കാട്ടുതീയില്‍ വെന്തെരിഞ്ഞ് ഒഡീഷയിലെ സിമിലിപാല്‍ ഫോറസ്റ്റ് റിസര്‍വ് ! തീപിടിത്തം ഒരാഴ്ചയോളമായി തുടരുന്നു; തീ അണയ്ക്കാന്‍ നടപടികളുമായി സംസ്ഥാന ഭരണകൂടം

നാഷണല്‍ ഡസ്ക്
Thursday, March 4, 2021

ഭുവനേശ്വര്‍: ഒഡീഷയിലെ സിമിലിപാല്‍ ഫോറസ്റ്റ് റിസര്‍വില്‍ (സിമിലിപാല്‍ ടൈഗര്‍ റിസര്‍വ്) തുടരുന്ന തീപിടിത്തം ശമിപ്പിക്കാന്‍ നടപടികളുമായി സംസ്ഥാന ഭരണകൂടം. ഒരാഴ്ചയോളമായി തീപിടിത്തം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉന്നതലയോഗം വിളിച്ചു. ‘സിമിലിപാല്‍’ ലോകത്തിന്റെ തന്നെ വിലപ്പെട്ട സ്വത്താണെന്ന് അദ്ദേഹം പറഞ്ഞു. വനസംരക്ഷണം ഉറപ്പുവരുത്തണമെന്നും കാട്ടുതീ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

2750 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് സിമിലിപാല്‍ ഫോറസ്റ്റ് റിസര്‍വ്. ഇവിടെ കാട്ടുതീ ഒരു ഭാഗത്ത് നിന്ന് മറ്റൊന്നിലേക്ക് പടരുകയാണ്. ബുധനാഴ്ച വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സിമിലിപാല്‍ ഫോറസ്റ്റ് ഡിവിഷന്റെ 21 റേഞ്ചുകളില്‍ എട്ടെണ്ണവും കാട്ടുതീ വിഴുങ്ങി. മൃഗങ്ങളും വ്യാപകമായ ഭീഷണി നേരിടുകയാണ്.

മയൂര്‍ഭഞ്ജിലെ രാജകുടുംബാംഗമായ അക്ഷിത എം ഭഞ്ജദിയോ ആണ് സിമിലിപാല്‍ തീപിടിത്തത്തെക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. തുടര്‍ന്നാണ് ഭരണകൂടം സ്ഥിതിഗതികള്‍ മനസിലാക്കിയത്.

അക്ഷിതയുടെ ട്വീറ്റിനുശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരുന്നു.

സിമിലിപാലിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് ഒഡീഷ അഡീഷണല്‍ ചീഫ് സെക്രട്ടറി മോന ശര്‍മ പറയുന്നു. ആളപായം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടുതീ പൂര്‍ണമായി അണയ്ക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

×