Advertisment

തല നരച്ച യുവത്വം; 98ന്റെ നിറവില്‍ വിഎസ് ! പ്രായം തളര്‍ത്താത്ത കമ്മ്യൂണിസ്റ്റിന്‌ ആശംസകളുമായി കേരളം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊന്നുമില്ല. പതിനേഴാം വയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം അനാരോഗ്യത്തെ തുടര്‍ന്ന് സജീവമല്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനങ്ങളിലൂടെ ഇടപെടല്‍ തുടരുന്നു

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലയാളിയുടെ പ്രിയ വി എസിന് നാളെ (ബുധന്‍) 98-ാം പിറന്നാള്‍. പതിവു പോലെ ഇത്തവണയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും സുഹൃത്തുക്കളെയും ഒഴിവാക്കിയിരിക്കുകയാണ്.

പതിനേഴാം വയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനാരോഗ്യത്തെ തുടര്‍ന്ന് സജീവമല്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകള്‍ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ വിഎസ് ഇപ്പോള്‍ സന്ദര്‍ശകരെ തീര്‍ത്തും അനുവദിക്കാറില്ല.

വിഎസ് എന്ന രണ്ടക്ഷരം രാഷ്ട്രീയകേരളത്തിന് അത്രയേറെ പ്രിയപ്പെട്ടതാണ്. അതിപ്രഗത്ഭനായ വാഗ്മെിയെന്നോ, കരുത്തനായ ഭരണാധികാരിയെന്നോ ഒരിക്കലും വിശേഷിപ്പിക്കാനാവുന്ന നേതാവല്ല അദ്ദേഹം. കെ കരുണാകരന്റെ ചടുലതയോ, ഇഎംഎസിന്റെ താത്വിക പ്രാഗല്‍ഭ്യമോ അച്ച്യുതമേനോന്റെ ഭരണമികവോ വിഎസിനില്ലായിരുന്നു.

പക്ഷേ ഇതിനെല്ലാമപ്പുറമായിരുന്നു വിഎസ് മലയാളികള്‍ക്ക്. സിപിഐയില്‍ നിന്ന്‌ ഇറങ്ങിപ്പോയി 1964ല്‍ സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരാളാണ് വിഎസ്. 17-ാം വയസില്‍ രാഷ്ട്രീയ രംഗത്ത് സജീവമായ വിഎസിന്റെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നേതാവ് എന്ന് വേണമെങ്കില്‍ വിഎസിനെ വിളിക്കാം.

publive-image

1923 ഒക്ടോബര്‍ 20 നായിരുന്നു വിഎസിന്റെ ജനനം. നാലര വയസ്സുള്ളപ്പോള്‍ അമ്മയേയും 11 വയസുള്ളപ്പോള്‍ പിതാവിനെയും നഷ്ടമായതോടെ അന്നുവരെയുണ്ടായിരുന്ന ദൈവവിശ്വാസം അച്യുതാനന്ദന്‍ ഉപേക്ഷിച്ചു. ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ലഭിച്ച വിഎസ് പക്ഷേ ജനങ്ങളുടെ സര്‍വകലാശാലയിലെ എല്ലാ ബിരുദവും നേടി.

നിലപാടുകളിലെ കാര്‍ക്കശ്യതയായിരുന്നു വിഎസിന്റെ മുഖമുദ്ര. എല്‍ഡിഎഫ് കണ്‍വീനറായിരുന്നപ്പോഴും പിന്നീട് അതിലും ഉന്നത സ്ഥാനങ്ങളിലിരുന്നപ്പോഴും വിഎസ്‌ പടിക്കു പുറത്തുനിര്‍ത്തിയവരില്‍ പലരും ഇന്ന് എകെജി സെന്ററിന്റെ പടി കടന്നെങ്കിലും അവരെപ്പറ്റി ഇപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായത്തിന് മാറ്റമുണ്ടാകില്ല. അതാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.

പതിനേഴാം വയസില്‍ ആലപ്പുഴ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായതോടെയാണ് പാര്‍ട്ടി അംഗത്വമെടുത്തത്. ആറുവര്‍ഷത്തിനപ്പുറം പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിന് പാര്‍ട്ടിയെ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. 1952-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി, 1958ല്‍ ദേശീയ സമിതിയംഗം എന്നീ പദവികളിലേക്ക് അദ്ദേഹം എത്തി.

1964ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഐഎം രൂപീകരിച്ചതോടെ കേന്ദ്രകമ്മറ്റിയംഗമായി. 1980 മുതല്‍ മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി. 1986 മുതല്‍ പിബി അംഗമായ അദ്ദേഹത്തെ 2007ല്‍ ഒഴിവാക്കി. നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടത്തില്‍ സ്വന്തം നാടുള്‍പ്പെട്ട അമ്പലപ്പുഴയില്‍ നിന്നും തോല്‍വിയോടെ തുടക്കം. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച് നിയമസഭയിലേക്ക്.

2006 മുതല്‍ 2011 വരെ കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയുമായി അച്യുതാനന്ദന്‍. രണ്ടുതവണ പ്രതിപക്ഷ നേതാവുമായി. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇത്രയേറെ ജനകീയനായ മറ്റൊരു നേതാവ് ഉണ്ടോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിവരും.

അതേസമയം, വിഎസ് സ്വീകരിക്കുന്ന നിലപാടുകള്‍ എന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നത് വസ്തുതയാണ്. അതായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യതയും. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും പലപ്പോഴും സാധാരണക്കാരുടെ വിശ്വാസം കെടുത്തുമ്പോള്‍ അവര്‍ക്ക് എന്നും പ്രത്യാശയായിരുന്നു വി.എസ്. പ്രിയ വിഎസിന് പിറന്നാള്‍ ആശംസകള്‍...

vs achuthanandan
Advertisment