കമാന്‍റിംങ്ങ് പവറുള്ള ഒരു നേതാവ് കെപിസിസി പ്രസിഡന്‍റാകണമെന്നും അത് താന്‍ മാത്രമാണെന്നും കെ സുധാകരന്‍ പറയുന്നു. പക്ഷേ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും രമേശുമൊക്കെ കെഎസ്‌യു കാലം മുതല്‍ അലഞ്ഞു തിരിഞ്ഞു നടന്നാണ് സംഘടന കെട്ടിപ്പടുത്തത്. സുധാകരന്‍റെ ചരിത്രമെന്താണ്. കരുണാകരന്‍ ട്രസ്റ്റും കണ്ണൂര്‍ എഡ്യൂ പാര്‍ക്കും എന്തിന് ? കണ്ണൂര്‍ ഡിസിസിക്കും വേണ്ടി പോലും എത്രകാലമായി പിരിവു നടത്തിയെന്ന് ചോദിക്കുന്നതും കോണ്‍ഗ്രസുകാര്‍ തന്നെ ! ഒടുവില്‍ അതും സുധാകരന്‍ തന്നെയാകുമോ ? 

author-image
കിരണ്‍ജി
New Update

publive-image

കെ. സുധാകരനെ എല്ലാവര്‍ക്കും പേടിയാണ്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം. ആളൊരു ജഗജില്ലിതന്നെ. കോണ്‍ഗ്രസില്‍ കമാന്‍റിങ്ങ് പവറുള്ള നേതാവ് താന്‍ മാത്രമേയുള്ളുവെന്നാണ് സുധാകരന്‍റെ വാദം.

Advertisment

കമാന്‍റിങ്ങ് പവറുള്ള നേതാവുതന്നെയാകണം കെപിസിസി പ്രസിഡന്‍റാകേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. അമിത്ഷായോടും പിണറായി വിജയനോടും മുഖത്തുനോക്കി രണ്ടു കട്ട വര്‍ത്തമാനം പറയണമെങ്കില്‍ കമാന്‍റിങ്ങ് പവര്‍ ആവശ്യത്തിനു വേണം. അത് ഈ കൊച്ചു കേരളത്തില്‍ കെ. സുധാകരനല്ലാതെ മറ്റാര്‍ക്കുണ്ട് ?

പക്ഷേ ആര്‍ക്കും അതിനോടു യോജിപ്പില്ലത്രെ. കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പുകളാണ് പ്രധാനമായുള്ളത്. ആന്‍റണി ഗ്രുപ്പും ഐ ഗ്രൂപ്പും. ആന്‍റണി പക്ഷം തികച്ചും ഉമ്മന്‍ ചാണ്ടിയുടെ നിയന്ത്രണത്തിലാണ്. മറ്റേത് രമേശ് ചെന്നിത്തലയുടെയും.

പക്ഷെ രണ്ടു പക്ഷവും സുധാകരന്‍ പ്രസിഡന്‍റാകുന്നതിനോട് യോജിപ്പിലല്ല. എന്നാലും  കാര്യം ഹൈക്കമാന്‍റിനോടു തുറന്നു പറയാന്‍ രണ്ടു പേര്‍ക്കും മടി. കാരണമുണ്ട്. വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍റ് നിയോഗിച്ചത് രണ്ടു പേരോടും ആലോചിക്കാതെയായിരുന്നു.

രണ്ടും സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍. രണ്ടു പ്രബല ഗ്രൂപ്പുകളുടെ ഉടമസ്ഥരെന്നും പറയാം. ആരും അഭിപ്രായം ചോദിച്ചില്ല, ചോദിച്ചാല്‍ പറയുമെന്ന് ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല അതും പറയുന്നില്ല. പ്രസിഡന്‍റ് ആരെന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നതു നേര്.

പക്ഷെ ആരും തുറന്നു പറയുന്നില്ല. തങ്ങളോടാലോചിക്കാതെ തീരുമാനമെടുത്താല്‍ ഹൈക്കമാന്‍റ് അനന്തര ഫലവും നേരിട്ടനുഭവിച്ചുകൊള്ളണമെന്ന് അവരൊക്കെ പറയുന്നുമുണ്ട്.

