ന്യൂഡല്‍ഹി: എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ലോക് ഭലാരി ഇന്‍സാഫ് വെല്‍ഫയര്‍ സൊസൈറ്റി (എല്ബിഐഡബ്ല്യു എസ്) പ്രസിഡന്റ് ആണ് സിര്‍സ.
നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റീസിന്റെ ഫണ്ട് ശേഖരണവുമായി ബന്ധമുണ്ടെന്നാണ് ആരോപിച്ചാണ് സര്സയ്ക്കു ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാണ് എന്‍ഐഎയുടെ നിര്‍ദേശം.
ഖലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്നു പറയുന്ന സിക്ക് ഫോര്‍ ജസ്റ്റീസിന്റെ നേതാക്കളില്‍ ഒരാള്‍ക്കെതിരേ തീവ്രവാദത്തിനു ഫണ്ട് നല്‍കിയെന്നാരോപിച്ച് എന്‍ഐഎ നേരത്തേ കേസെടുത്തിരുന്നു. ഈ കേസില്‍ സാക്ഷിയായാണ് ബല്‍ദേവിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കര്‍ഷകസംഘടനകളും സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരു പ്രതിനിധിയാണ് എല്‍ബിഐഡബ്ല്യുഎസ് നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. സിര്‍സയെ കേസില്‍ കുടുക്കി സമരം അട്ടിമറിക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്നാരോപിച്ച് രംഗത്തെത്തിയ സംഘടനാ നേതാക്കള്‍, എന്തൊക്കെ ഉണ്ടായാലും നിയമം പിന്‍വലിച്ചിട്ടേ സമരം അവസാനിപ്പിക്കൂയെന്നു വ്യക്തമാക്കി.