Advertisment

ഒരു ശരീരം രണ്ടു ജീവൻ ! സോഹന-മോഹന സഹോദരങ്ങൾ... പഞ്ചാബ് സ്വദേശികളായ ഇവർ സർക്കാർ രേഖകളിൽ രണ്ടുപേരായതിനാലും അരയ്ക്കുതാഴെ ഒന്നായിട്ടുള്ള എന്നാൽ രണ്ടുടലുകളുള്ള വ്യത്യസ്തരായതിനാലും ഇവര്‍ക്ക് ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് വികലാംഗ സർട്ടിഫിക്കറ്റ് നൽകാൻ പഞ്ചാബ് സര്‍ക്കാരിന് സാധിക്കുന്നില്ല. ഇതോടെ പഞ്ചാബിൽ ഇവരിപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്

New Update

publive-image

Advertisment

ഇവരാണ് സോഹന-മോഹന സഹോദരങ്ങൾ. അരയ്ക്കു മുകളിൽ മാത്രം ഇവർ രണ്ടു വ്യക്തികളാണ്. വെവ്വേറെയാണ് മുഖങ്ങൾ, ശ്വാസകോശം, ഹൃദയം, നട്ടെല്ല് എന്നിവയെങ്കിലും കിഡ്‌നി, ലിവർ, ബ്ലാഡർ ഒക്കെ ഇരുവർക്കുമായി ഒന്നുമാത്രമേയുള്ളു. കൈകൾ നാലുണ്ടെങ്കിലും കാലുകൾ രണ്ടു മാത്രമേയുള്ളു. വിധിയുടെ വല്ലാത്തൊരു വിളയാട്ടമായിപ്പോയി ഇത്.

പഞ്ചാബിൽ ഇവരിപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം ഇവർക്ക് വികാലാംഗ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡും വല്ലാത്ത വിഷമവൃത്തത്തിലാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാന സർക്കാരുകൾ ഇതുപോലുള്ള ആർക്കെങ്കിലും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ എന്നതുൾപ്പെടെ അവർ സുപ്രീം കോടതി വിധിയും മറ്റുമിപ്പോൾ വിശകലനം ചെയ്യുകയാണ്.

കാരണമുണ്ട് സോഹന - മോഹന എന്ന ഇവർ സർക്കാർ രേഖകളിൽ രണ്ടുപേരാണ്. ഇരുവരുടെയും ആധാർ കാർഡുകളും വെവ്വേറെയാണ്. ഇക്കഴിഞ്ഞ ജൂൺ 14, 2021 ന് 18 വയസ്സ് പൂർത്തിയായ ഇവർ വോട്ടർ ഐഡിക്കായി അപേക്ഷയും നൽകിക്കഴിഞ്ഞു.

ഇവരുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിഷയം സങ്കീർണ്ണമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് 3 വർഷ ഡി പ്ലോമ പാസ്സായ സോഹന - മോഹനമാർ പഞ്ചാബ് ഇലക്ട്രിസിറ്റി ബോർഡ് കമ്പനിയായ പവർകോമിൽ ജൂനിയർ എഞ്ചിനീയർ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ചതോടെയാണ് അധികാരികൾ വിഷമവൃത്തത്തിലായത്.

publive-image

ഇവരിൽ ഒരാൾക്ക് ജോലിലഭിച്ചാൽ മറ്റെയാളും ഒപ്പമുണ്ടാകും. രണ്ടു പേർക്കും ജോലിനൽകിയാൽ ഒരു സമയം ഒരാൾക്ക് മാത്രമേ ജോലിചെയ്യാൻ കഴിയുകയുള്ളു. രണ്ടുപേർക്കും നിയമനം നൽകിയാൽ രണ്ടു പോസ്റ്റാകും അത്. സാലറിയും ആനുകൂല്യങ്ങളും വെവ്വേറെ നല്കണം.

എന്നാൽ വെവ്വേറെ ജോലിയും വേറിട്ട ജോലി സ്ഥലങ്ങളും ഇവരെ സംബന്ധിച്ചിടത്തോളം നടപ്പുള്ള കാര്യമല്ല. എപ്പോഴും ജോലി ഒരാൾക്കുമാത്രമേ ചെയ്യാൻ കഴിയുകയുള്ളു. ഇനി സാലറിയും ആനുകൂല്യങ്ങളും ഇരുവർക്കും പകുതി പകുതിയായി വിഭജിച്ചു നൽകാൻ വകുപ്പുണ്ടോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഇപ്പോൾ പഞ്ചാബ് വൈദ്യുത ബോർഡും സർക്കാരും.

ഇതേത്തുടർന്ന് പഞ്ചാബ് സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇരുവരെയും വിശദമായി പരിശോധിക്കുകയുണ്ടായി. മെഡിക്കൽ ബോർഡ് രണ്ട് അസ്ഥിരോഗവിദഗ്ദ്ധരും ഒരു ന്യൂറോ സർജനും ഒരു മെഡിസിൻ ഡോക്ടറും ഉൾപ്പെട്ടതാണ്.

കായികമായും ആരോഗ്യപരമായും രണ്ടുപേരും ശക്തരാണ്. പടികൾ കയറാനും ഏണിയിൽ കയറാനുമൊക്കെ അവർ സമർത്ഥരാണ്. ഡിപ്ലോമയ്ക്ക് നല്ല മാർക്കുമുണ്ട്. ഇപ്പോഴവർ ഇലക്ട്രിക്കൽ തൊഴിലിൽ ജലന്ധറിലുള്ള ഒരു സ്ഥാപനത്തിൽ പരിശീലനം നടത്തിവരുന്നു.

