Advertisment

ഈ ഹൃദയവിശാലതയും കരുതലും കാണാതിരിക്കാനാകില്ല; ഒറ്റപ്പാലം പൊലീസിന് കേരളജനതയുടെ ബിഗ് സല്യൂട്ട് ..!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഒറ്റപ്പാലം പൊലീസിന് കേരളജനതയുടെ ബിഗ് സല്യൂട്ട് ..! ഈ ഹൃദയവിശാലതയും കരുതലും കാണാതിരിക്കാനാകില്ല. പോലീസുകാരുടെ കരുണയാർന്ന ഇടപെടൽ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.

രണ്ടുദിവസമായി മുഴുപ്പട്ടിണിയിൽ കഴിഞ്ഞ് ആത്മഹത്യയുടെ വക്കിലായ ഒരു നാലംഗ കുടുംബത്തിനെ എല്ലാ അർത്ഥത്തിലും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പി.ആര്‍.ഒ ബിനുവിന് അഭിനന്ദനങ്ങൾ വെറും ഭംഗിവാക്കുകൾ മാത്രമാണ്. കാക്കിക്കുള്ളിലെ ആ നന്മമനസ്സ് ലോകമെല്ലാം അറിയുകയാണ്.

കേരളത്തിലെ മറ്റെല്ലാ പോലീസ് സ്റ്റേഷനുകളിലെയും പോലീസുകാർ ഇതറിയണം. ജനമൈത്രി പോലീസ് എന്നാൽ എന്താണെന്ന് നിങ്ങൾ പലരും മനസ്സിലാക്കണം. സ്റ്റേഷനിലെത്തുന്നവരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്ന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പൊലീസുകാരെ പ്രത്യേകിച്ചും സി ഐ സുജിത് , പി.ആര്‍.ഒ ആർ. ബിനു എന്നിവരെ കണ്ടുപഠിക്കണം.

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള അംഗീകാരം കേന്ദ്ര ആഭ്യന്തരവകുപ്പിൽ നിന്ന് ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ലഭിച്ചത് വെറുതെയല്ലെന്ന് ഇപ്പോൾ ജനത്തിനു മനസ്സിലായിരിക്കുന്നു. ഒറ്റപ്പാലത്തുകാർക്ക് ഇതിൽപ്പരം അഭിമാനം മറ്റെന്തുവേണം. ഉറപ്പായും നീതിനിർവഹണത്തിനും നിയമപരിപാലനത്തിനും മാതൃകയായ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ കേരളത്തിലാണ് എന്നനിലയിൽ കേരളീയർക്കും അഭിമാനിക്കാം.

മനിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം സ്വദേശികളായ കുടുംബത്തിലെ ഗൃഹനാഥയായ അഖിലയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 7000 രൂപ മാസവരുമാനം കൊണ്ടാണ് കേൾവിക്കുറവുള്ള ഭർത്താവും ആറാം ക്‌ളാസിൽ പഠിക്കുന്ന മകളും ഒന്നാം ക്‌ളാസിൽ പഠിക്കുന്ന മകനുമുൾപ്പെടുന്ന കുടുംബം ജീവിച്ചുപോന്നത്. വീട്ടുവാടകയ്ക്കായി തൊഴിൽ സ്ഥാപനത്തിൽ നിന്നും നല്ലൊരു തുക അഡ്വാൻസായി വാങ്ങിയതിനാൽ വരുമാനം പകുതിയിലും താഴെയായി.

