Advertisment

ഭീമന്‍ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു; എങ്ങനെയാണ് ഒരു ധനകാര്യ സ്ഥാപനം തകരുന്നത് ?

New Update

publive-image

Advertisment

ഭീമന്‍ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. പല ഇടവേളകളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. പ്രമുഖ ബാങ്കുകള്‍ പലതും നിലംപൊത്തുന്ന അവസ്ഥയിലാണ്. അമേരിക്കക്ക് ലോക സമ്പദ് വ്യവസ്ഥയില്‍ ഒരു നിര്‍ണായക സ്ഥാനം ഉള്ളതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുടെ അനുരണനങ്ങള്‍ മറ്റു പ്രദേശങ്ങളിലും ഉണ്ടാവുക സ്വാഭാവികമാണ്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു ചോദിക്കുമ്പോള്‍ വളരെ ലളിതമായി അവതരിപ്പിക്കാവുന്ന വസ്തുതകള്‍ പോലും സങ്കീര്‍ണമായി അവതരിപ്പിക്കുക എന്നുള്ളത് ഏതു മേഖലയിലേയും വിദഗ്ധരുടെ ഒരു സ്ഥിരം ശൈലിയാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചിരിക്കുത്.

ഏറ്റവും ലളിതമായ ഒരു വിശദീകരണത്തില്‍ നിന്നും തുടങ്ങാം. എങ്ങനെയാണ് ഒരു ധനകാര്യ സ്ഥാപനം തകരുന്നത്.? ഉദാഹരണത്തിന് നിങ്ങള്‍ ഒരു ബാങ്കര്‍ ആണെന്നു സങ്കല്‍പിക്കുക. പത്തു പേരില്‍ നിന്നായി ആയിരംരൂപ നിങ്ങള്‍ക്കു നിക്ഷേപമായി ലഭിക്കുന്നു. പലിശ സഹിതം ഈ നിക്ഷേപം നിശ്ചയിക്കപ്പെട്ട കാലാവധിക്കു മടക്കി നല്‍കേണ്ടതാണ്.

അത് സാധ്യമാവണമെങ്കില്‍ ഉയര്‍ന്ന പലിശനിരക്കില്‍ ഈ നിക്ഷേപത്തിന്‍റെ പുനര്‍ വിതരണം നടക്കണം. ചിലപ്പോഴൊക്കെ നിക്ഷേപകര്‍ക്കുള്ള പലിശ നല്‍കുവാന്‍ അവരുടെ നിക്ഷേപത്തെതന്നെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഫലം ഊഹിക്കാവുന്നതേയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഈ പണം മടക്കി നല്‍കാന്‍ പറ്റാത്തപ്പോഴാണ് ആ ധനകാര്യ സ്ഥാപനം തകര്‍ന്നതായി കരുതുന്നത്. ഒരു ധനകാര്യ സ്ഥാപനത്തിന്‍റെ അടിത്തറയുടെ ബലം ആ സ്ഥാപനം നല്‍കിയിരിക്കുന്ന വായ്പകളുടെ ഗുണ നിലവാരത്തെ അടിസ്ഥാന പ്പെടുത്തിയാണ് തീരുമാനിക്കുന്നത്.

വായ്പകളുടെ ഭദ്രത പല ഘടകങ്ങളെയും ആശ്രയിച്ചു നില്‍ക്കുന്നു. രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും പൊതു സാമ്പത്തിക സ്ഥിതിമുതല്‍ മാനേജ്മെന്‍റിന്‍റെയും ജീവനക്കാരുടേയും സമീപനംവരെ, നിരവധി ഘടകങ്ങള്‍ ഓരോ ധനകാര്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇവയില്‍ ഒന്നോ അതിലധികമോ ഘടകങ്ങള്‍ വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവ ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചക്കു വഴിവെച്ചേക്കാം. ഇവയുടെ വലിപ്പവും വ്യാപ്തിയും കൂടും തോറും തകര്‍ച്ചയുടെ ആഘാതവും രൂക്ഷമാവും.

