ആദ്യം മാവോയിസ്റ്റ് വേട്ട, പിന്നെയൊരു അറസ്റ്റിലെ യുഎപിഎ വിവാദം. ചര്‍ച്ചകള്‍ എന്തുമാകട്ടെ വാളയാറിലെ അമ്മയ്ക്കും അച്ഛനും നീതികിട്ടണം. ഇല്ലെങ്കില്‍ ആ കുരുന്നു മക്കളുടെ ആത്മാക്കൾക്കെങ്കിലും നീതി ലഭിക്കണം. മഹാനടന്‍ ഉള്‍പ്പെടെ പ്രതികരണ തൊഴിലാളികള്‍ വായ്‌ തുറക്കേണ്ടത് വാളയാറില്‍തന്നെ !!

ദാസനും വിജയനും
Monday, November 4, 2019

വാളയാർ കേസിലും മാവോയിസ്റ് വേട്ടയിലും ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്.

ഏത് മുസ്ലീമിനേയും ദേശവിരുദ്ധനാക്കി കൈകാര്യം ചെയ്യാൻ പോന്ന ഒരു സംവിധാനം മുമ്പേ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, ഏത് കമ്യൂണിസ്റ്റിനേയും ഭീകരനായി ചാപ്പ കുത്താൻ പോന്ന ആഖ്യാനത്തിൻ്റെ പൈലറ്റ് സ്കീമാണ് കോഴിക്കോട്ടെ സിപിഐഎം പ്രവർത്തകരുടെ അറസ്റ്റ്.

‘കമ്യൂണിസ്റ്റ് പാർട്ടിയെ സുരക്ഷിത താവളമാക്കി ഒളിപ്രവർത്തനം നടത്തുന്ന മാവോയിസ്റ്റ് ഭീകരൻ’

ഗംഭീരം …..!!!
അതാരുമാവാം.
ഏത് സിപിഐഎം കാരനുമാവാം..
ഏത് സിപിഐക്കാരനുമാവാം..
ഏത് സിഎംപിക്കാരനുമാവാം..
ഏത് ആർഎംപിക്കാരൻ പോലുമാവാം..

മാവോയിസ്റ്റുകൾ കൊല്ലപ്പെടേണ്ടവരാണെന്ന് നിലമ്പൂരും വയനാടും അട്ടപ്പാടിയുമൊക്കെ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒളിച്ചുതാമസിക്കുന്ന ആ ഭീകരനും പിടിക്കപ്പെടണം. അർബൻ നക്സലുകളേയും വിടില്ലെന്ന് അമിത് ഷാജി പറഞ്ഞിട്ടുണ്ട്.

വളയാറിലെ ഭരണകൂട ഒതുക്കൽ

കേരളത്തിലെ ഏത് സിപിഐഎം പ്രവർത്തകന്‍റെ വീട്ടിലും ചെറിയൊരു പുസ്തക ശേഖരമുണ്ടാവും.
അതിലെ ഒന്നോ രണ്ടോ പുസ്തകങ്ങൾ മതി പല സംഘിസംസ്ഥാനങ്ങളിലും ഇപ്പോൾ യുഎപിഎ തടവുകാരനാവാൻ. കേരളത്തിലും അത് മതിയെന്നാണ് പോലീസ് പറയുന്നത്.

അപ്പൊ പിന്നെ യുഎപിഎ എന്ന ഭരണകൂടഭീകരൻ പാവപ്പെട്ട രണ്ട് ബുദ്ധിജീവി ചെറുപ്പക്കാരെ പൊക്കിയപ്പോൾ ചിലയിടങ്ങളിൽ അനക്കം കണ്ടുതുടങ്ങി . ചിലയിടത്ത് വന്മരങ്ങൾ ആടിത്തുടങ്ങി , ചിലയിടത്ത് കാറ്റും കോളും വീശി തുടങ്ങി . ഇതൊക്കെ തന്നെയായിരുന്നു ഉപദേശകന്മാരിൽ ഒരാളിന്റെ തലയിൽ ഉദിച്ചതും കൊതിച്ചതും .

കാരണം വളയാറിലെ ഭരണകൂട ഒതുക്കൽ ഇങ്ങനെ കത്തിപ്പടരുമെന്ന് ഒതുക്കിയ മന്ത്രിയോ അണികളോ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല .

കേരളത്തിന്റെ ഒരറ്റമായതുകൊണ്ടും പാർട്ടിക്കാർ തിങ്ങി പാർക്കുന്നതുകൊണ്ടും ആരുമറിയാതെ ഒതുക്കി തീർക്കാമെന്ന് വിചാരിച്ച കേസിനെ കേരളജനത ഒന്നടങ്കം ഏറ്റെടുത്തപ്പോൾ അതിനെ മറക്കുവാൻ അല്ലെങ്കിൽ മുൻപേജുകളിൽ എടുത്തുമാറ്റുവാൻ , ചാനൽ അന്തി ചർച്ചകളിൽ നിന്നും പിന്നോട്ട് വലിക്കുവാൻ ഏതോ ഒരു മണ്ടൻ ഉപദേശകനിൽ ജനിച്ച ആശയമായിരുന്നു മാവോയിസ്റ്റ് വേട്ടയെന്ന മണ്ടത്തരം എന്നാണ് ചില ജനങ്ങള്‍ വിശ്വസിക്കുന്നത് .

