Advertisment

സ്വപ്നചിറകിലേറി വിജയതീരത്തെത്തിയ ഡോ. ആര്‍. രഞ്ജിത്ത് ; കേരളത്തിനൊരു പ്രചോദന പാഠം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-അഡ്വ.ചാര്‍ളിപോള്‍ MA, LLB, DSS

ട്രെയ്നര്‍ & മെന്‍റര്‍

പാണത്തൂര്‍ കേളപ്പംകയത്തെ ആര്‍.രഞ്ജിത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച, ഒറ്റ മുറി മണ്‍കട്ട

വീടിന്‍റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് എഴുതി : "ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്.

ഇവിടെയാണ് വളര്‍ന്നത്. ഇവിടെയാണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ, ഈ

വീട്ടില്‍ ഒരു ഐ.ഐ.എം. പ്രഫസര്‍ ജനിച്ചിരിക്കുന്നു".

കേരള യുവതയെ ആവേശം കൊള്ളിച്ച വരികളാണിവ. സ്വപ്നചിറകിലേറി വിജയതീരത്തെത്തിയ ഡോ. ആര്‍. രഞ്ജിത്തിന്‍റെ ഈ വരികളില്‍ കേരളം കേട്ട ഏറ്റവും സുന്ദരമായ ഒരു പ്രചോദന കഥയുണ്ട്. പരിമിതികള്‍ തളര്‍ത്താന്‍ പോന്നതായിട്ടും

ഉയരത്തില്‍ പറക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരാളുടെ വിജയകഥ.

വ്യക്തമായ ലക്ഷ്യബോധവും അത് നേടാനുള്ള നിശ്ചയദാര്‍ഢ്യവും കൊണ്ട് തന്‍റെ പരിമിതികള്‍

മാറ്റിയെഴുതുകയായിരുന്നു ആര്‍.രഞ്ജിത്. പിതാവ് എ.രാമചന്ദ്രന്‍ തയ്യല്‍ തൊഴിലാളി. മാതാവ്

പി.വി.ബേബി തൊഴിലുറപ്പ് തൊഴിലാളിയും.

ഹയര്‍ സെക്കണ്ടറിക്ക് ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പഠനം നിര്‍ത്താനാണ് ആദ്യം തീരുമാനിച്ചത്. എന്തോ ഭാഗ്യം കൊണ്ട് അതേ സമയം പാണത്തൂര്‍ ടെലിഫോണ്‍ എക്സേഞ്ചില്‍ രാത്രികാല സെക്യുരിറ്റിയായി ജോലി കിട്ടി.

ആ രാത്രി ജോലിയെ പഠനം തുടരാനുള്ള ഒരു നിമിത്തമായി കരുതി പകല്‍ പഠിക്കാനാ രംഭിച്ചു. ജോലി ചെയ്തുകൊണ്ടുതന്നെ രാജ്പുരം സെന്‍റ് പയസ് ടെന്‍ത് കോളേജില്‍ നിന്ന് കോമേഴ്സില്‍ ബിരുദം നേടി. കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടി. ഓരോ പടവിലും ശ്രദ്ധിച്ചുമുന്നേറി.

തുടര്‍ന്ന് ബാംഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ അസി.പ്രഫസറായി ജോലി കിട്ടി. അവിടെ നിന്നാണ് റാഞ്ചി ഐ.ഐ. എമ്മിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അടുത്തമാസം ജോലിക്ക് കയറും; മണ്‍കട്ട വീട്ടില്‍ നിന്ന് റാഞ്ചിയിലെ ഐ.ഐ.എമ്മിലേക്കുള്ള ദൂരത്തിന് ഒരു കുടുംബത്തിന്‍റെ നെടുവീര്‍പ്പിന്‍റെ കഥയുണ്ട്.