ആരും തങ്ങളുടെ കൈവശമുള്ള കറന്‍സി കത്തിച്ചു കളയില്ല. ആരുടെയൊക്കൊയോ കൈവശം ആ കറന്‍സി തെറ്റായ രീതിയില്‍ അനധികൃതമായി എത്തിയിട്ടുണ്ട്. ആ ധനകാര്യ സ്ഥാപനത്തെ കൊള്ളയടിക്കുന്നവര്‍ അകത്തുള്ളവരോ പുറത്തുള്ളവരൊ ആകാം. അനധികൃതമായി ആരുടെയൊക്കെ കൈവശമാണ് ഈ പണമെത്തിയതെന്ന് കണ്ടെത്തിയാല്‍ തകര്‍ച്ചയുടെ കാരണക്കാരേയും കണ്ടെത്താം. പലപ്പോഴും അത്തരം പണം അവരില്‍ നിന്നും തിരിച്ചു പിടിക്കാന്‍ മാനേജ്മെന്‍റോ രാഷ്ട്രിയ/ഭരണ നേതൃത്വമോ ശ്രമിക്കാറില്ല. കാരണം തകര്‍ച്ചകളും ദുരന്തങ്ങളും ഭരണ കര്‍ത്താക്കള്‍ക്ക് എല്ലാക്കാലത്തും ഒരു ചൂഷണ മാര്‍ഗമാണ്.

ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളില്‍ കാര്യമായ വിഹിതം കള്ളപ്പണക്കാരുടേതാണ്. അതുകൊണ്ടുതന്നെ ജനകീ്യ പ്രതിരോധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയുമില്ല. ബാങ്കുകളുടെ തകര്‍ച്ച ആദ്യം ബാധിക്കുന്നത് സാധാരണക്കാരായനിക്ഷേപകരെയാണ്.

അടിയന്തിര കാരണം.?.

എല്ലാ സാമ്പത്തിക തകര്‍ച്ചയുടേയും തുടക്കം കോവിഡ് വ്യാപനത്തില്‍ ആരോപിക്കുവാനുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ ആവേശം മറ്റുപലതിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഈ മാന്ദ്യത്തില്‍ നിന്നും പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുവാന്‍ മിക്കവാറും എല്ലാ രാജ്യങ്ങളുടേയും സമ്പദ്ഘടനകള്‍ക്കു കഴിഞ്ഞു എന്നതാണ് വാസ്തവം. നിര്‍ഭാഗ്യ വശാല്‍ അമേരിക്കയുടെ ഉത്തേജക പാക്കേജുകള്‍ ഉപഭോഗത്തേക്കാള്‍ കൂടുതല്‍ നിക്ഷേപ സാധ്യതകളാണ് വര്‍ദ്ധിപ്പിച്ചത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഉത്തേജക പാക്കേജുകള്‍ പ്രവര്‍ത്തിച്ചത് എതിര്‍ ദിശയില്‍ ആണെന്നാണ്.

എന്തേ അമേരിക്കയില്‍ മാത്രം ഇത്തരമൊരു പ്രതിസന്ധിയുണ്ടായത്.? അമേരിക്കന്‍ ധനകാര്യ മാനേജ്മെന്‍റിലെ പാളിച്ചകള്‍ ശ്രദ്ധിച്ചാല്‍ ചില വസ്തുതകള്‍ പുറത്തുവരും. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നടപ്പാക്കിയ നിരക്കു വര്‍ദ്ധന 5% ആണ്. 5 ട്രില്യന്‍ ഡോളറിന്‍റെ നിക്ഷേപ വര്‍ദ്ധന ഉണ്ടായപ്പോള്‍ വായ്പയില്‍ അത് 2 ട്രില്യന്‍ മാത്രമായിരുന്നു. നിക്ഷേപ-വായ്പാനുപാതത്തിലുണ്ടായ കുറവ്(3 ട്രില്യന്‍) പരിഹരിച്ചത് ആ പണം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിച്ചു കൊണ്ടാണ്. പലിശ നിരക്കു കൂടിയതനുസരിച്ച് ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തില്‍ ഭീമമായ കുറവുണ്ടായി. പ്രവര്‍ത്തന മൂലധനത്തെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് ആ നഷ്ടം വളര്‍ന്നു. പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബോണ്ട് നിക്ഷേപത്തില്‍ മാത്രം 600-ബില്യന്‍ ഡോളറിന്‍റെ നഷ്ടമാണ് അമേരിക്കന്‍ ബാങ്കുകള്‍ നേരിടേണ്ടി വരുന്നത്.

