Advertisment

വിഷു സത്യവും മിഥ്യയും...

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-ഷീല എൽ.എസ്, കൊല്ലം

മേടമെത്തി... വിഷുവുമെത്തി... എൻെറ മുറ്റത്തെ കണിക്കൊന്ന മാത്രം പൂക്കളെല്ലാം തീർത്ത് പ്രസന്നവദനയായിനിൽക്കുന്നു... നീളമുള്ള കായ്കൾമാത്രം ചില്ലകളിൽ ഊഞ്ഞാലാടുന്നു... കാറ്റത്ത്  തലകുത്തിമറിയുന്നു. അല്ലെങ്കിലും കുറേക്കാലമായി അവൾ കാലംതെറ്റിയാണ് പൂക്കുന്നത് ! ഇളംതെന്നൽ അവളുടെ അടുത്ത് ചെന്ന് കവിളിൽതലോടി ചോദിച്ചു. ''നീ എന്തേ ഇപ്പോൾ ഇങ്ങനെ ? വിഷുവിന് കണിയൊരുക്കാനുളള പൂക്കൾക്ക് എവിടെ പ്പോകും ? നീ ഇങ്ങനെ അകാലത്തിൽ പൂവിട്ടാൽ മനുഷ്യരെന്തു ചെയ്യും ? അവർക്ക് വിഷുക്കണി ഒരുക്കാൻവേണ്ടിയല്ലേ പ്രകൃതി നിൻെറ പൂക്കാലം ഈ മാസത്തിലൊരുക്കിയിരിക്കുന്നത് ??

കണിക്കൊന്ന പൊട്ടിച്ചിരിച്ചു പറഞ്ഞു ''എൻെറ പൊന്നു കാറ്റേ നീയും ഈ മനുഷ്യരെ പ്പോലെ ആയാലോ ? അവരോ ചിന്തിക്കുന്നില്ല; നീയും കൂടി അങ്ങനെ ആയാലോ ?? മനനം ചെയ്യുന്നവൻ എന്നയർത്ഥത്തിലാണ് മനുഷ്യൻ എന്ന പേര് അവനുകിട്ടിയത്. പക്ഷേ ! അവരിപ്പോൾ ചിന്തിക്കുന്നതേയില്ല. നീയുമിങ്ങനെ ഒട്ടും ചിന്തിക്കാതെ സംസാരിച്ചാലോ ? ആരാ നിന്നോടു പറഞ്ഞത് ഞങ്ങൾ പൂക്കുന്നത് ഇവർക്ക് കണിയൊരുക്കാനാണെന്ന് ? പ്രകൃതി മറ്റെല്ലാവരേയും പോലെ ഞങ്ങൾക്കും പുഷ്പിക്കാനവസരം നൽകിയിരിക്കുന്നത് വംശവർദ്ധനവിനു വേണ്ടിതന്നെയാണ്.

പിന്നെ നീ ചോദിച്ചില്ലേ?? എന്തേ നേരത്തേ പൂത്തു തീർത്തതെന്ന് ? പറയാം കേട്ടോളൂ...

വൈകാരികമായി പറഞ്ഞാൽ ഞങ്ങൾ പൂക്കുന്നത്; ആ പൂക്കൾ കൊഴിഞ്ഞ് കായകളായി അവ മൂത്ത് പൊട്ടിത്തെറിച്ച് പുതുചെടിയുണ്ടാകാനും അങ്ങനെ വംശം നിലനിർത്താനുമാണ്.

നീ കണ്ടിട്ടില്ലേ അടിമുടി മഞ്ഞപ്പട്ടു പുതച്ചതുപോലെ പൂത്തുനിൽക്കുന്ന കണിക്കൊന്നകളെ ? കാറ്റു പറഞ്ഞു...``ആ കാഴ്ച കാണാൻ തന്നെ എത്ര മനോഹരവും ആനന്ദ പ്രദവുമാണെന്നോ !''

