മലയാള സിനിമയുടെ സമവാക്യങ്ങൾ മാറി മറിയുന്നു ! ട്വന്റി – ട്വന്റിക്ക് പകരം ‘തെണ്ടി-തെണ്ടി ‘ ഉടന്‍. തിരക്കഥ ഇങ്ങനെ !!

കന്നാസും കടലാസും
Tuesday, June 12, 2018

മലയാള സിനിമയുടെ സമവാക്യങ്ങൾ മാറി മറിയുന്നു . അമ്മയും മഴവില്ലും ചേർന്നുകൊണ്ട് മറ്റൊരു സിനിമക്ക് പ്ലാനുകൾ അരങ്ങേറുമ്പോൾ ഫാൻസുകൾ അന്തം വിട്ടു നിന്ന് മൾട്ടിപ്ളെക്സ് തിയറ്ററുകളിലൂടെ കാഴ്ചകൾ കാണേണ്ടി വരുന്ന സീനുകളാണ് അമ്മയുടെ പുതിയ സിനിമയിൽ അവതരിപ്പിക്കുന്നത് . മറ്റൊരു ട്വന്റി – ട്വന്റി സിനിമക്ക് കൂടി സാധ്യത തെളിഞ്ഞു വന്നിരിക്കുന്നതിനാൽ നിർമ്മാണത്തിനായി കൊച്ചിയിലെ രണ്ട് പ്രമുഖർ പിടി മുറുക്കിയിരിക്കുന്നു .

ജനപ്രിയൻ പഴയതും പുതിയതുമായ പുട്ടുകച്ചവടങ്ങളൊക്കെ നിർത്തി മര്യാദരാമനായി വന്നിരിക്കുന്നതിനാൽ നിർമാണം ജനപ്രിയനു തന്നെ . പക്ഷെ ഇനിയിപ്പോൾ ട്വന്റി – ട്വന്റി പേര് കിട്ടാത്തതുകൊണ്ട് ‘തെണ്ടി-തെണ്ടി ‘ എന്നാണ് ജനപ്രിയൻ സിനിമക്ക് പേര് നിർദ്ദേശിച്ചിരിക്കുന്നത് .

ഇതിന്നടിയിൽ ഓണത്തിന്നിടക്ക് പൂട്ട് കച്ചവടം പോലെ ഇടുക്കി ഗോൾഡിന്റെ സൂത്രധാരകൻ അബുദാബിയിലെ ചില പാവപ്പെട്ട സിനിമാപ്രേമികളുടെ പണവുമായി നിർമ്മാണത്തിന് തയാറാണെന്ന് വിമൻസ് കളക്ടീവ് മുഖേന അറിയിച്ചിരിക്കുന്നു . ’25 – 25′ എന്നാണ് സൂത്രധാരകൻ നിർദ്ദേശിച്ചിരിക്കുന്ന പുതിയ പേര് .സിനിമയുടെ പശ്ചാത്തലം ‘തള്ള മഴവില്ല് ‘ എന്നൊരു ഗമണ്ടൻ സ്റ്റേജ് ഷോ തന്നെ . ( ‘അമ്മ തിരോന്തരത്ത് എത്തിയപ്പോൾ തള്ളയായി )

സിനിമാക്കഥ തുടങ്ങുന്നതിനുമുമ്പ് ഒരു അറിയിപ്പ് : ഈ സിനിമ തികച്ചും സങ്കല്പികമല്ല , ഇതൊരു സത്യാന്വേഷണമാണ് , ഇതിലെ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരായി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും മനപ്പൂർവമാണ് . ഇനി ഇതിന്റെ പേരിൽ ആരെയും ഒലത്തിക്കളയാം എന്ന് ആരും കരുതുകയും വേണ്ട .

