Advertisment

വാവിട്ട വാക്കുകള്‍... "സംസ്കാരം എന്ന വാക്കിനര്‍ത്ഥം അപരനെക്കുറിച്ചുള്ള കരുതല്‍" എന്നാണ്. എന്നാല്‍ ഈ കരുതല്‍ നഷ്ടപ്പെട്ടതാണ് കമ്മീഷന്‍ അധ്യക്ഷയുടെ സ്ഥാനമൊഴിയലിന് ഇടവരുത്തിയത് - ലേഖനം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS

(ട്രെയ്നര്‍, മെന്‍റര്‍ 9847034600)

വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല്

തിരിച്ചറിയാതെ പോയതിനാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് ആ സ്ഥാനം ഒഴിയേണ്ടിവന്നു.

സ്ത്രീധന പീഡനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, വിവിധ പരാതികളില്‍ വനിതാ കമ്മീഷന്‍റെ

സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി, ഒരു ന്യൂസ് ചാനല്‍ നടത്തിയ "എന്തിന്

സഹിക്കണം" എന്ന തത്സമയ ഫോണ്‍ ഇന്‍ പരിപാടിക്കിടെയാണ് അധ്യക്ഷയില്‍ നിന്ന് ഇരയെ

അപഹസിക്കുന്ന കമന്‍റ് ഉണ്ടായത്.

ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നുവെന്ന പരാതിയുമായി വിളിച്ച യുവതിയോടുള്ള സംഭാഷണത്തില്‍ "ഭര്‍ത്താവ് തല്ലുന്നത് പോലീസില്‍ അറിയിച്ചില്ലേ..?" എന്ന ചോദ്യത്തിന് യുവതി ഇല്ലെന്ന് പറഞ്ഞപ്പോള്‍ "എന്നാപ്പിന്നേ അനുഭവിച്ചോ" എന്ന പ്രതികരണമാണ് അധ്യക്ഷയില്‍ നിന്നുണ്ടായത്.

സാധാരണ നാട്ടിന്‍പുറങ്ങളില്‍ സംസാരിക്കുന്ന ഭാഷയാണിത്. ചെയ്യേണ്ടകാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാതെ വരുമ്പോ ഇങ്ങനെ ചിലര്‍ പ്രാദേശികമായി സംസാരിക്കാറുണ്ട്. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു സമീപനം ഉണ്ടാകുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും ജനങ്ങളോട് പൊതുവേയും പരാതിക്കാരോട്

പ്രത്യേകിച്ചും സ്നേഹ ത്തോടെയും ആര്‍ദ്രതയോടെയും പെരുമാറണം. അതില്‍നിന്ന്

വ്യതിചലിച്ചാല്‍ സ്വാഭാവികമായും പ്രതിഷേധമുണ്ടാകും.

ഒരു വാതിലും മുട്ടാന്‍ കഴിയാതെ നിസ്സഹായരായ പതിനായിരക്കണക്കിന് സ്ത്രീകളുണ്ട്.

അവര്‍ വനിതാ കമ്മീഷനെ വലിയ അത്താണിയായാണ് കാണുന്നത്. കമ്മീഷന്‍ അധ്യക്ഷ അവരെ സംബന്ധിച്ച് വലിയൊരു സ്ഥാനമാണ്. അമ്മയെപ്പോലെ കരുതല്‍ നല്‍കേണ്ട പദവിയാണിത്.

പരാതി പറയുന്നവര്‍ക്ക് ആശ്വാസവും കുളിര്‍മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാവേണ്ടത്.

നിസ്സഹായരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അശരണരുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരോട് മാന്യമായും അന്തസ്സായുമാണ് പെരുമാറേണ്ടത്. വളരെ ക്ഷമയോടെ, സഹിഷ്ണുതയോടെ പരാതി കേട്ടാലേ പറയുന്നവര്‍ക്ക് തുടര്‍ന്ന് പറയാനാകൂ.

ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ അവര്‍ക്കു ചേര്‍ന്ന ഭാഷയും ശൈലിയുമാണ് പുലര്‍ത്തണ്ടത്. പരസ്യ ചര്‍ച്ചയില്‍ ഇരയുടെ രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടരുത്.

മനുഷ്യത്വപരമായ നിലപാടാണ് ഇത്തരം പദവികളില്‍ ഇരിക്കുന്നവരെ സമീപിക്കുമ്പോള്‍ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത്. പരാതിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കി, നിങ്ങള്‍ക്ക് തണലായി ഞങ്ങളുണ്ടാകും എന്ന പ്രത്യാശയാണ് കമ്മീഷന്‍ പകര്‍ന്നു നല്‍കേണ്ടത്.

