ദേശീയം

സിയോണ ചന മരിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍; ശരീരത്തില്‍ നാഡിയിടിപ്പും ചൂടും നിലനില്‍ക്കുന്നതായി ബന്ധുക്കളുടെ അവകാശവാദം; കുടുംബത്തിന്റെ വാദം തള്ളി ഡോക്ടര്‍മാര്‍; 38 ഭാര്യമാരും, 89 മക്കളും, 33 കൊച്ചുമക്കളുമുള്ള ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ‘ഗൃഹനാഥൻ’ വീണ്ടും വാര്‍ത്തകളില്‍

നാഷണല്‍ ഡസ്ക്
Wednesday, June 16, 2021

ഐസോള്‍: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ എന്ന വിശേഷണമുള്ള മിസോറമിലെ സിയോണ ചന (76) മരിച്ചിട്ടില്ലെന്ന വാദവുമായി കുടുംബം. ആശുപത്രിയിൽനിന്നും വീട്ടിലെത്തിച്ച സിയോണിന്റെ മൃതദേഹത്തിൽ നാഡിയിടിപ്പും ചൂടും നിലനിൽക്കുന്നതായാണ് ഇവർ അവകാശപ്പെടുന്നത്. അതിനാൽ സംസ്കാരം നടത്താതെ ശരീരം സൂക്ഷിച്ചിരിക്കുകയാണ്.

‘‘ഓക്സീമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നാഡീസ്പന്ദനം അറിഞ്ഞു. ശരീരത്തിന് ഇപ്പോഴും ചൂടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിശോധിച്ചപ്പോഴും പേശികൾ മുറുകിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നത് ശരിയാണെന്ന് സിയോണയുടെ ഭാര്യമാരും മക്കളും സമുദായ നേതൃത്വവും കരുതുന്നില്ല’’–ചന ചർച്ച് സെക്രട്ടറി സെയ്ത്തിൻകൂഹ്മ പ്രതികരിച്ചു. എന്നാൽ സിയോണ്‍ മരിച്ചിട്ടില്ലെന്ന കുടുംബത്തിന്റെ വാദം ഡോക്ടർമാർ തള്ളി.

ജൂൺ 13 ഞായറാഴ്ച ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ആയിരുന്നു സിയോണിന്റെ അന്ത്യം. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് മരണ കാരണം. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉള്‍പ്പെട്ട ചനയുടെ വലിയകുടുംബം ലോകശ്രദ്ധ നേടിയിരുന്നു.

1954 ജൂലൈ 21നാണ് സിയോണയുടെ ജനനം. 17ാം വയസിലാണ്‌ സിയോണ ആദ്യമായി വിവാഹം കഴിച്ചത്. അവസാനവിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല. സിയോണയുടെ ആദ്യ ഭാര്യ സത്ത്യന്ഗിയാണ് കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എല്ലാവരും ചിട്ടയോടു ഇവിടെ കഴിയണം എന്നതും ഇവരുടെ നിയമമാണ്.

ചന പോള്‍ എന്ന ഉപഗോത്രത്തിന്റെകൂടി നാഥനാണ് സിയോണ. ബാക്തോങ് തലാങ്‌നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്. വീട്ടിലെ പല മുറികളിലായി മക്കളും കൊച്ചുമക്കളും താമസിക്കുന്നു. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം.

മിസോറാമിലെ ഭക്തവാന്ഗ് ഗ്രാമത്തിലാണ് ഈ ‘മെഗാകുടുംബം’ കഴിയുന്നത്‌. ആകെ 180 ആണ് വീട്ടിലെ അംഗസംഖ്യ. ഒരു വര്‍ഷത്തില്‍ പത്ത്‌ വിവാഹം കഴിച്ച് സിയോൺ നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു.

×