Advertisment

നിയമസഭയുടെ ചരിത്രത്തിലെ ദുഖവെള്ളി ! അടി...കടി...തള്ള്...കസേര മറിച്ചിടല്‍..ലഡുവിതരണം..ഒടുവില്‍ ബോധം കെടല്‍ ! ആറുവര്‍ഷം മുമ്പത്തെ ദിവസമോര്‍ത്ത് മലയാളി എന്നും തലകുനിയ്ക്കും. സഭാ നാഥന്റെ കമ്പ്യൂട്ടര്‍ അടിച്ചു തകര്‍ത്തും കസേര വലിച്ചെറിഞ്ഞും പ്രതിപക്ഷം അഴിഞ്ഞാടിയപ്പോള്‍ എല്ലാത്തിനും പ്രകോപിപ്പിച്ച് ഭരണപക്ഷവും ! അന്ന് സഭയില്‍ അഴിഞ്ഞാടിയ മന്ത്രിയടക്കമുള്ളവര്‍ ഇന്നും വിജയം അവകാശപ്പെടുമ്പോള്‍ തോറ്റത് വോട്ടു ചെയ്ത ജനം തന്നെ ! 2015 മാര്‍ച്ച് 13ന് കേരള നിയമസഭയില്‍ നടന്നത് ഇതൊക്കെ

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

സംസ്ഥാന നിയമസഭയുടെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദിവസമായിരുന്നു 2015 മാര്‍ച്ച് 13. ലോകത്തിനു മുമ്പില്‍ കേരളത്തെ നാണം കെടുത്തിയത് വോട്ടര്‍മാര്‍ തെരഞ്ഞെടുത്ത് സഭയിലേക്ക് അയച്ച ജനപ്രതിനിധികളും. അടിയും തള്ളും കടിയും ലഡു വിതരണവും ബോധം കെട്ടുവീഴ്ചയും അട്ടഹാസവുമെല്ലാം നിറഞ്ഞ ആ ദിനത്തെ ഓര്‍ത്ത് കേരളം ഇന്നും തലകുനിക്കുകയാണ്.

സഭയിലെ കമ്പ്യൂട്ടറും സ്പീക്കറുടെ കസേരയും മൈക്കും നശിപ്പിച്ച് അംഗങ്ങള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ നിലപാടാണ് ഇന്ന് സുപ്രിംകോടതി എടുത്തിട്ടുള്ളത്. കേരളത്തിലെ ഓരോ വോട്ടറും മനസില്‍ ആഗ്രഹിച്ച വിധി തന്നെയാണ് ഇതെന്നു നിസംശയം പറയാം. പൊതുമുതല്‍ നശിപ്പിച്ചതിനു ശേഷം എംഎല്‍എമാരുടെ സ്വകാര്യ സ്വത്താണ് നിയമസഭയെന്ന് പറഞ്ഞ് കൈകഴുകാന്‍ നോക്കിയവര്‍ക്കുള്ള തിരിച്ചടികൂടിയാണിത്.

അന്നു സഭയില്‍ നടന്നത് എന്തൊക്കെ

കെഎം മാണിയുടെ റെക്കോര്‍ഡ് ബജറ്റ് ദിനം എന്ന പ്രത്യേകത എന്തായാലും 2015 മാര്‍ച്ച് 13നുണ്ടായിരുന്നു. മാണിയുടെ 13ആം ബജറ്റ് പക്ഷേ ഒരു കറുത്ത ചരിത്രമായി എന്നതാണ് സത്യം. ബജറ്റ് വിറ്റുവെന്നാരോപിച്ച് ധനകാര്യമന്ത്രി കെഎം മാണിയുടെ ബജറ്റവതരണം തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സഭയിലും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സഭയ്ക്ക് പുറത്തും പ്രഖ്യാപിച്ചിരുന്നു.

