ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന്‌ തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്‍

നാഷണല്‍ ഡസ്ക്
Friday, January 15, 2021

കൊൽക്കത്ത: ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന്‌ തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്‍.

”നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങൾക്ക് ചുറ്റുമുള്ള ചിലർ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങൾക്ക് അറിയാമോ? അത് ബിജെപിയാണ്. നമ്മുടെ കഷ്ടപ്പാടിന്റെ മഹത്വം അവർക്ക് മനസിലാക്കില്ല. ബിസിനസ് മാത്രമാണ് അവർക്ക് അറിയാവുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിച്ച് കലാപമുണ്ടാക്കുകയാണവർ”-നുസ്രത്ത് ജഹാൻ ബാഷിർഹത് മണ്ഡലത്തിൽ നടന്ന രക്തദാനച്ചടങ്ങിൽ പറഞ്ഞു.

അതേസമയം, നുസ്രത്തിന്റെ പരാമര്‍ത്തിന് പിന്നാലെ തൃണമൂലിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവർ നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു.

”പശ്ചിമ ബംഗാളിൽ മോശം തരത്തിലുള്ള വാക്സീൻ രാഷ്ട്രീയമാണ് നടക്കുന്നത്. ആദ്യം, മന്ത്രിയായ സിദ്ദിഖുല്ല ചൗധരി വാക്സീനുമായെത്തിയ ട്രക്കുകൾ തടഞ്ഞു. ഇപ്പോൾ മുസ്‌ലിം ഭൂരിപക്ഷമുള്ള ദെഗാങ്ഗയിൽ പ്രചാരണം നടത്തുന്ന ഒരു തൃണമൂൽ എംപി ബിജെപിയെ കൊറോണയുമായി ബന്ധിപ്പിക്കുകയാണ്. എന്നിട്ടും മമത മൗനത്തിലാണ്. എന്തുകൊണ്ട്? പ്രീണനമാണോ? – മാളവ്യ ട്വിറ്ററിൽ കുറിച്ചു.

×