആ പരിമിതികളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട് തന്റെ അനുഭവങ്ങൾ മാത്രം ഒരുക്കികൊണ്ട് ഒരു കഥയോ നോവലോ എഴുതാൻ പറ്റില്ല. 

സ്വന്തം അനുഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് ആദ്യതലം, മറ്റാരെങ്കിലും വന്നു പറയുന്ന അനുഭവങ്ങൾ, സംഭവങ്ങൾ കേൾക്കുമ്പോൾ സവിശേഷത ഉണ്ടെന്ന് തോന്നാം. അതും മനസ്സിൽ സൂക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഒരു ഘട്ടം കഴിയുമ്പോൾ സ്വന്തം അനുഭവത്തോട് സാമ്യമുള്ളതായി തോന്നുന്നു. ഇതാണ് രണ്ടാം തലം.”

പുറം ലോകത്തുനിന്നും ലഭിക്കുന്ന അറിവുകളിലൂടെ അനുഭവപരമായ മൂന്നാം തലം രൂപപ്പെടുന്നു. ഇത് പത്രപംക്തികളിലൂടെ, വായിക്കുന്ന പുസ്തകങ്ങളിലൂടെ, എവിടെയോനിന്നുകിട്ടുന്ന കേട്ടറിവുകളിലൂടെയും മറ്റുമാണ്. 


കാലപ്രവാഹത്തിലൂടെ കടന്നുപോകുന്ന ഏതെങ്കിലും ഒരു നിമിഷത്തിൽ അതിലെവിടെയോ ഒരു കഥയുണ്ടെന്നു തോന്നാം. എഴുതണമെന്ന മനസ്സിന്റെ അദമ്യമായ അഭിലാഷം സർഗ്ഗശക്തിയുള്ള ഒരു എഴുത്തുകാരനിലൂടെ പുറത്തുവരുന്നു. തെരെഞ്ഞെടുത്ത പ്രമേയത്തിൽ ഒരു കഥ ജനിക്കുന്നു.”


“ഇവിടെയാണ് സാധാരണ മനുഷ്യനും എഴുത്തുകാരൻ മനുഷ്യനും തമ്മിലുള്ള വ്യത്യാസം. ജീവിതത്തിൽ നാം കാണുന്നതിലെല്ലാം കഥയുണ്ട്. ഇതിൽ ഏത് തെരെഞ്ഞെടുക്കണമെന്നതാണ് എഴുത്തുകാരന്റെ മനസ്സിലെ സംഘർഷം. എഴുത്തുകയെന്നത് അവന്റെ നിയോഗമായി മാറുന്നു. 

താൻ എഴുതുന്നതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരിക്കുന്നു, അത് ഒരാളാവാം ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.”


എം.ടി.യെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് അദ്ദേഹത്തിന്റെ വരികളിൽ തന്നെ അവസാനിപ്പിക്കാം. “മരണം അയാളെ വേദനിപ്പിച്ചില്ല, കാരണം  ജീവിതത്തെ സ്‌നേഹിച്ചിരുന്നില്ല” മറ്റൊരിടത്ത്‌ എം.ടി. എഴുതി “മരണം പിറവിപോലെത്തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്”. 


കോഴിക്കോട്ടെ എം.ടി.തെരുവ് ഇന്ന് ശൂന്യമാണ്, അവിടെ എം.ടി.യുടെ നിഴലോ ശബ്ദമോ ഗൗരവം സ്പുരിക്കുന്ന മുഖമോ ഇല്ല, പക്ഷെ എം.ടി.യെ സ്നേഹിച്ച, എഴുത്തിനെ സ്നേഹിച്ചവരുടെ മനസ്സിൽ, ഓർമകളിൽ എം.ടി.യുടെ മുഖമുണ്ട്.

-ഹസ്സൻ തിക്കോടി(hassanbatha@gmail.com, 9747883300)

Advertisment