Advertisment

ചാനലുകളോട് ഒരഭ്യര്‍ത്ഥന ! സര്‍വ്വെയൊക്കെ കാണാന്‍ സുഖമാണ്. പക്ഷേ അതിങ്ങനെയാണോ നടത്തുന്നത് ? നിങ്ങള്‍ ശരാശരി മലയാളിയുടെ ജനാധിപത്യ ബോധത്തെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുത്...

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

മലയാളത്തിലെ വിവിധ വാർത്താ ചാനൽ മേധാവികളോട് ഒരു അഭ്യർത്ഥന ഉണ്ട്. നിങ്ങൾ ശരാശരി മലയാളിയുടെ ജനാധിപത്യ ബോധത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കരുത്. നിങ്ങൾക്ക് ചാനൽ നടത്തുവാൻ പണം ആവശ്യമുണ്ട് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ അതിന് ഏത് ഹീനമായ വഴിയും തിരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് അവകാശമില്ല. ഞങ്ങൾ മണ്ടൻമാരായ മലയാളികൾ കാണാനിരുന്നു തരുന്നതു കൊണ്ടാണല്ലോ നിങ്ങൾക്ക് കമേഴ്സ്യൽ സപ്പോർട്ട് കിട്ടുന്നത്.

എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് നിങ്ങൾ നടത്തുന്ന ഈ വിളവെടുപ്പ് ഉണ്ടല്ലോ, അത് ഞങ്ങളുടെ ക്ഷമയുടെ അതിർ വരമ്പിനും അപ്പുറത്താണ്. കേരളത്തിലെ വോട്ടർമാരെ സ്വതന്ത്രരായി വോട്ട് ചെയ്യാൻ നിങ്ങൾ അനുവദിക്കൂ. അവർ വോട്ട് ചെയ്ത് ഏത് മുന്നണിയെ എങ്കിലും വിജയിപ്പിക്കട്ടെ.

എന്നാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്താണ്? വോട്ടർമാരെ സ്വാധീനിച്ച് അവരെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തുവാൻ ശ്രമിക്കുന്നു. ഇത് പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതു പോലെ തന്നെ മറ്റൊരു തരത്തിലുള്ള സ്വാധീനിക്കലാണ്.

എന്തിനാണ് തിരഞ്ഞെടുപ്പ് തീയതിക്ക് മാസത്തിന് മുൻപേ സർവ്വേ നടത്തുന്നത്. ഓരോ ആഴ്ചയിലും വോട്ടർമാരുടെ മനസ്സിലെ വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും സ്പന്ദനം അളക്കാൻ നിങ്ങളെ ആരെങ്കിലും പണം തന്ന് ഏൽപിച്ചിട്ടുണ്ടോ? അതോ സ്വന്തനിലയിൽ ചെയ്യുന്നതാണോ? ഇതിനുള്ള പണം നിങ്ങൾക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?

വെളിപ്പെടുത്തുവാനുള്ള ബാധ്യത ചാനൽ മേധാവികൾക്കുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ വിളിക്കുന്നത്. എന്നാൽ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങി അതിനെ തളർത്തുകയാണ് ഇവിടുത്തെ ചാനലുകൾ ചെയുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ ജനാധിപത്യ മൂല്യം പഠിപ്പിക്കേണ്ട ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങൾ ചിലരെയെല്ലാം അധികാരത്തിലെത്തിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം അധമ പ്രവർത്തനങ്ങൾ ഉടൻ നിർത്തണം. ഈയടുത്തകാലത്ത് നീചനും അധമനുമായ ഒരു കള്ളസന്യാസിയുടെ കൈയ്യിൽ നിന്നും പണം വാങ്ങി അയാളെ മഹത്വവൽക്കരിച്ച വാർത്ത മലയാളത്തിലെ ഒരു പ്രമുഖ ചാനൽ പുറത്ത് വിടുകയുണ്ടായി. ഇയാൾ അറസ്റ്റിലായതും ആശ്രമം വിട്ട് പോകേണ്ടി വന്നതുമെല്ലാം പിന്നീട് നാം കണ്ടു. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് മലയാള ചാനലുകൾ എത്തി എന്നത് വസ്തുതയാണ്.

