Advertisment

അമ്മമധുരം

author-image
സത്യം ഡെസ്ക്
New Update

ഇന്ന് എന്റെ പിറന്നാളാണ്. നാല്പതുകളിലെ അവസാന പിറന്നാൾ. രാവിലെ അമ്മ കുളിച്ചു കുറിതൊട്ട് ഇരിക്കുന്നത് കണ്ടാൽ അറിയാം ഇന്ന് എന്തോ വിശേഷം ഉണ്ട്‌. അല്ലെങ്കിൽ ജോലികൾ എല്ലാം തീർന്നിട്ടേ കുളിക്കൂ.

ഇന്ന് എന്താ അമ്മേ വിശേഷം...

ഇന്ന് നിന്റെ പിറന്നാളാണ്.

Advertisment

publive-image

രണ്ടോ മൂന്നോ കറികൾ കൂട്ടി വാഴയിലയിൽ ഒരൂണ്. അന്നത്തെ കറികൾക്ക് ഒരു പ്രത്യേക രുചിയും മണവും ആണ്.തികഞ്ഞ ഈശ്വര വിശ്വാസി ആണെങ്കിലും അമ്പലത്തിൽ പോക്ക് കുറവാ . ദൈവം എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനു അമ്പലത്തിൽ പോകണം. കല്യാണം കഴിഞ്ഞ് ഞാൻ പോന്നതിനു ശേഷം എല്ലാ പിറന്നാൾ തലേന്നും അമ്മ വിളിക്കും.

ദേ രാവിലെതന്നെ ഒന്ന് കുളിക്കണോട്ടോ മാംസാഹാരം ഒന്നും കഴിക്കരുത് നാളെ നിന്റെ പിറന്നാളാണ്.

പിന്നീട് അങ്ങനെയായി എന്റെ പിറന്നാളുകൾ. ഞാനും അമ്മയും മാത്രം അറിയുന്ന പിറന്നാളുകൾ.

മക്കളുടെയും കൊച്ചുമക്കളുടെയും പിറന്നാൾ ദിനങ്ങൾ മുടങ്ങാതെ ഓർമ്മിപ്പിക്കുന്ന അമ്മയുടെ പിറന്നാൾ ഒരിക്കൽ പോലും ഞാൻ ഓർത്തിട്ടില്ല. അമ്മയ്ക്ക് അതിൽ പരിഭവവും ഇല്ല.

നിനക്ക് തിരക്കല്ലേ സാരമില്ല...

എന്റെ കാര്യങ്ങൾ ഞാൻ ഓർത്തു വെക്കാറില്ല, എനിക്കറിയാം എന്റെ അമ്മയലാറം വിളിക്കുമെന്ന്. ഇന്നത്തെ എന്റെ പിറന്നാളിന് ഒരു പ്രത്യേകത ഉണ്ട്‌. ഇത് ഞാൻ ഓർത്തുവെച്ച പിറന്നാളാണ്. കാരണം എന്റെ അമ്മയലാറം പോയിട്ട് ഒരു വർഷം തികയുന്നു.

ഏതു വിഷമഘട്ടത്തിലും ഒരു ഫോൺ വിളിയിൽ അല്ലെങ്കിൽ ഒരു കൂടിക്കാഴ്ചയിൽ.... അപ്പോൾ എന്ത്‌ വേണം നിനക്ക്.. എന്ന ഒറ്റച്ചോദ്യത്തിൽ കൂടി കാര്യം പരിഹരിച്ചു തരും. അതായിരുന്നു ധൈര്യവും. ഇപ്പോൾ ആ ധൈര്യം മൊത്തം ചോർന്നുപോയി. നടുക്കടലിൽ പെട്ട കുട്ടിയായി ഞാൻ. കാണുമ്പോൾ വലിയ സ്നേഹപ്രകടനം ഒന്നും ഇല്ലെങ്കിലും ആ മനസ്സിൽ മുഴുവൻ സ്നേഹം ആയിരുന്നു.

കാണാൻ കൊതിയുണ്ടമ്മേ.....

പണ്ട് സ്വപ്‌നങ്ങൾ എനിയ്ക്ക് പേടിയായിരുന്നു. വലിയ ഗർത്തത്തിലേക്ക് വീഴുന്നതും, ഓടിയോടി എങ്ങുമെത്താതെ ഓടുന്നതും ഒക്കെയായിരുന്നു സ്വപ്‌നങ്ങൾ.

ഇരുപതു വയസ്സിലും ഞാൻ ഒരുറക്കം കഴിയുമ്പോൾ അമ്മയുടെ മുറിയുടെ വാതിൽക്കൽ കാണും.

അമ്മേ ഞാൻ കൂടെ കിടന്നോട്ടെ...

വാ ഇവിടെ കിടന്നോ..

കാര്യം പറയാതെ തന്നെ അമ്മയ്ക്ക് മനസ്സിലാകും.

ഇപ്പോൾ എനിക്ക് സ്വപ്‌നങ്ങൾ ഇഷ്ടമാണ്. എപ്പോഴെങ്കിലും സ്വപ്നത്തിൽ അമ്മ ഒന്ന് വന്നാലോ എന്റെ ഒത്തിരി സമസ്യകൾക്ക് പരിഹാരം കാണാനുണ്ട്.

ഇന്ന് എന്റെ പിറന്നാളാണ്.

അമ്മ ഇന്നലെ എന്നെ ഓർമ്മിപ്പിച്ചുവോ...

എന്നെ വിളിച്ചുവോ...

എന്തോ വിളിച്ചപോലെ ഒരു തോന്നൽ.

കൊതിയുണ്ടമ്മേ സ്വപ്‌നത്തിലെങ്കിലും ഒന്ന് കാണാൻ....

 

Dr. സിന്ധു നായർ

ammamaduram story
Advertisment