Advertisment

കെ. സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായത് പ്രവര്‍ത്തകരുടെ വിജയം. സമൂഹമാധ്യമങ്ങളില്‍ ദീപക്കാഴ്ച ഒരുക്കിയും പടക്കം പൊട്ടിച്ചും ചായംതേച്ചും കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കെ.സുധാകരന്റെ വരവ് ആഘോഷിയ്ക്കുന്നു

New Update

publive-image

Advertisment

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ മിന്നിത്തിളങ്ങുന്ന കസേരയിലേയ്ക്ക് കെ.സുധാകരനെ കൈപിടിച്ച് ഹൈക്കമാന്റ് പടിയേറ്റിയത് പ്രവര്‍ത്തകരുടെ കൂട്ടായ പ്രതികരണത്തിന്റെ ഫലമായിരുന്നു എന്ന് പറയാതിരിയ്ക്കാനാവില്ല.

പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തതാണ് അവരുടെ സംസ്ഥാന അദ്ധ്യക്ഷനെ എന്നതില്‍ അഭിമാനപുളകിതരായി, ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ആവേശക്കൊടുമുടിയില്‍ മൂവര്‍ണക്കൊടി പാറിച്ചുകൊണ്ടിരിയ്ക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളില്‍ വഴി അത്രയ്ക്ക് ആയിരുന്നു സുധാകരനുവേണ്ടി പ്രവര്‍ത്തകര്‍ പൊരുതിയത്.

ഗ്രൂപ്പുകളുടെ കാവിലെ പാട്ടുമത്സരം

ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും അതിദയനീയമായി കോണ്‍ഗ്രസ്സ് തോല്‍വി ചോദിച്ചുവാങ്ങിയപ്പോള്‍, അഞ്ചുവര്‍ഷം കഴിഞ്ഞ് വരുന്ന ''കാവിലെ പാട്ടുമത്സരത്തിന് കാണാം'' എന്ന് പറയാന്‍ ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന പ്രവര്‍ത്തകര്‍  ''അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍മാരല്ല'' എന്ന് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ മുഖത്ത്നോക്കി പറഞ്ഞ് പ്രവര്‍ത്തകര്‍ തങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയത് കെ.സുധാകരനെ പിന്‍തുണച്ച് കൊണ്ടാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ ഗ്രൂപ്പുകള്‍ വീതംവച്ച് അനുഭവിച്ചുകൊണ്ടിരുന്ന രീതി മാറണം എന്ന് പ്രവര്‍ത്തകര്‍ നാളുകളായി ആഗ്രഹിച്ചു വരുകയായിരുന്നു. ഇതിന്റെ പേരില്‍ ഒരു നേതാവിനോടും വ്യക്തിപരമായി യാതൊരു വിരോധവും ഒരു പ്രവര്‍ത്തകനും ഇല്ല എന്നത് ശ്രദ്ധേയമാണ് താനും.

പക്ഷേ, ഗ്രൂപ്പ് താത്പര്യം പാര്‍ട്ടിയുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് ചില ആളുകള്‍ മാത്രം എല്ലാത്തവണയും സ്ഥാനമാനങ്ങള്‍ നേടി പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുന്നതില്‍ അസംതൃപ്തരും രോഷാകുലരുമായിരുന്നു. ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള പ്രതിഷേധങ്ങള്‍ ഫലവത്താകുകയുമില്ല.

സമൂഹമാദ്ധ്യമങ്ങളിലെ സംസ്ഥാന സമ്മേളനങ്ങള്‍

ഗ്രൂപ്പ്, കോണ്‍ഗ്രസ്സിന്റെ ശക്തി ആയിരുന്നോ ദൗര്‍ബല്യമായിരുന്നോ എന്ന് പ്രവര്‍ത്തകരെ ഇരുത്തിചിന്തിപ്പിച്ചത് പിണറായി സര്‍ക്കാരിന്റ തുടര്‍ഭരണമാണ്. കോണ്‍ഗ്രസ്സ്കാര്‍ക്ക് ഗ്രൂപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞതിന് കാരണം സിപിഎം ആണ്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ പഴയ മന്ത്രിമാരെയെല്ലാം മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തു. ഒരു ''പയ്യനെ'' പിടിച്ച് സ്പീക്കറാക്കി. മുഖ്യമന്ത്രിയുടെ പഴയ സ്റ്റാഫുകളെ മാറ്റി പുതിയ ആള്‍ക്കാരെ നിയമിച്ചു. കഴിവുള്ളവരെ തിരഞ്ഞുപിടിച്ച് വളര്‍ത്തിയെടുത്ത് സ്ഥാനമാനങ്ങളില്‍ അവരോധിയ്ക്കുന്ന സിപിഎം ശൈലി കണ്ട് കണ്ണും തള്ളിയിരുന്ന കോണ്‍ഗ്രസ്സ് യുവത്വം സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു.

