Advertisment

ആത്മഹത്യയല്ല; ആനിയാണ് വഴി - ലേഖനം

author-image
സത്യം ഡെസ്ക്
New Update

publive-image

-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

(ട്രെയ്നര്‍, മെന്‍റര്‍ 9847034600)

Advertisment

കരളുറപ്പ് എന്ന ആത്മബലത്തിന്‍റെയും ജീവിതവിജയത്തിന്‍റെയും മാതൃകയാണ് ആനി

ശിവ (എസ്.പി ആനി) യെന്ന പോരാളിയായ അമ്മ. കിടക്കാന്‍ ഒരു കൂരയോ വിശപ്പടക്കാന്‍ ഒരു

നേരത്തെ ആഹാരമോ ഇല്ലാതെ ആത്മഹ ത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം

നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്പിന്‍റെയും ജീവിതവിജയത്തിന്‍റെയും കഥയാണ്

കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവയുടേത്.

എല്ലാം നഷ്ടപ്പെട്ടു എന്നിടത്തുനിന്ന് തളരാതെ, കൈപ്പേറിയ ജീവിതത്തിന് മുന്നില്‍ പകച്ചുപോകാതെ, പോരാടി ഇന്ന് പോലീസ് സബ്ഇന്‍സ്പെക്ടറായി മാറി ആനിയുടെ കഥ പ്രതിസന്ധികളില്‍ ഉഴലുന്നവര്‍ക്ക് ആവേശം പകരുന്ന പ്രചോദനമാണ്.

ആത്മവിശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണിത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജീവിതവിജയം നേടാന്‍ പൊരുതി മുന്നേറുകയാണ് വേണ്ടതെന്നും ആനിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവണ്‍മെന്‍റ് കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനോടൊപ്പം ജീവിതം തുടങ്ങി. ഡിഗ്രി ഫൈനല്‍ ഇയറായതോടെ ആ ബന്ധം വേര്‍പരിഞ്ഞു. പരിയുമ്പോള്‍ മകന് എട്ട് മാസം. 19-ാം വയസില്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക്.

ദുരഭിമാനത്തിന്‍റെ വേലിക്കെട്ടുകള്‍ തടസ്സം നിന്നതോടെ സ്വന്തം വീട്ടില്‍ കയറ്റിയില്ല. അമ്മൂമ്മയുടെ വീടിന്‍റെ ചായ്പില്‍ മകനെയും കൊണ്ട് ജീവിതം തുടങ്ങി. പിന്നീട് പലവട്ടം വീടുകള്‍ മാറി. വീട് കിട്ടാതെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കിടന്നുറങ്ങി.

എല്ലാവരാലും തിരസ്കരിക്കപ്പെട്ട അവസ്ഥ. നരകയാതനകളുടെ നടുവില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചു. വീടുകളില്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചും ഇന്‍ഷുറന്‍സ് ഏജന്‍റായും ഓണ്‍ലൈന്‍ ബിസിനസ് നടത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോഡും പ്രോജക്ടും തയ്യാറാക്കിയും ശിവഗിരി തീര്‍ത്ഥാടന വേളയില്‍ നാരങ്ങാവെള്ളവും ഐസ്ക്രീമും വിറ്റും പ്രതിസന്ധികളില്‍ പതറാതെ മുന്നേറി.

സാമൂഹ്യവിരുദ്ധരില്‍ നിന്ന് രക്ഷയ്ക്കായി ആണ്‍കുട്ടികളെപോലെ മുടി വെട്ടി രൂപമാറ്റം സ്വീകരിച്ചു. മകന്‍ ശിവസൂര്യയെയും അമ്മയെയും കണ്ടാല്‍ ചേട്ടനും അനുജനുമാണെന്നേ തോന്നൂ.

ഇതിനിടയില്‍ ഡിഗ്രി പരീക്ഷ എഴുതിയെടുത്തിരുന്നു. സോഷ്യോളജി ബിരുദത്തിന്‍റെ ബലത്തില്‍ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി 2014 ല്‍ തിരുവനന്തപുരത്തെ പരിശീലന

കേന്ദ്രത്തില്‍ ഒന്നരമാസം. ദിവസം 20 മണിക്കൂര്‍ പഠനം. വനിതാ പോലീസ് തസ്തികയില്‍

പരീക്ഷയെഴുതി.

