Advertisment

ഇറാൻ ശാസ്ത്രഞ്ജന്റെ കൊലപാതകം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ !

New Update

publive-image

Advertisment

കൊലപാതകം ആസൂത്രണം ചെയ്ത രീതിയും അതിൻ്റെ കൃത്യതയും ലോകരാജ്യങ്ങളെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. ലോകത്തൊരു വ്യക്തിയും സുരക്ഷിതരല്ല എന്ന സന്ദേശം കൂടിയാണ് ഈ കൊലപാതകം.

2003 ലെ ഇറാക്ക് - അമേരിക്ക യുദ്ധത്തിനുമുന്പ് സദ്ദാം ഹുസൈനെ വകവരുത്താൻ ഒരുഗ്രൻ പദ്ധതി ഇസ്രാ യേൽ അമേരിക്കയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. അതായത് സദ്ദാം ഹുസൈൻ വെള്ളിയാഴ്ച നമസ്ക്കാരത്തിനുശേഷം സ്ഥിരമായി അദ്ദേഹത്തിൻ്റെ രഹസ്യ കാമുകിയുടെ വീട്ടിൽ പോകാറുണ്ടെന്നും ആ വീട്ടിൽ വച്ചോ, പോകും വഴിയിലോ സദ്ദാമിനെ വകവരുത്താമെന്നുമായിരുന്നു ആ പദ്ധതി.

പക്ഷേ അമേരിക്ക അതംഗീകരിച്ചില്ല. സദ്ദാമിനെ എങ്ങനെ വകവരുത്തുമെന്ന ഇസ്രായേൽ നിർദ്ദേശം അമേരിക്കയും പുറത്തുവിട്ടിട്ടില്ല. മിസൈൽ വഴി ആക്രമണം എന്നതായിരുന്നു പ്ലാൻ എന്ന് പിന്നീട് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് സ്ഥിരീകരണമില്ല.

ഇപ്പോൾ ഇക്കഴിഞ്ഞ നവംബർ 27 ന് ഇറാന്റെ സമുന്നതനായ ആണവശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെ (Mohsen Fakhrizadeh) സഞ്ചരിച്ച കാർ വ്യൂഹത്തിനു നേരേ ടെഹ്റാന് പുറത്തുള്ള എബ്സാര്‍ഡ് (Absard) നഗരത്തിനടുത്തുവച്ചാണ് ആക്രമണമുണ്ടായതും ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതും. ആദ്യം ഇത് മൂന്നു പേർ ചേർന്ന് നടത്തിയ തീവ്രവാദി ആക്രമണമാണെന്ന് ഇറാൻ വെളിപ്പെടുത്തിയെങ്കിലും പിന്നീടവർ അത് തിരുത്തി.

publive-image

സാറ്റലൈറ്റ് സഹായത്തോടെ ആട്ടോമാറ്റിക് മെഷീൻ ഗൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ആക്രമണം നടത്താൻ ആരുമവിടെ ഉണ്ടായിരുന്നില്ലെന്നും ഇറാൻ വ്യക്തമാക്കി.

അപ്പോൾ പിന്നെ എങ്ങനെയാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത് ?

മൊഹ്‌സെൻ ഫക്രിസാദെയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതിനാൽ രാജ്യത്തെ മുന്തിയ സൈനിക സുരക്ഷയാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. മുന്നിലും പിന്നിലും സൈനിക വാഹനങ്ങളും മദ്ധ്യത്തിൽ ഉള്ള കാറിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഒപ്പവുമായിരുന്നു അദ്ദേഹം സദാ യാത്ര ചെയ്തിരുന്നത്.

മൊഹ്‌സെൻ ഫക്രിസാദെ വരുന്ന വഴി അതിസൂക്ഷ്മമായി സാറ്റലൈറ്റ് വഴി എതിരാളികൾ വളരെ നാളുകളായി നിരീക്ഷിച്ചിരുന്നു. നവംബർ 27 ന് അദ്ദേഹം സഞ്ചരിച്ച കാർ വ്യൂഹം അബ്‌സാർദ് പട്ടണം ലക്ഷ്യമാക്കി നീങ്ങവേയാണ് ആക്രമണം നടന്നതും അദ്ദേഹം കൊല്ലപ്പെട്ടതും. അപ്പോൾ കാറിന്റെ പിൻസീറ്റിൽ ശാസ്ത്രജ്ഞനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യയുമുണ്ടായിരുന്നു. ഇരുവരും ഇരുന്നത് കേവലം 10 ഇഞ്ച് അകലത്തിൽ മാത്രം.

publive-image

അബാർഡ് നഗരത്തിനുമുമ്പുള്ള വളവിലെ ഇടറോഡിൽ മുഖ്യറോഡിനഭിമുഖമായി ഇന്‍റലിജന്‍റ് സാറ്റലൈറ്റ് സിസ്റ്റം മൂലം സുസജ്ജമാക്കിയ ആളില്ലാത്ത ഒരു നിസ്സാൻ പിക്കപ്പ് വാനിൽ ഇസ്രായേൽ നിർമ്മിതമായ അത്യാധുനിക സ്മാഷ് 2000 എന്ന ആട്ടോമാറ്റിക് മെഷീൻ ഗൺ ലക്ഷ്യം കണക്കാക്കി നിർത്തിയിരുന്നു.

