Advertisment

പ്രണയനൈരാശ്യത്തിന്‍റെ ഇരകള്‍...

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-അഡ്വ. ചാര്‍ളി പോള്‍ MA, LL.B,DSS

(ട്രെയ്നര്‍, മെന്‍റര്‍, 9847034600)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍കൂടി പൊലിഞ്ഞു. പ്രണയ നിഷേധത്തിന്‍റെയും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടി കളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണ് ഏലംകുളം എളാട് കുഴുന്തറ ചെമ്മാട്ടുവീട്ടില്‍ സി.കെ.ബാല ചന്ദ്രന്‍റെ മകള്‍ ദൃശ്യ (21).

രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ. സംഭവത്തില്‍ പെരിന്തല്‍മണ്ണ മുട്ടുങ്ങലിലെ പെതുവയില്‍ കുണ്ടുപറമ്പില്‍ വീട്ടില്‍ വിനീഷിനെ (21) പോലീസ് അറസ്റ്റ് ചെയ്തു.

തലേന്ന് രാത്രി പെണ്‍കുട്ടിയുടെ അച്ഛന്‍റെ കട തീയിട്ടശേഷം 13 കിലോമീറ്റര്‍ നടന്ന് കുഴുന്തറയിലെ ദൃശ്യയുടെ വീടിന് സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30 ന് ബാലചന്ദ്രന്‍ കടയില്‍പോയ സമയത്ത് വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന ദൃശ്യയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

ദൃശ്യയും വിനീഷും കുന്നക്കാവ് ഗവ. സ്ക്കൂളില്‍ പ്ലസ് ടു വിന് ഒന്നിച്ച് പഠിച്ചവരാണ്. മൂന്നുമാസം മുമ്പ് യുവാവ് വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തി. വീണ്ടു മെത്തിയപ്പോള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു.

പ്രണയം നിരസിക്കുന്നതിന്‍റെ പേരില്‍ പ്രാണനെടുക്കുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം കൊലപാതകങ്ങള്‍ അനുകരിക്കുന്ന പ്രവണതയും കൂടിവരുന്നു.

ഇക്കഴിഞ്ഞ 2019 ഒക്ടോബര്‍ 9ന് രാത്രി 12.15 ന് കാക്കനാട് അത്താണിയിലെ വീട്ടില്‍ കയറി പ്ലസ് ടു വിദ്യാര്‍ത്ഥിനി കാളങ്ങാട്ട് പത്മാലയത്തില്‍ ദേവികയെ (17) പെട്രോള്‍ ഒഴിച്ച് മിഥുന്‍ എന്ന യുവാവ് തീവെച്ച് കൊലപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചും പൊള്ളലേറ്റ മിഥുന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് വീട്ടിലേക്ക് തള്ളിക്കയറിയ മിഥുന്‍ പെണ്‍കുട്ടിയുടെ

ദേഹത്തും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.

പ്രണയം നിരസിക്കപ്പെട്ടാല്‍ പിന്നെ ജീവിക്കേണ്ടന്ന് തീരുമാനിക്കുന്നവരും ജീവിക്കാന്‍ അനുവദി ക്കില്ലെന്ന് തീരുമാനിക്കുന്നവരും കേരളീയ സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു. പ്രണയ നിഷേധം ഇവിടെ പകയായി മാറുകയാണ്. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന വാശിയാണ് കൊലയിലേക്ക് നയിക്കുന്നത്.

തൃശ്ശൂര്‍ ചിയ്യാരത്തെ ഗീതുവിനെ നിധീഷ് കത്തികൊണ്ട് കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് തീ

കൊളുത്തി കൊന്നത് കഴിഞ്ഞവര്‍ഷം ഒടുവിലാണ്. 2019 ജൂണിലാണ് വള്ളിക്കുന്നത്ത് പോലീസുകാരന്‍ അജാസ് പോലീസുകാരിയെ വെട്ടിവീഴ്ത്തിയശേഷം തീ കൊളുത്തി കൊന്നത്. ഗുരുതരമായി പൊള്ളലേറ്റ അജാസ് പിന്നീട് മരിച്ചു.

കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമ്പസില്‍ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത് 2017 ഫെബ്രുവരി 2 നാണ്. തിരുവല്ല, തിരൂര്‍, പത്തനംതിട്ടയിലെ കടമനിട്ട, തൃശ്ശൂരിലെ ചെങ്ങാലൂര്‍, കാസര്‍ഗോഡ് സൂള്യ, ഉദയംപേരൂര്‍ എന്നിവിടങ്ങളിലെല്ലാം സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ കുപ്പികളില്‍ പെട്രോള്‍ കൊടുക്കുന്നത് പോലീസ് നിരോധിച്ചിരുന്നു. മലയാളത്തിലിറങ്ങിയ 'ഉയിരെ' എന്ന സിനിമയുടെ ഇതിവൃത്തം ഇത്തരമൊരു പ്രണയ പകപോക്കലിന്‍റെയും വികലമായ മനസ്സിനുടമയായ യുവാവിന്‍റെയും കഥയായിരുന്നു.

ഈ സിനിമയില്‍ പ്രതികാരം ചെയ്തയാളുടെ വികലമായ മാനസികാവസ്ഥയും ക്രിമിനല്‍ മനോഭാവവും ചിത്രീകരിക്കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥനയും കൊലയും പെട്ടെന്ന് സംഭവിക്കുന്നതല്ല. കുറച്ചുകാലം പ്രണയിച്ചു നടന്നവരാണ് കൊലപാതകങ്ങളിലെ ഇരകളില്‍ ഭൂരിഭാഗവും.

ആദ്യഘട്ടത്തില്‍ പ്രണയം ആസ്വദിക്കും, വിധേയത്വത്തോടെ പെരുമാറും. പിന്നീട് ഒത്തുപോകാന്‍ പറ്റാത്ത വ്യക്തിയാണെന്ന് മനസ്സിലാക്കുന്നതോടെ പെണ്‍കുട്ടികള്‍ പിന്മാറും. ഈ അവഗണന പകയുടെ വഴി തേടും. ഇത്തരം പിന്മാറ്റങ്ങള്‍ പിന്നീട് അക്രമത്തിലേക്കും കൊലയിലേക്കും നയിക്കും.

പെണ്‍കുട്ടികള്‍ പ്രണയജാഗ്രത പുലര്‍ത്തണം. വ്യക്തിയെക്കുറിച്ച് പഠിക്കാതെ സൗഹൃദംപോലും

അരുത്. എത്രയോ പേരാണ് സൗഹൃദം നടിച്ച് ചതിക്കുഴിയില്‍ ചാടിക്കുന്നത്. അബദ്ധം പറ്റിയശേഷമാണ് വിവാഹ വാഗ്ദാനം നല്‍കി ചതിച്ചു എന്ന പേരില്‍ കേസിന് പോകുന്നത്.

പ്രണയം ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ശാരീരിക-മാനസിക-വൈകാരിക ഭാവങ്ങളില്‍ അത് വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. പ്രണയം ഒരു ലഹരിയാണ്. അത് തുടര്‍ന്ന് ലഭിക്കാതെ വരുമ്പോള്‍ വ്യക്തി അപകടകരമായ തീരുമാനത്തിലെത്തും.

അതുകൊണ്ട് പെട്ടെന്ന് പിന്മാറ്റം നടത്തരുത്. ഒത്തുപോകാന്‍ പറ്റാത്ത ബന്ധങ്ങളില്‍ നിന്ന് പതുക്കെ, സമയമെടുത്ത്, നയപരമായി വേണം പിന്മാറ്റം നടത്തുവാന്‍. പ്രണയവും പ്രണയമന:ശാസ്ത്രവും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

സ്വന്തം വ്യക്തിത്വത്തിലും അസ്തിത്വ ത്തിലും ജീവിക്കുക. അതൊരു സ്വാശ്രയത്വ ശൈലിയാണ്. അവനവനില്‍തന്നെ ആശ്രയിക്കണമെന്ന തത്വം മനസ്സിലാക്കി ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കണം.

കൗമാര-യുവ തലമുറയുടെ മാനസികാരോഗ്യപ്രശ്നം കൂടിയാണിത്. പ്രണയിക്കുന്നവരുടെ മനോനില, വ്യക്തിത്വപ്രശ്നങ്ങള്‍, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരിക-മാനസിക-വൈകാരിക ഭാവങ്ങള്‍ എല്ലാം പഠനവിധേയ മാക്കണം.

മയക്കുമരുന്നും പക്വതയില്ലായ്മയും മാനസികാരോഗ്യത്തിന്‍റെ പേരായ്മയും ഒക്കെ ഇത്തരം സംഭവ ങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്‍റെ പിന്നിലുണ്ട്. മാനസികാരോഗ്യം കൈവരിക്കുക. 'നോ' പറയേണ്ടിടത്ത് 'നോ' പറയുക. സൗഹൃദങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തുക. ഇരയോ വേട്ടക്കാരനോ ആകാതിരിക്കുക. (8075789768)

voices
Advertisment