Advertisment

ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -10 : സ്വാതന്ത്ര്യ ലക്ഷ്മി കി ജയ്…

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

1940ൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന വിഡി സവർക്കർ, "സ്വാതന്ത്ര്യ ലക്ഷ്മി കി ജയ്" എന്ന തൻ്റെ പ്രശസ്തമായ മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ട് സമരമുഖത്തിറങ്ങി. 1940 ജൂൺ 21ന് ഡോ. ഹെഡ്ഗേവാർ അന്തരിക്കുകയും മാധവ സദാശിവ ഗോൾവൾക്കർ ആർഎസ്എസ്ൻ്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. സംഘടനാ തലത്തിൽ ഗുരുജി എന്ന് അദ്ദേഹം അറിയപ്പെട്ടു.

publive-image

1941 ഡിസംബറോടെ അച്ചുതണ്ട് ശക്തികളുടെ പക്ഷം പിടിച്ചു ജപ്പാൻ അതിശയകരമായ പോരാട്ട വീര്യം പ്രകടിപ്പിച്ചു കൊണ്ട് രണ്ടാം ലോക മഹാ യുദ്ധത്തിൽ അണി ചേർന്നു, ഇന്തോചൈന, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങൾ കൈയടക്കിയ ജപ്പാൻ പട്ടാളം 1942ൽ റങ്കൂണും പിടിച്ചെടുത്തു.

publive-image

ഇതോടെ യുദ്ധം ഇന്ത്യയുടെ പടിവാതിൽക്കലെത്തുകയും ബ്രിട്ടീഷ് കോളനിയുടെ സുരക്ഷിതത്വം അപകടാവസ്ഥയിലാകുകയും ചെയ്തു. ഭീമമായ യുദ്ധചിലവുകൾക്ക് ദരിദ്രമായ ഭാരതത്തെ കൊള്ളയടിയ്ക്കുന്നത് സായിപ്പന്മാർ ത്വരിതപ്പെടുത്തി. ഭക്ഷ്യ ധാന്യങ്ങൾ കവർന്ന് ഇന്ത്യൻ കർഷകൻ്റെ നട്ടെല്ലൊടിച്ചു. ആഹാരത്തിനും പണത്തിനും അതിജീവനത്തിനുമായി നാടെങ്ങും കലഹവും ക്രിമിനൽ പ്രവർത്തനങ്ങളും വർദ്ധിച്ചു.

publive-image

ഇത്തരം സംഭവങ്ങളെ പാശ്ചാത്യ ലോകത്ത് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ചത് മറ്റൊരു ഭാഷ്യം ചമച്ചുകൊണ്ടായിരുന്നു. ഇന്ത്യക്കാർ സ്വതവേ അക്രമികളും ക്രിമിനൽ ആക്ടിവിറ്റികളിൽ മടികാട്ടാത്ത വെറും പ്രകൃതരാണെന്നുമൊക്കെ അവർ പറഞ്ഞുണ്ടാക്കി.

ഈ പ്രചാരണങ്ങൾ ഏഷ്യൻ മേഖലയെ വിശിഷ്യാ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കുറിച്ച് അവമതി ഉളവാക്കുന്ന പ്രാഥമിക വിലയിരുത്തലിലേയ്ക്ക് ഇന്നും മനുഷ്യരെ നയിക്കാറുണ്ട്.

ഇന്ത്യൻ നേതാക്കളെ അനുനയിപ്പിച്ച് യുദ്ധത്തിൽ ബഹുജന പങ്കാളിത്തമുറപ്പാക്കി തങ്ങളുടെ സാമ്രാജ്യ സംരക്ഷണത്തിനായി ദൗത്യ സംഘ തലവനായ സർ സ്റ്റാഫോർഡ് ക്രിപ്സ് എന്ന സായിപ്പ് 1942 മാർച്ച് മാസം ഭാരതത്തിലെത്തി,

publive-image

ഇന്ത്യയിൽ എത്രയും വേഗത്തിൽ സ്വയം ഭരണം സ്ഥാപിക്കുന്നതിന് ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്രിപ്സ് സായിപ്പ് പ്രഖ്യാപിച്ചു കൂടാതെ കുറെ നിർദ്ദേശങ്ങൾ മുൻപോട്ടു വച്ചു