സീൻ 1 : ഫ്ലാഷ്ബാക്ക് മ്യുസിക് : ഭയങ്കരമാണ രാത്രി , കുരുകുരാ ഇരുട്ട് , തൃശൂരിൽ നിന്നും ഒരു പ്രമുഖ നടി കൊച്ചികാണുവാൻ പുറപ്പെടുന്നു , മാഷാ അള്ളാ എന്ന സ്റ്റിക്കർ ഇല്ലാത്ത ഒരു ഇന്നോവ കാറിൽ അങ്കമാലിക്കടുത്ത് നടി ഇറങ്ങി , പിന്നെ കുറച്ചു കഴിഞ്ഞു നേരം വീണ്ടും ഇരുട്ടിയപ്പോൾ പിന്നെയും ഇന്നോവയിൽ കയറി യാത്ര തുടങ്ങി . ഇടപ്പള്ളി എത്താറായപ്പോൾ ഒരു ടെമ്പോ ട്രാവലറിൽ രണ്ടുമൂന്നുപേർ ചേർന്ന് ഇന്നോവയെ തടുത്തു നിർത്തുകയും അതിലേക്ക് കയറുകയും ചെയ്യുന്നു , ചീവീടുകൾ കരയുന്നു , തവളകളും കൂടെ കരയുന്നു .

സീൻ 2 : കൊച്ചിയിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് , കേരളത്തിലെ സകലമാന സിനിമ നടന്മാരും നടിമാരും ഒത്തൊരുമിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു , കരയുന്ന നടന്മാർ , ചിരിക്കുന്ന കാട്ടാളന്മാർ , തലക്ക് കൈ കൊടുത്ത് ഇരിക്കുന്ന നടിമാർ , ചിലർ നിരാഹാര സത്യാഗ്രഹം പ്രഖ്യാപിക്കുന്നു . എല്ലാവർക്കും ഒരേയൊരു ആവശ്യം അറസ്റ്റ് . യോഗശേഷം എല്ലാവരും അവരവരുടെ ഇന്നോവയിൽ വീട്ടിലേക്ക് മടങ്ങുന്നു . ഫ്ലാഷ് ബാക്ക് മ്യുസിക്ക് അവസാനിക്കുന്നു .

സീൻ 3 : കേരളത്തിലെ ഒരു പ്രമുഖ ചാനൽ പത്ര മുതലാളിയുടെ ബംഗ്ലാവ് . മുതലാളി മടിയൻ കസേരയിലിരുന്ന് ചുരുട്ട് വലിക്കുന്നു . ഒന്ന് രണ്ട് ചാനൽ കിങ്കരന്മാർ ഓച്ഛാനിച്ച് നിൽക്കുന്നു . ” മറ്റേ ചാനലുകാർ റേറ്റിങ് കൂട്ടികൊണ്ടിരിക്കുന്നു , നമ്മൾ ഇങ്ങനെ പോയാൽ നിങ്ങളെയൊക്കെ പിരിച്ചു വിടേണ്ടി വരും ” മുതലാളി ചുരുട്ട്വ ആഞ്ഞു വലിച്ചുകൊണ്ടു വിരട്ടുന്നു .

” നായർ ആള് മോശമല്ല , അങ്ങേര് എആർ റഹ്മാനെയാണ് കൊച്ചിയിൽ ഇറക്കുന്നത് , അതും പുളിക്കന്റെ പാടത്ത് ” . ചുരുട്ടിന്റെ പുക മുറിയിൽ നിറയുന്നു . ” അപ്പൊ പിന്നെ അതിന്റെ മേലെ വരണം നമ്മുടെ കളികൾ . ഒപ്പം റേറ്റിങ്ങും ,നമ്മുടേത് നടക്കുകയും വേണം മറ്റവന്മാരുടേത് കൊളമാകുകയും വേണം , അതിനുള്ള ഏർപ്പാടുകൾ ചെയ്യു ”

സീൻ 4 : കൊച്ചിയിലെ കടവന്ത്രയിലെ പ്രാഞ്ചിയേട്ടന്റെ വീട് . പ്രാഞ്ചിയേട്ടൻ വീടിന്റെ ഉമ്മറത്തിരുന്ന് നെഞ്ചിലേയും കയ്യിലേയും നരച്ച രോമങ്ങളെ പല്ലുതേക്കുന്ന ബ്രഷ് ഉപയോഗിച്ച് കറുപ്പ് നിറം പൂശുന്നു . മുത്തശ്ശി പത്രത്തിന്റെ ആളുകൾ രണ്ടു പേര് പ്രാഞ്ചിയേട്ടൻറെ പടി തുറന്ന് മെല്ലെ അകത്തേക്ക് കടക്കുന്നു . അവരെ കണ്ടതോടെ പ്രാഞ്ചിയേട്ടൻ അകത്തേക്ക് വലിയുന്നു .

