Advertisment

തലശ്ശേരി കലാപത്തിലെ ഓർമയിൽ പിണറായിയിലെ വിജയൻ

author-image
സത്യം ഡെസ്ക്
New Update

- ഹസ്സൻ തിക്കോടി

Advertisment

publive-image

വ്യക്തമായി ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. അരനൂറ്റാണ്ട് മുമ്പ് കേരളത്തിലെ ആദ്യ വർഗീയ കലാപം നടക്കുമ്പോൾ എനിക്ക് ബാല്യം പിന്നിട്ടിരുന്നില്ല. പക്ഷെ തലശേരിയിലെ കതിരൂരിൽ ഉമ്മയുടെ വീട്ടുമുറ്റത്തു ആളിക്കത്തുന്ന തീജ്വാലയും വടിയും വാളുമേന്തിയ മനുഷ്യരെയും കണ്ടതോർമ്മയുണ്ട്.

എന്തിനാണ് അവർ ഞങ്ങളുടെ വീട്ടിനകത്തു കയറിയതെന്നോ സാധനങ്ങൾ വാരിവലിച്ചിട്ടു തീ വെക്കുന്നതെന്നോ എനിക്കറിയില്ലായിരുന്നു. പേടിച്ചു വിറച്ചു കരയുന്ന എന്നെ വാരിയെടുത്തുകൊണ്ടു ഉമ്മയും ഉമ്മാമയും ഓടിയെത്തിയത് തൊട്ടടുത്ത കൗസുവിന്റെ

വീട്ടിലായിരുന്നു.

അവർ ഞങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. നേരം ഏറെ കഴിഞ്ഞപ്പോൾ ബഹളങ്ങൾ കെട്ടടങ്ങിയതോടെ കൗസു ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തന്നു. ആർത്തിയോടെ അത് കഴിക്കുബോൾ അവർ ഉമ്മാമയോട് പറഞ്ഞു. “ഇനി കുറച്ചു ദിവസം ഇവിടെ നിന്നാൽ മതി, എല്ലാം ഒന്ന് ശമിക്കട്ടെ…..”

തലശ്ശേരിയിലെ വർഗീയ കലാപം കെട്ടടങ്ങാൻ ദിവസങ്ങൾ ഏറെയെടുത്തു. അന്നത്തെ യുണൈറ്റഡ് ഫ്രണ്ട് ഗവർമെണ്ടിൽ പങ്കാളിയായ മുസ്ലിം ലീഗിന് അമിതമായ പ്രാധാന്യം നൽകുന്നതായി ഒരു കൂട്ടം ഹിന്ദുക്കൾ ധരിക്കുകയും ഇത് അവർ ഹിന്ദു ഹൃദയങ്ങളിൽ അതിവേഗം എത്തിക്കുകയും ചെയ്തു.

അങ്ങനെ രാക്ഷ്ട്രീയ വൈരാഗ്യം വളരെ പെട്ടന്ന് ആളിക്കത്തി. ഹിന്ദുമനസ്സുകളിൽ വേരൂന്നിയ ഈ വൈര്യം സാവകാശത്തിൽ ഒരു വർഗീയ കലാപമായി മാറുകയാണുണ്ടായത്. പിന്നീട് ജസ്റ്റിസ് ജോസഫ് വിതായത്തിലിനെ അനേഷണ കമീഷനായി നിയമിക്കുകയും അദ്ദേഹം കൊടുത്ത റിപ്പോർട്ടിൽ കലാപം ആസൂത്രിതമാണെന്നും ഹിന്ദു വർഗീയവാദികളാണ് ആദ്യം കലാപത്തിനു

തുടക്കംകുറിച്ചതെന്നും പറയുന്നു.

അതിനെ ചെറുത്തു നിൽക്കാൻ മുസ്ലിംകൾ ഒരുങ്ങിയപ്പോൾ ഹിന്ദുക്കൾ കൂടുതൽ കോപാലുഷ്ടരാവുകയും രണ്ടുപേരും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു വർഗീയ കലാപമായി പരിണമിക്കുകയും ചെയ്തു.