ഇതുപോലെ കോണ്‍ഗ്രസ്സിനകത്ത് എന്നെങ്കിലും സംഭവിയ്ക്കുമോ?നമുക്ക് എന്നെങ്കിലും അംഗീകാരം കിട്ടുമോ? പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇരുന്ന് ഒരുപോലെ ചിന്തിച്ചു, തീരുമാനിച്ചു.സമൂഹമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ 'സംസ്ഥാനസമ്മേളനം' പലവട്ടം നടത്തി.

ഗ്രൂപ്പിന്റെ പേരില്‍ തങ്ങള്‍ കബളിപ്പിയ്ക്കപ്പെടുകയായിരുന്നു, പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു എന്ന തിരിച്ചറിവില്‍ ഗ്രൂപ്പിനതീതമായി, അവര്‍ തങ്ങളുടെ നേതാവിനെ തിരഞ്ഞു.

'കാര്യങ്ങള്‍ ചോദിയ്ക്കാനും കാര്യങ്ങള്‍ പറയാനും' ചങ്കൂറ്റമുള്ള നേതാവിനെ കണ്ടെത്തി ഹൈക്കമാന്റിനെ അറിയിച്ചു.ഹൈക്കമാന്റ് അവരുടെ ആവശ്യം അംഗീകരിച്ചപ്പോള്‍ കോണ്‍ഗ്രസ്സ്കാര്‍ക്ക് കിട്ടിയത് അവരുടെ പ്രതീക്ഷയ്ക്കൊത്ത നേതാവിനെ. ഇല്ലാതാകുന്നത് ഗ്രൂപ്പും.

പുതിയ നേതാവും സംഘടനയും

കോണ്‍ഗ്രസ്സ് പാര്‍ട്ടി രക്ഷപ്പെടാന്‍ പാടുപെടുമ്പോള്‍ ഇനി ഗ്രൂപ്പും പറഞ്ഞ് ആരെങ്കിലും വീണ്ടും വന്നാല്‍ പ്രവര്‍ത്തകര്‍ ക്ഷമിയ്ക്കുമെന്ന് തോന്നുന്നില്ല. ജനങ്ങളുമായി നിരന്തരം ഇടപഴകേണ്ടിവരുന്ന ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിയെ നശിപ്പിയ്ക്കാന്‍ വരുന്നവരുമായി സന്ധിചെയ്യാനും സാദ്ധ്യതയില്ല.

പാര്‍ട്ടിയ്ക്ക് പുതിയ സംസ്ഥാന അദ്ധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാരുമായി. പി.ടി.തോമസും, ടി.സിദ്ദിക്കും പുതിയ വര്‍ക്കിംഗ് പ്രസിഡണ്ട്മാരായപ്പോള്‍ മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്നകൊടിക്കുന്നിലിനെക്കൂടി വര്‍ക്കിംഗ് പ്രസിഡണ്ടാക്കി.

കെ.വി.തോമസ്സിനെ മാറ്റിയപ്പോള്‍ കൊടിക്കുന്നിലിനെക്കൂടി മാറ്റാഞ്ഞത് ഒരു വീഴ്ചയായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ഉള്‍പ്പടെയുള്ള നേതാക്കള്‍ വര്‍ക്കിംഗ് പ്രസിഡണ്ട് മാരായിരുന്നിട്ടും പാര്‍ട്ടി പരാജയപ്പെട്ടെങ്കില്‍ പിന്നെ എന്തിനാണ് ഇവരെഒക്കെ വീണ്ടും അടിച്ചേല്‍പിയ്ക്കുന്നത് എന്ന് പ്രവര്‍ത്തകര്‍ ചോദിയ്ക്കുന്നു.