പരുഷമായ ഭാഷയും അനുചിതമായ പെരുമാറ്റവും അവരെ വീണ്ടും തളര്‍ത്തും. കരുതലിന്‍റെ, ആര്‍ദ്രതയുടെ ഭാഷയും സമീപനവുമാണ് അവര്‍ക്ക് ആശ്വാസം പകരാന്‍ സഹായിക്കുക. എപ്പോഴും എല്ലായിടത്തും ഒരേ രീതിയില്‍ പെരുമാറുന്നതല്ല,

ഓരോ ഇടത്തിനും യോജ്യമായ രീതിയില്‍ പെരുമാറ്റത്തെ ക്രമീകരിക്കുന്നതിലാണ് വൈശിഷ്ട്യം. നാവിന്‍റെ വിലയും നിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കും. നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് മൂല്യമുണ്ടാകണം. ഈ അടിസ്ഥാനപാഠം അധികാരത്തിലിരിക്കുന്നവര്‍ മറക്കരുത്.

അധികാരഭാഷയില്‍ അഹങ്കാരം, അഹന്ത, അപഹാസം, നിന്ദ, പുച്ഛം, അശ്ലീലം, വിടുവായത്തം, ദ്വയാര്‍ത്ഥ പ്രയോഗം, ഭീഷണി, ആഭാസത്തരം, തെറി എന്നിവ നിഴലിക്കരുത്. ഫലം നിറയുംതോറും വൃക്ഷത്തിന്‍റെ കൊമ്പുകള്‍ താഴ്ന്ന് വരുമെന്നതുപോലെ, ഉന്നതിയിലെത്തുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുക.

അത്തരം ധാരാളം പേര്‍ ഇന്നും പൊതുരംഗത്തുണ്ട്. അവര്‍ വളരെ സ്വീകാര്യരും ജനങ്ങള്‍ നെഞ്ചിലേറ്റുന്നവരുമാണ്. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന് തിരിച്ചറിയുക.

ലത്തീന്‍ ഭാഷയില്‍ ഒരു ചൊല്ലുണ്ട്: “Verbum transit; Scriptum manet’’.Word vanishes, script remins എന്നര്‍ത്ഥം.

ആധുനിക കാലഘട്ടത്തില്‍ script മാത്രമല്ല word ഉം നിലനില്‍ക്കും. എല്ലാം റിക്കോര്‍ഡ് ചെയ്യപ്പെടുന്ന കാലമാണിത്. "അങ്ങനെ പറഞ്ഞിട്ടില്ല, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി

മാറ്റിയതാണ്" എന്ന പ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ പൊളിക്കും. തെറ്റ് സമ്മതിച്ച് തിരുത്തുകയേ

മാര്‍ഗ്ഗമുള്ളൂ. Your language will betray your charactor എന്ന ഒരു ചൊല്ലുണ്ട്.

പറയുന്ന വാക്കിനോടൊപ്പം സ്വഭാവം കൂടി പ്രകടമാകുമെന്ന് ചുരുക്കം. അതുകൊണ്ട് ഓരോ വാക്കും സൂക്ഷിച്ചുവേണം പ്രയോഗിക്കാന്‍. ദൃശ്യമാധ്യമമാകുമ്പോള്‍ ശരീരഭാഷയും പ്രകടമാകും. ഉള്ളിലുള്ളത് ശരീരം പ്രകടിപ്പിക്കും.

സംസാരത്തിലൂടെ ശരീരഭാഷയിലൂടെ പുറത്ത് വരുന്നത് ഒരു വ്യക്തിയുടെ സംസ്കാരമാണ്. സംസാരം, പെരുമാറ്റം, മനോഭാവം എനിവയാണ് ഒരു വ്യക്തിയെ ശ്രേഷ്ഠവ്യക്തിത്വത്തിന് ഉടമയാക്കുന്നത്.

ഭരണാധികാരി മാന്യവും ഹിതകരയും കുലീനവുമായ ഭാഷ പ്രയോഗിക്കണം. നാടന്‍ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെ പറഞ്ഞാലും അത് പൊതുസമൂഹത്തില്‍ സ്വീകാര്യമാകില്ല. വിവരവും വിവേകവും കുലീന പെരുമാറ്റവും അധികാരസ്ഥാനത്തിലിരിക്കുന്നവരില്‍ നിന്നുണ്ടാകണമെന്നാണ് കേരളീയജനത ആഗ്രഹിക്കുന്നത്.

സ്ഥാനത്തിന്‍റെ വലുപ്പവും സമൂഹത്തിന്‍റെ അന്തസ്സും ജീവിതത്തിന്‍റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകള്‍ അധികാരികള്‍ പുലര്‍ത്തണം. മര്യാദയും ആദരവുമില്ലാത്ത സ്നേഹരഹിതമായ ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്.

"സംസ്കാരം എന്ന വാക്കിനര്‍ത്ഥം അപരനെക്കുറിച്ചുള്ള കരുതല്‍" എന്നാണ്. എന്നാല്‍ ഈ കരുതല്‍ നഷ്ടപ്പെട്ടതാണ് കമ്മീഷന്‍ അധ്യക്ഷയുടെ സ്ഥാനമൊഴിയലിന് ഇടവരുത്തിയത്. അധികാരികള്‍ക്കിത് പാഠമാകട്ടെ; നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകട്ടെ. (8075789768)

voices
Advertisment