Advertisment

തികച്ചും നിലവാരമില്ലാത്ത ചിന്താ ജറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിച്ച് ബിരുദം റദ്ദ് ചെയ്യുകയാണ് വേണ്ടത്; ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും പരിശോധനാ വിധേയമാക്കണം; പരിശോധന നടത്തുന്നത് സഖാക്കൻമാരുടെ കമ്മിറ്റി ആകരുത് ! വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി വേണം പരിശോധിക്കാൻ- പ്രതികരണത്തിൽ തിരുമേനി

New Update

publive-image

Advertisment

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അപചയത്തിന്റെ അവസാനത്തെ ഉദാഹരണമാണ് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജറോമിന്റെ ഗവേഷണ ബിരുദവുമായി ബന്ധപ്പെട്ട വിവാദം. ഇത് കേരള സർവകലാശാലയ്ക്ക് വരുത്തി വച്ച നാണക്കേട് ചില്ലറയല്ല.

ചിന്താ ജറോമിന്റെ ഗവേഷണപ്രബന്ധം കോപ്പിയടി ആണെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. വിഡ്ഢിത്തങ്ങളുടെ ഒരു ഘോഷയാത്രയാണ് ഇതിലുള്ളത്. ചങ്ങമ്പുഴ കവിതയായ വാഴക്കുല വൈലോപ്പിള്ളി കവിതയാക്കി ചിത്രീകരിച്ചത് ഇതിലെ ഒരു തെറ്റ് മാത്രം.


കേരള സർവകലാശാലയുടെ പ്രോ വൈസ് ചാൻസ്ലർ ആയിരുന്ന ഡോ. അജയകുമാറിന്റെ കീഴിലാണ് ചിന്ത ജറോം ഗവേഷണം നടത്തിയത്. ഡോ. അജയകുമാർ ഇത് വായിച്ചിട്ടില്ല. അല്ലെങ്കിൽ ഡോ. അജയകുമാറിന് ഗൈഡ് ചെയ്യാനുള്ള നിലവാരം ഇല്ല. രണ്ടും ഒരുപോലെ അപകടകരമാണ്.


ഇന്ത്യയിലെ തന്നെ മുൻ നിരയിലുള്ള ഒരു സർവകലാശാലയുടെ ഗതികേട് ആണ് ഇത്. പ്രബന്ധത്തിലെ ഇത്തരം വീഴ്ചകൾ കണ്ടുപിടിക്കപ്പെട്ടില്ല എന്നത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. പ്രബന്ധം സമർപ്പിച്ച് കഴിഞ്ഞാൽ മൂന്ന് എക്സാമിനർമാരാണ് പരിശോധിക്കുക.

ഇവരിൽ ഒരാൾ കേരളത്തിൽ നിന്നുള്ള ആളായിരിക്കും. മറ്റ് രണ്ടു പേർ കേരളത്തിൽ നിന്ന് പുറത്ത് ഉള്ളവരായിരിക്കും. ഇതിൽ ഒരാൾ ബോർഡ് ചെയർമാൻ ആയിരിക്കും. പരിശോധന കഴിഞ്ഞാൽ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ ഓപ്പൺ ഡിഫൻസ് നടത്തണം. പിന്നീടാണ് സിൻഡിക്കേറ്റ് ഗവേഷണ ബിരുദം അംഗീകരിച്ച് തീരുമാനം എടുക്കുന്നത്.


മൂന്ന് പരിശോധകരെ തീരുമാനിക്കുന്നത് വൈസ് ചാൻസലർ ആണ്. പത്ത് പേരുടെ പാനലിൽ നിന്നും മൂന്ന് പേരെ തിരഞ്ഞെടുക്കുന്നു. ഇതാണ് ഗവേഷണ ബിരുദം നൽകാനുള്ള നടപടിക്രമം എന്നിരിക്കെ ഇതിലെല്ലാം വെള്ളം ചേർക്കാമെന്ന് തെളിയിച്ച ദൃഷ്ടാന്തമാണ് ചിന്തയുടേത്.


ഡോ.അജയകുമാറിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും പരിശോധനാ വിധേയമാക്കണം. പരിശോധന നടത്തുന്നത് സഖാക്കൻമാരുടെ കമ്മിറ്റി ആകരുത്. വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി വേണം പരിശോധിക്കാൻ.

തികച്ചും നിലവാരമില്ലാത്ത ചിന്താ ജറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിച്ച് ബിരുദം റദ്ദ് ചെയ്യുകയാണ് വേണ്ടത്. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ , പ്രോ വൈസ് ചാൻസലർ , പരീക്ഷാ കൺട്രോളർ ,രജിസ്ട്രാർ , സിൻഡിക്കേറ്റ് അംഗങ്ങൾ ഇവരെല്ലാം സഖാക്കൻമാരാണ്.


ഇവരെല്ലാം കൂടി വിചാരിച്ചാൽ തോറ്റവൻ ജയിക്കും ജയിച്ചവൻ തോൽക്കും പിന്നെ എന്ത് അഴിമതിയും നടക്കും. കേരളത്തിലെ ഒരു സർവകലാശാലയിലും ഉന്നത നിലവാരമുള്ള ഗവേഷണം നടക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചോദ്യം ചെയ്താൽ അവനെ ഭേദ്യം ചെയ്യും .


കേരളത്തിലെ ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അടിസ്ഥാനപരമായി ഒന്നുമറിയില്ലേ ? ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മന്ത്രി ആർ. ബിന്ദുവിന് ഒരു ധാരണയുമില്ലേ ? സ്വജനപക്ഷപാതത്തിന്റേയും തോന്നിവാസത്തിന്റേയും അഴിമതിയുടേയും കൂത്തരങ്ങായി മാറിയിരിക്കുന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല.

Advertisment