Advertisment

സഹകരണ ബാങ്കുകളെ കേന്ദ്രം വരുതിയിലാക്കുന്നു ?

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ബാങ്കിംഗ് റഗുലേഷന്‍ ഭേദഗതി നിയമം, സഹകരണ ബാങ്കുകളെ സാരമായി ബാധിക്കും. 2020ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമഭേദഗതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സഹകരണ ബാങ്കുകളെ ചൊല്‍പ്പടിയില്‍ ആക്കുന്നതിനുവേണ്ടിയാണ്.

സ്വകാര്യ പൊതുമേഖലാ ബാങ്കുകളോടൊപ്പം വളരുന്നതിനും വികസിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാക്കുന്നതിനുവേണ്ടിയാണെന്നുള്ള ഭേദഗതി അതിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറയുന്നത് ഒരു പുകമറ മാത്രമാണ്. പാര്‍ലമെന്റ് ഈ മാസം 16-ാം തീകതി പാസ്സാക്കിയ ഭേദഗതി നിയമം ഫലത്തില്‍ സഹകരണ ബാങ്കുകളെ കഴുത്തുഞെരിച്ചു കൊല്ലുന്നതിനു വേണ്ടി യുള്ളതാണ്.

സഹകരണ ജനാധിപത്യം പൂര്‍ണ്ണമായും ഹനിക്കുന്നതുമാണ്. എന്‍ഡിഏ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്തെ സഹകരണ സ്ഥാപനങ്ങളെ തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാന്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തിയിരുന്നു. നാട്ടിലെ സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാന വിഷയം എന്ന നിലയില്‍ സംസ്ഥാന നിയമസഭകള്‍ പാസ്സാക്കുന്ന നിയമത്തിനു വിധേയമായാണ് പ്രവര്‍ത്തിച്ചു വരുന്നത്.

എന്നാല്‍ ബാങ്കിംഗ് ഭേദഗതി നിയമത്തിലൂടെ സഹകരണ മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം കവര്‍ന്നെടുത്തിരിക്കുന്നു. ഇത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെത്തന്നെ ഹനിക്കുന്ന നിയമമാണ്. എല്ലാ അധികാരങ്ങളും കേന്ദ്ര ഗവണ്‍മെന്റില്‍ കേന്ദ്രീകരിച്ചിരിക്കുക എന്ന ഗൂഢ ഉദ്ദേശം ഈ നിയമഭേദഗതിക്കു പിന്നില്‍ ഉണ്ട്.

സഹകരണ പരിശീലന കേന്ദ്രങ്ങള്‍ രാജ്യത്ത് എല്ലാസംസ്ഥാനങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട്. ഐ. സി. എം (ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റെ) എന്നറിയപ്പെടുന്ന സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവില്‍ നിന്നുള്ള സഹായങ്ങള്‍ കൊണ്ടാണ് പടുത്തുയര്‍ത്തിയത്.

കേരളത്തില്‍ പൂജപ്പുരയിലും കണ്ണൂരിലും രണ്ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടുകളാണുള്ളത്. പൂനയിലെ വാമ്‌നി ക്കോം (വൈകുണ്ട മേത്ത നാഷണല്‍ ഇന്‍സ്റ്റിസ്റ്റുട്ട് ഓഫ് കോ- ഓപ്പറേറ്റിവ് മാനേജ്‌മെന്റെ്) ഇന്‍ഡ്യയിലെ തന്നെ മികച്ച സ്ഥാപനമാണ്. ഈ സ്ഥാപനങ്ങളെല്ലാം നാഷണല്‍ കോ ഓപ്പറേറ്റീവ് യൂണിയന്റെ ഭരണത്തിന്‍ കീഴിലാണ് പ്രവര്‍ത്തിച്ചത്.

ഈ സ്ഥാപനങ്ങളുടെയെല്ലാം ഭരണസമിതി ചെയര്‍മാന്‍ എന്‍.സി.യു.ഐ ചെയര്‍മാനായിരുന്നു. എന്നാല്‍ എന്‍.ഡി.ഏ സര്‍ക്കാര്‍, ആദ്യം പൂനയിലെ വാമ്‌നിക്കോമിനെ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാക്കി. തുടര്‍ന്ന് ഒരു സര്‍ക്കാര്‍ വിലാസ സഹരണ സംഘം രജിസ്റ്റര്‍ ചെയ്ത് ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ രാജ്യത്തെ മുഴുവന്‍ സഹകരണ പരിശീലന കേന്ദ്രങ്ങളയും അതിന്റെ കീഴിലാക്കികൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി.

