Advertisment

കേരളത്തിലെ ജാതിക്കോമരങ്ങൾക്ക് വളവും വെള്ളവും നൽകി പിണറായി വിജയൻ കൊയ്തെടുത്തത് ജാതീയതയുടെ പേരിൽ തമ്മിലടിക്കാൻ ആയുധത്തിന് മൂർച്ച കൂട്ടുന്ന ഒരു സമൂഹത്തെയാണ്; പരിണിത പ്രജ്ഞനായ , സംസ്ക്കാരചിത്തനായ ഒരു ഭരണാധികാരി ഒരിക്കലും ചെയ്യരുതാത്ത പല കാര്യങ്ങളും പിണറായി നടപ്പാക്കി; കേരളത്തിൽ സംഭവിച്ചത് യാഥാസ്ഥിതികനായ ഒരു കമ്യൂണിസ്റ്റ് ഏകാധിപതിയായപ്പോഴുണ്ടായ ദുരന്തം !

author-image
admin
New Update

പിണറായി ഭരണം കേരളത്തിലെ ജാതീയത വർദ്ധിപ്പിച്ചു. മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ്‌ പാർട്ടിയെന്ന് സഖാക്കൾ തന്നെ വിശേഷിപ്പിക്കുന്ന സി.പി.എം. നയിക്കുന്ന ഇടതു ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഭരണം വിലയിരുത്തുമ്പോൾ തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്.

Advertisment

publive-image

കേരളത്തിലെ ജാതിക്കോമരങ്ങൾക്ക് വളവും വെള്ളവും നൽകി പിണറായി വിജയൻ കൊയ്തെടുത്തത് ജാതീയതയുടെ പേരിൽ തമ്മിലടിക്കാൻ ആയുധത്തിന് മൂർച്ച കൂട്ടുന്ന ഒരു സമൂഹത്തെയാണ്. പരിണിത പ്രജ്ഞനായ , സംസ്ക്കാരചിത്തനായ ഒരു ഭരണാധികാരി ഒരിക്കലും ചെയ്യരുതാത്ത പല കാര്യങ്ങളും പിണറായി നടപ്പാക്കി. യാഥാസ്ഥിതികനായ ഒരു കമ്യൂണിസ്റ്റ് ഏകാധിപതിയായപ്പോഴുണ്ടായ ഒരു ദുരന്തമാണ് കേരളത്തിൽ സംഭവിച്ചത്.

കുറച്ചു കൂടി പിറകോട്ട് പോയി ഇന്ത്യൻ രാഷ്ട്രീയം പഠിച്ചാൽ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വസ്തുതയുണ്ട്. വി.പി.സിങ്ങ് പ്രധാനമന്ത്രിയായപ്പോൾ നടപ്പാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആണ് ഇന്ത്യയിൽ ജാതി രാഷ്ട്രീയത്തെ വളർത്തിയത്.

ജാട്ടുകൾക്കും , ഠാക്കൂർ മാർക്കും , സിക്കുകാർക്കും , യാദവർക്കും പിന്നോക്കക്കാർക്കുമെല്ലാം പ്രത്യേകം രാഷ്ട്രീയ പാർട്ടികളും വോട്ട് ബാങ്കും ഉണ്ടായി. പിന്നീട് സംവരണത്തിന് വേണ്ടിയുള്ള യുദ്ധമായി. പല സംസ്ഥാനങ്ങളും ദേശീയ കാഴ്ചപ്പാടില്ലാത്ത സംസ്ഥാന പാർട്ടികളുടെ നിയന്ത്രണത്തിലായി.

ഇവിടെയാണ് യഥാർത്ഥത്തിൽ ഫെഡറലിസം തകർന്ന് തുടങ്ങിയത്. ഭാരതം കണ്ട ഏറ്റവും ഉന്നതനായ സോഷ്യലിസ്റ്റ് ആയിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു .നെഹ്റുവിന്റേയും ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഭരണ കാലത്ത് ഇന്ത്യ സുസ്ഥിരമായ വികസനത്തിന്റെ പാതയിലായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ജാതിമേധാവിത്വം വന്നതോടെ മതേതരത്വവും സോഷ്യലിസവും അപ്രത്യക്ഷമായി.

ഇന്നും ഇന്ത്യയിലെ ഏക മതേതര പാർട്ടി കോൺഗ്രസാണ്.എന്നാൽ ഇക്കാലത്തു പോലും കേരളം ജാതീയതക്ക് വലിയ വില രാഷ്ട്രീയത്തിൽ കൊടുത്തില്ല. ഒളിഞ്ഞും തെളിഞ്ഞും ചില സൂചനകൾ നൽകുന്നതല്ലാതെ ജാതി മത മേധാവികൾ കേരളത്തിലെ രാഷ്ട്രീയത്തിൽ നേരിട്ട് കൈ കടത്തിയിട്ടില്ല.

എന്നാൽ ഇന്ന് സ്ഥിതി എന്താണ് ?

രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥികളെ സഭയും സമുദായ മേധാവികളും കൂടി തീരുമാനിക്കുന്ന ദുരന്തപൂർണമായ ഒരു ദശാസന്ധിയിൽ കേരള രാഷ്ട്രീയം എത്തി നിൽക്കുന്നു.

ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാർത്ഥി ലിസ്റ്റിൽ രണ്ടു പേർ കടന്നു കൂടിയത് ഒരു കർദ്ദിനാളിന്റെ നോമിനികൾ ആയാണ് .

മറ്റ് പല കത്തോലിക്കാ സഭകളും ഹിന്ദു സമുദായ മേധാവികളും സ്ഥാനാർത്ഥികളുടെ ലിസ്റ്റ് റെഡിയാക്കിക്കൊണ്ടിരിക്കുന്നുവത്രെ. സി.പി.എമ്മിനെ ഈ പതനത്തിൽ എത്തിച്ചത് പിണറായി വിജയന്റെ ബുദ്ധിശൂന്യമായ ചില പ്രവർത്തികളാണെന്ന് പറയാതെ വയ്യ. സുപ്രീം കോടതിയുടെ രണ്ട് വിധികൾ കൈകാര്യം ചെയ്ത രീതിയിൽ പിണറായിക്ക് പറ്റിയ അക്ഷന്തവ്യമായ കൈപ്പിഴയാണ് ഈ പതനത്തിന് കാരണം.

ശബരിമലയിൽ സ്ത്രീകളെ കയറ്റി ആചാര ലംഘനം നടത്തിയാൽ ആധുനിക നവോത്ഥാനത്തിന്റെ പ്രയോക്‌താവാകാം എന്ന പിണറായിയുടെ മിഥ്യാ ധാരണ കേരളത്തിനെ സമാനതകളില്ലാത്ത കലുഷിതഭൂമിയാക്കി.

ശബരിമലയിൽ ആചാര ലംഘനം നടത്തി യശസ്സിന് കളങ്കം വരുത്താൻ ശ്രമിച്ചാൽ കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒപ്പം നിൽക്കുമെന്ന് പിണറായി വിജയൻ കണക്ക് കൂട്ടി. എന്നാൽ അവർ ഹൈന്ദവ വിശ്വാസികൾക്കൊപ്പം നിന്നപ്പോൾ പിണറായിക്ക് അടി തെറ്റി.

പാർശ്വവൽക്കരിക്കപ്പെട്ടവരേയും പിന്നോക്കക്കാരേയും ചേർത്ത് സവർണർക്കെതിരായി നവോത്ഥാനത്തിന് ശ്രമിച്ചു പിണറായി പിന്നീട്.

തന്ത്രിമാരേയും പൂജാരിമാരേയും അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ശീലമാക്കി.

ഹൈന്ദവ വിശ്വാസികൾ ഒന്നടങ്കം നാമ ജപ ഘോഷയാത്രയുമായി നിരത്തിലിറങ്ങിയപ്പോൾ പിണറായി പിൻവലിഞ്ഞു. ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള പള്ളി ത്തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മറ്റൊരു വിധി നടപ്പാക്കുന്നതിലും പിണറായിക്ക് അടി തെറ്റി.

ഇക്കാര്യങ്ങളിലൊന്നും ഒരു ഭരണാധികാരി കാണിക്കേണ്ട സമചിത്തത പിണറായി കാണിച്ചില്ല

ജാതികൾ ഇത്രയും മലീമസമാക്കിയ ഒരു രാഷ്ടീയ ഭൂമികയിലാണ് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടാണ് മെത്രാൻമാരും സഭയും സമദായ മേധാവികളും സഥാനാർത്ഥികളെ കണ്ടെത്തുന്നത്.

ഈ പാപത്തിൽ നിന്ന് തലയൂരാൻ പിണറായി വിജയന് കഴിയുമെന്ന് തോന്നുന്നില്ല. പിണറായി വിജയൻ വിതച്ചത് അദ്ദേഹം തന്നെ കൊയ്യട്ടെ

പിണറായിയുടെ ദ്വന്ദ്വവ്യക്തിത്വം -

പിണറായി വിജയൻ ദ്വന്ദ്വവ്യക്തിത്വത്തിന് (dual personality) ഉടമയാണ്.ഒരു വശത്ത് മുസ്ലീം വർഗീയതയ്ക്കെതിരെ പ്രസംഗിക്കും. മറുവശത്ത് മുസ്ലീം പ്രീണനം നടത്തും. ഇതിനുദാഹരണമാണ് യാക്കോബായ പള്ളിയുമായി ബന്ധപ്പെട്ട സഭാതർക്കത്തിലെ സുപ്രീം കോടതി ഉത്തരവ് കൈകാര്യം ചെയ്ത രീതി.

ഓർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ കൂടുതൽ രാഷ്ട്രീയ ലാഭം നോക്കി യാക്കോബായ സഭയ്ക്ക് അനുകൂലമായ നിലപാട് എടുത്തു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി വിധി നടപ്പാക്കാൻ കൂട്ടാക്കിയില്ല.

എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാൻ കാണിച്ച അനാവശ്യ ധൃതി കേരളത്തിൽ ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തി.ലിംഗ സമത്വത്തിന്റെ പേര് പറഞ്ഞ് ആചാര ലംഘനം നടത്തുന്നതിന് വേണ്ടി ഇരുട്ടിന്റെ മറവിൽ കറുത്ത വസ്ത്രം ധരിച്ച വനിതാ ആക്ടിവിസ്റ്റുകളെ പോലീസ് സഹായത്തോടെ സന്നിധാനത്ത് എത്തിച്ചു.

പിന്നീട് സമാനതകളില്ലാത്ത പ്രതിഷേധമാണ് കേരളം കണ്ടത്.ശബരിമലയിൽ പ്രവേശനം അനുവദിച്ചാൽ ഭക്തരായ സ്ത്രീകൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന പിണറായിയുടെ കണക്ക് കൂട്ടൽ തെറ്റി. പതിനായിരക്കണക്കിന് ഭക്ത കൾ നാമ ജപവുമായി തെരുവിലിറങ്ങി.

ലിംഗ സമത്വത്തേക്കാൾ വിശ്വാസികൾക്ക് വലുത് ആചാര അനുഷ്ഠാനങ്ങൾ ആണെന്ന് തെളിയിക്കപ്പെട്ടു.

തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മടികാണിച്ചിരുന്ന ശരാശരി കേരള വനിതകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. യാക്കോബായ പള്ളികളിലെ വിശ്വാസികളുടെ പ്രതിഷേധം നാം കണ്ടതാണ്.മഹിളാ മോർച്ചയുടെ പ്രതിഷേധത്തിൽ ബാരിക്കേഡ് ചാടിക്കടക്കുന്ന വനിതകളേയും നാം കണ്ടു.

നവോത്ഥാനം കണ്ട് പിടിച്ച പിണറായി വിജയനേയും കേരളം കണ്ടു. അയ്യങ്കാളി, ശ്രീനാരായണ ഗുരു , ചട്ടമ്പിസ്വാമികൾ എന്നിവരുടെ പട്ടികയിൽ ഇടം പിടിക്കാൻ നവോത്ഥാന മതിൽ ഉണ്ടാക്കിയ പിണറായി വിജയൻ പിന്നീട് ആ ശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞു

പ്രളയ ദുരിതാശ്വാസത്തിനായി ഗുരുവായൂർ ദേവസ്വം ഖജനാവിൽ നിന്നും 10 കോടി വാങ്ങിയ പിണറായി വിജയൻ ഹൈക്കോടതി വിധി വന്നിട്ടും ആ പണം തിരികെ നൽകിയില്ല.

ക്ഷേത്രാചാരങ്ങളേയും വിശ്വാസങ്ങളേയും തകർത്ത് ക്ഷേത്രങ്ങളെ ഇല്ലാതാക്കാൻ പിണറായി വിജയൻ നടത്തുന്ന ശ്രമം കേരളത്തിലെ ഹൈന്ദവ വിശ്വാസ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ക്ഷേത്ര ഭരണ സമിതികളിൽ അവിശ്വാസികളായ സഖാക്കളെ തിരുകിക്കയറ്റി ക്ഷേത്ര ഭരണം വരുതിയിലാക്കുക എന്ന സി പി എം ഹീനതന്ത്രം ജനം തിരിച്ചറിഞ്ഞു . ജുഡീഷ്യറിയേയും എക്സിക്യൂട്ടീവിനേയും ലെജിസ്ലേച്ചറിനേയും സമഞ്ജസമായി സമ്മേളിപ്പിച്ച് ഭരിക്കാൻ കഴിയുന്ന വ്യക്തിയാണ് യഥാർത്ഥ ഭരണാധികാരി. ഇക്കാര്യത്തിൽ പിണറായി വിജയൻ അമ്പേ പരാജയപ്പെട്ടു

മന്ത്രിമാരെ വിശ്വാസമില്ലാത്ത എല്ലാം ഒരു സംശയക്കണ്ണോടെ നോക്കിക്കണ്ട പിണറായി വിജയനാണ് കേരളം ഭരിച്ചത്. ഒരു ഭരണത്തുടർച്ച ഇല്ലാതാക്കുന്നത് മറ്റാരും ആയിരിക്കില്ല. സി പി എം ലെ എല്ലാം കണ്ടു കൊണ്ടിരിക്കുന്ന നിശ്ശബ്ദരായ വോട്ടർമാരായിരിക്കും. കേരള സമൂഹത്തെ ഇത്രയും മലീമസമാക്കിയ ഒരു ഭരണകൂടത്തേയും ഭരണാധികാരിയേയും കാലം വിലയിരുത്തട്ടെ

തിരുമേനി

cm pinarayi
Advertisment