വിവാഹത്തിന്‍റെ മൂന്നാം നാ‌ള്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി

നാഷണല്‍ ഡസ്ക്
Friday, March 5, 2021

ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ വിവാഹത്തിന് മൂന്ന് ദിവസത്തിന് ശേഷം കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി. ശങ്കര്‍ ലാല്‍ സൈനി എന്ന 50കാരനാണ് 19 വയസുകാരിയായ മകള്‍ പിങ്കിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കൊത്‌വാലി പൊലീസ് സ്‌റ്റേഷനിലെത്തിയ ശങ്കര്‍ ലാല്‍ കീഴടങ്ങി.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ. ഫെബ്രുവരി 16നായിരുന്നു ശങ്കര്‍ ലാല്‍ മകളുടെ വിവാഹം നടത്തിയത്. പിങ്കിയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം.മൂന്ന് ദിവസത്തിന് ശേഷം അച്ഛന്റെ വീട്ടിലേക്ക് എത്തിയ യുവതി വീട്ടുകാരെയെല്ലാം കബളിപ്പിച്ച്‌ തന്റെ കാമുകനുമായി ഒളിച്ചോടി.

പിങ്കിയെ കാണാനില്ലെന്ന് കാട്ടി ശങ്കര്‍ ലാല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ബന്ധുക്കള്‍ പിങ്കിയെ തിരികെ വീട്ടില്‍ കൊണ്ടുവന്നു. തനിക്ക് സംഭവിച്ച അപമാനം കാരണം ശങ്കര്‍ ലാല്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

×