(സ്‍മാഷ് 2000 രാത്രിയും പകലും ഓപ്പറേറ്റ് ചെയ്യാവുന്നതും ലക്ഷ്യത്തിന്റെ കൃത്യതയുടെ കാര്യത്തിൽ ലോകത്തെ ഒന്നാമത്തെ ആട്ടോമാറ്റിക്ക് ആയുധവുമാണ്. ഇന്ത്യൻ നേവി, സ്‍മാഷ് 2000 ഗണ്ണുകൾ വാങ്ങാൻ ഇസ്രയേലുമായി കരാർ ഒപ്പിട്ടിരിക്കുകയാണ്).

പിക്കപ്പ് വനിലെ സാറ്റലൈറ്റ് സൂം സിസ്റ്റം വഴി മൊഹ്‌സെൻ ഫക്രിസാദെയുടെ മുഖം തിരിച്ചറിയുകയും (ഫേസ് ഐഡന്‍റിഫിക്കേഷന്‍) ആട്ടോമാറ്റിക്ക് ആയി ഗൺ ഫോക്കസ് ചെയ്യുകയും ഒരു നിമിഷം പോലും പിഴയ്ക്കാതെ അദ്ദേഹത്തിൻ്റെ മുഖത്തേക്ക് 13 തവണ വെടിയുതിർക്കുകയും ചെയ്തു. എല്ലാം അദ്ദേഹത്തിൻ്റെ തലയിലാണ് തറച്ചത്.

തൊട്ടടുത്തിരുന്ന ഭാര്യയ്ക്ക് ഒരു പോറൽ പോലും സംഭവിക്കുകയുമുണ്ടായില്ല എന്നതാണ് അത്ഭുതകരം. എന്നാൽ മുൻസീറ്റിലിരുന്ന മൊഹ്‌സെൻ ഫക്രിസാദെയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 4 വെടിയുണ്ട അദ്ദേഹത്തെ തൊട്ടുരുമ്മിയാണ് കടന്നുപോയത്.

publive-image

എന്ത് സംഭവിച്ചുവെന്ന് മറ്റുള്ളവർക്ക് മനസ്സിലാകും മുൻപ് എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. മൊഹ്‌സെൻ ഫക്രിസാദെ തൽക്ഷണം മരിച്ചുവീണു. മുന്നിലും പിന്നിലുമുള്ള സുരക്ഷാവാഹനങ്ങളിലെ ഉദ്യോഗസ്ഥർ ചാടിയിറങ്ങിയവേ തൊട്ടുമുന്നിൽ ആട്ടോമാറ്റിക് മെഷീൻ ഗൺ ഘടിപ്പിച്ചിരുന്ന നിസ്സാൻ പിക്കപ്പ് വാൻ സാറ്റലൈറ്റ് റിമോട്ട് സിസ്റ്റം വഴി പൊട്ടിത്തെറിച്ചു ചാരമായി മാറി.

സ്ഥിതിഗതികൾ ഉൾക്കൊള്ളാനും സംഭവിച്ചതെന്തെന്നു മനസ്സിലാക്കാനും ഇറാന് ഒരു ദിവസം വേണ്ടിവന്നു. അങ്ങനെയാണ് സംശയമുന ഇസ്രായേലിനു നേരേ തിരിഞ്ഞതും പിന്നീടവരത്  സ്ഥിരീകരിച്ചതും തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതും.

ഇസ്രായേൽ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും ഇറാന്റെ ഭീഷണിയെത്തുടർന്ന് ലോകമെമ്പാടുമുള്ള അവരുടെ എംബസ്സികളുടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഇതോടെ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു ലോകത്തെ എല്ലാ വ്യക്തികളും എല്ലാ നിമിഷവും ഏതൊക്കെയോ ഗൺ പോയിന്റിലാണ്. ആരും എവിടെയും സുരക്ഷിതരല്ല. ഗ്ലോബൽ സെക്യൂരിറ്റി തന്നെ ഭീഷണിയിലായത് രാഷ്ട്രനേതാക്കളെപ്പോലും ഭീതിപ്പെടുത്തുന്നതാണ്.

voices
Advertisment