Advertisment

കാട്ടിറച്ചി കടത്തിയെന്ന് ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ തള്ളി

author-image
neenu thodupuzha
New Update

ഉപ്പുതറ: കണ്ണംപടിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.

Advertisment

കാട്ടിറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ച് കണ്ണംപടി, മുല്ല, പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെ അറസ്റ്റു ചെയ്ത കേസിലാണ് ഒന്‍പത് ഉദ്യോഗസ്ഥരുടെ ജാമ്യഹര്‍ജി തൊടുപുഴ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ തള്ളിയത്.

publive-image

ഉപ്പുതറ പോലീസ് ചാര്‍ജുചെയ്ത കേസിലാണ് ഒന്നാം പ്രതി കിഴുകാനം മുന്‍ ഫോറസ്റ്റര്‍ വി. അനില്‍കുമാര്‍ ഉള്‍പ്പടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. പി.എസ്. രാജേഷ് കോടതിയില്‍ എതിര്‍ത്തതോടെയാണ് കോടതി ഹര്‍ജി തള്ളിയത്. കേസില്‍ 13 പ്രതികളാണുളളത്. ഇതില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ നേരത്തെ കോടതിയില്‍ കീഴടങ്ങി.

ജാമ്യം നേടിയ ഇവര്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. മറ്റു പ്രതികളുടേയും സസ്പന്‍ഷന്‍ പിന്‍വലിച്ച് നിയമനം നല്‍കി ഉത്തരവായെങ്കിലും ആരും ജോലിയില്‍ പ്രവേശിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പോലീസിന് ഇവരെ അറസ്റ്റു ചെയ്യാം. എന്നാല്‍ അപ്പീല്‍ നല്‍കി െഹെക്കോടതിയില്‍ നിന്നും ജാമ്യം നേടാന്‍ അവസരമൊരുക്കാനാണ് സാധ്യത.

ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ പിന്നെ പോലീസിന് ഇവരെ അറസ്റ്റു ചെയ്യാന്‍ കഴിയില്ല. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്തി ഉള്‍പ്പടെയുളളവര്‍ക്ക് സരുണ്‍ പരാതി നല്‍കുകയും മരത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്‌തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

2022 സെപ്റ്റംബര്‍ 20നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ സരുണ്‍ സജിയെ അറസ്റ്റു ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും, പിടിച്ചെടുത്ത മാംസം വന്യമൃഗത്തിന്റേ തല്ലന്നും തെളിയുകയും ചെയ്തു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്പന്‍ഡു ചെയ്തതും പോലീസ് കേസെടുത്തതും.

Advertisment