Advertisment

ആറര വര്‍ഷം നാല് ഭൂഖണ്ഡങ്ങളിലായി പതിനാല് രാജ്യങ്ങള്‍ നടന്നുകണ്ട് ഈ വനിത

New Update

publive-image

Advertisment

ആറര വര്‍ഷം, നാല് ഭൂഖണ്ഡങ്ങള്‍, ഇരുപതിനായിരം മൈലുകള്‍, പതിനാല് രാജ്യങ്ങളും നിരവധി ദ്വീപ് രാജ്യങ്ങളും. ലോകം ഒറ്റയ്ക്ക് നടന്ന് കറങ്ങാനിറങ്ങിയ വനിതയുടെ നേട്ടങ്ങളാണ് ഇവ. ഒറിഗോണ്‍ സ്വദേശിയായ ഏയ്ഞ്ചല മാക്സ്വെല്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 2013ലാണ് ലോകം തനിയെ നടന്നുകാണണമെന്ന് ഏയ്ഞ്ചല തീരുമാനിക്കുന്നത്. മുപ്പത് വയസ് പിന്നിട്ടതിന് പിന്നാലെയായിരുന്നു ഏയ്ഞ്ചല തീരുമാനം പ്രഖ്യാപിച്ചത്.

കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കുകയും സ്വന്തം ബിസിനസ് വളരെ വിജയകരമായി മുന്നോട്ട് പോവുകയും ചെയ്യുന്ന സമയത്താണ് ഒരു നീണ്ട യാത്രയ്ക്ക് പോവുന്ന കാര്യം ഏയ്ഞ്ചല പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ഫൂട്ട് പ്രിന്‍റ് കുറയ്ക്കാനുള്ള ഉദ്ദേശമാണ് നടന്നുപോവാനുള്ള തീരുമാനം സ്വീകരിക്കാന്‍ കാരണമായത്.

വലിയ വേഗത്തില്‍ നടക്കുന്നില്ലെന്നത് മൂലം പോവുന്ന പ്രദേശങ്ങളിലെ പ്രകൃതിയേക്കുറിച്ചും കാര്യമായി മനസിലാക്കാമെന്ന കണക്കുകൂട്ടലും ഏയ്ഞ്ചലയ്ക്കുണ്ടായിരുന്നു. 50 കിലോ വരുന്ന ടെന്‍റ് അടിക്കാനും മറ്റ് അത്യാവശ്യ സാധനങ്ങള്‍ ഒരു ഉന്തുവണ്ടിയില്‍ വലിച്ചുകൊണ്ടുള്ള ഏയ്ഞ്ചലയുടെ യാത്ര തുടങ്ങിയത് 2014 മെയ് 2നാണ്. ജന്മദേശമായ ഒറിഗോണിലെ ബെന്‍ഡില്‍ നിന്നായിരുന്നു ഈ തുടക്കം.സൂര്യന്‍ ഉദിക്കുമ്പോള്‍ രണ്ട് കപ്പ് കാപ്പിയും ഒരു ഓട്ട്സ് മീലും കഴിച്ച് യാത്ര ചെയ്യുക എന്നതായിരുന്നു ഏയ്ഞ്ചല പിന്തുടര്‍ന്ന രീതി.

രാത്രി എത്തിച്ചേരുന്ന ഇടത്ത് ഒരു ടെന്‍റ് അടിച്ച് ന്യൂഡില്‍സും കഴിച്ച് സ്ലീപ്പിംഗ് ബാഗിള്‍ ചുരുളും. സുഗമമായ യാത്ര ആയിരുന്നില്ല ഏയ്ഞ്ചലയുടേത്. ഓസ്ട്രേലിയയിലെ മരുഭൂമിയില്‍ വച്ച് സൂര്യാഘാതമേറ്റു, വിയറ്റ്നാമില്‍ വച്ച് ഡെങ്കിപ്പനി ബാധിച്ചു, മംഗോളിയയില്‍ വച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു, രാത്രി ടെന്‍റ് അടിച്ച് ഒറ്റയ്ക്ക് കിടന്നപ്പോള്‍ ശല്യം ചെയ്യപ്പെട്ടു, ടര്‍ക്കിയില്‍ വച്ച വെടിവയ്പിന് സാക്ഷിയായതടക്കമുള്ള ദുരനുഭവങ്ങള്‍ ഏയ്ഞ്ചലയ്ക്ക് ആറര വര്‍ഷം നീണ്ട യാത്രയ്ക്കിടെ നേരിട്ടു.

ഒരു ദിവസവും ഒരേപോലെ ആയിരുന്നില്ലെന്ന് ഏയ്ഞ്ചല പറയുന്നു. തനിക്ക് ഭയമില്ലാതിരുന്നത് മൂലമല്ല നടന്ന് പോയത്, മറിച്ച് ഭയമുള്ളത് മൂലമായിരുന്നു ഇത്തരമൊരു തീരുമാനമെന്നും ഏയ്ഞ്ചല പറയുന്നു. ദുരനുഭവങ്ങള്‍ നേരിടുമ്പോള്‍ യാത്ര മതിയാക്കിയാലോ എന്ന് വരെ ആലോചിച്ചു എങ്കിലും 2020 ഡിസംബര്‍ 16നാണ് യാത്ര പൂര്‍ത്തിയാക്കി ഏയ്ഞ്ചല തിരികെ ഓറിഗണിലെത്തിയത്. ഓസ്ട്രേലിയ, മംഗോളിയ, ഇറ്റലി, ജോര്‍ജ്ജിയ, വിയറ്റ്നാം, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്,സാര്‍ഡീനിയ അടക്കമുള്ള രാജ്യങ്ങളും ഏയ്ഞ്ചല സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

life style
Advertisment