Advertisment

ടെലികോം മേഖലയ്ക്ക് 12195 കോടി രൂപയുടെ പിഎല്‍ഐ പദ്ധതി; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കി മാറ്റുകയും ലക്ഷ്യം; ഒപ്പം നിരവധി തൊഴിലവസരങ്ങളും !

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ടെലികോം, നെറ്റ്‌വര്‍ക്കിംഗ് ഉത്പന്നങ്ങളുടെ ആഭ്യന്തര നിര്‍മ്മാണത്തിനായി 12,195 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. ഏപ്രില്‍ ഒന്നിന് പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

മൊബൈല്‍ നിര്‍മ്മാണമേഖലയില്‍ പദ്ധതി നടപ്പിലാക്കിയതിലൂടെ ഏകദേശം ഇരുപതിനായിരം പേര്‍ക്ക് നേരിട്ട് ജോലി ലഭിച്ചതായി മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും മൂന്നുലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ടെലികോം മേഖലയില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാകുമെന്നും രണ്ട് ലക്ഷം കോടി രൂപയുടെ കയറ്റുമതി നടത്താനാകുമെന്നുമാണ് പ്രതീക്ഷ.

മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും പിഎല്‍ഐ പദ്ധതിയിലൂടെ സാധിക്കും. ചെറുകിട ഇടത്തരം നാമമാത്ര സംരംഭങ്ങൾക്ക് കുറഞ്ഞത് 10 കോടി രൂപയുടെ നിക്ഷേപ പരിധിയിൽ 7% മുതൽ 4% വരെ ഇൻസെന്റീവ് ലഭിക്കും. 100 കോടി വരെയുള്ള മറ്റു സംരംഭങ്ങൾക്ക് അടിസ്ഥാനവർഷം മുതൽ 5 വർഷത്തേയ്ക്ക് 6% മുതൽ 4% വരെ ആനുകൂല്യങ്ങൾ ലഭിക്കും.

ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവയുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. പദ്ധതിയിലൂടെ ഏകദേശം മൂവായിരം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Advertisment