കണ്ണുനീരിന്‍റെയും കഷ്ടപ്പാടിന്‍റെയും നാളുകളെക്കുറിച്ചുള്ള ഓര്‍മ ഉണരാനും ഉയരാനുമുള്ള ഊര്‍ജമാണ് രഞ്ജിത്തിന് നല്‍കിയത്. സ്വയം പ്രേരണാശേഷിയാണ് ഒരാള്‍ അഭിമുഖീകരി ക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഏത് ഇച്ഛാഭംഗത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു പ്രചോദനവലയം സൂക്ഷിക്കുക എന്നതാണ് സ്വയം പ്രേരണയുടെ ആദ്യപടി. ഒരിക്കല്‍ പകര്‍ന്ന് ലഭിച്ചാല്‍ പിന്നീടത് ആളിപ്പടര്‍ന്ന് നിരന്തര പ്രേരകശക്തിയായി നിലകൊള്ളും.

മലയാളം മാത്രം സംസാരിച്ചുശീലിച്ച രഞ്ജിത് മദ്രാസ് ഐ.ഐ.ടി പഠനകാലത്ത് പിഎച്ച് ഡി.

പാതിവഴിയില്‍ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചതാണ്. പക്ഷെ ഗവേഷണ ഗൈഡ് ആയിരുന്നു

പ്രചോദകന്‍.

സ്വന്തം ഇച്ഛാശക്തിയോടൊപ്പം പ്രചോദനത്തിന്‍റെ തീപ്പൊരി, ജ്വലിക്കണമെന്ന വാശി പകര്‍ന്നു നല്‍കുകയായിരുന്നു അങ്ങനെ രഞ്ജിത് വിജയകിരീടമണിഞ്ഞു. കേരള യുവതക്ക് ഇതൊരു പ്രചോദന പാഠമാണ്. പരിമിതികളെക്കുറിച്ചോര്‍ത്ത് വിലപിക്കാതെ ലക്ഷ്യബോധംകൊണ്ടും നിശ്ചയദാര്‍ഡ്യംകൊണ്ടും കഠിന പ്രയത്നത്തിലൂടെ വിജയം വരിക്കാനാകുമെന്ന

പാഠം.

പ്രകാശമാനമായ വലിയ ലക്ഷ്യത്തിലേക്ക് കുറുക്കുവഴികളോ എളുപ്പവഴികളോ ഇല്ല. ഓരോ

പടവിലും ആത്മവിശ്വാസത്തിന്‍റെ കരളുറപ്പുമായി മുന്നേറുക. പ്രതിസന്ധികളെ ലക്ഷ്യത്തിലേക്കുള്ള പ്രകാശവഴികളാക്കുക.

ലക്ഷ്യയാത്രയില്‍ ആകാശംപോലും അതിര്‍ത്തിയാവുന്നില്ലെന്ന തിരിച്ചറിവോടെ മുന്നോട്ടു കുതിക്കുക. വിജയംകുറിച്ച ശാസ്ത്രജ്ഞ മേരിക്യൂറി പറഞ്ഞു: "നമുക്കാര്‍ക്കും ജീവിതം

അത്ര എളുപ്പമായിരിക്കണമെന്നില്ല. പക്ഷെ അതിലെന്താണ് പ്രശ്നം? നമുക്ക് സ്ഥിരോത്സാഹവും

അതിലുപരി ആത്മവിശ്വാസവും വേണം. നാം എന്തോ ഒന്നിനുവേണ്ടി വിളിക്കപ്പെട്ടവരാണെന്ന ബോധ്യം വേണം. അതുനേടിയെടുത്തേ മതിയാകൂ എന്ന് തീരുമാനിക്കണം".

ഈ വരികളും രഞ്ജിതിന്‍റെ അഭിമാനാര്‍ഹമായ പ്രചോദന കഥയും നമ്മെ ആവേശം കൊള്ളിക്കട്ടെ. വിജയത്തിലെത്താന്‍ കരുത്ത് നല്‍കട്ടെ. ഡോ. ആര്‍. രഞ്ജിത്തിന്‍റെ അശ്വമേധയാത്ര തുടരട്ടെ.

(8075789768)

voices
Advertisment