Advertisment

പ്രതിപക്ഷ നായകനെന്ന നിലയില്‍ കെ കരുണാകരനെയും വിഎസിനെയും വരെ കടത്തിവെട്ടി. സര്‍ക്കാരിനെ ഇത്രയേറെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു പ്രതിപക്ഷ നേതാവില്ല. പിടിവാശിയും ദുശാഠ്യങ്ങളും ഉപേക്ഷിച്ച് ഇരട്ട ചങ്കന്‍ പോലും പതറിയ അവസരങ്ങള്‍ നിരവധി ! ആയുധങ്ങള്‍ കണ്ടെത്തി ശത്രുവിനെ ആക്രമിക്കുന്നതില്‍ അഗ്രഗണ്യനെന്ന് ഖ്യാതി നേടിയിട്ടും… തിരുമേനി എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

പ്രതിപക്ഷ നേതൃനിരയിൽ രമേശ് ചെന്നിത്തലയുടെ നിറഞ്ഞാട്ടമായിരുന്നു കഴിഞ്ഞ അഞ്ചു വർഷവും. അവസാന വർഷം സർക്കാരിന്റെ അഴിമതികൾ ഓരോന്നായി ചികഞ്ഞെടുത്ത് അവയെ ആയുധമാക്കി നിറയൊഴിച്ചത് പിണറായി വിജയന്റെ നെഞ്ചിന് നേരെയാണ്. അഴിമതിയുടെ കറ പുരണ്ട എല്ലാ തീരുമാനങ്ങളിൽ നിന്നും പിണറായി പിന്തിരിഞ്ഞോടി.

ഭരണമുന്നണിയുടെ പകുതിയിൽ താഴെ അംഗബലവുമായി ചെന്നിത്തല എന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഉണ്ട്. നിയമസഭയിൽ നിറഞ്ഞ് കത്താൻ ആൾബലം അത്യാവശ്യമാണ്. എന്നാൽ ആൾബലത്തിലല്ല കാര്യമെന്ന് ചെന്നിത്തല തെളിയിച്ചു.

ചാട്ടുളി പോലെയുള്ള അഴിമതി ആരോപണങ്ങൾക്കു മുമ്പിൽ പതറിത്തെറിക്കുന്ന പിണറായി വിജയനെയാണ് അന്ന് കേരളം കണ്ടത്. പറഞ്ഞതൊക്കെ വിഴുങ്ങിയും മാറ്റിപ്പറഞ്ഞും തർക്കിച്ചും തറുതല പറഞ്ഞും മുഖം രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ മുഖംമൂടി രമേശ് കീറിപ്പറിച്ചെറിഞ്ഞു.

ഇരട്ടച്ചങ്കന്റെ പതനം സ്വർണക്കടത്തിലൂടെയാണ് ആരംഭിച്ചത്. പിന്നീട് വൻ മരങ്ങൾ പലതും കടപുഴകി വീണു. സ്പ്രിംഗ്ളർ, പമ്പ മണൽക്കടത്ത്, ബെവ്കോ ആപ്, പിൻവാതിൽ നിയമനങ്ങൾ, പി.എസ്.സി മാർക്ക് ദാനം, വോട്ടർ പട്ടികയിലെ ക്രമക്കേട്, അവസാനമായി ആഴക്കടൽ മത്സ്യബന്ധനക്കരാർ... പട്ടിക നീളുകയാണ്. ഇവയെല്ലാം ഓരോന്നായി പുറത്ത് കൊണ്ടത് രമേശ് ചെന്നിത്തല എന്ന ബുദ്ധി കേന്ദ്രമായിരുന്നു.