മാണി ബജറ്റവതരിപ്പിച്ചാല്‍ തടയുമെന്നു തന്നെയായിരുന്നു പ്രതിപക്ഷ പ്രഖ്യാപനം. സര്‍ക്കാരും പ്രതിപക്ഷത്തിന്റെ വെല്ലുവിളി കാര്യമായെടുത്തു. പ്രതിപക്ഷത്തെ നേരിടാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

പ്രതിപക്ഷ പദ്ധതി

കെഎം മാണിയെ സഭയിലേക്കുള്ള വഴിയില്‍ തടയാനായിരുന്നു തീരുമാനം. എന്നാല്‍ വ്യാഴം രാവിലെ പള്ളിയിലേക്ക് പോയ മാണി പിന്നീട് സഭയ്ക്ക് വെളിയില്‍ പോയില്ല. ഭരണപക്ഷത്തിന്റെ മറുതന്ത്രത്തില്‍ പകച്ച പ്രതിപക്ഷം തന്ത്രം മാറ്റി.

സഭയ്ക്ക് അകത്തേക്ക് കടക്കുന്നത് തടയുക എന്നതായി അടുത്ത തന്ത്രം. അന്നു സഭയ്ക്കുള്ളില്‍ തന്നെ ഇരുപക്ഷവും അന്തിയുറങ്ങി. സഭയ്ക്ക് പുറത്ത് ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധവും തുടര്‍ന്നു.

നിയമസഭാ ചരിത്രത്തിലെ ദുഖവെള്ളി !

2015 മാര്‍ച്ച് 13 വെള്ളി. രാവിലെ സഭ തുടങ്ങുന്നതിന് മുമ്പു തന്നെ നടുത്തളത്തില്‍ ഇടംപിടിച്ചു പ്രതിപക്ഷ അംഗങ്ങള്‍. പല ദിവസങ്ങളിലും ഇത്തരം പ്രതിഷേധങ്ങള്‍ സഭയില്‍ പതിവുള്ളതാണെങ്കിലും ചില അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി ഇരിപ്പാരംഭിച്ചതോടെ ഭരണപക്ഷത്തിനും കാര്യം വ്യക്തമായി.

സഭ തുടങ്ങാന്‍ സമയമായതോടെ സ്പീക്കര്‍ എന്‍ ശക്തന്‍ സഭയിലേക്ക് വന്നതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ അദ്ദേഹത്തെ പൊതിഞ്ഞു. സ്പീക്കറെ സംരക്ഷണ വലയത്തിലാക്കിയ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളി പുറത്താക്കി. സ്പീക്കറുടെ കസേരയെടുത്ത് ഇപി ജയരാജന്‍ താഴേയ്ക്ക് ഇട്ടു.

മാണിയുടെ വരവും ബജറ്റും പിന്നെ ലഡുവും

കെഎം മാണി സഭയിലേക്ക് വരുന്നു എന്നു സൂചനകിട്ടിയതോടെ കെഎം മാണി ഗോ ബാക്ക് എന്നു വിളിച്ച് പ്രതിപക്ഷം കുതിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡന്റെ സുരക്ഷ ഭേദിച്ച് മുമ്പോട്ടു പോകാനുള്ള ശിവന്‍കുട്ടി അടക്കമുള്ളവരുടെ ശ്രമം. വാച്ച് ആന്‍ഡ് വാര്‍ഡനെ തള്ളിമാറ്റി തോമസ് ഐസകും എളമരം കരീമും.

ഉന്തും തള്ളിനുമിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കവചമൊരുക്കി ശിവദാസന്‍ നായര്‍. മുമ്പില്‍ പ്രതിഷേധവുമായി ജമീല പ്രകാശം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍. വനിതാ എംഎല്‍എമാരെ ഉപയോഗിച്ച് മാണിയെ തടയാം എന്നതായിരുന്നു എല്‍ഡിഎഫിന്റെ പദ്ധതി.

