സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളിൽ കയറിക്കൂടണോ? ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം, സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ സുരക്ഷിതമല്ല !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, January 11, 2021

ഡല്‍ഹി: വാട്സാപ്പ് ഗ്രൂപ്പുകളിൽ അനുവാദമില്ലാതെ എളുപ്പത്തിൽ ചേരാൻ സാധിക്കുമെന്ന് റിപ്പോർട്ട്. സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളുടെ ഇൻവൈറ്റ് ലിങ്കുകൾ പോലും ഗൂഗിൾ സെർച്ചിൽ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമൊത്ത് പ്രധാന ഓഫീസ് വിഷയങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പെട്ടെന്ന് അജ്ഞാതനായ ഒരാള്‍ നിങ്ങളുടെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്ന സാഹചര്യം നിങ്ങള്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ..

ഗൂഗിളിൽ കൃത്യമായി സെർച്ച് ചെയ്താൽ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ കണ്ടെത്താനും അതിൽ ചേരാനും ആളുകൾക്ക് കഴിയും. നിങ്ങൾ കരുതുന്ന അത്ര സുരക്ഷിതമല്ല വാട്സാപ്പ് ഗ്രൂപ്പുകളെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഗ്രൂപ്പ് അംഗങ്ങളുടെ വിശദാംശങ്ങളും ഗ്രൂപ്പിന്റെ പേരും പ്രൊഫൈൽ ചിത്രവും പോലുള്ള വിവരങ്ങൾ മറ്റൊരു വ്യക്തിക്ക് ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തി ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യാന്‍ കഴിയും.2019ല്‍ ഈ പ്രശ്‌നം പരിഹരിച്ചതായിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ഇത് ഉയര്‍ന്നു വന്നിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പുക്കളുടെ ഇൻവൈറ്റ് ലിങ്ക് ഗൂഗിൾ ഇൻഡക്സ് ചെയ്യുന്നത് മൂലമാണ് ഗ്രൂപ്പുകളിൽ കയറിക്കൂടാൻ സാധിക്കുന്നത്. ഗൂഗിൾ സെർച്ചിലൂടെ ആർക്കും വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ കാണാം. പല ഗ്രൂപ്പുകളെയും ഇങ്ങനെ കണ്ടെത്താൻ സാധിക്കുമെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

ഉള്ളടക്കത്തോട് ഒപ്പം തന്നെ ഗ്രൂപ്പിൽ ഉള്ളവരുടെ പേരു വിവരങ്ങളും ഫോൺ നമ്പറുകളും മറ്റൊരാള്‍ക്ക് സ്വന്തമാക്കാനാവും. ഒരു വാട്സാപ്പ് ഉപയോക്താവിന് സോഷ്യൽ മീഡിയയിലോ മറ്റേതെങ്കിലും വെബ്‌സൈറ്റിലോ സ്വകാര്യ ഗ്രൂപ്പ് ചാറ്റ് ലിങ്ക് പങ്കിടാൻ കഴിയും. ഇത് ഗൂഗിളിൽ ഉണ്ടാകും. എന്നാൽ ഈ യുആർഎൽ മറ്റുള്ളവർക്ക് ലഭ്യമാകുന്നത് തടയാൻ വാട്സാപ്പിന് സാധിക്കുന്നില്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

×