Advertisment

അജിത് പവാറിന് ക്ലീന്‍ ചിറ്റ് ; 7000 കോടിയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു ; 'അഴിമതി കേസില്‍ 'അഴി'ക്കുള്ളിലാകുക ഉദ്യോഗസ്ഥര്‍'

New Update

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കകം അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. അജിത് പവാറിനെതിരേ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Advertisment

publive-image

വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്‍പതു കേസുകളിലാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലാണ് മഹാരാഷ്ട്രാ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) സമര്‍പ്പിച്ചത്.

1999 മുതല്‍ 2014 വരെ അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. ഇക്കാലത്ത് അഴിമതി നടത്തിയെന്നായരുന്നു ആരോപണം. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി.

വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, അജിത് പവാറിന് അഴിമതിയുമായി പങ്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മൂവായിരത്തോളം ടെന്‍ഡറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അവസാനിപ്പിച്ച കേസുകളില്‍ അജിത് പവാറുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എ.സി.ബി ഡയറക്ടര്‍ ജനറല്‍ പരംബിന്‍ സിംഗ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരേ ബി.ജെ.പി. ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു ഈ അഴിമതിക്കേസ്. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ അഴിമതി ഉയര്‍ത്തിക്കാട്ടി വന്‍ പ്രചാരണം നടത്തിയിരുന്നു. അധികാരത്തില്‍ എത്തിയാല്‍ അജിത് പവാറിനെ ജയിലിലേക്കയക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസും പ്രഖ്യാപിച്ചിരുന്നു.

ഒരു രാത്രി കൊണ്ട് ബി.ജെ.പിക്കൊപ്പം പോകാനുള്ള പ്രധാന കാരണം ഈ അഴിമതിക്കേസായിരുന്നുവെന്ന് പറയപ്പെടുന്നു. ബി.ജെ.പിയെ ഭരണം പിടിക്കാന്‍ സഹായിച്ചതിനുളള സമ്മാനമാണ് അജിത് പവാറിനുളള ക്ലീന്‍ചിറ്റ് എന്ന് എന്‍.സി.പിയും ശിവസേനയും ആരോപിച്ചു.

വെള്ളിയാഴ്ച രാത്രി ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി നിശ്ചയിച്ച അജിത് പവാര്‍ നേരം പുലര്‍ന്നപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പാളയത്തില്‍ എത്തുകയായിരുന്നു. അജിത്തുമായുള്ള ഫഡ്‌നാവിസിന്റെ ചര്‍ച്ചകള്‍ പുലര്‍ച്ചെ 2.30-നാണ് പൂര്‍ത്തിയായത്. പുലര്‍ച്ചെ 5.47ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

Advertisment