Advertisment

 ബഫര്‍സോണ്‍ വിഷയം:മലയോരജനതയ്ക്ക് നീതി ലഭിക്കണം ;സീറോ മലബാർ സഭാ അൽമായ ഫോറം  

New Update

publive-image

Advertisment

സുപ്രീം കോടതിയുടെ  ബഫര്‍സോണ്‍ ഉത്തരവുമായി ബന്ധപ്പെട്ട് കേരളത്തിലെ  രാഷ്ട്രീയക്കാര്‍ ഇടത്-വലത് വ്യത്യാസമില്ലതെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്.കേരളത്തിലെ മലയോര   മേഖലയെ ഒന്നാകെ  തകര്‍ക്കുന്ന ബഫര്‍ സോണ്‍ നടപടികളെ രാഷ്ട്രീയ ചിന്താഗതികളും താല്‍പ്പര്യങ്ങളും മാറ്റി വെച്ച് വളരെ ഗൗരവത്തോടെ ഒരുമിച്ച് നിന്ന് വസ്തുനിഷ്ടമായി ഇടപെട്ട് പരിഹാരം കണ്ടെത്തണം.അതിനു   പകരം ഒരോ പാര്‍ട്ടിയും സ്വന്തം നിലക്ക് ബന്ദും, ഹര്‍ത്താലും,പ്രതിഷേധങ്ങളും പ്രഖ്യാപിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടുവെന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്.

കേരളം ഭരിച്ച ഇരുമുന്നണികളുടെയും വർഷങ്ങളായി തുടരുന്ന നിഷേധാത്മക സമീപനമാണ് മലയോരജനതയെ ഈ സ്ഥിതിയിലാക്കിയത്.കര്‍ഷകരെ സ്ഥിരവോട്ടുബാങ്ക് പോലെ കൈപ്പിടിയിലൊതുക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകളില്ലാതെ പായുന്നു.കേരളത്തിൽ പരിസ്ഥിതി ലോലമേഖല നിര്‍ദ്ദേശിച്ചത് ബി.ജെ.പി.നേതൃത്വ വാജ്‌പേയ് സര്‍ക്കാരാണ്.ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികളിലൂടെ പശ്ചിമഘട്ടത്തെ ജനവിഭാഗത്തെ ഒന്നാകെ വിദേശ ശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരുമാണ്.

ബഫർ സോണിലും,വിവാദങ്ങളിലായ സ്വർണ്ണക്കടത്ത്,ലോക കേരളസഭ, കെ- റെയിൽ, വർധിച്ച വിലക്കയറ്റം,എന്നിവയിലും മൗനം പാലിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനപ്രതിനിധികളിൽ നിന്നും പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാരിൽ നിന്നും ബഫർസോൺ വിഷയത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കുമോ?

ബഫർസോൺ വിഷയത്തിൽ മലയോര മേഖലയിലെ എം.പി മാരായ രാഹുൽ ഗാന്ധി,ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ,കെ.സുധാകരൻ,എം.കെ.രാഘവൻ,ആന്റോ ആൻ്റണി തുടങ്ങി എപ്പോഴും പ്രതികരിക്കുന്ന ശശി തരൂർ  വരെയുള്ളവർ എന്താണ് സംസ്ഥാന താൽപര്യത്തിന് വേണ്ടി ചെയ്തതെന്ന് വ്യക്തമാക്കണം.മലയാളികളായ 32 എം.പി മാർ പാർലമെന്റിൽ ഉണ്ടായിട്ടും നമ്മുടെ എം പി മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതിന്റെ പേരില്‍ നമ്മുടെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനയുടെ തോത് എത്രമാത്രം ഭീകരമാണ് പരിശോധിക്കണം.ഹരിത ജനപ്രതിനിധികൾ എന്ന് സ്വയം വിളിക്കുന്നവർ മനുഷ്യനു വേണ്ടിയാണോ അതോ മൃഗങ്ങൾക്കു വേണ്ടിയാണോ നിലകൊള്ളുന്നത്?

ലക്ഷക്കണക്കിന് പേരുടെ അതിജീവനത്തെ ബാധിക്കുന്ന വിഷയമാണിത്.പക്ഷെ ഭരണ-പ്രതിപക്ഷങ്ങളും രാഷ്ട്രീയ പാർട്ടികളും കേവലം  രാഷ്ട്രീയക്കളികൾക്കു വേണ്ടി ബഫർ സോൺ വിഷയം കരുവാക്കുന്നു.വ്യവസായ ഖനനവും മലിനീകരണം ഉണ്ടാക്കുന്ന വ്യവസായവും വേണ്ടെന്നു വച്ച് മനുഷ്യവാസം സംരക്ഷിക്കേണ്ട ഇടപെടലുകൾക്കാണ് രാഷ്ട്രീയക്കാർ പ്രാമുഖ്യം കൊടുക്കേണ്ടത്.