കുന്നത്ത്നാട് എംഎല്‍എ ആയിരുന്ന യുവനേതാവ് വി.പി. സജീന്ദ്രനെ വര്‍ക്കിംഗ് പ്രസിഡണ്ടാക്കി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ കൊണ്ടുവരാമായിരുന്നു. ട്വന്റി ട്വന്റി യുടെ മുന്നേറ്റത്തില്‍ അദ്ദേഹത്തിന് ഇത്തവണ കുന്നത്ത്നാട്ടില്‍നിന്ന് ജയിയ്ക്കാനായില്ല. എംഎല്‍എ അല്ലാത്തതിനാല്‍ അദ്ദേഹത്തിന് മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സമയവും കിട്ടുമായിരുന്നു.

കെ.സുധാകരന്റെ ദൗത്യം

ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ സജീവമാക്കി ശക്തിപ്പെടുത്താനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് സുധാകരനുള്ളത്. കഴിവുള്ളവരെ അംഗീകരിയ്ക്കാനും അവരെ പാര്‍ട്ടിയുടെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിയ്ക്കണമെങ്കില്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകണം. അദ്ദേഹത്തിന് പിന്നില്‍ ഊര്‍ജ്ജ്വസ്വലതയോടെ ത്രിവര്‍ണപതാകകള്‍ പാറിയ്ക്കണം.

കോണ്‍ഗ്രസ്സിലെ നേതാക്കളെല്ലാവരും തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയ്ക്ക് വേണ്ടി പോരാടുകയും ചെയ്തവരാണ്. ജനമനസ്സുകളില്‍ നിറഞ്ഞ്നില്‍ക്കുന്ന, കരുണയുടെയും കരുതലിന്റെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്ത മൂര്‍ത്തീരൂപമായ ഉമ്മന്‍ ചാണ്ടിയെയും രാഷ്രീയകുരുക്ഷേത്രയുദ്ധത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കി, സാഹസികയുദ്ധം നയിച്ച രമേശ് ചെന്നിത്തലയെയും ഒപ്പം ചേര്‍ത്ത്പിടിയ്ക്കാതെ സുധാകരന് മുന്നോട്ട് പോകാനാവില്ല. അതായിരിയ്ക്കും അദ്ദേഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.

തുടര്‍ച്ചയായ പരാജയത്തിന്റെ അപമാനത്തിലും നിലനില്‍പിനായുള്ള പോരാട്ടത്തിലും നിസ്സഹായരും നിസ്സംഗരുമായ ഘടകകക്ഷികളെ അനുനയിപ്പിച്ച് കൂടെനിര്‍ത്തുക എന്നുള്ളതും സുധാകരന് വെല്ലുവിളിയായിരിയ്ക്കും.

സിപിഎം ഘടകകക്ഷികളോട് പുലര്‍ത്തുന്ന കരുതല്‍ യുഡിഎഫില്‍ നിന്നും കിട്ടുന്നില്ല എന്ന വലിയ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോക്കിയും കണ്ടും തീരുമാനങ്ങളെടുത്തില്ലങ്കില്‍ യുഡിഎഫിലെ സ്ഥിതി ഇനിയും വഷളാകും.

രമേശിനെപ്പോലെതന്നെ പ്രഗത്ഭനായ പുതിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനിലും പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയാണ്‌. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും തമ്മില്‍ ആശയ ഐക്യവും പ്രവര്‍ത്തന ഐക്യവും ഉണ്ടായേ മതിയാവൂ. രണ്ടുപേരും സ്വരച്ചേര്‍ച്ചയോടെ മുന്നോട്ട് പോകുന്നത് ഘടകകക്ഷികളുടെ ആത്മവിശ്വാസം കൂട്ടും. പ്രവര്‍ത്തകര്‍ ആഗ്രഹിയ്ക്കുന്നത് ഇതാണ്.

ഓരോ നിയോജകമണ്ഡലങ്ങളിലും വാര്‍ഡുകളിലും മത്സരിയ്ക്കാന്‍ അവിടെനിന്നുതന്നെ മത്സരാര്‍ത്ഥികളെ കണ്ടത്തി പ്രോത്സാഹിപ്പിയ്ക്കണം. പല പല കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടിവിട്ടുപോയവരെയും അകന്നുനില്‍ക്കുന്നവരെയും പാര്‍ട്ടിയിലേയ്ക്ക് തിരിച്ച് കൊണ്ടുവരണം. പ്രവര്‍ത്തകരോടൊപ്പം നേതൃത്വം ഉണ്ടാകുമെന്ന ഉറപ്പ് അവര്‍ക്ക് കൊടുക്കണം.