കഴിഞ്ഞ രണ്ടു ദിവസമായി വീട്ടിൽ ഭക്ഷണസാധനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ കുട്ടികളും പട്ടിണിയിലായിരുന്നു. വിശന്നു വലഞ്ഞ കുട്ടികളെയും കൊണ്ട് കയ്യിലിരുന്ന ചില്ലറ നാണയത്തുട്ടുകളുടെ സഹായ ത്തോടെ എങ്ങോട്ടെന്ന ലക്ഷ്യമില്ലാതെ അഖില ഒറ്റപ്പാലം ടൗണിലെത്തി. കയ്യിൽ മിച്ചം വന്ന പൈസ നൽകി കടയിൽ നിന്ന് ഒരു ഉഴുന്നുവട വാങ്ങി മുറിച്ച് രണ്ടു മക്കൾക്കുമായി നൽകി. വട ആർത്തിയോടെ വാങ്ങിക്കഴിച്ചുകൊണ്ടിരുന്ന മക്കളെ നോക്കി കണ്ണുനിറഞ്ഞ ആ അമ്മ ഏതോ ഉൾവിളിയോടെ അവരെയും കൂട്ടി നേരെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെത്തി എസ് ഐ യെ കാണണമെന്നാവശ്യപ്പെട്ടു. എസ് ഐ സ്ഥലത്തില്ലാതിരുന്നതിനാൽ പോലീസുകാർ അവരെ സ്റ്റേഷൻ പി.ആര്‍.ഒ ആർ. ബിനുവിനടുത്തെത്തിച്ചു.

രണ്ടുദിവസമായി തങ്ങൾ പട്ടിണിയിലാണെന്നും ആഹാരത്തിന് ഒരു വഴിയുമില്ലെന്നും അഖില ആർ. ബിനുവിനോട് പറഞ്ഞു. അദ്ദേഹം കുട്ടികളെ അടുത്തുവിളിച്ചു ചോദിച്ചപ്പോൾ ഒരു വടമാത്രമാണ് തങ്ങൾ കഴിച്ചതെന്ന അവരുടെ മറുപടികേട്ട് അദ്ദേഹത്തിൻ്റെ ചങ്കു പിടഞ്ഞു. " കുഞ്ഞുങ്ങൾ പറയുന്നതുകേട്ട് ഞാൻ കഴിച്ച ഉച്ചഭക്ഷണം അപ്പാടേ ദഹിച്ചു" എന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

മൂവരെയും കൂട്ടി ഉടൻതന്നെ അദ്ദേഹം പിൻവശത്തുള്ള പോലീസ് മെസ്സിൽ പോയി അദ്ദേഹം തന്നെ ചോറും കറികളും അവർക്കു വിളമ്പിക്കൊടുത്തു. അത്യാർത്തിയോടെ ആ കുട്ടികൾ ആഹാരം കഴിക്കുന്നതുകണ്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെയെല്ലാം വിളിച്ചുകൂട്ടി അവരിൽ നിന്നും സമാഹരിച്ച നല്ലൊരു തുക അഖിലയ്ക്ക് കൈമാറി എല്ലാ സഹായവും തുടർന്നുമുണ്ടാകുമെന്നും എന്ത് ബുദ്ധിമുട്ടുണ്ടായാലും വിളിക്കണമെന്നും കുട്ടികളെ നന്നായി പഠിപ്പിക്കണ മെ ന്നും അവരുടെ തുന്നിവെച്ചിരിക്കുന്ന കുട്ടികളുടെ സ്‌കൂൾ വസ്ത്രങ്ങൾ കടയിൽ നിന്ന് വാങ്ങണമെന്നും നിർദ്ദേശിച്ചാണ്ആർ. ബിനു അവരെ വീട്ടിലേക്ക് സന്തോഷപൂർവ്വം യാത്രയാക്കിയത്. അഖിലയുടെ നമ്പർ വാങ്ങി സ്വന്തം മൊബൈൽ നമ്പരും അദ്ദേഹം നൽകിയിരുന്നു.

പിന്നീട് സി ഐ സജിത്ത് സ്റ്റേഷനിലെത്തിയപ്പോൾ ആർ. ബിനു അദ്ദേഹത്തോട് ഈ വിവരങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ആർ ബിനുവിനെ ഈ സദ്പ്രവർത്തിചെയ്തതിന്റെ പേരിൽ അദ്ദേഹം മുക്ത കണ്‌ഠം പ്രശംസിക്കുകയും തുടർന്ന് ഇക്കാര്യങ്ങൾ പത്ര ദൃശ്യ മാദ്ധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു.