അന്ന് പിണറായി വിജയൻ കൂത്തുപറമ്പിലെ എം.എൽ.എ.ആയിരുന്നു. ഒരു പക്ഷെ പിണറായി

വിജയൻറെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ആ വർഗീയ കലാപം ഏറെ

ആളിക്കത്തുമായിരുന്നു.

മുസ്ലിംകളായ ഞങ്ങൾക്ക് അഭയം തന്നു രക്ഷിച്ചത് ഹിന്ദുവായ കൗസുവും സച്ചിദാനന്ദൻ ഡോക്ടറുമായിരുന്നു. നന്മയുള്ള ആ മനുഷ്യസ്‌നേഹികൾ അഭയം നൽകിയില്ലായിരുന്നെങ്കിൽ ഞങ്ങളും ആ കലാപത്തിന്നിരയാകുമായിരുന്നു.

കാലങ്ങളേറെ കഴിഞ്ഞാണ് പിണറായി വിജയനെ ഞാൻ നേരിൽ കാണുന്നത്. കൈരളി ചാനലിന്റെ പ്രവർത്തന കാമ്പയിനിന്റെ ഭാഗമായി കുവൈറ്റിൽ എത്തിയതായിരുന്നു അദ്ദേഹവും ജോൺ ബ്രിട്ടാസ് ടീമും.

കമ്യൂണിസ്റ് പാർട്ടിയുടെ പോഷക സംഘടനയായ “കല” കുവൈറ്റ് ഒരുക്കിയ വേദിയിൽ

ഞാനും പങ്കാളിയായിരുന്നു. അന്നൊരു ദിവസം അദ്ദേഹത്തെ നേരിൽ പരിചയപ്പെടാനിയായി അവർ താമസിച്ച ഫഹാഹീലിലെ ഫ്ലാറ്റിൽ ഞാൻ പോയിരുന്നു.

പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലെത്തിയ ഞാൻ 2017-ൽ വീണ്ടും പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയായിരിക്കെ ജി.എം.ഐ എന്ന സംഘടനക്ക് വേണ്ടി കോഴിക്കോട് എയർപോർട്ട് വികസന ചർച്ചക്കുവേണ്ടിയായിരുന്നു അത്. പിന്നീട് അതേ സംഘടന സംഘടിപ്പിച്ച കോൺക്ലിവിലെ മുഖ്യാതിഥിയായി ക്ഷണിക്കാനായി അദ്ദേഹത്തിന്റെ ഓഫിസിലും പോയിരുന്നു.

2016 മെയ് 25-നു ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ ഞാൻ ചൈനയിലെ ചരിത്ര പ്രസിദ്ധമായ ടിയാമെൻ സ്വാകയറിലായിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തിലെ പോരായ്മകൾ ഇല്ലാതാക്കാനും സ്വതന്ത്ര ചൈന എന്ന ആശയം കൊണ്ടുവരാനുമായി 1989 ഏപ്രിലിൽ 15-ന് ആരംഭിച്ച സമരം അതെ വർഷം ജൂൺ നാലിന് ഒരു കൂട്ടക്കുരിതിൽ അവസാനിച്ചത് ബീജിംഗിലെ ടിയാമെൻ സ്വാകയറിൽ വിദ്യാർത്ഥികളും ചൈനീസ് പട്ടാളവും ഏറ്റുമുട്ടിയതോടെയാണ്‌.

ആയിരക്കണക്കിന് വിദ്യാർത്ഥികളെ ചൈനീസ് പട്ടാളം വെടിവെച്ചു കൊന്നു. “89 Democracy Movement” എന്ന പേരിൽ അറിയപ്പെടുന്ന ആ കലാപം ഇല്ലാതാക്കിയത് ഭൂരിഭാഗവും വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു. ടിയാമെൻ സ്ക്വായർ ഇന്നൊരു സ്മാരകമാണ്, ഒരു “കൂട്ടക്കൊലയുടെ സ്മാരകം” Tianamen Square Masscare.