പിന്നെ വരവ് സേതുരാമയ്യർ സ്റ്റൈലിൽ . ” എന്താടോ , ചാനലൊക്കെ എങ്ങനെ പോകുന്നു , ഞങ്ങളുടെ പാർട്ടി ചാനലിനെ നിങ്ങൾ തീരെ ഇല്ലാതാക്കിയല്ലോ ? ” . ” ഇക്ക ഞങ്ങളെ ഒന്ന് സഹായിക്കണം , ഇത്തവണത്തെ ‘അമ്മ ഷോ ഞങ്ങൾക്ക് തന്നെ തരണം ” . ഉറക്കെ ചിരിച്ചുകൊണ്ട് ഇക്ക ” ഷോയൊക്കെ തരാം , പക്ഷെ ആരെ
പൊക്കണം ആരെ താഴ്ത്തണം എന്നുള്ളത് ഞാൻ തീരുമാനിക്കും , ഒക്കെ ആണെങ്കിൽ മുദ്രപത്രം തയാറാക്കിക്കോളൂ ”

സീൻ 5 : പനമ്പിള്ളി നഗറിലെ ഒരു വീട് .വിമൻസ് കളക്ടീവിന്റെ ഓഫിസ് .ലംബോർഗിനി കാർ വന്നു നിൽക്കുന്നു . പെണ്ണുങ്ങളെല്ലാം ആർത്തിയോടെ കാറിന്നരിലേയ്ക്ക് . പെട്ടെന്ന് ഡോറുകൾ മേലോട്ട് പൊന്തുമ്പോൾ അന്തം വിട്ടുകൊണ്ട് നന്പീശനും കാനഡക്കാരിയും .
നൃത്താധ്യാപിക കെട്ടിയോനുമായോ വേറെ ആരോടോ എന്നറിയില്ല ഫോണിലൂടെ ശ്രുംഗാരം . വാര്യർ സിനിമ അവസരങ്ങൾ കൂടുതൽ ലഭിക്കുവാൻ ഒരു ജ്യോത്സ്യനുമായി അടച്ചിട്ട മുറിയിൽ . ലംബോര്ഗിനിയിൽ വന്ന സ്ത്രീയുമായി ഇംഗ്ലീഷിൽ സംസാരിക്കുന്ന കാഞ്ചനമാല .

അമ്മയുടെ ഷോയുമായി ബന്ധപ്പെട്ട കലാപരിപാടികൾ ആസൂത്രണം ചെയ്യുവാനുള്ള മീറ്റിങ്ങിനാണ് എല്ലാവരും എത്തിച്ചേർന്നിരിക്കുന്നത് .
ഇൻസ്‌പെക്ടർ ബിജു സിലോണിൽ നിന്നും സ്കൈപ്പിലും ആലപ്പുഴക്കാരൻ കയ്യെത്തും ദൂരത്തുനിന്നും പ്ലാനുകൾ ചെയ്യുന്നു .

