തിരുവനന്തപുരം: നാർക്കോടിക്സ് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയെ ചൊല്ലി യൂത്ത് കോൺഗ്രസിൽ വിവാദം. ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്ത് വന്ന മണ്ഡലം കമ്മിറ്റിയുടെ നിലപാടിനെ പേരെടുത്ത് പറയാതെ തള്ളിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പാലാ മണ്ഡലം കമ്മിറ്റിയുടെ വിവാദ നിലപാടിനെതിരായ വിശദീകരണം വന്നിരിക്കുന്നത്.
'ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും,' - എന്നാണ് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നത്.