1,യുദ്ധം അവസാനിച്ചാലുടനെ ഇന്ത്യക്ക് പുത്രികാ രാജ്യ പദവി നൽകും

2, യുദ്ധാനന്തരം ഒരു ഭരണ ഘടനാ നിർമാണ സമിതി രൂപീകരിക്കും, അതിൽ ബ്രിട്ടീഷിന്ത്യയിലെയും നാട്ടു രാജ്യങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തും

3,പ്രസ്തുത സമിതി തയ്യാറാക്കുന്ന ഭരണഘടന, ബ്രിട്ടീഷ് ഗവണ്മെൻ്റ നടപ്പാക്കും, ഏതെങ്കിലും ബ്രിട്ടീഷിന്ത്യൻ പ്രവിശ്യ ഡൊമീനിയനിൽ നിന്നും മാറിനിൽക്കാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാൻ അതിനെ അനുവദിക്കും

4, യുദ്ധകാലത്ത് എല്ലാ അധികാരങ്ങളും വൈസ്രോയി കയ്യാളും

ഇതൊക്കെയാണ് ക്രിപ്സ് മിഷന് പറയാനുണ്ടായിരുന്നത്.

ഇതിലെ ഒളിഞ്ഞു കിടക്കുന്ന ബ്രിട്ടീഷ് ചതി മനസ്സിലാക്കിയതുകൊണ്ട് ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ക്രിപ്സ് മിഷനെ നിരാകരിച്ചു.

എന്നാൽ മുസ്ലിം ലീഗിൻ്റെ നിലപാട് വീണ്ടും പ്രശ്ങ്ങളുണ്ടാക്കി. എന്തെന്നാൽ "പിൻ തീയതിവച്ച ചെക്കാണ്" ക്രിപ്സ് സായിപ്പിൻ്റെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞു മഹാത്മജി എതിർത്തപ്പോൾ, പാകിസ്ഥാൻ എന്ന ആവശ്യത്തോട് ക്രിപ്സ് മിഷൻ അനുഭാവം കാണിക്കാത്തതിനാൽ മുസ്‌ലിം ലീഗ് ക്രിപ്സ് മിഷനെ എതിർത്തു. (അതായത് പാകിസ്ഥാൻ എന്ന രാജ്യം മുസ്‌ലിംകൾക്ക് നൽകുവാൻ ക്രിപ്സ് മിഷൻ തയാറായിരുന്നെങ്കിൽ, ദേശീയ പ്രസ്ഥാന താത്പര്യങ്ങൾക്ക് ഗുണം ചെയ്യാത്ത ക്രിപ്സ് മിഷൻ നിർദ്ദേശങ്ങളെ ലീഗ് അനുകൂലിയ്ക്കുമായിരുന്നു എന്ന്).

publive-image

ഇതോടെ സുഷുപ്തിയിൽ കിടന്നിരുന്ന വർഗീയതക്ക് വീണ്ടും തീപിടിച്ചു. ഇന്ത്യയുടെ തെരുവോരങ്ങളിൽ വർഗീയ പ്രസംഗങ്ങൾ സംഘടിക്കപ്പെട്ടു.

ഹിന്ദു യുവാക്കളെ ഇനി സമാധാനത്തിനായി കിട്ടുകയില്ല എന്നൊക്കെ പ്രസംഗങ്ങൾ നടന്നു. ഇതൊന്നും ജിന്നയുടെ ഇച്ഛാശക്തിക്ക് ഇളക്കമുണ്ടാക്കിയില്ല. അതോടെ കടുത്ത നിലപാടുകളിലേക്ക് ആർ എസ് എസ് എത്തിച്ചേർന്നു. മഹാത്മജിയുടെ നയങ്ങൾ പരാജയങ്ങളാണെന്ന് പൊതുവിൽ വിലയിരുത്തലുണ്ടായി.