2016 ല്‍ വനിതാ പോലീസില്‍ നിയമനം. 2019-ല്‍ വനിതകളുടെ എസ്.ഐ.പരീക്ഷയില്‍ വിജയിച്ചു. പരിശീലനശേഷം 2021 ജൂണ്‍ 25 ന് വര്‍ക്കലയില്‍ എസ്.ഐ. ആയി ആദ്യനിയമനം. ചിറകറ്റിട്ടും ആനി ശിവ ഉയരെ പറക്കുകയായിരുന്നു.

സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്സ്ബുക്കില്‍ കുറിച്ചു. "എങ്ങനെയോ ഭ്രാന്ത്

വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം

ഒരു കരക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കാനും ഒരു

പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു."

പരിഹാസങ്ങളുടെ കൂരമ്പുകളെ കരളുറപ്പുകൊണ്ട് ആനി നേരിട്ടു. മുന്‍ രാഷ്ട്രപതി പി.ജെ. അബ്ദുള്‍ കലാം പറയുന്നു: "എല്ലാം നഷ്ടപ്പെട്ടതിനുശേഷവും നിങ്ങളില്‍ എന്തെങ്കിലു മൊക്കെ ചെയ്യുവാനുള്ള ധൈര്യം ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കുക, നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല"

ആത്മധൈര്യവും ഇച്ഛാശക്തിയുമായിരുന്നു ആനി ശിവയുടെ കൈമുതല്‍. പ്രതിബന്ധങ്ങളില്‍ പതറാതെ നില്‍ക്കുവാ നുള്ള മാനസികമായ കഴിവാണ് ഇച്ഛാശക്തി. ഉയരാനും വിജയംവരിക്കാനും സൃഷ്ടിക്കപ്പെട്ടവരാണെന്ന ചിന്തയാണ് ആത്മധൈര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും കാതല്‍.

അവയോടൊപ്പം കഠിനാദ്ധ്വാനവും ചേരുമ്പോള്‍ വിജയം കടന്നുവരും. ജീവിതഗതി നിയന്ത്രിക്കുന്നത് ആത്മബലമാണ് (Will Power). മനസ്സാണ് ഏറ്റവും വലിയ കോട്ട. Success is never ending (വിജയത്തിന് അവസാനമില്ല) Failure is never final (പരാജയം അന്ത്യമവുമല്ല) നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാനും വിശ്വസിക്കാനും കഴിയുന്നതെന്തും നമുക്ക് നേടിയെടുക്കാന്‍ കഴിയും.

“Yes I can’’ എന്ന ചിന്ത നമുക്കും ഉണ്ടാകുന്നുവെങ്കില്‍ “Yes I will” എന്നത് സഫലമാകും. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് - ന്‍റെ വരികള്‍ ശ്രദ്ധേയമാണ്: "നിങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടുക. ഓടാനാകുന്നില്ലെങ്കില്‍ നടക്കുക. നടക്കാനാകുന്നില്ലെങ്കില്‍ ഇഴയുക. പക്ഷേ എന്ത് തന്നെയാണെങ്കിലും മുന്നോട്ട് പോയിക്കൊണ്ടിരിക്കണം".

നിരുത്സാഹപ്പെടുത്തലുകക്ക് ചെവി കൊടുക്കാതിരിക്കുക. നമ്മുടെ മനോഭാവും നാമെടുക്കുന്ന തീരുമാനങ്ങളുമാണ് നമ്മുടെ ജീവിതം എങ്ങനെയെന്ന് നിര്‍ണയിക്കുക. സ്വയം പ്രചോദിതരാകുക വിയര്‍പ്പാണ് വിജയം എന്നറിയുക.

പരാജയത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് വിജയത്തിന്‍റെ പിറവി. ശുഭാപ്തി വിശ്വാസമെന്ന അടിത്തറയില്‍ പ്രത്യാശയെന്ന ശക്തമായ ആയുധവുമായി മുന്നേറാന്‍ ആനിയുടെ

കഥ പ്രചോദനമാകട്ടെ.. ചിറകുകള്‍ കണ്ടെത്താം, പറന്നുയരാം... (8075789768)

voices
Advertisment