സീൻ 6 : ഒടിയനും പ്രാഞ്ചിയേട്ടനും അമ്മയുടെ എംപിയും അമ്മയുടെ ശിങ്കിടി ഇടവേളയും ഒരുമിച്ചുള്ള ഗൂഢാലോചന . അടുത്ത തിരഞ്ഞെടുപ്പാണ് വിഷയം . ലോക്സഭയല്ല അമ്മയുടെ സഭയാണ് ചർച്ചയിൽ . ” നമ്മുക്ക് ഈ സ്ഥാനങ്ങൾ തിരിച്ചും മറിച്ചും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ച് കളിക്കാമെന്നേയ് ” എംപിയുടെ അഭിപ്രായം . കുറെ ചെക്കന്മാരും പെൺകിടാങ്ങളും ഇറങ്ങീട്ടുണ്ട് , അവരെയൊക്കെ ഇത്തവണയും ഒതുക്കണം ” . ”മേമ്പൊടിക്ക് ഒന്ന് രണ്ടുപേർക്ക് നമ്മുക്ക് എന്തൊങ്കിലുമൊക്കെ സ്ഥാനമാനങ്ങൾ കൊടുത്ത് ഒതുക്കാം” ഒടിയന്റെ അഭിപ്രായം എല്ലാവര്ക്കും ഇഷ്ടായി .റേഞ്ച് റോവറിലെ 369 ഇൽ എല്ലാവരും കയറുന്നു .

സീൻ 7 : ഫൈവ്സ്റ്റാർ ഹോട്ടലിലെ ബാൾ റൂം , അമ്മയുടെ റിഹേഴ്സൽ : ഒരു കൂട്ടർ കുശലം പറയുന്നു , ഒരു കൂട്ടർ വാട്സാപ്പിൽ , ഒരു കൂട്ടർ നൃത്ത പരിശീലനം , ഒരു കൂട്ടർ തമാശകളി . നൃത്തം പരിശീലിക്കുന്ന ഒടിയൻ . നൃത്തം പരിശീലിക്കുവാൻ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടൻ , അവരെ കളിയാക്കുന്ന എംഎൽഎ . വളിപ്പുകളുമായി കോമഡിക്കാർ .സംവിധായകൻ വരുന്നു .

നരച്ച താടിയുമായി . . എല്ലാവരും അക്ഷമരായി കാത്തുനിൽക്കുന്നു . ഷാർജ ഷോയിൽ എല്ലാവര്ക്കും തുല്യ പ്രധാനമായിരുന്നു എന്നതാണ് ഏവരുടെയും ആശ്വാസം .സുപ്രധാന സ്കിറ്റ് പുറത്തെടുക്കുന്നു . അലാവുദ്ധീനും ആലമ്പനയും തമ്മിലുള്ള സ്കിറ്റായിരുന്നു മുഖ്യം . കോമഡിക്കാരൊക്കെ റെഡിയായി നിൽക്കുന്നു .
പെട്ടെന്ന് ലംബോർഗിനിയും ഇൻസ്‌പെക്ടർ ബിജുവും മഹേഷും പ്രതികാരം ചെയ്യാനെന്നോണം സംവിധായകന്റെ കയ്യിൽ നിന്നും സ്ക്രിപ്റ്റ് പിടിച്ചുവാങ്ങുന്നു . മഹേഷ് സ്ക്രിപ്റ്റുമായി ഓടുന്നു .

സീൻ 8 : ലംബോർഗിനി പാഞ്ഞു പോകുന്നു , പിന്നാലെ രണ്ടു ഇന്നോവ കാറുകൾ , ഒരു പുഴവക്കിൽ എല്ലാവരും ഒത്തു ചേരുന്നു . മഹേഷ് സ്ക്രിപ്റ്റ് വെളിയിൽ എടുക്കുന്നു , ലംബോർഗിനി അത് വായിച്ചു നോക്കുന്നു . പരസ്പരം എന്തൊക്കെയോ രഹസ്യങ്ങൾ പങ്കുവെക്കുന്നു , മഹത്തായ ഒരു ഗൂഢാലോചന . ലംബോര്ഗിനിയുടെ ചേട്ടൻ കാരണവർ സ്ക്രിപ്പ്റ്റ് പുഴയിൽ ഒഴുക്കി കളയുന്നു . മഹേഷ് എന്തോ പുകക്കുന്നു .
എല്ലാവരും എന്തൊക്കെയോ കുശുകുശുക്കുന്നു , പിന്നെ വണ്ടികൾ സ്റ്റാർട്ട് ചെയ്തു .

