Advertisment

രണ്ട് കൌണ്‍സിലര്‍മാര്‍ രാജിക്ക്, 2 പേര്‍ ഇടതുപക്ഷവുമായി ധാരണയിലും. കൊച്ചി കോര്‍പറേഷനില്‍ അട്ടിമറി സാധ്യത ! യുഡിഎഫിന്‍റെ കുത്തകയായ കൊച്ചിയും ഇടതുപക്ഷം പിടിച്ചേക്കും

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കൊച്ചി : കോര്‍പറേഷന്‍ ഭരണം യു ഡി എഫിന് നഷ്ടമാകാന്‍ സാധ്യത. മേയര്‍ സൗമിനി ജയിനിനെ മാറ്റാന്‍ കോണ്‍ഗ്രസിലെ എറണാകുളം ലോബി ശ്രമം നടത്തുന്നതിനിടെ വന്‍ അട്ടിമറിക്ക് സാധ്യതയുള്ളതായി സൂചന. സൗമിനിയെ മാറ്റിയാല്‍ കോണ്‍ഗ്രസിലെ തന്നെ 2 അംഗങ്ങള്‍ രാജി ഭീക്ഷണി മുഴക്കിയിട്ടുണ്ട്.

Advertisment

publive-image

ഇതിനു പുറമേ മറ്റു 2 കൌണ്‍സിലര്‍മാരുമായി ഇടതുപക്ഷം ധാരണയായതായും റിപ്പോര്‍ട്ടുണ്ട്. യു ഡി എഫില്‍ തന്നെ 2 അംഗങ്ങളുള്ള മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസിന്‍റെ ഏക അംഗവും മേയറെ മാറ്റുന്നതിന് എതിരാണ്.

കോണ്‍ഗ്രസിലെ എറണാകുളം ലോബിയാണ് പുതിയ മേയറാകാന്‍ കരുക്കള്‍ നീക്കുന്ന ഒരു സമ്പന്ന കൌണ്‍സിലര്‍ക്കുവേണ്ടി സൗമിനി ജെയിനെതിരെ കരുക്കള്‍ നീക്കുന്നത്. ഇതോടെ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയകാര്യ സമിതി ഇന്ന് മേയറെ മാറ്റാന്‍ തീരുമാനം എടുക്കാനാണ് സാധ്യത .

എറണാകുളത്ത് മികച്ച പ്രതിശ്ചായും അഴിമതി രഹിത വ്യക്തിത്വവുമുള്ള സൗമിനിക്കെതിരെ കരുക്കള്‍ നീക്കുന്നതില്‍ പ്രധാനി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ തന്നെയാണ്. ഇദ്ദേഹത്തോട് കടുത്ത എതിര്‍പ്പുള്ള 2 കൌണ്‍സിലര്‍മാരാണ് ഇടതുപക്ഷവുമായി ധാരണയിലുള്ളതെന്ന് പറയുന്നു.

ഇവര്‍ രാജിവച്ച് മാറി നില്‍ക്കുകയും സൗമിനിയെ അനുകൂലിക്കുന്ന ഇപ്പോള്‍ രാജി ഭീക്ഷണി മുഴക്കുന്ന കൌണ്‍സിലര്‍മാര്‍ രാജി നല്‍കുകയും ചെയ്‌താല്‍ ഭരണം വീഴും. ഇങ്ങനെ രാജി വയ്ക്കുന്നവര്‍ക്ക് ഇടതുപക്ഷം വലിയ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ യു ഡി എഫിന്‍റെ കുത്തകയായ കൊച്ചി കോര്‍പറേഷന്‍ പിടിച്ചെടുത്താല്‍ വന്‍ നേട്ടമാകുമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. മുസ്ലീം ലീഗ് , കേരളാ കോണ്‍ഗ്രസ് അംഗങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറപ്പില്ലാത്ത സ്ഥിതിയും നിലവിലുണ്ട്.

അതിനാല്‍ തന്നെ മേയര്‍ രാജിവച്ചു പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ നീക്കം നടത്തിയാല്‍ കോര്‍പറേഷനിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്തതാണ് സാഹചര്യം.

കക്ഷിനില ഇങ്ങനെ

75 അംഗ സഭയില്‍ 34 അംഗങ്ങള്‍ എല്‍ ഡി എഫിനും 37 അംഗങ്ങള്‍ യു ഡി എഫിനുമുണ്ട് .2 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്. ഇതില്‍ ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ച ടിജെ വിനോദ് രാജിവച്ചതോടെ അംഗസംഖ്യ 74 ആയി. യു ഡി എഫിന്‍റെ അംഗസംഖ്യ 36 ഉം ആയി.

ഫലത്തില്‍ ഇടതുപക്ഷവുമായി 2 അംഗങ്ങളുടെ വ്യത്യാസമാണ് യു ഡി എഫിനുള്ളത്. ബിജെപി അംഗങ്ങള്‍ കോര്‍പറേഷനില്‍ പ്രതിപക്ഷത്തോടാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നത്.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ട് അംഗങ്ങള്‍ രാജിവയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഭരണം അനിശ്ചിതത്വത്തിലാകും. അതിനുള്ള പുറപ്പാടാണ് ബെന്നി ബഹന്നാനും സംഘവും നടത്തുന്നത്. ചില യു ഡി എഫ് നേതാക്കളുടെ ഇക്കാര്യത്തിലുള്ള ഇടപെടലുകള്‍ കണ്ടാല്‍ അവര്‍ ഭരണം ഇടതുപക്ഷത്തിനു താലത്തില്‍ വച്ച് നീട്ടാന്‍ അച്ചാരം വാങ്ങിയതായി തോന്നുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

soumini jain
Advertisment