എന്നാൽ മെഡിക്കൽ ബോർഡിന് മുന്നിലുള്ള വെല്ലുവിളി എന്തെന്നാൽ, അരയ്ക്കുതാഴെ ഒന്നായിട്ടുള്ള എന്നാൽ രണ്ടുടലുകളുള്ള വ്യത്യസ്തരായ ഇവർക്ക് ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് വികലാംഗ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല എന്നതാണ്. അപ്പോഴും പൂർണ്ണമായും വികലാംഗരായ ഇവർക്ക് സർട്ടിഫിക്കറ്റ് നല്കാതിരിക്കുന്നതും നീതിനിഷേധമാണ്. ഇതാണ് ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്‍നം.

സുപ്രീം കോടതിയുടെ ഇടപെടൽ ഒരു പക്ഷേ അനിവാര്യമായേക്കാവുന്ന ഈ വിഷയത്തിൽ മറ്റുള്ള പോംവഴികളും സാദ്ധ്യതകളും ആരായുകയാണ് ഇപ്പോൾ മെഡിക്കൽ ബോർഡും സർക്കാരും. എല്ലാ സംസ്ഥാനങ്ങൾക്കും ആരോഗ്യമന്ത്രാലയത്തിനും ഇതുമായി ബന്ധപ്പെട്ടവർ കത്തുകൾ കൈമാറിയിട്ടുമുണ്ട്.

പഞ്ചാബിലെ ഇപ്പോഴത്തെ താരങ്ങളാണ് സോഹന-മോഹന സഹോദരങ്ങൾ. ജനപിന്തുണ പൂർണ്ണമായും അവർക്കൊപ്പമാണ്. അതുകൊണ്ടുതന്നെ സർക്കാരും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. സുപ്രീംകോടതിയുടെ പല നിയമവശങ്ങളും പരിശോധിക്കുന്നുമുണ്ട്.

ഇവരുടെ ശാരീരിക വൈകൃതം പോലെത്തന്നെ സങ്കടകരമാണ് ഇവരുടെ ജീവിതകഥയും. 2003 ജൂൺ 14 ന് ഡൽഹിയിലെ സുചേതാ കൃപലാനി ആശുപത്രിയിൽ ജനിച്ച ഇവരെ മാതാപിതാക്കൾ അവിടെത്തന്നെ ഉപേക്ഷിച്ചുപോകുകയായിരുന്നു.

പഞ്ചാബിലെ ജലന്ധറിലുള്ള 'പിൻഗൽവാഡ' അനാഥാലയത്തിൻറെ ചുമതലവഹിച്ചിരുന്ന ബീബി ഇന്ദ്രജിത് കൗർ അവരെ ഏറ്റെടുത്ത് പഞ്ചാബിലേക്ക് കൊണ്ടുപോരുകയായിരുന്നു. അവരാണ് ഇവർക്ക് മനോഹരമായ സോഹന-മോഹന എന്ന പേരുകൾ സമ്മാനിച്ചത്.

publive-image

ഇരട്ടകൾ അധികനാൾ ജീവിച്ചിരിക്കില്ലെന്ന് പരിശോധിച്ച മിക്ക ഡോക്ടർമാരും വിധിയെഴുതിയെങ്കിലും ഇവരെ നന്നായി പരിചരിച്ചു വളർത്തുന്ന കാര്യത്തിൽ ബീബി ഇന്ദ്രജിത് കൗർ ഒരു കുറവും വരുത്തി യിരുന്നില്ല. ഇവരുടെ പരിപാലനത്തിനായി ഒരു പൂർണ്ണസമയ നേഴ്‌സിംഗ് സിസ്റ്ററെയും അവർ നിയമിക്കുകയുണ്ടായി. ബീബി ഇന്ദ്രജിത് കൗറും സിസ്റ്റർ മൻപ്രീതും ഇരുവർക്കും അമ്മമാരായി മാറി.

കുട്ടികൾ വിപരീത പരിതസ്ഥിതികൾ ഒന്നായി തരണം ചെയ്തു വളർന്നു. ഹൈസ്‌കൂൾ വിദ്യഭ്യാസവും ഡിപ്ലോമയും കഴിഞ്ഞ് പ്രായപൂർത്തിയായ യുവാക്കളായി മാറിയ അവരുടെ ആരോഗ്യനിലയിൽ മെഡിക്കൽ ബോർഡും സംതൃപ്തരാണ്. മുന്നോട്ടുള്ള അവരുടെ ജീവിതത്തിന് രണ്ടുപേർക്കുമായോ ഒരാൾക്കോ ഒരു സർക്കാർ ജോലി അനിവാര്യമാണെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. സർക്കാർ നിലപാടും അനുകൂലമാണ്.

പഞ്ചാബിന്റെ അഭിമാനമായാണ് മോഹന- ഹനമാരെ ആളുകൾ വിലയിരുത്തുന്നത്. "ഏക് ജിസം ദോ ജാൻ - പഞ്ചാബ് കാ ഷാൻ " (ഒരു ശരീരം രണ്ടു ജീവൻ പഞ്ചാബിന്റെ അഭിമാനം) എന്നാണവരിന്ന് അറിയപ്പെടുന്നത്.

ഇപ്പോഴുള്ള ചില നിയമപരമായ തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്നും പുതിയൊരു ജീവിത പന്ഥാവിലേക്ക് മോഹന-സോഹന സഹോദരങ്ങൾ മാറുമെന്നും നമുക്കും പ്രതീക്ഷിക്കാം.

voices
Advertisment