കെ. കരുണാകരനേയും വി.എസിനേയും കടത്തി വെട്ടുകയാണ് രമേശ് ചെന്നിത്തല. സർക്കാരിനെ ഇത്രയേറെ മുൾമുനയിൽ നിർത്തിയ മറ്റൊരു പ്രതിപക്ഷ നേതാവില്ല. ഇരട്ടച്ചങ്കൻ പോലും പതറിപ്പോയ അവസരങ്ങൾ അനവധി. പിടിവാശിയും ദുശാഠ്യങ്ങളും ഉപേക്ഷിച്ച് തിരിഞ്ഞോടുന്ന പിണറായിയെ ജനം ഞെട്ടലോടെയാണ് കണ്ടത്.

രമേശ് ചെന്നിത്തലക്ക് മുമ്പ് കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കൾ കെ. കരുണാകരനും വി.എസും ആയിരുന്നു. കെ.കരുണാകരനും വി.എസും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി വിശകലനം ചെയ്ത് ഉയർത്തിക്കൊണ്ടുവന്നവരായിരുന്നില്ല. സഭയ്ക്കുള്ളിൽ സർക്കാരിനെ മുട്ടുകുത്തിക്കുന്നതിൽ, പ്രായോഗിക ബുദ്ധിയിൽ എല്ലാം പരിണിത പ്രജ്ഞരായിരുന്നു ഇവർ രണ്ടു പേരും.

ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ ഇവർ അഗ്രഗണ്യരായിരുന്നില്ല. ലഭിച്ച ആയുധം ഫലപ്രദമായി ഉപയോഗിക്കുന്നതിലായിരുന്നു ഇവരുടെ പ്രാവീണ്യം. രമേശ് ചെന്നിത്തല അതായിരുന്നില്ല. പുതിയ ആയുധങ്ങൾ കണ്ടെത്തി ശത്രുവിനെ ആക്രമിക്കുന്നതിൽ അഗ്രഗണ്യനെന്ന ഖ്യാതി ചെന്നിത്തലക്ക് മാത്രം സ്വന്തം. വീൺവാക്ക് പറയുന്ന ആളല്ല രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ആരോപിച്ച പ്രശ്നങ്ങളെ തടയിടാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. അവിടെയാണ് ചെന്നിത്തലയുടെ പ്രസക്തി.

ഒടുവിൽ ആഴക്കടൽ മത്സ്യബന്ധനക്കരാറിലെത്തി നിൽക്കുന്നു ആ കുശാഗ്ര ബുദ്ധി. ഇതിൽക്കവിഞ്ഞെന്തു വേണം ചെന്നിത്തലയെ മുഖ്യമന്ത്രി പദത്തിൽ അവരോധിക്കാൻ. ചെന്നിത്തല കൊണ്ടുവന്ന എല്ലാ ആരോപണങ്ങളിലും മുഖവും മുട്ടും മടക്കുകയല്ലേ സർക്കാർ ചെയ്തത്?

ഒടുവിൽ ലക്ഷക്കണക്കിനുള്ള വ്യാജ വോട്ടുകളുടെ തെളിവുകൾ ഉൾപ്പടെ. ഊർജസ്വലതയും ആക്രമണോത്സുകതയുമാണ് യഥാർത്ഥ രാഷ്ട്രീയ മുഖദർശനമെങ്കിൽ ചെന്നിത്തലയെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി പടിപടിയായി വളർന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായി വളർന്ന് പ്രതിപക്ഷ നേതാവിലെത്തി നിൽക്കുന്ന രമേശ് ചെന്നിത്തല രാഷ്ട്രീയത്തിലെ അസാധാരണ പ്രതിഭാസമാണ്.

സമശീർഷരൊക്കെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒക്കെ ആയിട്ടും ചെന്നിത്തലയുടെ ഐക്യദാർഢ്യം കേരളത്തോടായിരുന്നു. പാർട്ടിക്കതീതമായി ഒരു വാക്കും ഉരിയാടാത്ത രമേശ് ചെന്നിത്തല കെ. കരുണാകരന്റേയും എ.കെ.ആന്റണിയുടേയും സംയുക്ത പിൻഗാമിയാണ്.

-തിരുമേനി

voices
Advertisment