അതെ... കൊന്ന പറഞ്ഞു... പക്ഷേ ! വിഷു എന്നു പറയുന്ന ആ ദിവസം വരെയേ എൻെറ കുഞ്ഞുങ്ങൾക്ക് ആയുസ്സുളളൂ... വിഷുവിൻെറ തലേദിവസം ഇവർ എന്നെ ആകെ അലങ്കോലമാക്കും. എൻെറ കുഞ്ഞുങ്ങളെ മുഴുവൻ അടിച്ചു കൊഴിയ്ക്കും. ഒരുവർഷത്തെ എൻെറ സ്വപ്നങ്ങളെ മുഴുവൻ ഒരുനിമിഷം കൊണ്ട് തല്ലിത്തകർക്കും... എത്ര പൂവുണ്ടായാലും ആർത്തിമൂത്ത ഈ മനുഷ്യർക്ക് മതിയാകാറേയില്ല...

പണ്ടൊക്കെ ഇവർ വളരെ കുറച്ചു പൂക്കളേ ഇറുത്തെടുരുന്നുള്ളൂ എന്നാൽ ഇന്ന് അങ്ങനെയല്ല അതൊരു കച്ചവടം കൂടി ആയി. എല്ലാം തല്ലിക്കൊഴിച്ചു കൊണ്ടുപോകും ഒരെണ്ണം പോലും കായാകാൻ അനുവദിക്കാറില്ല. കണ്ണന് കണിയൊരുക്കാനാണത്രേ ! ഞങ്ങളിങ്ങനെ സുവർണ്ണ ശോഭയോടെ പൂക്കളെല്ലാം കുറേശ്ശെയായി കൊഴിഞ്ഞു തീരും വരെ മഞ്ഞപ്പട്ടുടയാടയാട ചാർത്തി പുഞ്ചിരിച്ചു നിൽക്കുന്നത് കാണാനാവില്ലേ കണ്ണന് ഏറെയിഷ്ടം ! അതോ കുഞ്ഞുങ്ങളെയെല്ലാം നഷ്ടപ്പെട്ടു കരഞ്ഞു വീർത്ത മുഖവുമായിനിൽക്കുന്ന ഞങ്ങളെ പീതാംബരൻ ആഗ്രഹിയ്ക്കുമെന്ന് എനിയ്ക്കു തോന്നുന്നില്ല.

അതെല്ലാം പോകട്ടെ. കാറ്റേ... എനിയ്ക്കൊരു സംശയം... ! ഒരിക്കലും ഇമ ചിമ്മാത്ത കണ്ണൻ എങ്ങനയാണ് കണി കാണുന്നത് ? ദേവന്മാർക്ക് കൺപോളകൾ ഇല്ലെന്നാണല്ലോ പറയപ്പെടുന്നത് ! കണ്ണടയ്ക്കാത്തവർക്ക് എന്തു കണി ? വെറുതേ ഓരോന്നു പറഞ്ഞ് ഇവർ എന്റെ സ്വപ്നങ്ങൾ തല്ലിക്കൊഴിയ്ക്കുന്നു. അതാ ഞാൻ നേരത്തേ പൂത്തു തീർത്തത് ഇപ്പോൾ നോക്കൂ വിഷു എന്ന് ഇവർ പറയുന്ന ആ ദിവസം വരുമ്പോഴേയ്ക്കും എന്നിൽ കായ്കളായിക്കഴിഞ്ഞിരിക്കും. ഇനി എനിയ്ക്ക് ഭയം വേണ്ടല്ലോ.

എന്തൊരു സന്തോഷമാണെന്നറിയാമോ ? ഈ കായ്കളെല്ലാം മൂത്തു പൊട്ടിത്തെറിച്ച്; വർഷകാലം കഴിയുമ്പോൾ എന്റെ കുഞ്ഞു മക്കൾ മുളച്ചു പൊന്തും. ഏറെയും ഇവർ പിഴുതുകളയും. എങ്കിലും ഒന്നു രണ്ടെണ്ണമെങ്കിലും രക്ഷപ്പെടും....