ക്രിപ്സ് ദൗത്യം ഫലത്തിൽ പരാജയപ്പെടുകയും അതോടൊപ്പം കോൺഗ്രസ്സ് പ്രസ്ഥാനത്തോടുള്ള ബഹുജന താത്പര്യങ്ങൾക്ക് ഇടിവ് സംഭവിയ്ക്കുന്ന ഒരു കാലഘട്ടം ഇതോടെ ആരംഭിയ്ക്കുകയും ചെയ്തു.

publive-image

ഇതിനൊരു മറുമരുന്നായി 1942 ആഗസ്റ്റ് 8 ന് കോൺഗ്രസ്സിൻ്റെ ദേശീയ സമ്മേളനം മഹാരാഷ്ട്രയിൽ നടക്കുകയും ചരിത്ര പ്രസിദ്ധമായ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്‌ ഇറങ്ങാൻ ജനങ്ങളോട് മഹാത്മജി ആഹ്വാനം ചെയ്യുകയും ചെയ്തു.

എന്നാൽ കോൺഗ്രസ്സ് ഒഴിച്ചുള്ള മറ്റു രാഷ്ട്രീയ കക്ഷികളാരും തന്നെ ക്വിറ്റിന്ത്യാ സമരത്തിനോട് യോജിച്ചില്ല. പലർക്കും പല കാരണങ്ങൾ ആയിരുന്നു.

1. പാകിസ്ഥാൻ എന്ന ആവശ്യം സാധിക്കാത്തത് മുസ്ലീമുകളെ സമരത്തിൽ നിന്നും അകറ്റി

2. രണ്ടാം ലോക മഹാ യുദ്ധത്തിൽ കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് റഷ്യയുടെ സഖ്യകക്ഷി രാഷ്ട്രമായ ബ്രിട്ടൻ്റെ കോളനിയായ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നത് ശരിയല്ല എന്ന വിലയിരുത്തലിൽ കമ്യൂണിസ്റ്റുകൾ സമരത്തിൽ  നിന്നും പിന്മാറി

3. മുസ്ലിം ലീഗിൻ്റെ ദ്വിരാഷ്ട്ര വാദത്തിനെതിരെ കോൺഗ്രസ്സ് സമ്മേളനം സംസാരിച്ചില്ല എന്നതിനാൽ ക്വിറ്റിന്ത്യാ സമരത്തിൽ ഔദ്യോഗികമായി പങ്കെടുക്കില്ല എന്ന് രാജഗോപാലാചാരിയെപ്പോലെയുള്ള കോൺഗ്രസ്സ് നേതാക്കളും ഹിന്ദു മഹാ സഭയും, ആർ എസ് എസ്സും പ്രഖ്യാപിച്ചു. എന്നാൽ അവരുടെ പ്രവർത്തകർക്ക് ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു.

publive-image

അതിനാൽ കർഷകരെയും വിദ്യാർത്ഥികളേയും സംഘടിപ്പിച്ചു കൊണ്ട് പിൻനിരയിൽ നീക്കങ്ങളുമായി റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ എന്നിവരുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ സമരം ജനകീയമായി മാറി. ക്വിറ്റിന്ത്യാ സമരത്തെ അടിച്ചമർത്താൻ എല്ലാ മാർഗങ്ങളും ബ്രിട്ടീഷുകാർ സ്വീകരിച്ചു.

publive-image

പതിനായിരത്തോളം ഭാരതീയ ജീവനുകൾ അപഹരിച്ചു കൊണ്ടു രണ്ടു മാസത്തിനുള്ളിൽ ക്വിറ്റിന്ത്യാ സമരത്തെ ബ്രിട്ടീഷ് ഭരണകൂടം അടിച്ചമർത്തി. ഈ കോലാഹലങ്ങൾക്കിടയിൽ അണിയറയിൽ പല തന്ത്രങ്ങളും മുഹമ്മദലി ജിന്ന ഒരുക്കുന്നുണ്ടായിരുന്നു. ദേശീയ പ്രക്ഷോഭകർ ഇതിനൊന്നും സമയമില്ലാതെ ജയിലറകളിലും മറ്റും കാലക്ഷേപം കഴിച്ചു.

ബാക്കി സംഭവങ്ങൾ അടുത്ത ലക്കത്തിൽ പറയാം… (തുടരും)

voices
Advertisment