ഉക്രയിന്‍- റഷ്യ സംഘര്‍ഷത്തെ മാത്രമാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുവാനുള്ളത്. ഈ തകര്‍ച്ചയുടെ ആഘാതം കൂട്ടിയേക്കാവുന്ന വാര്‍ത്തകളാണ് പിന്നീട് വന്നത്. ചൈനയുടെ മധ്യസ്ഥതയില്‍ അമേരിക്കയുടെ നിത്യ ബന്ധുവായ സൗദി അറേബ്യയും നിത്യ ശത്രുവായ ഇറാനും തമ്മില്‍ കൈകോര്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത.

ഈ വാര്‍ത്ത ചില അപായമണികള്‍ മുഴക്കുന്നത് ലോകം ശ്രദ്ധിക്കുന്നുണ്ട്. പെട്രോ ഡോളറിന്‍റെ സ്ഥാനത്ത് പെട്രോ കറന്‍സി മാത്രം മതിയാവും എന്ന കണക്കു കൂട്ടുന്ന കുറച്ചു രാജ്യങ്ങളെങ്കിലും ഉണ്ട്. ഈ പ്രതിസന്ധി മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കാം. യഥാര്‍ത്ഥത്തില്‍ ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും ലഭ്യത ഉറപ്പു വരുത്തിയാല്‍ ഒരു സമ്പദ്ഘടനയും തകരില്ല. പക്ഷെ ദേശീയ സമ്പത്ത് സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരിലേക്ക് മാത്രം പോയാല്‍ അത് ഉപഭോഗം വേണ്ട രീതിയില്‍ വര്‍ദ്ധിക്കില്ല. അത്യാവശ്യം ഇല്ലാത്തവര്‍ക്ക് അധികം കിട്ടുന്ന വരുമാനം വീണ്ടും സമ്പാദ്യമായി മാറുകയാണ് പതിവ്.

ഉപഭോഗത്തെ വര്‍ദ്ധിപ്പിക്കാതെയുള്ള ധന നയങ്ങള്‍ വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക. ഇവിടെ ഇന്ത്യയുടെ ധനകാര്യ മാനേജ്മെന്‍റ് കുറച്ചുകൂടി കാര്യക്ഷമമായിരുന്നു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഇവിടെ മാന്ദ്യകാലത്തെ ഉത്തേജക പാക്കേജുകള്‍ ലക്ഷ്യം വച്ചത് താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെയാണ്. ആ പണം നമ്മുടെ ആഭ്യന്തര വിപണിയെ കുറെയെങ്കിലും സജീവമാക്കി. ഒരു ധനകാര്യ സ്ഥാപനത്തിന്‍റെ തകര്‍ച്ച ആദ്യഘട്ടത്തില്‍ നിക്ഷേപകരെ മാത്രമേ ബാധിക്കൂ. ക്രമത്തില്‍ ഭീതിയുടെ മനശാസ്ത്രം എല്ലാവരിലേക്കും പടരുന്നതായാണ് കാണുന്നത്.

