Advertisment

കേരളത്തിലെ കോൺഗ്രസിൽ സംഭവിക്കുന്നതും, ഇടതു രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയും !

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ഫാ. വർഗീസ് വള്ളിക്കാട്ട്

ഇടതു മുന്നണിയുടെ മിന്നുന്ന തെരഞ്ഞെടുപ്പു വിജയത്തിൽ പിണറായി സർക്കാർ തുടർഭരണത്തിനൊരുങ്ങുമ്പോൾ, പലരും ചോദിക്കുന്ന ഒരു ചോദ്യമിതാണ്: കോൺഗ്രസ്സിനു കേരളത്തിൽ എന്തു സംഭവിക്കുന്നു? ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്ന ഒരു ചോദ്യമാണത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നൽകിയ രാഷ്ട്രീയ സൂചനകൾ മനസ്സിലാക്കുന്നതിൽ കോൺഗ്രസ്സ് പാർട്ടി പൂർണ്ണമായും പരാജയപ്പെട്ടു എന്നു തെളിയിക്കുന്നതാണ് തുടർന്നുവന്ന അസംബ്‌ളി തെരഞ്ഞെടുപ്പിൽ ആ പാർട്ടിയും മുന്നണിയും സ്വീകരിച്ച രാഷ്ട്രീയ നിലപാടില്ലായ്മയും തത്ഫലമായ പരാജയവും. അതു കേവലം സംഘടനാപരമായ മിനുക്കു പണികൊണ്ടോ അഴിച്ചുപണികൊണ്ടോ പരിഹരിക്കാൻ കഴിയുന്നതുമല്ല.

പ്രതിപക്ഷ നേതാവെന്ന നിലയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച രമേശ് ചെന്നിത്തലക്ക് പാർട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്തേക്കെത്താനുള്ള സാധ്യതയും തെരഞ്ഞെടുപ്പുഫലം ഇല്ലാതാക്കി. ഭരിക്കുന്ന സർക്കാരിനെതിരെയുള്ള ആരോപണങ്ങൾകൊണ്ടുമാത്രം തെരഞ്ഞെടുപ്പിൽ വിജയം നേടാനാകില്ല എന്ന സൂചനകൂടി നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ആരോപണ ശരങ്ങളേക്കാൾ, രാഷ്ട്രീയമായ നിലപാടുകൾക്കാണ് പ്രസക്തിയെന്ന രാഷ്ട്രീയ പാഠവും ഈ തെരഞ്ഞെടുപ്പുഫലം മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഭരണം തിരികെപ്പിടിക്കാൻ തയ്യാറായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ്സിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? ഒറ്റവാക്കിൽ പറഞ്ഞാൽ, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് മുന്നോട്ടുവയ്ക്കാൻ ഒരു രാഷ്ട്രീയമില്ലായിരുന്നു എന്നതാണ്. നിലവിലുള്ള യൂ. ഡി. എഫ്. മുന്നണിയെപോലും രാഷ്ട്രീയമായി വ്യാഖ്യാനിക്കാൻ ശേഷിയില്ലാത്ത ഒരു പാർട്ടിയായി കേരളത്തിൽ കോൺഗ്രസ്സ് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.

ബി. ജെ. പി. ക്ക് ഒരു രാഷ്ട്രീയമുണ്ട്. ജനങ്ങൾക്ക്‌ അതേപ്പറ്റി വ്യക്തമായ ധാരണയുമുണ്ട്. അതുകൊണ്ടുതന്നെ ആ പാർട്ടിക്കു കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തിയില്ല. അതു തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാവുകയും ചെയ്തു. ആ പാർട്ടിയിലെ സൗമ്യ സാന്നിധ്യങ്ങളായ ചില വ്യക്തികൾക്ക് മാത്രമാണ് കേരളത്തിന്റെ പൊതു ജീവിതത്തിൽ സ്വീകാര്യതയും സ്വാധീനവുമുള്ളത്.