ഇതിനെതിരെ കര്‍ണ്ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും കേരള സര്‍ക്കാര്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറഞ്ഞിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സാമ്പത്തികനിയന്ത്രണം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്.

സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഭരണം പൂര്‍ണ്ണമായും റിസര്‍വ് ബാങ്കുകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നിരിക്കുന്നു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന ഗൈഡ് ലൈന്‍ പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അര്‍ബന്‍ ബാങ്കുകളെ സംബന്ധിച്ച് വളരെ പരിമിതമായ അധികാരം മാത്രമാണ് ഉള്ളത്.

ബാങ്കുകളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് ബാങ്ക് ഭരണത്തില്‍ യാതൊരു അധികാരവുമില്ലാത്തതരത്തില്‍ ബോര്‍ഡ് ഓഫ് മാനേജ് മെന്റിനെ തെരഞ്ഞെടുക്കണമെന്നാണ് നിര്‍ദേശം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ പകുതി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്‍ നിന്നും ഉള്ളവരായിരിക്കും. ബാക്കി പകുതി അംഗങ്ങള്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക പരിജ്ഞാനമുള്ളവരായിരിക്കണമെന്നും അത്തരം അംഗങ്ങളെ ഭരണസമിതി നിയമിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റില്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെ അംഗങ്ങള്‍ ഉണ്ടാകണം. ഏറ്റവും കുറഞ്ഞത് രണ്ടു പേരെങ്കിലും ഭരണസമിക്ക് പുറത്തുള്ളവരുമായിരിക്കണം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന് ഒരു ചെയര്‍മാന്‍ ഉണ്ടാകണം. ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തെരഞ്ഞെടുക്കണം. ഭരണ സിമിതിയുടെ ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍ ആകാന്‍ പാടിലല്ല. ഫലത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് രണ്ടു ചെയര്‍മാന്‍ മാര്‍ ഉണ്ടാകണം. പൊതുഭരണ മേല്‍നോട്ടവും, നയപരമാ കാര്യങ്ങളും.

തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ ചുമതലയാണ്. വായ്പകൊടുക്കുക, തിരിച്ചടവ്, നിക്ഷേപം, പരാതി പരിഹാരം, എന്‍.പി.ഏ മാനേജ്‌മെന്റ് കമ്പ്യൂട്ടറൈസേഷന്‍, തുടങ്ങി ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിനാണ്. ചീഫ് എക്‌സിക്യൂട്ടിവിന്റെ നിയമനം റിസര്‍വ് ബാങ്കിന്റെ നിയന്ത്രത്തിലായിരിക്കും. ഭരണസമിതിയെയും, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിനെയും ചീഫ് എക്‌സിക്യൂട്ടിവിനെയും ആവശ്യമെങ്കില്‍ പിരിച്ചുവിടാനുള്ള അധികാരവും റിസര്‍വ് ബാങ്കിനായിരിക്കും.

വളരെക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന അര്‍ബന്‍ ബാങ്കുകള്‍ ഓഹരി ഉടമകളുടെ ഉടമസ്ഥതയില്‍ നിന്നും റിസര്‍വ് ബാങ്കിന്റെ കൈകാര്യകത്തൃത്വത്തിലേക്ക് പൂര്‍ണ്ണമായും മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 2020ലെ ഭേദഗതി നിയമം- ഭരണഘടനാവിരുദ്ധം ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം ഒരു സ്ഥാനവിഷയം എന്ന നിലയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

സംസ്ഥനിയമസഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ക്കു വിധേയമായാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് 2013 ല്‍ യു.പി.ഏ സര്‍ക്കാര്‍ പാസ്സാക്കിയ 97-ാം ഭരണഘടന ഭേദഗതി നിയമത്തിലൂടെ സഹകരണ സ്ഥാപനങ്ങള്‍ ഭരണഘടനാസ്ഥാപനങ്ങളായി മാറിയിരുന്നു. അന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരു ഏകീകൃത നിയമം ഉണ്ടാക്കുന്നതിന് പാര്‍ലമെന്റ് ഒരു മാതൃകാ നിയമം പാസ്സാക്കുകയും അത് ആവശ്യമായ ഭേദഗതിയോടെ പാസ്സാക്കുന്നതിന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയുമാണുണ്ടായത്.