അത് എട്ടുനിലകളിൽ ചീറ്റിയപ്പോൾ അതേ ഉപദേശകന്റെ അടുത്ത കളിയായിരുന്നോ ഈ യുഎപിഎ ? അതും പാർട്ടിയുടെ വീര്യം കൂടിയ മാപ്പിള സഖാക്കളിൽ തന്നെ വെച്ച് കെട്ടിയതിലും കുറെയധികം പ്ലാനുകളും ബുദ്ധികളും പ്രവർത്തിച്ചിട്ടുണ്ട് .

മാറുന്ന കേരള൦

കേരളത്തിലെ സൈബർ പോരാളികളിൽ ഏറ്റവും കൂടുതൽ ആളുകൾ മാപ്ല സഖാക്കളാണ് . അവരാണ് കുറെയധികം കാര്യങ്ങളിൽ പ്രതികരിക്കുന്നതും പോസ്റ്റുകളിടുന്നതും ട്രോളുകൾ ഇറക്കുന്നതും പോരാളികളാകുന്നതും . മറ്റുള്ളവർക്ക് ഇതൊന്നും അറിയാൻ മേലാഞ്ഞിട്ടല്ല ഇതൊന്നും ചെയ്യാത്തതും ഇതിലൊന്നും കൂടുതൽ സമയം ചിലവാക്കാത്തതും .

പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ ഉണ്ടായിരുന്ന ചാറ്റ് റൂമുകളും ഗ്രൂപ്പുകളും ഒക്കെ ഉപയോഗിച്ചിരുന്നവരും അതിൽ സമയം ചിലവഴിച്ചിരുന്നതുമൊക്കെ അമേരിക്കയിലും ഗൾഫിലും ആസ്ട്രേലിയയിലും യൂറോപ്പിലും ഉള്ളവരായിരുന്നു .

അവരുടെ തലയിൽ അത്യവശ്യം തലച്ചോറുണ്ടായിരുന്നതുകൊണ്ട് ഈ രാഷ്ട്രീയക്കാരുടെ അഭ്യാസങ്ങളിൽ പെട്ടുപോകാതെ അവരവരുടെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു . ഇന്നിപ്പോൾ ഫേസ്‌ബുക്ക് / വാട്സാപ്പ് തുറന്നാൽ അനാവശ്യ പ്രസംഗങ്ങളും ആശയ സംഘട്ടനങ്ങളും രാഷ്ട്രീയ തെറിപറച്ചിലുകളും ഒക്കെയാണ് .

വിദേശത്ത് വസിക്കുന്ന ഒരു സാധാരണക്കാരൻ ഫേസ്‌ബുക്ക് /വാട്സാപ്പ് നോക്കിയാൽ വിചാരിക്കും നാട്ടിൽ മൊത്തം കലാപങ്ങളും സംഘട്ടങ്ങളും വർഗീയതയും ഒക്കെയാണെന്ന് . പക്ഷെ നാട്ടിലെത്തിയാൽ ഒരു മണ്ണാങ്കട്ടയും ഇല്ല .

ഓരോരുത്തർ അവരവരുടെ നിത്യവൃഷ്ടിക്ക് പാഞ്ഞു നടക്കുന്നു . പണ്ടൊക്കെ നാട്ടിലെത്തിയാൽ യാത്ര പോകുവാനെങ്കിലും കൂട്ടുകാരെ കിട്ടുമായിരുന്നു . ഇന്നിപ്പോൾ അതിനും കൂലിക്കു ആളെ വിളിക്കേണ്ടതായ അവസ്ഥയാണ് .

പണത്തിന്റെ മേലെ ഒരു പീഡനവും പറക്കില്ല ?

അപ്പോൾ പറഞ്ഞുവരുന്നത് . ഇന്നത്തെ സോഷ്യൽ മീഡിയയിലെ വിഷയങ്ങൾ മാറ്റണം. അതിന്നു എന്തെങ്കിലും കടുത്തത് ചെയ്യണം. ജനങ്ങളുടെ ചർച്ചകളെ മാറ്റി മറിക്കണം.