ഇപ്പോൾ ആ കുടുംബത്തിന് സഹായങ്ങളുടെ പ്രവാഹമാണ്.കൂടാതെ ആർ. ബിനുവിനു ലോകമെമ്പാടുനിന്നും ആളുകൾ അഭിമാനന്ദനങ്ങളും അറിയിക്കുന്നുണ്ട്. നാട്ടിൽനിന്നും വിദേശത്തുനിന്നും ഈ കുടുംബത്തിന് സഹായം നൽകാൻ വിളിക്കുന്നവർക്ക് അഖിലയുടെ ഗൂഗിൾ പേ നമ്പർ നൽകി ഒറ്റപ്പാലം പോലീസ് സ്തുത്യർഹമായ സേവനമാണ് നൽകുന്നത്. ചിലരൊക്കെ നേരിട്ടുപോയി അവർക്ക് സഹായം നൽകുന്നുമുണ്ട്.

ഖത്തറിൽ നിന്നുള്ള ചിലർ സ്റ്റേഷനിൽ വിളിച്ച് അഖിലയ്ക്കും കുടുംബത്തിനും ഒരു വീടും സ്ഥലവും വാഗ്ദാനം ചെയ്തതായി ആർ. ബിനു അറിയിച്ചു. എന്തായാലും എല്ലാ സഹായങ്ങളും ആ സാധുകുടുംബത്തിന് തുടരുകതന്നെവേണം. അവർ അതർഹിക്കുന്നു. ഈ നാട് ആ കുഞ്ഞുങ്ങൾക്കും അവകാശ പ്പെട്ടതാണ്.

അഖില രണ്ടുദിവസം മുൻപ് വീണ്ടും ഒറ്റപ്പാലം സ്റ്റേഷനിലെത്തി. തനിക്കും കുടുംബത്തിനും ഒരു പുനർജ്ജന്മം സമ്മാനിച്ച ബിനു സാറിനും സി ഐ ക്കും അകമഴിഞ്ഞ നന്ദി അറിയിക്കാനായിരുന്നു അത്.

പലരും പോലീസ് സ്റ്റേഷനിൽ എത്താൻ മടിക്കുന്ന ഇക്കാലത്തും എന്തുകൊണ്ടാണ് കുട്ടികളുമായി പോലീസ് സ്റ്റേഷനിൽ സഹായത്തിനായി എത്തിയതെന്ന സി ഐ യുടെ ചോദ്യത്തിന്, യുവതിയായ ഒരു സ്ത്രീ വിശപ്പകറ്റാൻ തെരുവിൽ കൈനീട്ടിയാൽ സമൂഹം ഏതു രീതിയിലാകും പ്രതികരിക്കുക എന്നറിയാത്തതുകൊണ്ടും പോലീസ് സ്റ്റേഷനിൽ തനിക്കും കുട്ടികൾക്കും സുരക്ഷിതത്വം ലഭിക്കും എന്നുറപ്പുള്ളതുകൊണ്ടുമാണ് ഇവിടെ വന്നതെന്നാണ് അഖില മറുപടി പറഞ്ഞത്. തീർച്ചയായും പോലീസ് സ്റ്റേഷനിൽ സുരക്ഷയും സംരക്ഷ ണവും എപ്പോഴുമുണ്ടാകുമെന്നാണ് സി ഐ യും ഉറപ്പുനൽകിയത്..

ആർ. ബിനുവും സി ഐ സജിത്തും മുൻപും സമാനമായ രീതിയിലുള്ള മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതായി സമൂഹമദ്ധ്യമങ്ങളിൽ പലരും രേഖപ്പെടുത്തിയിരിക്കുന്നു. കാക്കിക്കുള്ളിലെ ഈ കരുണനിറഞ്ഞ മനസ്സുകൾക്ക് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് !

Advertisment