ഇടതുമുന്നണിക്കും അതിനു നേതൃത്വം കൊടുക്കുന്ന സി. പി. എമ്മിനും ഇന്നത്തെ ഇന്ത്യയിൽ പ്രസക്തമായ രാഷ്ട്രീയ നിലപാടുകളും അതു വിശദീകരിക്കാനുള്ള പാടവവുമുണ്ട്. ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് തങ്ങളുടെ പ്രസ്ഥാനം എന്ന പ്രഖ്യാപനമുണ്ട്. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതരാഷ്ട്രവാദ നിലപാടുള്ളവരെ തള്ളിപ്പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്.

ശക്തമായ നേതൃത്വവും അച്ചടക്കവുമുണ്ട്. ചുരുക്കി പറഞ്ഞാൽ, ഇന്ത്യയിൽ ഇന്ന് ആവശ്യമായിരിക്കുന്നതും ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതുമായ രാഷ്ട്രീയ നിലപാട് തങ്ങൾക്കുന്നുണ്ട് എന്ന്‌ ഉറക്കെ പ്രഖ്യാപിക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതാണ് കേരളത്തിൽ ഇടതുമുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്; ദേശീയതലത്തിൽ ആ പാർട്ടിക്ക് പരിമിതികൾ ഏറെയുണ്ടെങ്കിലും.

കോൺഗ്രസാകട്ടെ, മുസ്ലീംലീഗ് എന്ന സമുദായ സംഘടനയുടെ നിഴലിലേക്ക് സ്വയം ചുരുങ്ങുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മറ്റൊരു സമുദായ സംഘടനക്കുമില്ലാത്ത രാഷ്ട്രീയ സ്വാധീനം തങ്ങൾക്കുണ്ട് എന്നത് തീർച്ചയായും മുസ്‌ലിം ലീഗിന്റെ ശക്തിതന്നെയാണ്.

എന്നാൽ, 'പൊതു നന്മ' എന്ന രാഷ്ട്രീയ ലക്ഷ്യത്തിൽനിന്ന്‌ ആ പാർട്ടിയും അതിന്റെ നേതൃത്വവും അകലുന്ന കാഴ്ചയാണ് സമീപകാലത്തു കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

സമുദായത്തിന്റെ ഉത്തമ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനേക്കാൾ, അതിൽ ഒരു വിഭാഗത്തിന്റെ തീവ്ര മത രാഷ്‌ടീയത്തിലേക്കു മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള ചില പ്രമുഖ വ്യക്തികൾപോലും ചുവടുമാറ്റിയപ്പോൾ, അതിനെ തിരുത്തുന്നതിനോ, തള്ളി പറയുന്നതിനോ ആ പാർട്ടിയിലെയോ സമുദായത്തിലെയോ ആരും മുന്നോട്ടു വന്നില്ല എന്ന് മാത്രമല്ല, മതേതര ഇന്ത്യക്കുവേണ്ടി നിലകൊള്ളും എന്ന് എല്ലാവരും കരുതിയ കോൺഗ്രസ് പാർട്ടിയുടേയോ അതിന്റെ നേതൃത്വത്തിന്റെയോ ഭാഗത്തുനിന്ന്, അത്തരം നിലപാടുമാറ്റത്തിലുള്ള അപകടം ചൂണ്ടിക്കാട്ടാൻ ആരുമുണ്ടായില്ല എന്നതും ഏറെ ദുഖകരമായ സാഹചര്യമുണ്ടാക്കി.

കോൺഗ്രസ്സുമായി പാരമ്പരാഗതമായി അടുപ്പംപുലർത്തുന്ന കേരളത്തിലെ ഇതര സമുദായങ്ങൾ തങ്ങൾക്കുള്ള ന്യായമായ ആശങ്കകൾ പങ്കുവയ്ക്കുമ്പോൾ, അതിൽ അൽപ്പമെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാകുന്നതിന് പകരം, കോൺഗ്രസ്സുകാരായ ചിലർ നടത്തുന്ന രാഷ്ട്രീയ ദാസ്യത്തിന്റെ നിഴൽ നാടകങ്ങൾ ലജ്ജാവഹമെന്നല്ലാതെ എന്ത് പറയാൻ!

