തിരുവനന്തപുരം: തലസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥി സമരം ഏറ്റെടുത്ത് യൂത്തുകോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. ഇന്നു മൂന്നു മണിയോടെ സമരം നടത്തുന്ന റാങ്ക് ഹോള്‍ഡേഴ്‌സിനെ സന്ദര്‍ശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍, ഉപാധ്യക്ഷന്‍ കെഎസ് ശബരിനാഥന്‍ എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിചെയാണ് സമരം ഏറ്റെടുത്ത് പ്രതിപക്ഷത്തെ മുഖ്യ യുവജന സംഘടന രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം സമരം ഒത്തുതീര്‍പ്പിലാക്കാന്‍ ഇടതു യുവജന സംഘടന ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ സെക്രട്ടറി എഎ റഹീമിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇന്നു യൂത്തുകോണ്‍ഗ്രസ് നേതാക്കള്‍ സമരപന്തലിലെത്തുകയും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിക്കുന്നതും.
ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അതവസാനിപ്പിക്കാന്‍ഡ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി മാറും. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നതിനപ്പുറം ഇരുവരും എംഎല്‍എമാരാണ്. സര്‍ക്കാരിന് അധിക ദിവസം സമരം കണ്ടില്ലെന്നു നടിക്കാനും ആകില്ല.
ഇത്ര ദിവസമുണ്ടായിരുന്നതിനെക്കാള്‍ മാധ്യമ ശ്രദ്ധയും എംഎല്‍എമാരുടെ സമരത്തിനുണ്ടാകും. യൂത്ത് കോണ്‍ഗ്രസിന്റെ ഈ നീക്കത്തില്‍ സര്‍ക്കാരും ഇടതുപക്ഷവും അമ്പരന്നിട്ടുമുണ്ട്. അതിനിടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ശക്തമാക്കി.
പ്രതിഷേധക്കാറ്റ് കൊടുങ്കാറ്റാകുമ്പോഴും പിന്‍വാതില്‍ അടക്കാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല. നൂറ് കണക്കിന് താല്‍കാലികക്കാരെ നിയമിക്കാന്‍ നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെ ഉദ്യോഗാര്‍ത്ഥികളും പിന്നോട്ടില്ല. ഇന്നും സെക്രട്ടറിയേറ്റിലേക്ക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാകുമ്പോള്‍ സെക്രട്ടറിയേറ്റ് പരിസരം സമരഭരിതമാണ്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവര്‍ ശയനപ്രദക്ഷിണം നടത്തി. ഇതിനിടെ സമര നേതാവ് ലയ രാജെഷ് കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ കുഴഞ്ഞുവീണു. ലയയെ മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലികക്കാരുടെ സ്ഥാനത്ത് തസ്തിക സൃഷ്ടിച്ച് തങ്ങളെ നിയമിക്കണമെന്നാണ് എല്‍ജിഎസുകാരുടെ ആവശ്യം. ഇത് അപ്രായോഗികമെന്ന് സര്‍ക്കാര്‍ വ്യക്തമായതോടെ ഇനി ചര്‍ച്ചക്കുള്ള സാഹചര്യവും അനിശ്ചിതത്വത്തിലായി. കാലാവധി പൂര്‍ത്തിയായ സിവില്‍ പൊലീസ് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.