Column

ഭരണമില്ലാത്ത പത്തു വർഷം ! പാർട്ടി ദുര്‍ബലമായകാര്യം നേതൃത്വം അറിഞ്ഞു തുടങ്ങിയിരിക്കുന്നു. യുഡിഎഫും ദുര്‍ബലം ! ഇനിയെന്തു ചെയ്യുമെന്നാലോചിച്ചിരിക്കെ ഇ.ഡിയും പിടിമുറുക്കി. കുഞ്ഞാലിക്കുട്ടിക്കെതിരെ അണിനിരന്ന് നേതാക്കൾ ! കുഞ്ഞാലിക്കുട്ടിയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത പാണക്കാട്ടെ കുടുംബാംഗം. ആശ്രയമായിരുന്ന ഘടക കക്ഷി നേതാക്കളും അപ്രസക്തരായതോടെ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി ! മുസ്ലിം ലീഗില്‍ സംഭവിക്കുന്നത് – അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ്
Friday, August 6, 2021

അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷത്തു വെയിലും കൊണ്ടിരുന്നാലും ഒരു വസന്തകാലം വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു മുമ്പൊക്കെ. വീണ്ടുമൊരു തെരഞ്ഞെടുപ്പ്. യുഡ‍ിഎഫ് അധികാരത്തില്‍. നേതാക്കള്‍ക്കു നാലഞ്ചു ഗംഭീരന്‍ വകുപ്പുകള്‍. വസന്തത്തിന്‍റെ എല്ലാ നന്മകളുമായി നല്ലകാലം വരവായി.

എന്നാല്‍ ഇത്തവണ യുഡിഎഫ് തോറ്റു തുന്നംപാടി. മുസ്ലിം ലീഗ് പിന്നെയും വെയിലത്തു തന്നെ. കിട്ടിയ സീറ്റുകളുടെ എണ്ണം കുറഞ്ഞു. ആകെ കിട്ടിയ വോട്ടിലും കുറവ്. യുഡിഎഫ് നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസും ദാരിദ്ര്യത്തില്‍. ഇനിയെന്തു ചെയ്യുമെന്ന ചോദ്യമാണ് മുസ്ലിം ലീഗിനു മുന്നില്‍.

പാര്‍ട്ടി ദുര്‍ബലമായകാര്യം നേതൃത്വം അറിഞ്ഞു തുടങ്ങിയിരിക്കുന്നു. യുഡിഎഫും ദുര്‍ബലം. ഇനിയെന്തു ചെയ്യുമെന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇ.ഡി എന്ന കേന്ദ്ര ഏജന്‍സി പിടിമുറുക്കിയത്.

പാണക്കാടു ഹൈദരാലി ശിഹാബ് തങ്ങളെ ഒരു തവണ ഇ.ഡി ചോദ്യം ചെയ്തുകഴിഞ്ഞു. രണ്ടാമതു ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. പാര്‍ട്ടി മുഖപ്പത്രമായ ‘ചന്ദ്രിക’ യുടെ അക്കൗണ്ട് വഴി വന്‍തോതില്‍ കള്ളപ്പണം ചെലവാക്കിയെന്നതാണ് ആരോപണം. ഹൈദരാലി തങ്ങള്‍ ഗുരുതരമായ രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെട്ടെന്നാണ് ആകാശത്ത് കാര്‍മേഘം ഇരുണ്ടു കൂടിയത്. തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാന്‍ ലീഗ് വിളിച്ചുകൂട്ടിയ നേതൃയോഗം ഒരുഘട്ടത്തില്‍ പ്രക്ഷുബ്ധമായി. പാര്‍ട്ടിയില്‍ ഏറ്റവും വലിയ അധികാര കേന്ദ്രമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രമുഖ നേതാക്കള്‍ അണിനിരന്നതോടെ പോരിനു ചൂടുകൂടി. കെ.എം ഷാജിയായിരുന്നു മുന്നണിപ്പോരാളി. കെ.എം ഹംസ, പി.എം സിദിഖി, എം.സി മായിന്‍ഹാജി എന്നിവര്‍ ഒപ്പം ചേര്‍ന്നു. പി.കെ ഫിറോസ്, അബ്ദു റഹ്മാന്‍ കല്ലായി, നജീബ് കാന്തപുരം തുടങ്ങിയവര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാനുമെത്തി.