പാര്‍ട്ടിയില്‍ അത്രയ്ക്കു പിന്തുണയൊന്നുമില്ലെങ്കിലും സുധാകരന് വലിയൊരു സംഘം സൈബര്‍ പോരാളികളുടെ പിന്തുണയുണ്ട്. സുധാകരനു വേണ്ടി അവര്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്നു. ശത്രുക്കളെ അടച്ചാക്ഷേപിക്കുന്നു.

അനുകൂലമായ കഥകള്‍ പ്രചരിപ്പിക്കുന്നു. സൈബര്‍ ലോകത്തു സുധാകരനെചൊല്ലി ഒരു വലിയ യുദ്ധം തന്നെ മുറുകുകയാണ്.  സുധാകരനെ പ്രസിഡന്‍റാക്കാതെ പിന്നോട്ടില്ല എന്ന് ഉറപ്പിച്ച മട്ടാണ് അദ്ദേഹത്തിന്‍റെ സൈബര്‍ പോരാളികള്‍.

സുധാകരനെതിരെ പോരുതുറന്നിരിക്കുന്ന പോരാളികളും ഏറെ. അദ്ദേഹം നടത്തിയിട്ടുള്ള പിരിവുകളുടെ കഥകള്‍ നിരത്തിവെച്ചാണ് പ്രധാന യുദ്ധ മുഖങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം സുധാകരനുണ്ടാക്കിയ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് തന്നെ.

കരുണാകരന്‍ പഠിച്ച ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളും സ്ഥലവും ഷെയര്‍ പിരിച്ചു വിലയ്ക്ക് വാങ്ങാന്‍ രൂപീകരിച്ചതാണ് ഈ ട്രസ്റ്റ്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഇതു സംബന്ധിച്ച് വിശദമായൊരു റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്തിരുന്നു. 2012 ആഗസ്റ്റ് 15 -ാം തീയതി ഇത് സജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു.

എന്നാല്‍ ട്രസ്റ്റിനു വേണ്ടി 2013 ഏപ്രില്‍ 30 -ാം തീയതി കെ. സുധാകരന്‍ നല്‍കിയ കത്തില്‍ പറയുന്നത് 2013 മാര്‍ച്ച് 30 -ാം തീയതി രജിസ്ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചുവെന്നാണ്. കരുണാകരന്‍ സ്മാരക ട്രസ്റ്റിനു പകരം സ്കൂള്‍ രജിസ്ട്രേഷന്‍ കണ്ണൂര്‍ എഡ്യൂ പാര്‍ക്കിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. 2013 മാര്‍ച്ച് 22 -ാം തീയതി മാത്രമാണ് എഡ്യൂ പാര്‍ക്ക് രജിസ്റ്റര്‍ ചെയ്തത്.

കരുണാകരന്‍ സ്മാരക ട്രസ്റ്റ് സുധാകരന്‍ ഉള്‍പ്പെടെ ആറു കോണ്‍ഗ്രസ് നേതാക്കളുടെ പേരിലായിരുന്നുവെങ്കില്‍ കണ്ണൂര്‍ എഡ്യൂ പാര്‍ക്കില്‍ സുധാകരന്‍ ഉള്‍പ്പെടെ മൂന്നു പേരായിരുന്നു ഡയറക്ടര്‍മാര്‍. കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലാത്തവര്‍.

പക്ഷെ ഈ ട്രസ്റ്റിനു സ്കൂള്‍ വിട്ടുകൊടുക്കാന്‍ ചിറയ്ക്കല്‍ രാജകുടുംബം തയ്യാറായില്ല. കോണ്‍ഗ്രസിന്‍റെയും കെ. കരുണാകരന്‍റെയും പേരില്‍ 20 കോടി രൂപാ പിരിച്ചുണ്ടാക്കിയ ട്രസ്റ്റിന്‍റെ സമ്പത്ത് സ്വന്തം നിലയ്ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യം വെച്ചതെന്ന് സുധാകരന്‍റെ ശത്രുപക്ഷം പ്രചരിപ്പിക്കുന്നു.