എന്നാല്‍ ബഹളങ്ങള്‍ക്കിടയില്‍ പ്രതിപക്ഷത്തെ അമ്പരപ്പിച്ച് ഭരണപക്ഷ ബഞ്ചിന്റെ പിന്‍ഭാഗത്തെ വാതിലിലൂടെ ബജറ്റ് പെട്ടിയുമായി കെഎം മാണിയെത്തി. യുഡിഎഫിലെ യുവ എംഎല്‍എമാരുടെ സംരക്ഷണ വലയത്തിലായിരുന്നു മാണിയുടെ വരവ്.

സഭയിലെത്തിയ മാണിക്ക് ചുറ്റും ഭരണപക്ഷ എംഎല്‍എമാര്‍ നിരന്നു. അതിനുപുറമെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സുരക്ഷ. ഭരണപക്ഷത്തിന്റെ ആരവങ്ങള്‍. അതിനിടെ ശിവന്‍കുട്ടി സ്പീക്കറുടെ മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഇളക്കി മാറ്റി.

ബഹളങ്ങള്‍ക്കിടെ മാണിയുടെ ബജറ്റ് അവരണം. സ്പീക്കര്‍ ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയത് ആംഗ്യം വഴി. ഞാനീ ബജറ്റ് മേശപ്പുറത്ത് വയ്ക്കുന്നു എന്ന മാണിയുടെ പ്രഖ്യാപനം.

മാണിയെ കെട്ടിപ്പിടിച്ച് സി മമ്മൂട്ടിയുടെയും പികെ ബഷീറിന്റെയും വക ചുംബനം. പിന്നീട് ഭരണപക്ഷത്തിന്റെ ലഡു വിതരണം. ലഡു ഉയര്‍ത്തി പ്രതിപക്ഷത്തെ ഭരണപക്ഷം പരിഹസിച്ചതോടെ വീണ്ടും സംഘര്‍ഷം.

ശിവതാണ്ഡവം

ഇതിനിടെയില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ ബഞ്ചുകള്‍ക്ക് മുകളിലൂടെ വി ശിവന്‍കുട്ടിയുടെ പ്രകടനം. കെകെ ലതികയേയും ചിലരൊക്കെ ചേര്‍ന്ന് മേശപ്പുറത്ത് കയറ്റി. ബജറ്റ് മേശപ്പുറത്ത് വച്ചതോടെ ശിവന്‍കുട്ടി തളര്‍ന്നു വീണു.

ശിവന്‍കുട്ടിക്ക് പിന്നാലെ കെകെ ലതികയും കെ അജിത്തും മോഹാലസ്യപ്പെട്ട് വീണു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സി ദിവാകരനെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പല വിശദീകരണങ്ങളും വന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ പ്രതിപക്ഷത്തെ ആറു എംഎല്‍എമാര്‍ക്കെതിരെ കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ പോയത് സുപ്രീംകോടതി വരെ. സര്‍ക്കാരിന്റെ വാദങ്ങളെ സുപ്രീംകോടതിയെടുത്ത് തോട്ടിലെറിഞ്ഞു. എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും കോടതി നിസംശയം പറഞ്ഞു.

അന്നും ഇന്നും തങ്ങളാണ് ജയിച്ചതെന്നു അവകാശ വാദവുമായി ഭരണ-പ്രതിപക്ഷങ്ങള്‍ രംഗത്തുണ്ട്. പക്ഷേ ഒരുകാര്യത്തില്‍ തര്‍ക്കമില്ല. തോറ്റത് ഈ ജനപ്രതിനിധികളെ തെരഞ്ഞെടുത്ത പൊതുജനം തന്നെ.

അതുകൊണ്ടുതന്നെ രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ആറു എംഎല്‍എമാര്‍ വിചാരണ നേരിടുമ്പോഴെമ്പിലും ഈ പൊതുജനം വിജയിക്കട്ടെ.

kerala assembly
Advertisment