കെ.എം ഷാജിയുടെ പ്രശ്നം തനിക്കു നേരേ നിണ്ട ഇ.ഡി അന്വേഷണം തന്നെ. വലിയ വീടു വെച്ചതും വീട് റെയ്ഡ് ചെയ്ത് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തതുമൊക്കെയാണു പ്രശ്നമായത്. ഇതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് കെ.എം ഷാജിയുടെ മനസില്‍. ഷാജിയും തെരഞ്ഞെടുപ്പില്‍ തോറ്റു. ഇത്തവണ മലപ്പുറത്ത് ഒരു സീറ്റില്‍ മത്സരിക്കാനായിരുന്നു ഷാജിക്കു താല്‍പര്യം. അത് കുഞ്ഞാലിക്കുട്ടി സമ്മതിച്ചില്ല.

ലോക്സഭയിലെ സീറ്റ് രാജിവച്ച് കുഞ്ഞാലിക്കുട്ടി കേരളത്തിലേയ്ക്ക് വന്നത് പല നേതാക്കളും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ ശക്തനാണ്. പോരാത്തതിന് പാണക്കാടു കുടുംബത്തിന്‍റെ പിന്തുണയുമുണ്ട്. ആര്‍ക്കും പരസ്യമായി ഒന്നും പറയാന്‍ തന്‍റേടമില്ല. പക്ഷെ തെരഞ്ഞെടുപ്പില്‍ മുന്നണി തോറ്റു. കണക്കുകളൊക്കെയും തെറ്റി. കാര്യങ്ങള്‍ തുറന്നു പറയാന്‍ എല്ലാവര്‍ക്കും കരുത്തായി.

കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധി ഭരണത്തില്‍ വരുമെന്നു കണക്കാക്കി ഡല്‍ഹിക്കുപോയ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പായപ്പോള്‍ മടങ്ങിവന്നതാണ് ഇവിടെ പലര്‍ക്കും ഇഷ്ടപ്പെടാത്തത്. ഇനി മന്ത്രിസ്ഥാനം ഇവിടാകാമെന്നും കണക്കാക്കിയാണിങ്ങോട്ടു വന്നതെന്ന് അവര്‍ ആരോപിക്കുന്നു. അങ്ങനെ കുഞ്ഞാലിക്കുട്ടിക്കെതിരായ ചേരിക്കു ബലം വെച്ചു.

ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് കാര്യങ്ങള്‍ പിന്നെയും വഷളാക്കി. 40 വര്‍ഷത്തിലേറെക്കാലമായി ലീഗിന്‍റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ് എല്ലാ കുഴപ്പത്തിനും കാരണക്കാരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

നേതൃയോഗത്തില്‍ കെ.എം ബഷീര്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടങ്ങിവെച്ച ആക്രമണം ഒറ്റപ്പെട്ടതായിരുന്നെല്ലെന്ന് തെളിയുകയാണ്. നിയമസഭയില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്രമണ പരമ്പര തന്നെ നടത്തുകയാണ്. അതിസമ്പന്നമായ ഒരു ക്ഷേത്രത്തിന്‍റെ അതി ദരിദ്രനായ പൂജാരിയെപ്പോലെയാണ് ‘ചന്ദ്രിക’ ദിനപത്രമെന്നാക്ഷേപിച്ച് മുന്നേറുകയാണ് ജലീല്‍.

മലപ്പുറത്തെ മുസ്ലിം രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും തമ്മിലുള്ള കുടിപ്പക ഒരു പ്രധാന ഏടുതന്നെയാണ്. തരം കിട്ടിയപ്പോള്‍ ജലീല്‍ ആയുധങ്ങള്‍ മുഴുവന്‍ സമാഹരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്രമണം ശക്തിപ്പെടുത്തുന്നു.

മുസ്ലിം ലീഗ് നേതാക്കള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. ഇതുവരെ നേതാക്കളൊക്കെയും കുഞ്ഞാലിക്കുട്ടിയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരായിരുന്നു. ലീഗില്‍ കാര്യങ്ങളൊക്കെ നിയന്ത്രിച്ചുകൊണ്ടിരുന്നത് കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു താനും. ഇപ്പോള്‍ ഹൈദരാലി ശിഹാബ് തങ്ങളുടെ മകന്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറങ്ങിയതാണ് നേതാക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്.

