Advertisment

ലോക്ക്ഡൗണിനിടെ, നിത്യരോഗിയായ അമ്മയുടെയും അനുജന്‍റെയും വിശപ്പകറ്റാന്‍ അരി മോഷ്ടിച്ച പയ്യനെ പോലീസ് കോടതിയിലെത്തിച്ചു. പ്രതിയുടെ കുടുംബത്തിനു ഉടന്‍ റേഷനും അമ്മയ്ക്ക് വിധവാ പെന്‍ഷനും എത്തിക്കാനും ഉടന്‍ അവര്‍ക്ക് വീട് വച്ചുകൊടുത്ത് കോടതിയെ അറിയിക്കാനും ജഡ്ജിയുടെ തകര്‍പ്പന്‍ വിധി. തീര്‍ന്നില്ല പ്രതിക്ക് അടിയന്തിരാശ്വാസമായി സ്വന്തം പോക്കറ്റില്‍ നിന്ന് പണവും ... സംഭവം ഇങ്ങനെ ..

New Update

ഇതൊക്കെയാണ് ചില പച്ചയായ യാഥാർഥ്യങ്ങൾ !

Advertisment

അമ്മയുടെയും അനുജന്റെയും പട്ടിണിയകറ്റാൻ ഭാഷ്യധാന്യങ്ങൾ മോഷ്ടിച്ച 14 കാരന് രക്ഷകനായി ജഡ്‌ജിയെത്തി .

ഭക്ഷ്യസാധനങ്ങൾ മോഷ്ടിച്ചതിന് കടയുടമ നൽകിയ പരാതിയിൽ 14 വയസ്സുകാരനെ പോലീസ്, ജുവനൈൽ കോർട്ട് ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. ബീഹാറിലെ നളന്ദ ജില്ലയിലുള്ള ഇസ്‌ലാംപൂർ ഗ്രാമനിവാസിയായ ബാലനായിരുന്നു പ്രതി. ജുവനൈൽ ജഡ്‌ജ് മാനവേന്ദ്ര മിശ്രയുടെ കോടതിയിലായിരുന്നു സംഭവം.

publive-image

ആ കുട്ടിയുടെ ജീവിതം കേട്ട് ജഡ്ജിയുടെ കണ്ഠമിടറി. ആകെ സ്തബ്ധനായ അദ്ദേഹം വീണ്ടും വീണ്ടും അവനോട് കാര്യങ്ങൾ വളരെ വിശദമായി ചോദിച്ചറിഞ്ഞു.

അച്ഛൻ വർഷങ്ങൾക്കു മുൻപേ മരിച്ചുപോയി. അമ്മ നിത്യരോഗിയാണ്. ഒരനുജനുമുണ്ട്. വീടെന്നുപറയാൻ പുല്ലുമേഞ്ഞ കതകും ജനലുമൊന്നുമില്ലാത്ത മൺഭിത്തികൊണ്ടു നിർമ്മിച്ച ഒരു കുടിലാണുള്ളത് . ഏതു നിമിഷവും അതും നിലം പൊത്തുന്ന അവസ്ഥ. യാതൊരു വരുമാനമാർഗ്ഗവുമില്ല. പയ്യൻ കടകളിലും മറ്റും എന്തെങ്കിലുമൊക്കെ ജോലിചെയ്താണ് അമ്മയ്ക്കും അനുജനും ഒരു നേരത്തേക്കെങ്കിലും ആഹാരമെത്തിച്ചിരുന്നത്.

അമ്മ പൂർണ്ണമായും മകനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജോലിചെയ്യാൻ ആവതില്ല. ചികിൽസിക്കാൻ പണവുമില്ല. റേഷൻ കാർഡില്ല. പെൻഷനില്ല, ഒരാനുകൂല്യവും ഇന്നുവരെ ലഭിച്ചിട്ടില്ല. ഇതിനൊക്കെവേണ്ടി മുട്ടാത്ത വാതിലുകളുമില്ല.