ഇനി ശാസ്ത്രീയമായിട്ടാണെങ്കിൽ

സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേയ്ക്ക്മാറുന്നസംക്രാന്തിയാണ്... മഹാവിഷു. ഈ മഹാവിഷുവാണ് സംഘകാലം മുതൽ കാർഷികോൽസവമായി ആഘോഷിച്ചിരുന്നത്. വിഷു എന്നാൽ "തുല്യം" എന്നാണർത്ഥം. രാത്രിയും പകലും തുല്യമായി വരുന്ന ദിവസം'സൂര്യൻ

തെക്കു നിന്ന് വടക്കോട്ട് ഘടികാമണ്ഡലത്തെ (celestial equator) മുറിച്ചു കടക്കുന്നതായി അനുഭവപ്പെടുന്ന ബിന്ദു മേഷാദി(മഹാവിഷുവം). വടക്കു നിന്ന് തെക്കോട്ടുള്ള സൂര്യന്റെ യാത്ര തുലാദി (തുലാവിഷു അല്ലെങ്കിൽ അപരവിഷു) എന്നറിയപ്പെടുന്നു.

ആയിരം വർഷം മുൻപ് മേഷാദി (മഹാവിഷു) മേടത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി അന്ന് ആചരിച്ചിരുന്നത്. സൂര്യന്റെ അയനം (യാത്ര, ചലനം) അനുസരിച്ച് വിഷുവങ്ങൾ മാറും. മഹാവിഷു ഇപ്പോൾ മാർച്ചിലും അപരൻ സെപ്തംബറിലുമാണ്.

ഇനി സൂര്യന്റെ ഈ അയനവും കൊന്നകളും തമ്മിലെന്തുബന്ധം എന്നു നോക്കാം. കൊന്നകൾ പൂക്കുന്നത് സൂര്യന്റെ അയനമനുസരിച്ചാണ്. ഉത്തരായനം തുടങ്ങുന്ന സൂര്യൻ മാസങ്ങൾ പിന്നിട്ട് ഭൂമദ്ധ്യരേഖാ പ്രദേശത്ത് എത്തുന്നതാണ് മേടവിഷു വിഷുവങ്ങൾ അയന മനുസരിച്ച്

മാറുമെന്ന് പറഞ്ഞല്ലോ. ഈ വിഷുവങ്ങൾ മാറുന്നതനുസരിച്ച് കൊന്നകൾ പൂക്കുന്നതിനും മാറ്റം വരും.

വേനൽച്ചൂടിലെ ജലനഷ്ടം തടയാൻ കൊന്നകൾ ഇലകളെക്കെ പൊഴിച്ച് നിൽക്കും. സൂര്യൻ ഉച്ചിയ്ക്കു മുകളിൽ എത്തുമ്പോൾ അവ പൂക്കുകയും ചെയ്യും. മറ്റൊന്നും അവയ്ക്കറിയില്ല. സൂര്യന്റെ അയനമതു സരിച്ചാണ് പാവം കൊന്നകൾ പൂക്കുന്നത്. അങ്ങനെയാണ് പ്രകൃതി അവയുടെ പൂക്കാലമൊരുക്കിയിരിക്കുന്നത്. അല്ലാതെ അന്ധവിശ്വാസാധിഷ്ഠിതമായ ഒരു കണി കാണലിനു വേണ്ടിയല്ല. അതു മാത്രമോ? നൂറ്റാണ്ടു മുൻപുണ്ടാക്കിയ കാലഹരണപ്പെട്ട ; കലണ്ടറോ പഞ്ചാംഗമോ ഒന്നും നോക്കിയല്ല കൊന്നകൾ പൂക്കുന്നതും കായ്ക്കുന്നതും !

വിഷു വിഷു എന്നാർത്തു കൊണ്ട് കൊന്നപ്പൂക്കൾ തല്ലിക്കൊഴിയ്ക്കുന്ന ദിവസമല്ല യഥാർത്ഥത്തിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മേഷാദി അല്ലെങ്കിൽ മഹാ വിഷു എന്നതാണ് ഏറ്റവും ദു:ഖകരമായിട്ടുള്ള കാര്യം. അത് കാറ്റേ നീയെങ്കിലും ചിന്തിക്കൂ...