കരുണാകരന്‍ ട്രസ്റ്റിലെ കോണ്‍ഗ്രസംഗങ്ങളുടെ സമ്മതത്തോടെയാണോ കണ്ണൂര്‍ എഡ്യൂ പാര്‍ക്ക് രൂപീകരിച്ചത്, ഈ ട്രസ്റ്റിന്‍റെ പേരില്‍ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കരുണാകരന്‍ ട്രസ്റ്റിന്‍റെ സമ്മതമുണ്ടായിരുന്നോ, ഈ കോണ്‍ഗ്രസ് നേതാക്കളെ കണ്ണൂര്‍ എഡ്യൂ ട്രസ്റ്റില്‍ എടുക്കാതിരുന്നതെന്തുകൊണ്ട്, സ്കൂള്‍ വാങ്ങാന്‍ എത്ര രൂപാ പിരിച്ചെടുത്തു, ആ സംഖ്യ എന്തു ചെയ്തു, കണ്ണൂര്‍ ഡിസിസി മന്ദിര നിര്‍മ്മാണത്തിന് എത്ര കാലമായി എത്ര തവണ പിരിവു നടത്തി എന്നിങ്ങനെയുള്ള ചോദ്യങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.

1992 മുതല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റാണ് കെ. സുധാകരന്‍. കെട്ടിട നിര്‍മ്മാണ സമിതി അധ്യക്ഷനും. ചിറയ്ക്കല്‍ രാജാ ഹൈസ്കൂള്‍ അവസാനം സിപിഎം നേതൃത്വത്തിലുള്ള ഒരു സമിതി വാങ്ങി. 16 കോടി രൂപയ്ക്ക്.

രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായ കാലഘട്ടവും ഇതായിരുന്നുവെന്ന് കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരാജയമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഏറ്റവും ദയനീയ പരാജയവും കണ്ണൂര്‍ ജില്ലയിലായിരുന്നു. സിപിഎമ്മിന് മിക്ക മണ്ഡലത്തിലും കിട്ടിയത് മൃഗീയ ഭൂരിപക്ഷം. തലശേരി, കല്ല്യാശേരി, പയ്യന്നൂര്‍, ധര്‍മ്മടം എന്നിവിടങ്ങളിലൊക്കെ സിപിഎമ്മിനു കിട്ടിയത് 50,000 -ലധികം വീതം ഭൂരിപക്ഷം. മട്ടന്നൂരില്‍ കിട്ടിയത് ചരിത്ര ഭൂരിപക്ഷമാണ്. 60,000 -നു മുകളില്‍. എന്‍ രാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ വെറും 5000 വോട്ടു മാത്രമായിരുന്നു ശരാശരി വ്യത്യാസമെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കോണ്‍ഗ്രസില്‍ കെ. സുധാകരന് അത്രകണ്ടു പിന്തുണയില്ലെന്നതാണ് വസ്തുത. തിരുവനന്തപുരത്തോ കോട്ടയത്തോ കൊല്ലത്തോ പത്തനംതിട്ടയിലോ ഇടുക്കിയിലോ അദ്ദേഹത്തിന് ഒരു നേതാവിനു വേണ്ട ബന്ധമൊന്നുമില്ലതന്നെ.

കെ.എസ്.യു കാലം മുതല്‍ സംസ്ഥാനത്തുടനീളം അലഞ്ഞു തിരിഞ്ഞു നടന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ചുമാണ് എ.കെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന കെട്ടിപ്പടുത്തത്. ആ ബലത്തില്‍ത്തന്നെയാണ് സംഘടന ഇപ്പോഴും നിലനില്‍ക്കുന്നതും.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ടത് കനത്ത പരാജയമായിരുന്നെങ്കിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വോട്ടു വ്യത്യാസം നേരിയതു മാത്രമാണ്. പക്ഷെ കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ താഴെ തലത്തില്‍ സംഘടന കെട്ടിപ്പടുക്കണം. ജില്ലാ തലത്തിലും താഴോട്ടും. വിദ്യാര്‍ത്ഥി യുവജന സംഘടനകളും വളര്‍ത്തിയെടുക്കണം. അതിനു സുധാകരനാകുമോ ? ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിക്കു നോക്കിയിരുപ്പാണ്. അതു സുധാകരന്‍ തന്നെയാകുമോ ?

special news
Advertisment