കൊറോണ മൂലം ലോക്ക് ഡൗൺ ആയതിനാൽ പയ്യന്റെ പണിയും പോയി. വീട് പട്ടിണിയായി. ആഹാരത്തിന് ഒരു മാർഗ്ഗവുമില്ലാതായപ്പോഴാണ് വിശപ്പടക്കാൻ തൊട്ടടുത്ത കടയിൽക്കയറി അരിയും സാധനങ്ങളും മോഷ്ടിച്ചത്. മോഷണം പരിചയമില്ലാത്തതിനാൽ കയ്യോടെ പിടിക്കപ്പെട്ടു. വീട്ടിലെ അവസ്ഥ കരഞ്ഞുപറഞ്ഞിട്ടും കടക്കാരൻ പയ്യനെ പോലീസിലേൽപ്പിച്ചു.

ബാലൻ പറഞ്ഞ കാര്യമെല്ലാം അക്ഷരം പ്രതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു ജഡ്‌ജി അവനെയപ്പോൾത്തന്നെ കുറ്റവിമുക്തനാക്കി. ഒപ്പം ബാലനും കുടുംബത്തിനും എല്ലാ സഹായങ്ങളും ഉടനടിയെത്തിക്കാൻ അധികാരി കൾക്ക് നിർദ്ദേശം നൽകി.

publive-image

കുടുംബത്തിന് ബി.പി.എൽ റേഷൻ കാർഡും എല്ലാവർക്കും ആധാർ കാർഡും , അമ്മയ്ക്ക് വിധവാ പെൻഷൻ കൂടാതെ വീടുവയ്ക്കാനുള്ള ധനസഹായമോ വീടോ ഉടനടി ലഭ്യമാക്കാനും അക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്താനും ജഡ്‌ജി നിർദ്ദേശിച്ചു. അടുത്ത 4 മാസത്തിനുശേഷം ബാലന്റെയും കുടുംബത്തി ന്റെയും ജീവിതനിലവാരവും അവസ്ഥയും ( Progress Report ) സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കാൻ ബ്ലോക്ക് അധികാരിക്ക് അദ്ദേഹം നിർദ്ദേശവും നൽകി.

ഇതുകൂടാതെ ജഡ്‌ജി സ്വന്തം ചെലവിൽ കുടുംബത്തിന് ഒരു മാസത്തെ റേഷൻ സാധനങ്ങളും അമ്മയ്ക്ക് വസ്ത്രവും നൽകാനുള്ള ഏർപ്പാടും ചെയ്യുകയുണ്ടായി.

കാര്യങ്ങൾ സുതാര്യമായും വേഗത്തിലും നടപ്പാക്കണമെന്നും അതിനുള്ള അനുമതിക്കും പേപ്പർ വർക്കിനുമായി അനാവശ്യസമയം പാഴാക്കരുതെന്നും ജഡ്‌ജി ബി ഡി ഓയെ ഓർമ്മിപ്പിക്കുകയുണ്ടായി..

publive-image

ഇതുപോലെ ഒരു സർക്കാരാനുകൂല്യവും റേഷൻ കാർഡുപോലുമില്ലാത്ത പതിനായിരങ്ങളാണ് ഉത്തരേന്ത്യയിലുള്ളത്. ഉദ്യോഗസ്ഥതല അഴിമതിയും, അവഗണനയുമാണ് ഈ സാധുക്കളെ വേട്ടയാടുന്ന ഘടകങ്ങൾ. ഇവരുടെ പരാതികൾ എങ്ങുമെത്താറില്ല.

ജഡ്‌ജി മാനവേന്ദ്ര മിശ്രയെപ്പോലുള്ള ദേവദൂതന്മാർ മാനവ സമൂഹത്തിൽ വിരളമാണ്. കണക്കുകൾ നിരത്തി ദാരിദ്ര്യനിർമ്മാർജ്ജനം ഉദ്‌ഘോഷിക്കുന്നവർ യാഥാർഥ്യങ്ങൾ നേരിട്ടറിയാൻ ശ്രമിക്കാറില്ല.

കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന സാധുക്കളുടെ രോദനം രാഷ്ട്രീയക്കാരും അധികാരിവർഗ്ഗവും ഉദ്യോഗസ്ഥരും കേൾക്കാത്തിടത്തോളം കാലം ഇന്ത്യൻ ഗ്രാമങ്ങളിലെ പട്ടിണി മാറാൻ പോകുന്നില്ല.

കാണുക ഉദ്യോഗസ്ഥർ സാധനങ്ങളുമായി അവരുടെ വീട്ടിലെത്തിയപ്പോൾ .ഒപ്പം വീടും ആ അമ്മയേയും .

kanappurangal
Advertisment