സീൻ 9 : ഫൈവ് സ്റ്റാർ ഹോട്ടലിലെ ബാൾ റൂം , എല്ലാവരും അണ്ടിപോയ അണ്ണാനെ പോലെ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കുന്നു , ഒടിയൻ ഒറ്റയാനെപ്പോലെ വിറക്കുന്നു . പ്രാഞ്ചിയേട്ടൻ ഐ ഫോൺ ടെൻ ന്റെ മഹത്മ്യം നടിമാർക്ക് പങ്കുവെക്കുന്നു . സംവിധായകൻ ചാനലുകാരുമായി കൂലം കുഷമായ ചർച്ച . ചാർളി വാട്സാപ്പിൽ വീഡിയോ കാണുന്നു .

പെട്ടെന്ന് വാതിൽ തള്ളിതുറന്നുകൊണ്ടു ലംബോര്ഗിനിയും മഹേഷും ആക്ഷൻ ഹീറോ ബിജുവും ചേട്ടൻ ലംബോര്ഗിനിയും കടന്നുവന്നു . ഈ സ്ക്രിപ്റ്റ് മാറ്റിയില്ലെങ്കിൽ ഷോ കുളമാക്കുമെന്നുള്ള ഭീഷണി . ” പോ മോനെ മഹേശാ” ഒടിയൻ മുന്നോട്ട് വന്നു ചാർളിയെ ചേർത്തുപിടിച്ചു പറഞ്ഞു . ” ഇവനാണ് താരം , ഇവനെ ഒഴിവാക്കി ഇവിടെ ഒരു മണ്ണാങ്കട്ടയും നടക്കില്ല , ഞാൻ ജീവിച്ചിരിക്കുമ്പോൾ ” . ഒപ്പം കസബ നടി ചാർളിയുടെ അപ്പന്റെ കൂടെ കൂടി . ശരിക്കും പ്രാഞ്ചിയേട്ടൻ ഞെട്ടി .

സീൻ 10 : കിഴക്കേ കോവിലകത്തെ ചന്ദ്രൻ നമ്പൂതിരിയുടെ മന . ഒരു വെളുത്ത ബിഎംഡബ്ള്യു കാറിൽ സല്ലാപം നടി വന്നിറങ്ങുന്നു . മെല്ലെ മനയിലേക്കു പ്രവേശിക്കുന്നു . തളത്തിൽ ചന്ദ്രൻ നമ്പൂതിരി കബഡി നിരത്തുന്നു . ആകാംഷയോടെ നടി ധ്യാനത്തിനെന്ന പോലെ ഇരിക്കുന്നു .

” ദൈവാധീനം ഇച്ചിരി കുറവാ കുട്ടീ , വിവാഹമോചനം നടക്കുവാൻ പാടില്ലാത്തതായിരുന്നു , കുട്ടിക്കെതിരെ പുത്തൂരിലെ അമ്പലത്തിൽ ഒരു സ്ത്രീ നേർച്ച നേർന്നിട്ടുള്ളതായി പ്രശ്‌നത്തിൽ കാണുന്നു , അത് പരിഹരിക്കണമെങ്കിൽ ശതൃപൂജ നടത്തണം ” . നടിയുടെ കണ്ണുകളിൽ ഈറൻ . ” ഇനിയെന്നാ ഇങ്ങോട്ടു വരാൻ സാധിക്യാ ?” .

നമ്പൂതിരിയുടെ ചോദ്യത്തിന് നടിയുടെ മറുപടി ” അമ്മയുടെ ഷോ കഴിയണം , അതുവരെ സ്വൽപ്പം തിരക്കിലാ ” . ” ഷോനടന്നാലും ഇല്ലെങ്കിലും കുട്ടിക്കൊന്നും വലിയ പ്രാധാന്യം ഒന്നുമില്ല , അങ്ങനെയാ പ്രശ്‌നത്തിൽ കാണുന്നത് , എന്തായാലും വേഗം പരിഹാരം കണ്ടോളൂ ” നമ്പൂതിരിയുടെ വാക്കുകളിൽ തീഷ്ണത .