എന്നാല്‍ ഇപ്പോള്‍ ബാങ്കിംഗ് റഗുലേഷന്‍ ഭേദഗതിയിലൂടെ പ്രാഥമിക സഹകരണ ബാങ്കുകളുടെ ഭരണം റിസര്‍വ്ബാങ്കിന്റെ കൈകളിലേക്ക് മാറ്റിയിരിക്കുന്നു. പൂര്‍ണ്ണമായും സംസ്ഥാന വിഷയമായി കൈകാര്യം ചെയ്തിരുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെ ഭരണം സംസ്ഥാന നിയമസഭകളുടെ അറിവോ സമ്മതമോ ഇല്ലാതെ റിസര്‍വ്ബാങ്കിലൂടെ കേന്ദ്രം കയ്യടക്കിയിരിക്കുന്നു. ഇത് സംസ്ഥാനങ്ങള്‍ക്കും സംസ്ഥാന നിയമസഭകള്‍ക്കും ഭരണഘടന നല്‍കിയിട്ടുള്ള അധികാരത്തിന്മേലുള്ള കടന്നു കയറ്റമായിട്ടേ കാണുവാന്‍കഴിയൂ.

നബാര്‍ഡ്. ഒരടി മുന്നോട്ട്. രണ്ടടി പുറകോട്ട്. ഇന്ത്യയിലെ കാര്‍ഷിക ഗ്രാമീണ വായ്പകള്‍ 1981 വരെ നിയന്ത്രിച്ചിരുന്നത് റിസര്‍വ് ബാങ്കിന്റെ ഒരു ഡിപാര്‍ട്ട് മെന്റാണ്. എന്നാല്‍ കാര്‍ഷിക ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍ റിസര്‍വ് ബാങ്കില്‍ നിന്നും കാര്‍ഷിക വായ്പാ മേഖലക്കും ഗ്രാമീണ മേഖലയ്ക്കും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിന് നബാര്‍ഡ് രൂപീകരുച്ചു.

അന്നു മുതല്‍ സഹകരണ ബാങ്കുകള്‍ നബാര്‍ഡിന്റെ നിയന്ത്രണത്തിലും പരിശോധനയിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. 2020 ലെ ബാങ്കിംഗ് നിയമഭേദഗതിയിലൂടെ നബാര്‍ഡിന്റെ അധികാരം വീണ്ടും റിസര്‍വ്ബാങ്കിലേക്ക് മാറ്റിയിരിക്കുന്നു. സഹകരണബാങ്ക് ഭരണസമിതികളുടെ പ്രവര്‍ത്തന പരിശോധനയും പിരിച്ചു വിടലും സി.ഈ ഓ യുടെ നിയമനവും ആന്തരികപരിശോധനയും റിസര്‍വ്ബാങ്ക് തന്നെയാണ് നടത്തേണ്ടത്.

വായ്പ കൊടുക്കുവാനുള്ള കേന്ദ്രവിഹിതവും സ്വയാര്‍ജിത മുതലും വീതിച്ചു നല്‍കുന്ന ജോലി മാത്രമായി നബാര്‍ഡിന്റെ പ്രവര്‍ത്തനം ചുരുങ്ങുന്നു. ബാങ്ക് എന്നപദം പേരില്‍ ഉള്ള പ്രാഥമിക സഹകരണ സ്ഥാപനങ്ങളും അര്‍ബന്‍ ബാങ്കുകളും ജില്ലാസംസ്ഥാന സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനാണ് ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത്.