ഈ തകര്‍ച്ച മറ്റു സ്ഥാപനങ്ങളിലേക്ക് പടരാതിരിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ ചില മുന്‍ കരുതലുകള്‍എടുത്തു തുടങ്ങിയിട്ടുണ്ട്. സിലിക്കോണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് തുടങ്ങിയവയുടെ തകര്‍ച്ചക്കു ശേഷം എടുത്ത പ്രധാനപ്പെട്ട നടപടികളില്‍ ഒന്ന്

മാന്ദ്യവും തകര്‍ച്ചയും തുറിച്ചു നോക്കുമ്പോഴും നിരക്കു വര്‍ദ്ധനക്കാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറായിരിക്കുന്നത്. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ യോഗത്തിനു ശേഷം അടിസ്ഥാന വായ്പാ നിരക്കില്‍ കാല്‍ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. തകര്‍ച്ച നേരിടുന്ന ക്രഡിറ്റ് സൂയിസ്സ് ഗ്രൂപ്പിനെ ഏറ്റെടുക്കുവാന്‍ യു ബി എസ് ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട് എന്നതും ആശ്വാസമേകുന്ന കാര്യമാണ്.

പണപ്പെരുപ്പത്തെ പലിശവര്‍ദ്ധനയിലൂടെ നേരിടാന്‍ കഴിയും എന്നു കരുതുന്ന സാമ്പത്തിക വിദഗ്ധരാണ് അധികവും. അവരുടെ ഇഷ്ടപ്പെട്ട പദാവലികളാണ് പണപ്പെരുപ്പവും, വിലവര്‍ദ്ധനവും. ഒരു സ്ഥിരതയും, കൃത്യതയുമുള്ള നിര്‍വചനത്തിന് വഴങ്ങുന്നതല്ല ഈ രണ്ടു പ്രയോഗങ്ങളും. പണപ്പെരുപ്പം വിലവര്‍ദ്ധനവിന് കാരണമാവുമ്പോഴെ അതൊരു രാജ്യത്തിന്‍റെ സാമ്പത്തിക പ്രശ്നമായി മാറൂ. കേന്ദ്രബാങ്കുകള്‍ അടിച്ചിറക്കുന്ന കറന്‍സികളിലൂടെ മാത്രം സാമ്പത്തിക പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്ക് പല സമസ്യകളും നിര്‍ദ്ധാരണം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

അമിതമായ ഉല്പാദനത്ത്വര, പിന്നീട് വിപണികള്‍ കയ്യടക്കാനുള്ള മത്സരം, ഇവ രണ്ടുമാണ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കാരണം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തു പോയതും ഇതേകാരണങ്ങളാല്‍ തന്നെയാണ്. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ആഭ്യന്തര വിപണിയെ ആശ്രയിച്ചുള്ള ഉത്പാദന വിതരണ ക്രമങ്ങളാണ് വികസിപ്പിക്കുന്നതെങ്കില്‍ ഒരോ രാജ്യത്തിനും അവരവരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ കഴിയും. ആഗോളീകരണത്തിന്‍റെ കാലത്ത് സാങ്കേതിക വിദ്യയുടെ കുത്തക ആര്‍ക്കും അധിക നാള്‍ കാത്തു സൂക്ഷിക്കാന്‍ കഴിയില്ല.

പക്ഷെ കമ്മട്ടത്തിന്‍റെ കഴിവിനെ അനുസരിച്ചാണ് (സ്വന്തം കറന്‍സി മാത്രമല്ല, അത്യാവശ്യം മറ്റു രാജ്യങ്ങളുടെ കറന്‍സിയും) പല രാജ്യങ്ങളുടേയും സമ്പദ്ഘടന നിലനില്‍ക്കുന്നത്.

സാമ്പത്തിക നയങ്ങളും നടപടി ക്രമങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുവാന്‍ കേന്ദ്രബാങ്കും അനുബന്ധ സ്ഥാപനങ്ങളും ശ്രമിക്കുമ്പോള്‍ മാത്രമേ സുരക്ഷിതമായ ഒരു സമ്പദ്ഘടന കെട്ടിപ്പെടിക്കുവാന്‍ നമുക്ക് സാധിക്കൂ. ഉപഭോഗത്തിന്‍റെ വിഭവ ധൂര്‍ത്ത് നിയന്ത്രിക്കാനുള്ള ഫലപ്രദമായ നടപടികളെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല എന്ന വസ്തുത ആശങ്കാജനകമായി അവശേഷിക്കുന്നു.

Advertisment