സീൻ 11 : തിരോന്തരം സ്റ്റേഡിയം , നിറഞ്ഞു കവിഞ്ഞ ജനങ്ങൾ , ചരിത്രത്തിലെ ഒന്നാം നമ്പർ സ്റ്റേജ് സെറ്റപ്പ് , ഏറെ കാത്തിരിപ്പിന് ശേഷം ഷോ തുടങ്ങുന്നു , സ്റ്റേജിൽ അറുപത്തഞ്ച് കഴിഞ്ഞ ചെറുപ്പക്കാരൻ പ്രാഞ്ചി , മലയാളത്തിൽ എന്തൊക്കെയോ പറയുന്നു , പിന്നെ കൂട്ടുകാരൻ പെട്ട തലയൻ മൈക്കുമായി വരുന്നു , കുറെ കിളവന്മാരെയും കിളവികളെയും ആദരിക്കുന്നു .

അതുകഴിഞ്ഞായി ടിവിയിലെ വെടിക്കെട്ട് , പെട്ടെന്ന് ഒരു പയ്യൻ കാർപ്പറ്റിൽ പറന്നുവരുന്നു , ജനങ്ങൾ ആവേശത്തോടെ ആർപ്പു വിളിക്കുന്നു . പെൺകിടാങ്ങക്ക് നാണം വരുന്നു . പയ്യന്റെ കാർപ്പറ്റിനു തീ പിടിക്കുന്നു , പയ്യൻ തീ കെടുത്തുവാൻ നോക്കുന്നു , അലമ്പനയും വരുന്നില്ല , ആകെ അലമ്പാവുന്ന അവസ്ഥയിൽ താഴേക്ക് ചാടുന്നു .

സീൻ 12 : നമ്മുടെ ഡിജിപിയുടെ ഡ്യുപ്പും ബോൾഗാട്ടിയും കണാരേട്ടനും പിഷുവും താഴെ വീണ പയ്യനെ സോപ്പിടുവാൻ ശ്രമിക്കുന്നു . അവന്റെ അപ്പന്റെ പേരൊക്കെ പറഞ്ഞുനോക്കിയെങ്കിലും പയ്യൻ കൂട്ടാക്കുന്നില്ല. അവൻ അലാവുദ്ധീനാണത്രെ , പെട്ടെന്ന് അവിടേക്ക് അലമ്പനായി ഒടിയൻ എത്തുന്നു , പിന്നെ പ്രാഞ്ചിയേട്ടനും ഒക്കെ എത്തുന്നു . പ്രാഞ്ചി പറക്കുന്ന കാർപെറ്റ് ഓസിക്ക് കിട്ടുമോന്ന് ശമിച്ചെങ്കിലും നടക്കുന്നില്ല .

അവസാനം തന്റെ നൃത്തത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് എല്ലാറ്റിനെയും അവിടെ നിന്നും തുരത്തുന്നു . കാണികൾ കയ്യടിക്കുന്നു . ഒപ്പം കയ്യടികളുമായി ഓഡിയൻസിൽ നിന്നും ലംബോര്ഗിനിയും , ചേട്ടനും മഹേഷും ആക്ഷൻ ഹീറോ ബിജുവും . കർട്ടൻ വീഴുന്നു പടം അവസാനിക്കുന്നു .

(വാൽക്കഷണം : ഇത് കേരളമാണ് , ഇവിടെ കുറെ താപ്പാനകൾ ജീവിക്കുന്നു , കോൺഗ്രസ്സിലായാലും , കമ്മ്യുണിസ്റ്റിലായാലും , സിനിമയിലായാലും , സാമൂഹ്യ പ്രവർത്തകരിലായാലും കളളന്മാരിൽ ആയാലും . അവർ വിചാരിക്കുന്നിടത്തേക്കേ കാര്യങ്ങൾ നീങ്ങുകയുളളൂ .)

 

×