വടക്കാഞ്ചേരിയും , ഷൊർണൂരും , ആറ്റിങ്ങലും , ചെർപ്പുളശേരിയിലും എന്തിനധികം പാർട്ടിയുടെ കണ്ണൂരിലെ ഒരു എംഎൽഎ യുടെ മകളുടെ വിഷയത്തിലുമൊക്കെ എടുത്ത ഒതുക്കി തീർക്കലുകൾ പ്രളയത്തിന്റെയും ഓഖിയുടെയും ഫണ്ടുകൾ സർക്കാർ ഖജനാവിൽ ഉള്ളിടത്തോളം കാലം നമ്മുക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളൂ . പണത്തിന്റെ മേലെ ഒരു പീഡനവും പറക്കില്ല എന്ന് പീഡന കാരണവന്മാർ കേരളത്തിൽ കാണിച്ചുതന്നിട്ടുണ്ട് .

മേനോൻ സംവിധായകനും – ടൈൽ വര്‍ക്കര്‍ നായകനും !

അതിന്നിടക്ക് ഒരു മേനോൻ സംവിധായകൻ – ടൈൽ പണിക്കാരൻ സിനിമാനടൻ കളി സോഷ്യൽ മീഡിയയിൽ വന്നുകയറിപ്പോയി . ആ പരിപാടിക്ക് പിറകിലും പാർട്ടിയുടെ കറുത്തതും ചുമന്നതുമായ കരങ്ങൾ ഉണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു .

എല്ലാറ്റിലും ഒരു ഇടതുപക്ഷത്തിന്റെ മണം ഉണ്ടായിരുന്നു . ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ അവിടെ കലാപം ഉണ്ടാകില്ലെന്ന് പ്രസംഗിച്ച മഹാനടൻ മമ്മുക്കുട്ടി വാളയാർ വിഷയത്തിലോ മാവോയിസ്റ്റ് വിഷയത്തിലോ ഒന്നും മിണ്ടിക്കണ്ടില്ല .

ആദിവാസിയെ പോലീസുകാർ തല്ലിക്കൊന്നപ്പോൾ മിണ്ടിയതാണ് . പിന്നെ മിണ്ടിയത് ഇന്നസെന്റിന് ചാലക്കുടി സീറ്റ് കിട്ടുവാൻ കൂട്ടുകാരനായ ഇരട്ടഞ്ചാങ്കനോട് മിണ്ടി . ഇന്നിപ്പോൾ നമ്പർ വൺ എന്ന സിനിമയിൽ മുഖ്യമന്ത്രി വേഷം കെട്ടുന്നത് ഏതോ ഒരു ഞെളങ്ങിയ ഉപദേശകന്റെ വാക്കുകൾ കേട്ടിട്ടാണെന്ന് തോന്നുന്നു .

ഒരു മമ്മുക്കുട്ടി കളിക്ക് സാധ്യത

ഭരണത്തുടർച്ച ഉറപ്പാക്കുവാൻ , പാർട്ടിയിൽ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്ന മാപ്പിള സഖാക്കളേ തിരിച്ചു കൊണ്ടുവരുവാനും മമ്മുക്കുട്ടിയെ മുഖ്യമന്ത്രിയാക്കി പൊക്കി കാണിച്ചു ഒരു ഗൗരിയമ്മാക്കളി കളിക്കുവാനും ഇന്നത്തെ ഉപദേശകർ ഉപദേശിക്കുവാനുള്ള സാധ്യത തള്ളിക്കളയുവാനാവില്ല .

എന്തായാലും വാളയാറിൽ അമ്മയ്ക്കും അച്ഛനും നീതികിട്ടിയില്ലെങ്കിലും ആ കുരുന്നു മക്കളുടെ ആത്മാക്കൾക്ക് നീതികിട്ടുവാനായി ഏതറ്റം വരെ പോകുവാൻ ഇവിടത്തെ ട്രോളർമാരും സോഷ്യൽ മീഡിയ പത്രങ്ങളും എഴുത്തുകാരും ഗ്രൂപ്പ് മുതലാളിലാരും ചാനലിലെയും പത്രങ്ങളിലെയും മനസ്സാക്ഷിയുള്ളവരും രാഷ്ട്രീയത്തിലെ കറപുരളാത്ത നേതാക്കന്മാരും നല്ലവരായ ജനങ്ങളും ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ,

അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റ് വേട്ടക്കിടയിൽ നിന്നും വെടികൊള്ളാതെ രക്ഷപ്പെട്ട കോമ്രേഡ് ദാസനും 
ലഖുലേഖയുണ്ടാക്കി വിതരണം ചെയ്യുന്നതിനിടക്ക് മൂത്തമൊഴിക്കുവാൻ പോയപ്പോൾ യുഎപിഎ യിൽ നിന്നും രക്ഷപ്പെട്ട വിജയനും 


comments

അപ്പോ പറഞ്ഞുവന്നത് . ഏത് മുസ്ലീമിലും ഒരു പൊട്ടൻഷ്യൽ ടെററിസ്റ്റുണ്ട് എന്നതുപോലെഏത് കമ്യൂണിസ്റ്റിലും ഒരു പൊട്ടൻഷ്യൽ ഭീകരനുണ്ട്. : ഹർഷന്റെ വക


ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ് : അങ്ങനെ ആഷിഖ് മുണ്ടി  

×