Advertisment

കാസർകോട് ഇന്നോവ കാർ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുടുംബത്തിലെ എട്ടുപേർക്ക് പരിക്ക്, അപകടം തീർഥാടന യാത്ര കഴിഞ്ഞ് മടങ്ങവെ 

author-image
neenu thodupuzha
New Update

കാസർകോട്: ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ടുപേർക്ക് പരുക്കേറ്റു. കാസർകോട്ടെ അബ്ദുല്ലയുടെ ഭാര്യയും മംഗളുരു ബജ്പെ ഹൊസങ്കടി സ്വദേശിനിയുമായ നഫീസ(80)യാണ് മരിച്ചത്.

Advertisment

മടവൂരിൽ നിന്ന് തീർഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുള്ളവർ. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

publive-image

മംഗളുരുവിലെ ഉസ്മാന്റെ മകൾ തസ്കീന (17), ഫാസിൽ (27), അബ്ദുല്ലയുടെ മകൻ ഉമറുൽ ഫാറൂഖ് (40), ഇസ്മായിലിന്റെ ഭാര്യ സുഹ്‌റ (56) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവത്തെത്തുടർന്ന് സുഹ്‌റയെയും പരുക്ക് ഗുരുതരമായതിനാൽ തസ്‌കീനയെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലർച്ചെ 3.40നാണ് അപകടം.

ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ്   പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരെ മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസയുടെ ജീവൻ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് ബേക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു.

നഫീസയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തിൽ ഇന്നോവ കാർ ഭാഗികമായി തകർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നാല് തവണ നിയന്ത്രണം വിട്ടു മലക്കംമറിയുന്ന ദൃശ്യമുണ്ട്. അപകടത്തെത്തുടർന്ന് ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

Advertisment