Advertisment

യുപിയിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം; തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വിവിധ ജില്ലകളില്‍ സംഘര്‍ഷം; അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സമാജ്‌വാദി പാര്‍ട്ടി

New Update

publive-image

Advertisment

ലഖ്‌നൗ: യുപിയിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ആകെയുള്ള 825 സീറ്റുകളിൽ 635 ഇടത്തു വിജയിച്ചതായി അവർ അവകാശപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

‘85 ശതമാനത്തോളം സീറ്റുകൾ ബിജെപി സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനവും മാർഗനിർദേശവുമാണ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ആളുകളെ ഒന്നിച്ചു നിർത്തി ഈ വിജയത്തിലേക്കു നയിക്കാൻ സഹായിച്ചത്. സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിക്കുന്നു.’– മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യുപിയിൽ ബിജെപി നേടിയ വിജയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. യോഗി സർക്കാർ നടപ്പിലാക്കിയ ജനോപകരാപ്രദമായ നയങ്ങളുടെ പ്രതിഫലനമാണ് ഈ വലിയ വിജയമെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ പതിനേഴ് ജില്ലകളിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അകമികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനിടെ ഹാമിര്‍പുര്‍ ജില്ലയില്‍ വ്യാപകമായി കല്ലേറും കയ്യേറ്റവുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. കല്ലും വടികളും ഉപയോഗിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് സമാജ്‌വാദി പ്രവര്‍ത്തകരുടെ ആരോപണം.

ചാന്ദൗലി ജില്ലയിലും വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി പ്രവര്‍ത്തകരും സമാജ്‌വാദി പ്രവര്‍ത്തകും തമ്മില്‍ വാക്കേറ്റമുണ്ടായത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. പോലീസ് ലാത്തി ഉപയോഗിച്ചാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.

എതാവ, അയോധ്യ, പ്രയാഗ്‌രാജ്, അലിഗഢ്, ഹാഥ്രസ്, സോന്‍ഭദ്ര തുടങ്ങിയ ജില്ലകളിലും വ്യപകമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങള്‍ക്കിടെ പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി-സമാജ്‌വാദി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിനിടെ അക്രമം അഴിച്ചുവിട്ട് ബിജെപി ജനാധിപത്യമര്യാദകള്‍ ലംഘിക്കുകയാണെന്ന് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയുമുള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവികളിലേക്ക് 349 സ്ഥാനാർഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ ശേഷിച്ച 476 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ജൂലൈ ആദ്യവാരം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു.

ബിജെപി 65 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും നേടാനായില്ല.

bjp up yogi
Advertisment