Advertisment

പനിനീര്‍ പൂവിതളില്‍ വിരിയും പൂങ്കനവായ് ..ത്വായിഫ് - അക്ബർ പൊന്നാനി -

author-image
admin
Updated On
New Update

ത്വായിഫ് (സൗദി അറേബ്യ): റോസാപ്പൂ പ്രേമികളുടെ കൂടി പ്രണയ ഭൂമിയാണ് ത്വായിഫ്. വിനോദ സഞ്ചാരികളുടെ ഇഷ്ടദിക്കായ ഈ പടിഞ്ഞാറൻ സൗദി നഗരം ഇപ്പോൾ റോസാപ്പൂ വിള വെടുപ്പിൽ ആനന്ദ സുരഭിലയാണ്. ത്വായിഫിന്റെ പൂഹൃദയം ഇപ്പോൾ മാദക മണവും വർണവും അണിഞ്ഞിട്ടുണ്ട്. ഹൃദയഹാരിയായ റോസാ കുസുമങ്ങൾ ചൂടുകയും നുള്ളുകയും ചെയ്യുകയാണ് ത്വായിഫിലെ മലയോരങ്ങൾ. ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധം പൊഴിക്കുന്ന പനിനീർ മുളപൊട്ടുന്നത് ത്വായിഫ് മലനിരകളിലാണ്. അതിന്റെ ആവേശത്തിലും നറുവെട്ടത്തിലുമാണ് പ്രദേശത്തെ കർഷകരും.

Advertisment

publive-image

കാരക്ക കായ്ക്കുന്ന നാട്ടിൽ നിന്ന് തന്നെയാണ് പകരം വെക്കാൻ വേറെ അധികം ഇല്ലാത്ത മേന്മയോടു കൂടിയ പനിനീർ പൂക്കളും വിളയുന്നത്. മരുഭൂമിയെന്നാണ് വിശേഷണമെങ്കിലും മറ്റെവിടെത്തെ പോലെ, എന്നല്ല അതിലുപരിയുള്ള വിളമേന്മയുള്ള മണ്ണാണ് സൗദിയിലേത്, വിശിഷ്യാ ത്വായിഫിലേത്. എണ്ണയും കാരക്കയും പോലെ സൗദിയിലെ ത്വായിഫിൽ വിരിയുന്ന റോസാ പുഷ്പങ്ങളുടെ സൗരഭം ദേശങ്ങൾ ഭേദിക്കുന്നതാണ്.

ത്വായിഫിൽ വിരിയുന്ന റോസാ പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും ഒന്ന് വേറെ തന്നെയാണ്. ലോകോത്തരമാണ് അതിന്റെ ഖ്യാതി. ത്വായിഫ് പനിനീർ പൂക്കളിൽ നിന്ന് നിർമിക്കുന്ന റോസ് പെർഫ്യുമുകൾക്ക് ആഗോളതലത്തിൽ ഒന്നാംകിടം എന്ന സ്ഥാനമാണുള്ളത്.

റോസാപ്പൂക്കളുടെ വിളവെടുപ്പ് ആഘോഷത്തിലാണ് കർഷകർ. പനിനീർ തൊടികളിൽ ജലസേചനം, വളം ചേർക്കൽ, വിളവെടുപ്പ് തുടങ്ങിയ കാർഷിക വൃത്തികളുടെ തിരക്കാണ് . ത്വായിഫിന്റെ പര്യായമായ അൽഹദ പർവതനിരകളിലെ ഉയർന്ന കൊടുമുടികളായ അൽഷഫ, തുവൈർക്ക്, വാദി മുഹറം, വാദി അൽഅക്മർ, വാദി അൽബുന്നി, ബിലാദ് അൽതൽഹത്ത്, അൽമദ്ദാദ് തുടങ്ങിയ മേഖലകളെല്ലാം പനിനീർ പൂവിതാളുകളിൽ വിരിയുന്ന പൂങ്കനവുകളായ് വിലസുകയാണിപ്പോൾ.

publive-image

കർഷകരിൽ ചിലർ പൂക്കൾ പ്രാദേശിക വിപണികളിൽ തന്നെ പരമ്പരാഗതമായി പനിനീർ പൂക്കകൾക്ക് വിപണി കണ്ടെത്തുമ്പോൾ, മറ്റു ചിലർ പുറത്തുള്ള പ്രത്യേക ലാബുകളുടെ സഹായത്തോടെ പൂക്കളിൽ നിന്ന് സുഗന്ധങ്ങളും സത്തയും ലായനിയും മറ്റു ഉല്പന്നങ്ങളും നിർമിച്ചെടുത്തും പ്രയോജനം കൊയ്യുന്നു.

"ത്വായിഫിൽ പതിനയ്യായിരത്തിലധികം റോസ് ഫാമുകൾ നിലവിലുണ്ട്. ഡിസംബർ മാസത്തിലാണ് പനിനീർ ചെടികളിൽ അദ്ധ്വാനം തുടങ്ങുന്നത്. ചെടികൾ ക്രോപ് ചെയ്യലാണ് ആദ്യ നടപടി. പിന്നീട് വൃത്തിയാക്കൽ ആരംഭിക്കും. തുടർന്ന് ജൈവ വളങ്ങൾ ഇറക്കും. ചെടികൾ നനച്ചു കൊണ്ടിരിക്കലും പരിപാലനത്തിന്റെ ഭാഗമായി ചെയ്യും. അങ്ങിനെ ഈ കാലമാവുമ്പോഴേക്ക് കൊയ്ത് ആരംഭിക്കുകയായി. വർഷത്തിൽ നാല്പത്തിയഞ്ച് ദിവസം നീളുന്നതാണ് പനിനീർ പൂക്കളുടെ വിളവെടുപ്പ് കാലം": സ്ഥലത്തെ ഒരു കർഷകനായ അബ്ദുൽ അസീസ് അൽ-തുവൈർകി പറയുന്നു.

"പനിനീർ പൂക്കളുടെ സുഗന്ധവും സത്തയും ചോർന്ന് പോകാതിരിക്കുകയെന്ന ലക്ഷ്യത്തോടെ പൂ നുള്ളൽ ദിവസവും അതിരാവിലെ, സൂര്യോദയത്തിനു മുമ്പ് തന്നെ നടത്തും. പരമ്പരാഗത രീതി പരിരക്ഷിച്ചു കൊണ്ടാണ് വിളവെടുപ്പ്. തുടർന്ന്, ഫാക്ടറികളിലേയ്ക്ക് കൊണ്ടുപോകുകയും റോസ് വാട്ടറിന്റെയും സുഗന്ധ വസ്തുക്കളുടെയും നിർമ്മാണം തുടങ്ങുന്നു. നിരവധി ഘട്ടങ്ങളിലൂടെയാണ് റോസ് വാട്ടറും ലേപവും വേർതിരിച്ചെടുക്കുന്നതിന് റോസാപ്പൂക്കൾ വേവിക്കുകയും വാറ്റിയെടുക്കുകയും ചെയ്യുന്നു. 12,000 റോസാപ്പൂക്കൾ ഒരു കലത്തിൽ ഇട്ടാണ് തീകത്തിക്കുന്നത്. പണികൾ മിക്കതും പരമ്പരാഗത രീതി നിലനിർത്തിക്കൊണ്ടാണ് ......." കർഷകന്റെ വിവരണത്തിൽ വിരിയുന്നത് പനിനീരിന്റെ പരിണാമങ്ങൾ!!!

Advertisment