പ്രവര്‍ത്തകര്‍ക്ക് ഒരു പ്രശ്നം ഉണ്ടായാല്‍ അവരെ തള്ളിക്കളയാതെ അവരെ ചേര്‍ത്ത്പിടിച്ച് പാര്‍ട്ടികൂടെയുണ്ടന്നുള്ള ആത്മവിശ്വാസം കൊടുക്കണം. തിരഞ്ഞെടുപ്പുകളില്‍, അത് ത്രിതലപഞ്ചായത്തോ സഹകരണ സംഘമോ നിയമസഭയോ പാര്‍ലമെന്റോ ഏത് തന്നെ ആയാലും ജനസമ്മതരായ പ്രവര്‍ത്തകര്‍ക്ക് അവസരം കൊടുക്കണം. ജയിച്ചാലും തോററാലും രണ്ടുതവണയില്‍ കൂടുതല്‍ അവസരം കൊടുക്കരുത്. ചിലരുടെ കാര്യത്തില്‍ വിട്ടുവീഴ്ചകളാകാമെങ്കിലും പരിമിതപ്പെടുത്തണം.

കെ എസ് യു മുതല്‍ പ്രവര്‍ത്തിച്ച് യൂത്തും മൂത്തും ആയി മുരടിച്ച് പോയ എത്രയോ കോണ്‍ഗ്രസ്സ്കാരുണ്ട്. ഒരംഗീകാരവും കിട്ടാതെ അലക്കിതേച്ച ഖദറുമിട്ട് ഇപ്പോഴും വാര്‍ഡിലും മണ്ഡലത്തിലും ഒതുങ്ങിപ്പോയവര്‍ (ഒതുക്കപ്പെട്ടവരോ) ഇവര്‍ക്കൊക്കെ അര്‍ഹമായ അംഗീകാരം കൊടുത്താല്‍ പാര്‍ട്ടിയായിരിയ്ക്കും ജയിയ്ക്കുക.

സുധാകരനെന്ന ആറാംതമ്പുരാന്‍

സുധീരനും മുല്ലപ്പള്ളിയും എഐസിസി നേരിട്ട് നിയോഗിച്ച പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍മാരായിരുന്നു. രണ്ട് പേരുടെയും ഗതി എന്തായി. സുധീരന് മത്സരിയ്ക്കാന്‍ പോലും ആവാത്തവിധത്തില്‍ അദ്ദഹത്തെ ചിലരൊക്കെ കൊണ്ടെത്തിച്ചു. മുല്ലപ്പള്ളിയോട് സഹകരിച്ച എത്ര ഭാരവാഹികളുണ്ട് കെപിസിസി യില്‍ ?

സുധാകരന് ഇതൊക്കെ നന്നായി അറിയാവുന്നതാണ്. പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന 'ചിലമാമൂലുകളെ' ഇല്ലാതാക്കി പാര്‍ട്ടികൂടപ്പിറപ്പുകളെ ഒന്നിപ്പിച്ച്, പാര്‍ട്ടിയെ പഴയ പ്രതാപത്തിലെത്തിയ്ക്കാനും അധികാരത്തിലെത്തിയ്ക്കാനും വന്ന '' ആറാംതമ്പുരാനാണ് '' സുധാകരനെന്ന് പ്രവര്‍ത്തകര്‍ വിശ്വസിയ്ക്കുന്നു.

കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളി സിപിഎം ആണന്ന് തിരിച്ചറിഞ്ഞ സുധാകരന് ജോലി എളുപ്പമാക്കാന്‍ കഴിവും തന്റേടവുമുള്ള സഹപ്രവര്‍ത്തകരെ കൊടുക്കണം. പിണറായിയുടെ പുറകില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുന്നപോലെ സുധാകരനും വി.ഡി. സതീശനും പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്‍തുണ കൊടുക്കണം.

ശക്തരായ ബൂത്ത്,വാര്‍ഡ്,മണ്ഡലം,ബ്ലോക്ക്,ഡിസിസി അദ്ധ്യക്ഷന്‍മാരെയും ഭാരവാഹികളെയും കെപിസിസി ഭാരവാഹികളെയും നിയോഗിയ്ക്കണം. ഇവരുടെ പ്രവര്‍ത്തനങ്ങളെ കൂടെക്കൂടെ വിലയിരുത്തണം. പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരിഹരിയ്ക്കണം. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളോടൊപ്പം നിന്നാല്‍ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാം.

voices
Advertisment