ലീഗിലെ പ്രശ്നം എങ്ങോട്ടേക്കെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിലുമുണ്ട്. ഒരു തെരഞ്ഞെടുപ്പു പരാജയം വലിയ മാറ്റങ്ങള്‍ക്കു കാരണമാകാമെന്ന് കോണ്‍ഗ്രസിലെ നേതൃമാറ്റം കാട്ടിത്തരുന്നു. അതില്‍ കുഞ്ഞാലിക്കുട്ടിക്കും പങ്കുണ്ടെന്നതും കാണണം.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റി വി.ഡി സതീശനെ നിയോഗിക്കുന്ന കാര്യം പരിഗണനയില്‍ വന്നപ്പോള്‍ ഹൈക്കമാന്‍റ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയെന്ന നിലയ്ക്ക് ലീഗിന്‍റെ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയോടും അഭിപ്രായം തേടിയിരുന്നു. നേതൃമാറ്റമാണ് അഭികാമ്യമെന്നായിരുന്നുവത്രെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

1994 -ലെ ചാരക്കേസിന്‍റെ പേരില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ താഴെയിറക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മുറുക്കിയത് ആന്‍റണിപക്ഷവും തിരുത്തല്‍ വാദികളും കൂടിയാണ്. 1967 -ല്‍ ഒമ്പത് അംഗങ്ങളുടെ നേതാവായി പ്രതിപക്ഷത്ത് ഒതുങ്ങിക്കൂടിയ കെ. കരുണാകരനാണ് ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്തത്. 1995 -ല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു വലിച്ചു താഴെയിടും വരെ കരുണാകരന്‍ തന്നെയായിരുന്നു യുഡിഎഫിന്‍റെ അനിഷേധ്യ നേതാവ്.

മുസ്ലിം ലീഗ് നേതാക്കളൊക്കെയും, പ്രത്യേകിച്ച്, പി.കെ കുഞ്ഞാലിക്കുട്ടി, എക്കാലത്തും കരുണാകരനുമായി ഏറ്റവും അടുപ്പമുള്ളവരുമായിരുന്നു. പക്ഷെ കരുണാകരനെതിരെ ആന്‍റണി പക്ഷവും തിരുത്തല്‍ വാദികളും യുദ്ധം കടുപ്പിച്ചപ്പോള്‍ അതിനു നേതൃത്വം നല്‍കിയ ഉമ്മന്‍ ചാണ്ടി ആദ്യം ശ്രദ്ധിച്ചത് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു.

തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചത് കുഞ്ഞാലിക്കുട്ടിയെയും. പിന്നെ കെ.എം മാണി, ആര്‍. ബാലകൃഷ്ണപിള്ള എന്നിങ്ങനെ. കോണ്‍ഗ്രസിലെതന്നെ നിസമസഭാകക്ഷിയംഗങ്ങളില്‍ കരുണാകരനോടൊപ്പം നിന്ന പലരെയും ഉമ്മന്‍ ചാണ്ടി വലയിലാക്കിയപ്പോഴേയ്ക്ക് കരുണാകരന്‍റെ കാലിനടിയില്‍ നിന്ന് മണ്ണെല്ലാം ഒഴുകിപ്പോയിരുന്നു.

പിന്നെ കാര്യങ്ങളൊക്കെ ഉമ്മന്‍ ചാണ്ടിയുടെ നിയന്ത്രണത്തിലായി. യുഡിഎഫ് നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒരു വശത്ത് കെ.എം മാണിയും മറുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും നിലയുറപ്പിച്ചു. ആ കുട്ടുകെട്ടു തകര്‍ക്കുക രമേശ് ചെന്നിത്തലയുടെ ആവശ്യമായിരുന്നു.

മാണിയുടെ മകന്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് നേരത്തേ തന്നെ മുന്നണി വിട്ടു. പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍. കെപിസിസി അധ്യക്ഷനായി കെ. സുധാകരനും. ഇനി കുഞ്ഞാലിക്കുട്ടിക്ക് ഈ അച്ചുതണ്ടില്‍ സ്ഥാനമുണ്ടാകുമോ ?

ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ലീഗിനെ ശക്തമായ നിലയില്‍ ഉറപ്പിച്ചു നിര്‍ത്തിയത് കുഞ്ഞാലിക്കുട്ടിയുടെ മികവുതന്നെയാണെന്നുമോര്‍ക്കണം. കുഞ്ഞാലിക്കുട്ടിക്കെതിരെ പോര്‍വിളി മുഴക്കുന്നവര്‍ക്കാര്‍ക്കും ലീഗ് എന്ന പാര്‍ട്ടിയെ കൊണ്ടുനടക്കാനുള്ള ശേഷിയുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ലീഗിന്‍റെ വളര്‍ച്ചയില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി കുഞ്ഞാലിക്കുട്ടി വഹിച്ച പങ്കു വളരെ വലുതു തന്നെയാണ്. ഇനിയെന്ത് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതു കടുത്ത ചോദ്യം തന്നെ.

×