ഇന്ന്, മെയ് 20-നു അഞ്ചുവർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവുന്നു. കോവിഡിന്റെ പ്രോട്ടോകോൾ പാലിച്ചു എല്ലാവരും മസ്കണിഞ്ഞുകൊണ്ട് നടത്തിയ ഈ സത്യപ്രതിജ്ഞ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ആദ്യ വായമൂടിക്കെട്ടിയ ചടങ്ങായിരിക്കും.

രണ്ടാമൂഴം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുക. ഒന്നാമൂഴത്തിലെ നിപ്പയും ഇരുപ്രളയങ്ങളും കോവിഡിന്റെ ആദ്യ അടച്ചുപൂട്ടലും സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യം കരകയറും മുമ്പേ വന്നുപെട്ട കോവിഡ് രണ്ടാം തരംഗത്തിന്റെ ദുരിതക്കയത്തിലാണ് സർക്കാരിന് രണ്ടാമൂഴം വന്നിരിക്കുന്നത്.

ലോകമാസകലം പ്രത്യേകിച്ച് ഇന്ത്യ എല്ലാ മേഖലയിലും വെല്ലുവിളികളെ നേരിടുകയാണ്. ജനങ്ങളുടെ പ്രതിരോധശേഷി നേടിയെടുക്കാൻ വാക്സിനുകളുടെ ലഭ്യത എത്രത്തോളം ഫലപ്രദമാക്കാനാവുമോ അതായിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രക്ക് ശക്തി പകരുക.

ഇനിയൊരു മൂന്നാം തരംഗത്തെ നേരിടാനുള്ള തന്ത്രം കൂടി കാലേകൂട്ടി ചെയ്യേണ്ടിയിരിക്കുന്നു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രസന്ധികളെയും ദുരിതങ്ങളെയും നേരിടാനുള്ള കെല്പും ആർജവവും രണ്ടാമൂഴത്തിലെ ടീമിനുണ്ടാവട്ടെ. സർക്കാരിന്റെയും ജനങ്ങളുടെയും ആരോഗ്യം പൂർവാധികം മേന്മയുള്ളതാവട്ടെ. ആരോഗ്യമുള്ള ഒരു സർക്കാരിനുമാത്രമേ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാനാവൂ.

വാൽകഷ്ണം: ക്രിയാത്‌മകമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവം ഇവിടെ സംജാതമാവരുത്. ജാനധിപത്യത്തിന്റെ “ആരോഗ്യത്തിനു” ശക്തി പകരാൻ പ്രതിപക്ഷം അനിവാര്യമാണ്. തെറ്റുകൾ ചൂണ്ടികാട്ടാനും, കുറ്റവും കുറവും പരിഹരിക്കാനും കരുത്തുറ്റ പ്രതിപക്ഷം ഉണ്ടായേ തീരൂ.

അല്ലെങ്കിൽ അഹങ്കാരം മത്തുപിടിച്ച ഒരു ഭരണത്തിലായിത്തീരും കേരളം എത്തിച്ചേരുക.

നാല്പത്തൊന്നാളുകൾ തൊണ്ണൂറ്റി ഒൻപതിനേക്കാൾ കെങ്കേമമ്മാരെന്നു തെളിയിക്കേണ്ട ബാധ്യതകൂടി പ്രതിപക്ഷത്തിനുണ്ട്.

ജരാനരകൾ പിഴുതെറിഞ്ഞു യുവത്വത്തിന്റെ പുതുമുഖങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന തോന്നൽ പ്രതിപക്ഷ പ്രഭിതികൾക്കുണ്ടാവട്ടെ. “മാറ്റങ്ങൾക്കു സന്നദ്ധമാവാത്തവരെ ദൈവം പോലും പരിവർത്തിപ്പിക്കുകയില്ല എന്ന വേദപാഠം ഇവിടെ അന്വർത്ഥമാണ്.

- ഹസ്സൻ തിക്കോടി

voices
Advertisment