ഇനി ഇവർ നടത്തുന്ന സർവ്വേയിലേക്കൊന്ന് കണ്ണോടിക്കാം. കേരളത്തിലെ മുഴുവൻ വോട്ടർമാരിൽ നിന്നാണ് സർവ്വേയ്ക്ക് വേണ്ട സാമ്പിൾ ശേഖരിക്കുന്നത്. ഈ സാമ്പിളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് വേണം ഫലം കണ്ടുപിടിക്കാൻ. ഏതൊരു സർവ്വേയുടെ ഫലം പ്രഖ്യാപിക്കുമ്പോഴും സാമ്പിൾ ഡിസൈൻ എന്താണ് എന്ന് പറയണം. അതായത് -

1 കേരളത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം എത്ര?

2 സാമ്പിളിന്റെ വലിപ്പം എത്ര?

3. മൊത്തം വോട്ടർമാരുടെ എത്ര ശതമാനമാണ് സാമ്പിളിന്റെ വലിപ്പം?

4 സാമ്പിളിന്റെ വലിപ്പം എങ്ങിനെ കണ്ടുപിടിച്ചു?

5. ഏത് തരം സാംപ്ലിങ് ആണ് നടത്തിയത്?

( റാൻഡം സാംപ്ലിങ്, സ്ട്രാറ്റി ഫൈഡ് സാംപ്ലിങ്, സിസ്റ്റമാറ്റിക് സാംപ്ലിങ്, ക്ലസ്റ്റർ സാംപ്ലിങ് …)

6 ഇത് ഉപയോഗിക്കാൻ കാരണം?

7. ഒരു നിയോജക മണ്ഡലത്തിൽ എത്ര വോട്ടർമാരെ കണ്ടു?

8. എല്ലാ നിയോജക മണ്ഡലത്തിലും ഒരേ സംഖ്യ ആണോ?

9 നഗരങ്ങളിൽ എത്ര വോട്ടർമാരെ കണ്ടു? ഗ്രാമങ്ങളിൽ എത്ര പേരെ കണ്ടു?

10. സാമ്പിളിൽ ഉദ്യോഗസ്ഥർ, കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങി എല്ലാ വിഭാഗവും വന്നിട്ടുണ്ടോ?

11 വിവിധ ജാതി മത വിഭാഗങ്ങളിൽ പെട്ടവർ ഉണ്ടോ?

മുകളിൽ പറഞ്ഞതെല്ലാം നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. ഇവരെല്ലാം സാമ്പിളിൽ വരുമ്പോഴാണ് അത് ഒരു യഥാർത്ഥ സാമ്പിളാകുന്നത്. ഇത്തരം പഠനം നൽകുന്ന ഉത്തരം ശരിയായിരിക്കും.

അല്ലാതെ ഏതെങ്കിലും കവലയിൽ പോയി നിന്ന് വരികയും പോകുകയും ചെയ്യുന്നവരെ കണ്ട് പറയുന്നതും എഴുതിയെടുക്കുകയും അതിനെ ഒരു ഭയങ്കര സംഭവമാക്കി മാറ്റി പ്രേക്ഷകരുടെ കണ്ണിൽ പൊടി ഇടുന്ന ഈ പരിപാടി ചാനൽ മേധാവികൾ നിർത്തണം. അല്ലെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കണം.

കഴിഞ്ഞ ദിവസം ഒരു ചാനൽ മേധാവി പ്രണോയ് റോയിയെ ക്വോട്ട് ചെയ്യുന്ന കണ്ടു. പ്രണോയ്‌റോയി നടത്തിയ സർവ്വേയൊന്നും ഇങ്ങിനെയല്ല. ഇടക്കിടക്ക് ഒരാളോട് ഇംഗ്ലീഷിൽ എന്തൊക്കെയോ ചോദിക്കുന്ന കാണാം. ചാനൽ മേധാവി ചോദിക്കുന്നത് സർവ്വേക്കാരനും മനസ്സിലാകുന്നില്ല സർവ്വേക്കാരൻ പറയുന്നത് ചാനൽ മേധാവിക്കും മനസ്സിലാകുന്നില്ല.

എന്തൊരു ദയനീയ സ്ഥിതിയാണ് നമ്മുടേത് ?

ദയവായി ഇപ്പണി നിർത്തൂ ചാനൽ മേധാവികളേ… അല്ലെങ്കിൽ നിങ്ങളുടെ ചാനൽ കാണുന്ന പണി ഞങ്ങൾ നിർത്തും.

-തിരുമേനി

voices
Advertisment