ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; ഐസിസി ടെസ്റ്റ് റാങ്കിംഗിലും മുന്നേറ്റം

സ്പോര്‍ട്സ് ഡസ്ക്
Tuesday, January 19, 2021

ബ്രിസ്‌ബെയ്ന്‍: പ്രമുഖ താരങ്ങള്‍ പരിക്കേറ്റ് പുറത്തായതും ഗാലറിയില്‍ നിന്ന് നേരിടേണ്ടി വന്ന വംശീയാധിക്ഷേപങ്ങളെയും അതിജീവിച്ചാണ് ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക ജയം നേടിയത്. ഇതോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1ന് സ്വന്തമാക്കി.

പരമ്പര വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് പരമ്പരകളില്‍ ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ 430 പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.

420 പോയന്‍റുള്ള ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ മറികടന്നത്. 332 പോന്‍റുള്ള ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ ജയത്തോടെ 30 പോയന്‍റ് സ്വന്തമാക്കിയ ഇന്ത്യ വിജയശതമാനത്തില്‍(71.7%) മുന്നിലെത്തിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 70.0ഉം മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 69.2 ഉം ആണ് വിജയശതമാനം.

ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റമുണ്ടായി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. റാങ്കിംഗില്‍ ന്യൂസിലന്‍ഡ് ആണ് ഒന്നാമത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായി നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത്. ന്യസിലന്‍ഡിന് 118.44 റേറ്റിംഗ് പോയിന്‍റും ഇന്ത്യക്ക് 117.65 റേറ്റിംഗ് പോയിന്‍റുമാണുള്ളത്. ഇന്ത്യക്കെതിരായ പരമ്പര നഷ്ടത്തോടെ 113 റേറ്റിംഗ് പോയിന്‍റുമായി ഓസീസ് മൂന്നാം സ്ഥാനത്തേക്ക് വീണു.

106 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടാണ് നാലാമത്. അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാവും.

138 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത റിഷഭ് പന്തും 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 56 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് ബ്രിസ്‌ബെയ്‌നില്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റശേഷം മെല്‍ബണിലും ബ്രിസ്‌ബെയ്നിലും ടെസ്റ്റ് ജയിച്ച ഇന്ത്യ സിഡ്നിയില്‍ പരാജയ മുനമ്പില്‍ നിന്ന് സമനില പിടിച്ചാണ് നാലു മത്സര പരമ്പര 2-1ന് സ്വന്തമാക്കിയത്.

ഓസ്‌ട്രേയിയയില്‍ ഐതിഹാസിക വിജയം നേടിയ ഇന്ത്യന്‍ ടീമിനെ തേടിയെത്തുന്നത് അഭിനന്ദനപ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ താരങ്ങള്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ പാരിതോഷികവും പ്രഖ്യാപിച്ചു.

×