സഹകരണ സ്ഥാപനം രൂപവല്‍ക്കരിക്കുന്നതും ഭരണം നടത്തുന്നതും ഓഹരി ഉടമകളാണ്. ഓഹരി ഉടമകളുടെ പ്രതിനിധികളെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളാണ്. ഈ ജനാധിപത്യ സ്വഭാവത്തെ മാനിക്കുന്ന വ്യവസ്ഥകളാണ് ബാങ്കിംഗ് ഭേദഗതി നിയമത്തില്‍ ഉള്ളത്. ഭേദഗതി നിയമത്തില്‍ 12(1) വകുപ്പില്‍ വരുത്തിയിരിക്കുന്ന മാറ്റം സഹകരണതത്വങ്ങള്‍ക്കുതന്നെ എതിരാണ്.

സഹകരണസ്ഥാപനങ്ങളെ സ്വതന്ത്ര ജനാധിപത്യസ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്നും കമ്പനിയാക്കി മാറ്റുന്ന വ്യവസ്ഥകളാണ് ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഷെയറുകളുടെ മാര്‍ക്കറ്റിംഗിന് അനുമതി നല്‍കുകവഴി സഹകരണ സ്ഥാപനങ്ങള്‍ കേവലം കമ്പനികളാക്കിമാറ്റും. ഇത് ഓഹരി ഉടമകളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്.

ഓഹരി ഉടമകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണ്. അത്തരം ഓഹരി ഉടമകള്‍ ഭരണ സമിതി അംഗങ്ങളായാല്‍ അവര്‍ക്ക് വായ്പ അനുവദിക്കുവാന്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിയന്ത്രണം വരുന്നു വെന്നത് സഹകരണ സ്ഥാപനങ്ങളുടെ ഉദ്ദേശലക്ഷ്യത്തിനുതന്നെ ഹാനികരമാണ്.

സഹകരണ സംഘത്തില്‍ നിന്നു വായ്പയെടുക്കുന്ന വായ്പാ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന ഷെയര്‍തുക തിരികെ കിട്ടുവാന്‍ ഓഹരിഉടമകള്‍ക്ക് അനുമതി നിഷേധിക്കുന്ന 12 (2) ലെ വ്യവസ്ഥ പൂര്‍ണ്ണമായും ജനവിരുദ്ധവും ഓഹരി ഉടമകളെ ശിക്ഷിക്കുന്നതിനു തുല്യവുമാണ്. സഹകരണ സംഘങ്ങളില്‍ വായ്പതിരിച്ചടവിനുള്ള മോറട്ടോറിയം പ്രഖ്യാപിക്കുന്നതും ഒറ്റത്തവണ തീര്‍പാക്കല്‍ പദ്ധതി നടപ്പക്കുന്നതുമൊക്കെ സംസ്ഥാനസഹകരണ വകുപ്പിന്റെ അനുമതിയോടെ സംഘം ഭരണ സമിതി നടപ്പിലാക്കിയിരുന്നു.

ഭേദഗതി നിയമത്തിലൂടെ മോറട്ടോറിയം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയവയ്ക്ക് റിസര്‍വ് ബാങ്കിനു മാത്രമാണ് അധികാരം. സംസ്ഥാന സര്‍ക്കാരിന് ഒരു തരത്തിലുള്ള ഇളവും പ്രഖ്യപിക്കാന്‍ അധികാരം നഷ്ടപ്പെടുന്നു. ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ക്കാരിന്റെ അധികാരത്തിന്‍ കീഴില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ കാല്‍ കീഴില്‍ കൊണ്ടുവരുന്നു വെന്നതാണ് 2020 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഭേദഗതി നിയമത്തിലൂടെ നടപ്പിലാകുന്നത്.

ഇത് പ്രാഥമീക കാര്‍ഷിക സഹകരണ സംഘങ്ങളെ പൂര്‍ണ്ണമായും കഴുത്തു ഞെരിച്ചു കൊല്ലുന്നതിനു തുല്യമാണ്. ഈ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഒരു പ്രതിഷേധ ശബ്ദവുമുയര്‍ന്നില്ല. സംസ്ഥാന സഹകരണ വകുപ്പും അര്‍ത്ഥ ഗര്‍ഭമായ മൗനത്തിലാണ്. ഇതിനെതിരെ സഹകാരികളുടെ ശബ്ദം ഉയരണം.

-അഡ്വ. കെ. ശിവദാസന്‍ നായര്‍

(ജനറല്‍ സെക്രട്ടറി, കെപിസിസി)

banking
Advertisment