ഏവർക്കും പ്രത്യാശയോടെ ആ പാർട്ടിയെ നോക്കാനുള്ള ഒരു സാഹചര്യം ഇന്ന് കോൺഗ്രസ്സിൽ നിലവിലില്ല എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ ചിരിച്ചുകാണിച്ചും ചായകുടിച്ചും തീർക്കാവുന്നതല്ല പല പ്രശ്നങ്ങളുമെന്നറിഞ്ഞിട്ടും, അവയ്ക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള യാതൊരു നടപടിയും നിലപാടും ആ പാർട്ടിയിൽനിന്നും ഉണ്ടായിട്ടില്ല എന്നതാണ് സങ്കടകരം.

ക്രിസ്തീയ സമുദായങ്ങളെ നേരിട്ടു ബാധിക്കുന്ന ഇ. ഡബ്ലിയൂ. എസ്, നാടാർ സംവരണം, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിവേചനം, കൂടാതെ സംസ്ഥാനത്തു ശക്തിപ്രാപിക്കുന്ന ഇസ്ലാമിക തീവ്രവാദം തുടങ്ങി സമൂഹത്തെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളിൽ, കോൺഗ്രസ് പാർട്ടിയുടെയും അതു നേതൃത്വം കൊടുക്കുന്ന മുന്നണിയുടെയും നിഷേധാത്മക നിലപാടും നിസ്സംഗതയും ആ പാർട്ടിയിലും മുന്നണിയിലും, ക്രൈസ്തവ സമുദായം ഉൾപ്പെടെയുള്ള ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കുന്നതായിരുന്നു എന്നു പറയാതെ വയ്യ.

ഇടതു മുന്നണി കറകളഞ്ഞ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമാണ് എന്നൊന്നും അഭിപ്രായമില്ല. എന്നാൽ, ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ നേരിടണമെങ്കിൽ, ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെയും അവ മുന്നോട്ടു വയ്ക്കുന്ന ഫാസിസ്റ്റു രാഷ്ട്രീയ രൂപങ്ങളെയും തള്ളിപ്പറയണം എന്ന തിരിച്ചറിവ് ആ പ്രസ്ഥാനത്തിനുണ്ട്. അതുറക്കെ പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്. കോൺഗ്രസ്സിന് ഇല്ലാത്തത് ഇതു രണ്ടുമാണ്.

നിലപാടും തീരുമാനവുമുള്ള, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ കഴിവും കാര്യപ്രാപ്തിയും തെളിയിച്ച ഒരു ഭരണാധികാരിയെന്ന നിലയിൽ, കേരളത്തിലെ ജനങ്ങൾ, ശ്രീ പിണറായി വിജയനെ വീണ്ടും തങ്ങളുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. ആ അർത്ഥത്തിൽ, ഇടതുപക്ഷത്തിന്റെ ഈ വിജയം, 'പിണറായി (യുടെ) വിജയമാണ്' എന്ന് പറയുന്നതിൽ തെറ്റില്ല.

പ്രതിസന്ധി ഘട്ടങ്ങളിൽ, സർക്കാർ സംവിധാനങ്ങളെ ഫലപ്രദമായി ഏകോപിപ്പിച്ചും, ചില കാര്യങ്ങളിൽ താൻപോരിമയോടെ മുന്നിട്ടിറങ്ങിയും അദ്ദേഹം ജനങ്ങളുടെ ആത്മവിശ്വാസം വളർത്തി. ഈ ചരിത്ര വിജയത്തിന് അദ്ദേഹത്തിനും സഹപ്രവർത്തകർക്കും അനുമോദനങ്ങൾ! അടുത്ത അഞ്ചു വർഷങ്ങൾ കേരളത്തിന് അഭിമാനകരമായ നേട്ടങ്ങളുടേതാകട്ടെ!

പിൻകുറിപ്പ്: രാഷ്ട്രീയത്തിലും ഭരണതലത്തിലും തങ്ങളെടുക്കുന്ന നിലപാടുകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രാപ്തിയില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയും വെല്ലുവിളികളെ രാഷ്ട്രീയമായി അതിജീവിക്കും എന്നു കരുതാൻ വയ്യാ !

-ഫാ. വർഗീസ് വള്ളിക്കാട്ട്

voices
Advertisment