Advertisment

ബേവ്‌കോ ആപ്പ് ബിവറേജസ് കോര്‍പ്പറേഷനെ തകര്‍ക്കാന്‍  വേണ്ടിയുള്ളതെന്ന്  പ്രതിപക്ഷം പറഞ്ഞത് ശരിയായി വന്നു: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം:  അഴിമതിയില്‍ മാത്രം കണ്ണുവച്ച് സാങ്കേതിക മികവില്ലാത്ത സ്വന്തക്കാര്‍ക്ക് ബെവ്‌കോ അപ്പ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതാണ് രണ്ടാഴ്ച കഴിഞ്ഞിട്ടും അത് ദുരന്തമായി തുടരുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

ബിവറേജസ് ഒട്ട് ലെറ്റുകളെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയത് ശരിയായി വന്നിരിക്കുകയാണ്. ആപ്പ് വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിനകം ബിവറേജസ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

ബെവ്‌കോ ആപ്പിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അതിന്റെ പ്രവര്‍ത്തനം. സി.പി.എം സഹയാത്രികന്‍ നിര്‍മ്മിച്ചു നല്‍കിയ ആപ്പു വഴി  ടോക്കണുകളെല്ലാം പോകുന്നത് ബാറുകള്‍ക്കാണ്. ബാറുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് അനുഭവപ്പെടുമ്പോള്‍ സാര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് ഔട്ടലെറ്റുകള്‍ വിജനമായി കിടക്കുകയാണ്. ഇത് ബോധപൂര്‍വ്വം ചെയ്തതാണ്. ഈ ആപ്പിന് പിന്നിലെ കള്ളക്കളിയും അഴിമതിയും ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

ബിവറേജസ് ഒട്ടലെറ്റുകള്‍ അടച്ചു പൂട്ടാന്‍ തക്കവണ്ണം രൂപ കല്പന ചെയ്തതാണ് ഈ ആപ്പ്. കോവിഡിന്റെ മറവില്‍ രണ്ടു ദശാബ്ദത്തിന് ശേഷം മദ്യത്തിന്റെ ചില്ലറ വില്പന സ്വകാര്യ മേഖലയ്ക്ക്  തുറന്നു കൊടുത്ത  സര്‍ക്കാര്‍ പൊതു മേഖലയെ തകര്‍ക്കുക കൂടി ചെയ്യുകയാണ്. 12400 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ബിവറേജസ് കോര്‍പ്പറേഷനിന്റെ വരുമാനം.

ഇത് നഷ്ടപ്പെടുത്തിക്കൊണ്ട് ബിവറേജസ് കോര്‍പ്പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ്. തുടര്‍ച്ചയായി മദ്യദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് മദ്യത്തിന്റെ വിതരണം സര്‍ക്കാര്‍ പൊതുമേഖലയ്ക്ക് കീഴില്‍ കൊണ്ടു വന്നത്. അത് തകര്‍ക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഈ ആപ്പ് ദുരന്തമായി മാറിയിട്ടും, സര്‍ക്കാരിന് വന്‍സമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടും നാണമില്ലാതെ അതിനെ തുടരാന്‍ മന്ത്രി അനുവദിക്കുകയാണ്. ഇത് സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കുന്നതിനാണ്. ഇനിയെങ്കിലും ഈ ആപ്പ് പിന്‍വലിച്ച് എക്‌സൈസ് മന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisment