ജീപ്പ് സഫാരിയും അപകടങ്ങളും: സുരക്ഷയെക്കുറിച്ച് 'ഈ നെട്ടൂരാന്‍ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും' സംസ്ഥാനത്ത് ആരും വിളിച്ചുകാണില്ല. ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധിച്ചുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് തെറ്റായ തീരുമാനം. തുറന്നടിച്ച് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

New Update
murali thummarakkudi

ജീപ്പ് സഫാരിയും അപകടങ്ങളും 

Advertisment


വാഹന അപകടങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു എന്ന വാർത്തവരുന്നു. വാർത്ത ശരിയാണോ എന്നറിയില്ല. ശരിയാണെങ്കിൽ തെറ്റായ തീരുമാനമാണ്.

സുരക്ഷയെപ്പറ്റി "ഈ  നെട്ടൂരാൻ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും" കേരളത്തിൽ ആരും വിളിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ സുരക്ഷയുടെ പേരിൽ ഒരു നിരോധനം നടക്കുമ്പോൾ ഞാൻ പിന്തുണക്കുകയല്ലേ വേണ്ടത് ? അല്ല. ജീപ്പ് സഫാരിയിലെ അപകടങ്ങളും റോഡ് അപകടങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് voluntary risk, adventure sports എന്നീ രണ്ടു വിഷയങ്ങൾ അടിസ്ഥാനപരമായി മനസ്സിലാക്കാത്തതുകൊണ്ടാണ്.

ഉദാഹരണത്തിന് നമ്മൾ നമ്മുടെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഒരു ആന വന്നു നമ്മളെ ആക്രമിച്ചാൽ അത് നമ്മൾ അറിഞ്ഞു തിരഞ്ഞെടുത്ത അപകടസാധ്യതയല്ല. പക്ഷെ നമ്മൾ മസായ്മാരയിൽ അനിമൽ സഫാരിക്ക് പോകുമ്പോൾ നമ്മളെ സിംഹം ആക്രമിച്ചാൽ അത് നമ്മൾ തിരഞ്ഞെടുത്ത റിസ്ക് ആണ്. അല്പം റിസ്ക് ഉള്ളതു കൊണ്ടാണ് അനിമൽ സഫാരി നമുക്ക് ഇഷ്ടപ്പെടുന്നത്, അല്ലെങ്കിൽ മൃഗശാലയിൽ പോയി കൂട്ടിലിട്ട സിംഹത്തെ കണ്ടാൽ മതിയല്ലോ.

ഇതുപോലെയാണ് ജീപ്പ് സഫാരിയും. ഇതൊരു സാഹസിക കായിക വിനോദമാണ്. അതുകൊണ്ടുതന്നെ അതിൽ കുറച്ച് റിസ്ക് ഉണ്ട്. ഈ റിസ്ക് നൽകുന്ന ഊർജ്ജമാണ് (അഡ്രിനാലിൻ റഷ്) ജീപ്പ് സഫാരിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

ഒരു വർഷം അഞ്ചുമുതൽ പത്തുവരെ ആളുകളാണ് എവറസ്റ്റ് കൊടുമുടി കയറാൻ ശ്രമിക്കുമ്പോൾ മരിക്കുന്നത്. എന്നിട്ടും ആരും എവറസ്റ്റ് കയറ്റം നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപകട സാധ്യതയുള്ളതുകൊണ്ട് ജീപ്പ് സഫാരി നിരോധിക്കുന്നത് തെറ്റായ തീരുമാനമാണ്.

വാസ്ഥവത്തിൽ സാഹസിക കായിക ഇനങ്ങളിൽ താരതമ്യേന റിസ്ക് കുറഞ്ഞ ഐറ്റമാണ് ജീപ്പ് സഫാരി. പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, കയാക്കിംഗ് ഇതിലൊക്കെ സ്ഥിതിവിവരക്കണക്ക്  പ്രകാരം കൂടുതൽ റിസ്ക് ഉണ്ട്. ഇനി അതും നിരോധിക്കുമോ ?

പൊതുവെ അപകടസാധ്യതകാരണം നാലാളുകൂടുന്ന ഉത്സവത്തിന് പോലും പോകാത്ത ഞാൻ ഒരിക്കൽ പാരാഗ്ലൈഡിംഗിന് പോയി. റിസ്ക് ഇല്ലാത്തതുകൊണ്ടോ ഉണ്ടെന്ന് അറിയാത്തത് കൊണ്ടോ അല്ല. മറിച്ച് അത് ഞാൻ തീരുമാതിച്ചെടുക്കുന്ന റിസക് ആണ്. അതുവേണ്ട എന്നു പറയുന്നത് സർക്കാരിന്റെ ജോലിയല്ല.

പക്ഷെ ജീപ്പ് സഫാരി മൂലം ഓരോ വർഷവും ഇടുക്കിയിൽ അനവധി ടൂറിസ്റ്റുകൾ മരിക്കുന്നുണ്ടെങ്കിൽ സർക്കാരിന് ചെയ്യാവുന്നതും സർക്കാർ ചെയ്യേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്.


1. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സർക്കാർ തീരുമാനിച്ച ഗുണമേന്മ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

2. പണം വാങ്ങി ടൂറിസ്റ്റുകളെ കയറ്റി നടത്തുന്ന ടൂറിസ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുക. ഇത്തരം പരിശീലനം ലഭിച്ചവർ മാത്രമേ ടൂറിസ്റ്റുകളെ കയറ്റി സഫാരി നടത്താവൂ എന്ന് നിർബന്ധമാക്കുക.

3. സഫാരി ഡ്രൈവർമാർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുക.

4. ജില്ലയിൽ ഒരു എമർജൻസി ഹെലികോപ്റ്റർ സർവീസ് തുടങ്ങുക.

5. ജീപ്പ് സഫാരിക്ക് വരുന്നവർക്ക് ആ സമയത്തേക്ക് മാത്രം പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസ് തുടങ്ങാൻ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടുക. സ്വിറ്റ്‌സർലൻഡിൽ പാരാഗ്ലൈഡിംഗിന് കയറുന്നതിന് മുൻപ് ഞാൻ ‘റിസ്ക് മനസ്സിലാക്കുന്നു’ എന്നൊരു ഫോം ഒപ്പിടണം. പത്തു ഫ്രാങ്കിന്. ഒരു ലക്ഷം ഫ്രാങ്കിന്റെ ഇൻഷുറൻസ് എടുക്കുകയുംവേണം.

6. കേരളത്തിലെ സാധാരണ റോഡുകളിൽ പോകുന്നതിലുപരിയായ റിസ്ക് ഇടുക്കിയിലെ ജീപ്പ് സഫാരിയിൽ ഉണ്ടെന്ന് കഴിഞ്ഞ പല വർഷങ്ങളിലെ കണക്കനുസരിച്ച് വ്യക്തമാണെങ്കിൽ അക്കാര്യം സൂചിപ്പിച്ച് ടൂറിസ്റ്റുകളിൽ അവബോധം വളർത്തുക.

ഇതൊക്കെയാണ് ശരിയായി ചെയ്യേണ്ട കാര്യങ്ങൾ. ഒന്നോ രണ്ടോ അപകടമുണ്ടാകുമ്പോൾ ആ പരിപാടി നിരോധിക്കുന്നത് എളുപ്പവഴിയിൽ ക്രിയ ചെയ്യലാണ്, ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറലാണ്. ഇത് ടൂറിസത്തിന്റെ നട്ടെല്ല് ഒടിക്കും, അഴിമതി കൂട്ടുകയും ചെയ്യും.

മുരളി തുമ്മാരുകുടി

Advertisment