ഈ മനുഷ്യർ പിന്നെ ചിന്തിക്കുന്നതേയില്ല. പണ്ടുള്ളവർ കാമ്പും കഴമ്പുമുള്ള കാര്യങ്ങൾക്കായി; അന്നത്തെ രീതിയനുസരിച്ച് പലതും ചെയ്തിരുന്നു. അത് അന്നത്തെ അവരുടെ സാഹചര്യവും കാലവും അനുസരിച്ച്. ഇന്ന് ആ സാഹചര്യങ്ങളോ കാലാവസ്ഥയോ അല്ല. സകലതിനും മാറ്റം

വന്നിരിക്കുന്നു... ലോകം ള്ളളം കയ്യിലൊതുക്കുന്ന കാലം. എന്നിട്ടും ഇതൊന്നും കണ്ടുപിടിക്കാത്ത ഒരു കാലത്ത് അന്നുള്ളവർ അനുഷ്ഠിച്ചിരുന്ന ആചാരങ്ങൾ; (അവ അവർക്ക് വെറും ആചാരങ്ങളായിരുന്നില്ല ; മറിച്ച് ആവശ്യങ്ങളയിരുന്നു എന്ന സത്യം മനസ്സിലാക്കാതെ) ഇന്നും ആ ആചാരങ്ങളുടെ പുറകേ പോകുന്ന മനുഷ്യർ.

അവർ എന്തുകൊണ്ട് ഇൻറർനെറ്റും. വാഷിംഗ് മെഷീനും ടെലിവിഷനും മൊബൈൽ ഫോണും ഒക്കെ ഉപയോഗിക്കുന്നു? ഈ ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നവർ ഇതൊന്നും ഉപയോഗിക്കാതെയാണ് ഇത്തരത്തിലുള്ളവ അനുഷ്ഠിച്ചിരുന്നത്. അവരുടെ ജീവിത രീതി പിൻതുടരാതെ അവരുടെ ആചാരങ്ങൾ മാത്രം പിൻ തുടരുന്നവരാണ് ഇന്നത്തെ മനുഷ്യർ.

ലോകം ഉള്ളം കയ്യിലായിട്ടും കൂപമണ്ഡൂകങ്ങളെപ്പോലെ ഇന്നും പലതും ചെയ്തുകൂട്ടുന്നു.

ങ്‌ഹാ ! അതു പോട്ടെ. അതവരുടെ കാര്യം. കാറ്റേ ! നിനക്ക് ഇപ്പോൾ ഏകദേശം കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ... നീ പോകുന്ന ദിക്കിൽ ഇതൊന്നും അറിയാത്തവരുണ്ടെങ്കിൽ അവർക്ക് പറഞ്ഞു കൊടുക്കൂ... പക്ഷേ ! ഒരു കാര്യം. ഒരു കാരണവശാലും നീ മനുഷ്യരോട് പറയരുത്. കാരണം അവരിത് അറിഞ്ഞാലും അനുസരിക്കില്ല. അവർക്ക് സത്യമല്ല വേണ്ടത്... വെറും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം മതി. അതിനുള്ളിൽ കയറാനാകാതെ പുറത്തിറങ്ങി നിൽക്കുന്ന സത്യം... അതവർക്ക് വേണ്ടേ വേണ്ട.

കാറ്റ് വൃക്ഷങ്ങളുടെ കൊമ്പുകളും ചില്ലകളു മിളക്കി സമ്മതത്തോടെ തലയാട്ടി കൊന്നയെ തഴുകിത്തലോടി കടന്നുപോയി... കുറേക്കാലമായി പറയുള്ളതു പറഞ്ഞു തീർത്ത ആശ്വാസത്തിൽ കൊന്നയും...

(വിവരങ്ങൾക്ക് കടപ്പാട്: ഗൂഗിൾ)

voices
Advertisment