ഒരു ദ്രോഹവും ചെയ്യാതെ കൃഷിയും കച്ചവടവും തൊഴിലും ചെയ്ത് തലമുറകളായി ജീവിച്ചവരുടെ അവകാശങ്ങൾ അറിയുന്നില്ല.ആരും അറിയിച്ചില്ല. അതുകൊണ്ട് അത് ചിത്രത്തിൽ ഇല്ലാതെപോയി. വിധി നടപ്പാക്കാൻ 2022 സെപ്റ്റംബർ 3 വരെ സമയമാണ് നൽകിയിരിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. പക്ഷേ നിയമപരവും അതേസമയം ജീവിതം വഴിമുട്ടുന്നവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചും ഉള്ള പരിഹാരം എന്തെന്ന് ഇപ്പോഴും ആർക്കും വ്യക്തത ഇല്ല.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ വരുന്ന നിര്‍മ്മിതികളുടെയും ഖനികളുടെയും ആവാസ കേന്ദ്രങ്ങളെക്കുറിച്ചും പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2011 മുതല്‍ ഇക്കാലയളവ് വരെ യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാറുകള്‍ ഇത് സംബന്ധിച്ച് കണക്കെടുപ്പുപോലും നടത്തിയില്ലയെന്നതാണ് വാസ്തവം.ആർക്കു വേണ്ടിയാണ് ഇപ്പോൾ ഭരണ-പ്രതിപക്ഷങ്ങൾ മുതലക്കണ്ണീരൊഴുക്കുന്നത്?

ഒരു നിയമവും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അടിച്ചേൽപ്പിക്കാൻ കഴിയില്ല.അങ്ങിനെ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണവുമല്ല. അതിനാൽ മലയോര ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്ക് ചെവികൊടുക്കണം, അവ കേൾക്കണം, ചർച്ചചെയ്യണം, പരിഹാരം കാണണം. ഒപ്പം കള്ള നാണയങ്ങളെ തിരിച്ചറിയണം, തുറന്നുകാണിക്കണം. നിർഭാഗ്യവശാൽ ഇന്ന് മുഴങ്ങിക്കേൾക്കുന്ന രാഷ്ട്രീയ സമര കോലാഹലങ്ങൾ കർഷകരെ സഹായിക്കുന്നതല്ല.

വന്യജീവി ആക്രമണം, കൃഷിനാശം, പ്രളയം തുടങ്ങിയ പ്രതിസന്ധികള്‍ മൂലംകഷ്ടപ്പെടുന്ന കർഷകർക്ക് നേരെയാണ് ഇടിത്തീപോലെ ബഫര്‍ സോണ്‍ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ ഉത്തരവ് തിരുത്താനും മലയോരജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികളെടുക്കണം.വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാൻ മുഖ്യമന്ത്രി മടിക്കുന്നതെന്ത്?

സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുക,മൂന്ന് മാസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കുക,ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സഹിതം ഒരു കിലോമീറ്റര്‍ എന്നുള്ളത് സ്ഥലപരിമിതിയനുസരിച്ച് ജനങ്ങളുള്ള  പ്രദേശങ്ങളെ ഒഴിവാക്കുക തുടങ്ങിയവ ഉടൻ സർക്കാർ ചെയ്യേണ്ടിയിരിക്കുന്നു.

വനസംരക്ഷണ നിയമത്തിന്റെ മറ പിടിച്ച് 1991 മുതൽ നീലഗിരി,ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലുള്ള  ഭൂമിയിലെ ജനങ്ങൾ ഇപ്പോഴും സങ്കീര്‍ണ്ണമായ വനസംരക്ഷണ നിയമത്തില്‍പ്പെട്ട് കുരുക്കിലാണെന്ന കാര്യം നമ്മുടെ ഓർമ്മയിലിരിക്കട്ടെ.

കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെ വഴിമുട്ടിക്കുന്ന ഒരു നിയന്ത്രണവും ഇല്ലെന്നും ഉറപ്പാക്കണം. കര്‍ഷകര്‍ അടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഈ പ്രതിസന്ധി മറികടക്കാന്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണം.മറ്റു വഴികള്‍ എല്ലാം അടയുന്ന സാഹചര്യത്തില്‍ പുതിയ നിയമ നിര്‍മാണത്തിനും ശ്രമിക്കേണ്ടതുണ്ട്.മലയോര ജനതയെ കബളിപ്പിച്ച്  ഇത്രയും കാലം പുലര്‍ത്തിയ അനാസ്ഥ ഇനി ഉണ്ടാകരുത്.ഇനിയും കൃത്യവിലോപം കാട്ടിയാൽ ജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ സമരപരിപാടികൾ രൂപം നൽകും.

Advertisment